മറീനയുടെ ശക്തമായ നഴ്സ് കഥാപാത്രം :" വെയിൽ വീഴവേ " ശ്രദ്ധ നേടുന്നു.

മെറീനയുടെ ശക്തമായ നഴ്സ്‌ കഥാപാത്രം. " വെയിൽ വീഴവേ " ശ്രദ്ധനേടുന്നു...

ആറ് നവാഗത സംവിധായകരുടെ ആറു കഥകൾ ചേർന്ന 'ചെരാതുകൾ' എന്ന ആന്തോളജി ചിത്രം പുറത്തിറങ്ങി. പ്രമുഖ പത്ത് ഒടിടി പ്ലാറ്റ്ഫോമുകളിലൂടെ ആയിരുന്നു റിലീസ്. മറീന മൈക്കിൽ, ആദിൽ ഇബ്രാഹിം, മാല പാർവതി, ഐ.വി ജുനൈസ്, മനോഹരി ജോയ്, ദേവകി രാജേന്ദ്രൻ, പാർവതി അരുൺ, ശിവജി ഗുരുവായൂർ, ബാബു അന്നൂർ എന്നിവരാണ് ആറു കഥകളിലായി പ്രധാന വേഷത്തിൽ എത്തുന്നത്.

'വെയിൽ വീഴവേ' എന്ന കഥയിലാണ് കരിയറിലെ തന്നെ തികച്ചും വ്യത്യസ്തമായ റോളിൽ മറീന മൈക്കിൾ എത്തിയിരിക്കുന്നത്. വയോധികനെ ശുശ്രൂഷിക്കാൻ എത്തുന്ന ഹോം നഴ്സ് ആയാണ് മറീന ചിത്രത്തിൽ എത്തുന്നത്. നിർമാതാവ് കൂടിയായ ഡോ. മാത്യു മാമ്പ്രയാണ് വയോധികൻ്റെ വേഷത്തിൽ അഭിനയിച്ചിരിക്കുന്നത്. മുൻപ്, അൽപം തൻ്റേടിയായ വേഷങ്ങളിലാണ് പ്രേക്ഷകർ മറീനയെ കൂടുതലും കണ്ടിരിക്കുന്നത്. എന്നാൽ ചെരാതുകളിലെ  'വെയിൽ വീഴവേ' എന്ന കഥയിലെ കഥാപാത്രത്തെ  വളരെ ബോൾഡായി തന്മയത്വത്തോടെ പ്രേക്ഷകരിലേക്ക് എത്തിച്ചുകൊണ്ട് തനിക്ക് എല്ലാത്തരം വേഷങ്ങളിലും പെർഫോം ചെയ്യാൻ കഴിയുമെന്ന് തെളിയിച്ചിരിക്കുകയാണ് മറീന മൈക്കിൾ. പപ്പ എന്ന് വിളിക്കുന്ന വയോധികനും അയാളെ ശുശ്രൂഷിക്കാൻ പുതുതായി എത്തുന്ന ഹോം നഴ്സിൻ്റെയും കഥയാണ് വെയിൽ വീഴവേ. തൻ്റെ കാഴ്ചപ്പാടും ഇഷ്ടങ്ങളും സമൂഹം എങ്ങനെ സ്വീകരിച്ചാലും പ്രശ്നമില്ലെന്ന് ഓർമപ്പെടുത്തുന്ന കഥാപാത്രമാണ് മറീനയുടേത്.  

മുൻപ് മമ്മൂട്ടി, സുരേഷ് ഗോപി, ആസിഫ് അലി തുടങ്ങി നാല്പതോളം ചലച്ചിത്ര പ്രവർത്തകർ ചേർന്ന് ചിത്രത്തിൻ്റെ ട്രെയിലർ പുറത്തുവിട്ടത് ഏറെ ശ്രദ്ധയാകർഷിച്ചിരുന്നു. മാമ്പ്ര ഫൗണ്ടേഷന്റെ ബാനറിൽ ഡോ. മാത്യു മാമ്പ്രയാണ് ചെരാതുകൾ നിർമ്മിച്ചിരിക്കുന്നത്. ഷാജൻ കല്ലായി, ഷാനൂബ് കരുവത്ത്, ഫവാസ് മുഹമ്മദ്, അനു കുരിശിങ്കൽ, ശ്രീജിത്ത് ചന്ദ്രൻ, ജയേഷ് മോഹൻ എന്നീ ആറ് സംവിധായകർ ചേർന്നാണ് ഈ ചിത്രം അണിയിച്ചൊരുക്കിയിരിക്കുന്നത്.

ജോസ്കുട്ടി ഉൾപ്പടെ ആറു ഛായാഗ്രഹകരും, സി.ആർ ശ്രീജിത്ത് അടങ്ങുന്ന ആറു ചിത്രസംയോജകരും ഒരുമിക്കുന്ന ചിത്രത്തിന്റെ സംഗീതം മെജ്ജോ ജോസഫ് തുടങ്ങിയ ആറു സംഗീത സംവിധായകർ നിർവഹിക്കുന്നു. വിധു പ്രതാപ്, നിത്യ മാമ്മൻ എന്നിവർ ഗാനങ്ങൾ ആലപിച്ചിരിക്കുന്നു.
 പി.ശിവപ്രസാദ്.
( പി. ആർ.ഓ ) 

No comments:

Powered by Blogger.