ആറ് കഥകളുമായി 'ടുമോറോ'; അഞ്ചാം ഭാഗമായ 'വട്ടിപ്പലിശ'യുടെ ചിത്രീകരണം പൂർത്തിയായി
ആറ് കഥകളുമായി 'ടുമോറോ'; അഞ്ചാം ഭാഗമായ 'വട്ടിപ്പലിശ'യുടെ ചിത്രീകരണം പൂർത്തിയായി.
കൊച്ചി: സംവിധായകൻ ജോയ് കെ. മാത്യു കഥയെഴുതി സംവിധാനം ചെയ്യുന്ന ആന്തോളജി ചിത്രം 'ടുമോറോ'യിലെ (Tomorrow) അഞ്ചാം ഭാഗമായ 'വട്ടിപ്പലിശ' യുടെ ചിത്രീകരണം പൂർത്തിയായി. ജോയ് കെ. മാത്യു, മോളി കണ്ണമാലി, സുജ, അലക്സ് എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത് സാലി മൊയ്ദീൻ ആണ്. മാനവികതയുടെയും സഹകരണത്തിന്റെയും സ്നേഹത്തിന്റെയും ഉജ്ജ്വല മുഹൂർത്തങ്ങൾ സമ്മാനിക്കുന്ന മനുഷ്യബന്ധങ്ങളുടെ കഥയാണ് 'ടുമോറോ' പങ്കുവെക്കുന്നത്. വിവിധ ഭാഷകളിലെ നടീനടന്മാരാണ് ഈ ചിത്രത്തിൽ അണിനിരക്കുന്നത്.
ജീവിതാനുഭവങ്ങളുടെ വ്യത്യസ്ത പാതകളിലൂടെ പ്രേക്ഷകരെ ആഴത്തിൽ സ്പർശിക്കുന്ന 'ടുമോറോ', 'അൺബ്രേക്കബിൾ', 'വാലറ്റ്', 'സ്റ്റോറീസ് ഓൺ ദി കാൻവാസ്', 'വട്ടിപ്പലിശ' എന്നീ 5 ചിത്രങ്ങളുടെ ചിത്രീകരണമാണ് ഇപ്പോൾ പൂർത്തിയായിരിക്കുന്നത്.
ആറ് കഥകളടങ്ങിയ ഈ ആന്തോളജി ചിത്രത്തിലൂടെ ജീവിതാനുഭവങ്ങളും മനുഷ്യബന്ധങ്ങളുടെ പ്രതിഫലനവുമാണ് പ്രേക്ഷകരിലേക്ക് എത്തിക്കാൻ ലക്ഷ്യ മിടുന്നത്. ജോയ് കെ. മാത്യു കേന്ദ്ര കഥാപാത്രമായി എത്തുന്ന 'ടുമോറോ' ചലച്ചിത്ര പ്രേക്ഷകർക്ക് ഒരു സാംസ്കാരിക ദൃശ്യവിരുന്നായിരിക്കും സമ്മാനിക്കുക. ചിത്രത്തിലെ അവശേഷിക്കുന്ന അവസാന കഥയായ 'ദ ഡോൺ' (The Dawn) ചിത്രീകരണം ഉടൻ ആരംഭിക്കുമെന്നും, അതിനുശേഷം ചിത്രം റിലീസ് ചെയ്യുമെന്നും പ്രൊഡക്ഷൻ കോ-ഓർഡിനേറ്റർ ജോസ് വർഗീസ് അറിയിച്ചു.
ജോയ് കെ. മാത്യുവിന്റെ ഇരുപത്തിരണ്ടാമ ത്തെ പ്രൊജക്റ്റാണിത്. 1992-ൽ ദൂരദർശൻ സംപ്രേഷണം ചെയ്ത 'നൊമ്പരവീണ' എന്ന പരമ്പരയിൽ നായക കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ടാണ് അദ്ദേഹം ചലച്ചിത്ര രംഗത്തേക്ക് കടന്നുവരുന്നത്.
തുടർന്ന് വിവിധ ചാനലുകൾക്കും ചലച്ചിത്രോത്സവങ്ങൾക്കുമായി നിർമ്മിച്ച അഭയം, സഹനം, ദാനം, മരണാനന്തരം, കാണാക്കാഴ്ചകൾ, ആത്മാക്കളുടെ നൊമ്പരം, വിശ്വാസം, വറുതിക്കാലത്തെ വസന്തം, ജലസ്പർശം കൊതിക്കുന്ന വേരുകൾ, ഡിപ്പെൻഡൻസ്, ടുമോറോ, അൺബ്രേക്കബിൾ, വാലറ്റ്, ഗോസ്റ്റ് പാരഡൈസ്, സ്റ്റോറീസ് ഓൺ ദി കാൻവാസ്, വട്ടിപ്പലിശ എന്നീ 17ചിത്രങ്ങളിൽ അദ്ദേഹം പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുകയും രചനയും സംവിധാനവും നിർവഹിക്കുകയും ചെയ്തിട്ടുണ്ട്.
ഇതിൽ 'നൊമ്പരവീണ' ബെന്നി കുര്യനും, 'സഹനം' കൃഷ്ണജിത്തും, 'ആത്മാക്കളുടെ നൊമ്പരം' സാബു വിശ്വത്തിലും, 'അഭയം', 'ദാനം' എന്നീ ചിത്രങ്ങൾ നാസർ കല്ലറയ്ക്കലുമാണ് സംവിധാനം ചെയ്തത്. ഇവ കൂടാതെ 'സേവ്യർ ഓഫ് ട്രീസ്', 'പുനർജ്ജനി തേടുന്ന പാർവ്വതി പുത്തനാർ', മദർ തെരേസയുടെ ജീവിതനിമിഷങ്ങൾ കോർത്തിണക്കിയ 'ദി എയ്ഞ്ചൽ ഓഫ് ടെൻഡർനെസ്സ്', 'സല്യൂട്ട് ദി നേഷൻസ്' എന്നീ ഡോക്യുമെന്ററികളും ജോയ് കെ. മാത്യു രചനയും സംവിധാനവും നിർവ്വഹിച്ചിട്ടുണ്ട്.
ധാർമിക മൂല്യങ്ങൾക്കും കുടുംബബന്ധങ്ങൾക്കും പ്രാധാന്യം നൽകുന്നതോടൊപ്പം പൗരന്റെ സാമൂഹിക ഉത്തരവാദിത്വങ്ങൾ ഓർമ്മിപ്പിക്കുന്നവ കൂടിയാണ് അദ്ദേഹത്തിന്റെ ഓരോ സൃഷ്ടികളും. 'ടുമോറോ'യിലെ അഞ്ചാം ചിത്രം'വട്ടിപ്പലിശ'യുടെ ചിത്രീകരണം പൂർത്തിയായി; അവസാന ഭാഗം 'ദ ഡോൺ' ഉടനെ ആരംഭിക്കും.

No comments: