നിത്യ ചൈതന്യയതിക്ക് സ്‌മരണാഞ്ജലികൾ
നിത്യ ചൈതന്യയതിക്ക് സ്‌മരണാഞ്ജലികൾ
ഗുരു നിത്യചൈതന്യ യതി
(1923-1999)
ചരമദിനം : മെയ് 14 .
⚫
അദ്വൈതവേദാന്തദർശനത്തിലും ശ്രീനാരായണദർശനത്തിലുംപണ്ഡിതനായിരുന്ന എഴുത്തുകാരനും ആചാര്യനും തത്ത്വചിന്തകനുമായിരുന്നു ഗുരു നിത്യചൈതന്യ യതി. ശ്രീനാരായണ ഗുരുവിന്റെ ആത്മീയ ശൃംഖലയിൽ മൂന്നാമനായി കണക്കാക്കപ്പെടുന്നു.
മതങ്ങൾക്ക് അതീതമായ ആത്മീയതയിലും ശ്രീനാരായണ ദർശനത്തിലും അഗാധമായ അറിവുണ്ടായിരുന്നു.
പത്തനംതിട്ട ജില്ലയിലെ വകയാറിനടുത്തുള്ള മുറിഞ്ഞകല്ലിൽ 1923 നവംബർ 2ന് ജനനം. ജയചന്ദ്രപ്പണിക്കർ എന്നായിരുന്നു പൂർവ്വനാമം. പിതാവ്: പന്തളം രാഘവപ്പണിക്കർ. മാതാവ്: വാമാക്ഷിയമ്മ.
മെട്രിക്കുലേഷനുശേഷം ഒരു സാധുവായി ഭാരതം മുഴുവൻ അലഞ്ഞു തിരിഞ്ഞു. ഈ സഞ്ചാരത്തിനിടെ ഗാന്ധിജിയുമായും പ്രശസ്തരായ മറ്റുപല വ്യക്തികളുമായും അടുത്ത് ഇടപഴകാൻ കഴിഞ്ഞു. രമണ മഹർഷിയിൽ നിന്ന് നിത്യ ചൈതന്യ എന്ന പേരിൽ സന്ന്യാസ ദീക്ഷ സ്വീകരിച്ചു.
കേരളത്തിൽ തിരിച്ചെത്തി 1947-ൽ ആലുവ യൂ സി കോളേജിൽ പഠനത്തിനായി ചേർന്നു. തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ പഠനം തുടർന്നു. കൊല്ലം ശ്രീനാരായണാ കോളേജ് , ചെന്നൈ വിവേകാനന്ദാ കോളേജ് എന്നിവിടങ്ങ ളിൽ അദ്ധ്യാപകനാ യിരുന്നു. ഈ കാലയളവിൽ വേദാന്തം, സാംഖ്യം, യോഗം വിദ്യ, മീമാംസ, പുരാണങ്ങൾ, സാഹിത്യം എന്നിവ പഠിച്ചു.
1951-ൽ നടരാജഗുരുവിനെ ആത്മീയ ഗുരുവായി സ്വീകരിക്കുകയും, നടരാജ ഗുരുവിന്റെ ദേഹവിയോഗത്തിനു ശേഷം ശ്രീനാരായണ ഗുരുവിന്റെയും നടരാജ ഗുരുവിന്റെയും പിൻഗാമിയായി, നാരായണ ഗുരുകുലത്തിന്റെ അധിപസ്ഥാനം ഏറ്റെടുക്കുകയും ചെയ്തു.
തത്ത്വശാസ്ത്രം, മനശാസ്ത്രം, സൗന്ദര്യ ശാസ്ത്രം, സാമൂഹികാചാരങ്ങൾ എന്നിവയെകുറിച്ച് മലയാളത്തിൽ 120 പുസ്തകങ്ങളും ആംഗലേയത്തിൽ 80 പുസ്തകങ്ങളും പ്രസിദ്ധപ്പെടുത്തി യിട്ടുണ്ട്. നളിനി എന്ന കാവ്യശില്പം എന്ന ഗ്രന്ഥത്തിന് കേരള സാഹിത്യ അക്കാദമി അവാർഡ് ലഭിച്ചിട്ടുണ്ട്.
യതി സ്ഥാപിച്ച "ഈസ്റ്റ് വെസ്റ്റ് യൂണിവേഴ്സിറ്റി ഓഫ് ബ്രഹ്മവിദ്യ"യുടെ ചെയർപേഴ്‌സണായും ലോക പൗരന്മാരുടെ ലോക ഗവർൺമെന്റ്’ എന്ന സംഘടനയുടെ മേൽനോട്ടക്കാരനായും പ്രവർത്തിച്ചു.1999 മേയ് 14 ന് ഊട്ടിയിലെ ആശ്രമത്തിൽ സമാധി പ്രാപിച്ചു.

No comments: