പ്രിയ സുഹ്യത്ത് ക്ലിന്റേട്ടന് പ്രണാമം.ക്ലിൻ്റേട്ടൻ ...

ഇരുപത്തിരണ്ട് വർഷമായുള്ള ആത്മബന്ധത്തിനൊടുവിൽ ഇന്നലെ ക്ലിൻ്റേട്ടൻ പോയി ..

ഒരു യാത്ര പോലും പറയാതെ ...

ആദ്യകാലത്ത്
വല്ലപ്പോഴുമൊക്കെ
പീറ്റർ ഞാറയ്ക്കലിനെ കാണാനായി,
അദ്ദേഹം ക്യാംപ് ചെയ്യുന്ന എലൈറ്റ് ഹോട്ടലിൽ ക്ലിൻ്റേട്ടൻ വരുമായിരുന്നു.

അങ്ങനെയാണ് പരിചയത്തിൻ്റെ തുടക്കം.

പിന്നീട്
ഫെഫ്ക പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്സ് യൂണിയൻ രൂപീകരിച്ചപ്പോൾ
ക്ലിൻ്റേട്ടൻ എക്സിക്യൂട്ടീവ് കമ്മറ്റി അംഗമായി ..

ആ കമ്മറ്റിയിൽ ഞാനും ഉണ്ടായിരുന്നു.

മാസാമാസമുളള കമ്മറ്റികൾ ..
അവിടെ വച്ചുള്ള കൂടിക്കാഴ്ച്ചകൾ ...

പിന്നെ
പല ആർട്ടിസ്റ്റുകളുടേയും,
ടെക്നീഷ്യൻമാരുടെയും  നമ്പരിനായും മറ്റുമുള്ള ഫോൺ വിളികൾ ...

അങ്ങനെയാണ് ആ ബന്ധത്തിന് ഇഴയടുപ്പമുണ്ടായത് ..

പിന്നീട് കുറെക്കാലം കഴിഞ്ഞു.

ഞാൻ പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്സ് യൂണിയൻ്റെ ജോയിൻ്റ് സെക്രട്ടറിയായി.

ആ ഭരണ സമിതിയിലും ക്ലിൻ്റേട്ടൻ എക്സിക്യൂട്ടീവ് കമ്മറ്റി അംഗമായിരുന്നു.

ശരിക്കും സഹോദരതുല്യമായ ഒരു ആത്മബന്ധം ഇക്കാലയളവിനിടെ ഉണ്ടായി.

ആ ബന്ധം ഉലച്ചിൽ തട്ടാതെ മുന്നോട്ട് പോയി ..

തൻ്റെ ജോലിയുടെ കാര്യത്തിൽ ഒരു വിട്ടുവീഴ്ച്ചയും ചെയ്യാത്ത,
കണിശക്കാരനായ ക്ലിൻ്റേട്ടൻ പക്ഷേ 
വ്യക്തിജീവിതത്തിൽ അലസനായിരുന്നു ...
കൃത്യമായി ഭക്ഷണം പോലും കഴിക്കാത്ത,
ക്രമം തെറ്റിയ ജീവിതചര്യ...

ഒരുപാട് സൗഹൃദങ്ങളും, ബന്ധങ്ങളും ഉണ്ടായിട്ടും അവയൊക്കെ വേണ്ട വിധം ഉപയോഗിക്കാത്ത അലസ പ്രകൃതം ..

ചിലപ്പോഴൊക്കെ അതുകണ്ട് വേദന തോന്നി ഞാൻ ഉപദേശിച്ചിട്ടുമുണ്ട് ...

പട്ടിക്കരേ... എന്നൊരു വിളിയാകും അപ്പോൾ തിരിച്ച്.

ഫോണിൽ വിളിച്ചാലും മറുതലയ്ക്കൽ ആ വിളി മുഴങ്ങും..

ഇക്കഴിഞ്ഞ മാർച്ച് 22 ന് യൂണിയൻ ഓഫീസിൻ്റെ തറക്കല്ലിടൽ ചടങ്ങിൽ കണ്ടുമുട്ടിയപ്പോൾ പറഞ്ഞു,

'' പട്ടിക്കരേ നമുക്കൊരു ഫോട്ടോ എടുക്കണം "

എടുത്തു.

