അജിത് കുമാർ-മഗിഴ് തിരുമേനി ചിത്രം വിടാമുയർച്ചി സെക്കന്റ് ലുക്ക് പുറത്ത് .
അജിത് കുമാർ-മഗിഴ് തിരുമേനി ചിത്രം വിടാമുയർച്ചി സെക്കന്റ് ലുക്ക് പുറത്ത്
തമിഴ് സൂപ്പർ താരം അജിത് കുമാറിനെ നായകനാക്കി സൂപ്പർ ഹിറ്റ് സംവിധായകൻ മഗിഴ് തിരുമേനി ഒരുക്കുന്ന ബിഗ് ബഡ്ജറ്റ് മാസ്സ് ആക്ഷൻ ചിത്രമായ വിടാമുയർച്ചിയുടെ സെക്കന്റ് ലുക്ക് റിലീസ് ചെയ്തു. ഏതാനും ദിവസങ്ങൾക്ക് മുൻപ് പുറത്ത് വിട്ട ഈ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും മികച്ച ശ്രദ്ധയാണ് സമൂഹ മാധ്യമങ്ങളിൽ നേടിയത്. ഫസ്റ്റ് ലുക്ക് പോസ്റ്ററിനേക്കാൾ മാസ്സ് പരിവേഷത്തിലാണ് സെക്കന്റ് ലുക്ക് പോസ്റ്ററുകളിൽ അജിത്തിനെ അവതരിപ്പിച്ചിരിക്കുന്നതെന്നത് ആരാധകരെ ആവേശം കൊള്ളിക്കുന്നുണ്ട്. ലൈക്ക പ്രൊഡക്ഷൻസിന്റെ ബാനറിൽ സുബാസ്കരൻ നിർമ്മിക്കുന്ന ഈ വമ്പൻ ചിത്രം ഇപ്പോഴതിന്റെ അവസാനഘട്ട ചിത്രീകരണത്തിലാണ്.
മങ്കാത്ത എന്ന ബ്ലോക്ക്ബസ്റ്റർ വെങ്കട് പ്രഭു ചിത്രത്തിന് ശേഷം, അജിത് കുമാർ- അർജുൻ- തൃഷ കൂട്ടുകെട്ട് വീണ്ടും വെള്ളിത്തിരയിൽ ഒന്നിക്കുന്നു എന്നതാണ് വിടാമുയർച്ചിയുടെ ഏറ്റവും വലിയ ഹൈലൈറ്റ്. ആരവ്, റെജീന കസാൻഡ്ര, നിഖിൽ എന്നിവരും പ്രധാന വേഷങ്ങൾ ചെയ്യുന്ന ഈ ചിത്രം ഓഗസ്റ്റ് മാസത്തോടെ ചിത്രീകരണം പൂർത്തിയാക്കുമെന്നും അതിന് ശേഷം റിലീസ് തീയതി ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നും ലൈക്ക പ്രൊഡക്ഷൻസ് ഹെഡ് എം കെ എം തമിഴ് കുമരൻ നേരത്തെ വെളിപ്പെടുത്തിയിരുന്നു.
അനിരുദ്ധ് രവിചന്ദർ സംഗീതം ചിട്ടപ്പെടുത്തുന്ന ഈ ചിത്രത്തിന് കാമറ ചലിപ്പിക്കുന്നത് ഓംപ്രകാശ്, എഡിറ്റിംഗ് നിർവഹിക്കുന്നത് എൻ ബി ശ്രീകാന്ത് എന്നിവരാണ്. മിലൻ കലാസംവിധാനം നിർവഹിക്കുന്ന വിടാമുയർച്ചിക്ക് വേണ്ടി സംഘട്ടനമൊരുക്കുന്നത് സുപ്രീം സുന്ദറാണ്. വമ്പൻ തുകക്ക് ഈ ചിത്രത്തിന്റെ സാറ്റലൈറ്റ് അവകാശം സൺ ടിവിയും ഒടിടി അവകാശം നെറ്റ്ഫ്ലിക്സും സ്വന്തമാക്കിയിട്ടുണ്ട്. അനു വർദ്ധൻ വസ്ത്രാലങ്കാരം, ഹരിഹരസുധൻ വിഎഫ്എക്സ്, ആനന്ദ് കുമാർ സ്റ്റിൽസ്, പിആർഒ ശബരി.
No comments: