ദേശീയ പുരസ്കാര ജേതാവ് ശിവൻ (89) അന്തരിച്ചു.

രാജ്യാന്തരകീർത്തി നേടിയ സ്റ്റിൽ ഫോട്ടോഗ്രാഫറും , ദേശീയ സംസ്ഥാന പുരസ്‌കാരങ്ങൾ നേടിയ സംവിധായകനും , ചലച്ചിത്ര ഛായാഗ്രാഹകനും , നിർമ്മാതാവും കലാസംവിധായകനുമായ ശിവൻ (89) അന്തരിച്ചു. 
ഹൃദയസ്തംഭനം മൂലം തിരുവനന്തപുരത്തെ വീട്ടിൽ ആയിരുന്നു അന്ത്യം. 

ഇന്ത്യൻ ചലച്ചിത്ര രംഗത്തെ പ്രതിഭകളായ സന്തോഷ്‌ ശിവൻ, സംഗീത് ശിവൻ, സഞ്ജീവ് ശിവൻ , സരിത രാജീവ് ഉദയഭാനു എന്നിവർ മക്കളാണ്.  ഭാര്യ : ചന്ദ്രമണി.

മൂന്ന് ദേശീയ അവാർഡുകൾ നേടിയ യാഗം (1981 ) മികച്ച ബാലചിത്രത്തിനുള്ള സംസ്ഥാന , ദേശീയ പുരസ്‌കാരങ്ങൾ സ്വന്തമാക്കിയ അഭയം ( 1991 ) കൊച്ചു കൊച്ചു മോഹങ്ങൾ ( 1993 ) ഒരു യാത്ര ( 1999 ) കിളിവാതിൽ ( 2008 ) മികച്ച ബാലചിത്രത്തിനുള്ള സംസ്ഥാന , ദേശീയ പുരസ്‌കാരങ്ങൾ സ്വന്തമാക്കിയ കേശു ( 2009 ) എന്നീ ചിത്രങ്ങൾ സംവിധാനം ചെയ്തു . ഇതിൽ മിക്ക സിനിമകളും വിവിധ ദേശീയ, അന്തർദേശീയ ചലച്ചിത്രോത്സവങ്ങളിൽ പ്രദർശിപ്പിച്ച് അംഗീകാരങ്ങൾ നേടിയവയാണ്.

1972 ൽ ബാബു നന്ദൻകോടിന്റെ സംവിധാനത്തിൽ ശിവൻ നിർമ്മിച്ച സ്വപ്നം നാല് സംസ്ഥാന അവാർഡുകൾ കരസ്ഥമാക്കി . 1993 ൽ സംഗീത് ശിവന്റെ സംവിധാനത്തിൽ ജോണി എന്ന സിനിമയും  നിർമ്മിച്ചു . 

കയ്യും തലയും പുറത്തിടരുത് ( സംവിധാനം  പി ശ്രീകുമാർ വര്‍ഷം  1985 ) ഇലഞ്ഞിപ്പൂക്കൾ ( സംവിധാനം  സന്ധ്യാ മോഹൻ - 1986 ) അപരാഹ്നം ( സംവിധാനം  എം പി സുകുമാരൻ നായർ 1990 ) എന്നീ സിനിമകൾക്ക് കലാസംവിധാനം നിർവ്വഹിച്ചു .

മലയാളത്തിലെ ആദ്യ പ്രസ്സ്‌ ഫോട്ടോഗ്രാഫർ എന്നാണ് അറിയപ്പെടുന്നത്. 1959ൽ തിരുവനന്തപുരത്ത് ശിവൻസ് സ്റ്റുഡിയോ തുടങ്ങി. 

ഫോട്ടോ ജേർണലിസം, സിനിമ, നാടകം, ഡോക്യൂമെന്ററി രംഗങ്ങളിൽ സജീവമായ വ്യക്തിത്വമായിരുന്നു. മലയാളത്തിന്റെ ക്ലാസിക്  ആയ ' ചെമ്മീൻ ' സിനിമയുടെ സ്റ്റിൽ ഫോട്ടോഗ്രാഫർ ശിവൻ ആയിരുന്നു. 

ഐക്യകേരള രൂപവത്കരണത്തിനു മുൻപേ തന്നെ ശിവന്റെ ചിത്രങ്ങൾ പ്രമുഖ പ്രസിദ്ധീകരണങ്ങളിലൂടെ അന്താരാഷ്ട്ര പ്രശസ്തിയാർജ്ജിച്ചു . നാഷണല്‍ ജ്യോഗ്രഫിക്, ലൈഫ്, സ്പാൻ , ന്യൂസ് വീക്ക് തുടങ്ങി പല വിദേശ പ്രസിദ്ധീകരണങ്ങളിലെല്ലാം അദ്ദേഹത്തിന്റെ ചിത്രങ്ങൾ അച്ചടിച്ചുവന്നിരുന്നു. 

ശിവൻസ് സ്റ്റുഡിയോ 60 വർഷം പൂർത്തിയാക്കിയതിന്റെ  ആഘോഷപരിപാടികൾ  2019 ൽ  തിരുവനന്തപുരത്ത് സംഘടിപ്പിച്ചിരുന്നു.

അന്ന് അദ്ദേഹം കേരളത്തിന്റെ ഛായാഗ്രഹണ ചരിത്രം ഇങ്ങിനെ പങ്കുവെച്ചു . " കഴിഞ്ഞ അറുപത്‌ വർഷത്തിലെ ഓരോ ദിവസവും അധ്വാനത്തിന്റേതായിരുന്നു. അന്നൊന്നും പലതും ഇത്ര എളുപ്പമായിരുന്നില്ല. ഡോക്യുമെന്ററിയായിരുന്നു ലക്ഷ്യം. പക്ഷേ അന്നൊക്കെ വീഡിയോ ക്യാമറ ഉപയോഗിക്കാൻ ഉന്നതതല അനുമതി വേണം. നടക്കാത്ത കാര്യത്തിനാണ്‌ ശ്രമിക്കുന്നതെന്ന്‌ പലരും പറഞ്ഞു. അഞ്ചുവർഷത്തിന്‌ ശേഷം ലൈസൻസ് കിട്ടി. ആ ക്യാമറയിലാണ്‌  'സ്വപ്നം' സിനിമ ചെയ്തത്.

ശിവന്റെ ജീവിതം, ഡോക്യുമെന്ററിയായി മകൻ സന്തോഷ്‌ ശിവൻ അണിയിച്ചൊരുക്കുകയാണ്. 

No comments:

Powered by Blogger.