ആ ഫോട്ടോയാണ് ഇതിനോടൊപ്പമുളളത്..

ഇനി എനിക്ക് സൂക്ഷിച്ചു വയ്ക്കാൻ ആ ചിത്രം ബാക്കിയാക്കി ക്ലിൻ്റേട്ടൻ പോയി ...

അന്ന് തറക്കല്ലിടൽ ചടങ്ങ് കഴിഞ്ഞ്  ഭക്ഷണം കഴിക്കാൻ ഒരുമിച്ച്  കതൃക്കടവിലെ മഛലി റസ്‌റ്റോറൻ്റിൽ പോയി ..

പൊതുവേ ഭക്ഷണകാര്യത്തിൽ വലിയ താത്പര്യമില്ലാത്ത ക്ലിൻ്റേട്ടൻ ഞങ്ങളൊക്കെ കഴിക്കാനിരുന്നിട്ടും, ഇരിക്കുന്നില്ല.

" കഴിക്കുന്നില്ലേ ...? "
ഞാൻ ചോദിച്ചു.

" കഴിക്കാം ...."
പതിവു മറുപടി ...

 ഏപ്രിൽ 26 ന് ആയിരുന്നു പുതിയ തെരഞ്ഞെടുപ്പിന് നാമനിർദ്ദേശ പത്രിക സമർപ്പിക്കേണ്ട തീയതി.

2021 - 2023 കാലത്തേക്കുള്ള ഭരണസമിതി തെരഞ്ഞെടുപ്പിൽ ക്ലിൻ്റേട്ടനും മത്സരിക്കുന്നുണ്ടായിരുന്നു.

നോമിനേഷൻ നൽകുന്നതിൻ്റെ തലേ ദിവസം എന്നെ വിളിച്ചു.

" പട്ടിക്കരേ ... എവിടെയാണ്  ... നാളെ വരില്ലേ ? "

" വരും " - ഞാൻ പറഞ്ഞു.

" എൻ്റെ നോമിനി പട്ടിക്കരയാണ് .... ഉറപ്പായും വരണം..."

ഞാൻ അപ്പോൾ തൊടുപുഴയിലാണ്.

അഞ്ചിലൊരാൾ തസ്കരൻ്റെ ലൊക്കേഷനിൽ..

രാവിലെ തന്നെ പുറപ്പെട്ടു.

ഓഫീസിലെത്തിയപ്പോൾ ക്ലിൻ്റേട്ടൻ എത്തിയിട്ടില്ല.

വിളിച്ചു ..

പത്ത് മിനിറ്റിൽ എത്താമെന്ന് പറഞ്ഞു.

എത്തി.

ക്ലിൻ്റേട്ടൻ്റെ പേര് ഞാൻ പിൻതാങ്ങി പത്രിക സമർപ്പിച്ചു.


ചില സാങ്കേതിക കാരണങ്ങളാൽ തെരഞ്ഞെടുപ്പ് നടന്നില്ല ..

ആ പത്രികയുടെ കോപ്പി ഇപ്പോഴും എൻ്റെ ഫയലിൽ ഇരിക്കുന്നു.

എന്നും എന്നെ പിന്തുണച്ച പ്രിയ സുഹൃത്തിനെ ഞാൻ പിന്തുണച്ചതിൻ്റെ ഒരോർമക്കുറിപ്പായി അത് എന്നും എൻ്റെ കയ്യിലുണ്ടാവും ...

ഒരുമിച്ച് ഒരുപാട് ചിത്രങ്ങൾ എടുത്തിട്ടുണ്ടെങ്കിലും,
അവസാനമായി എടുത്ത ഈ ചിത്രവും എന്നും എന്നോടൊപ്പമുണ്ടാവും ..

വരാപ്പുഴ ചെട്ടിഭാഗം പള്ളിയിലെ സെമിത്തേരിയിൽ അന്ത്യവിശ്രമം കൊള്ളുന്ന പ്രിയപ്പെട്ടവൻ്റെ ആത്മാവിന് നിത്യശാന്തിയുണ്ടാകട്ടെ എന്ന പ്രാർത്ഥനയോടെ,

ഷാജി പട്ടിക്കര.

No comments:

Powered by Blogger.