ആയുസ്സുണ്ടെങ്കിൽ 45 വയസ്സു തികഞ്ഞാൽ പൊതു വേദികളിൽ പോയുള്ള പരിപാടികൾ നിർത്തിവെക്കും : ഞെരളത്ത് ഹരിഗോവിന്ദന്‍


ഞാൻ പൊതുവേദികൾ വിടുന്നു എന്ന് ഒരു വാർത്ത പ്രചരിക്കുന്നുണ്ട്.അക്കാര്യം ഞാൻ കുളങ്കര സംഗീതോൽസവവേദിയിൽ 2017 സെപ്തംബർ 29നു രാവിലെ പാടുംപോൾ പറഞ്ഞ കാര്യം തന്നെയാണ്.എന്നാൽ വാർത്തയിൽ ചെറിയ പിശകുകൾ ഉണ്ട്.എനിക്കിപ്പോൾ 42 വയസായി,45 വയസാവാൻ ഇനിയും 3 വർഷംകൂടി ഉണ്ട്. അതായത് 1975 ജൂലൈ 3 ആണ് എന്‍റെ ജനനത്തീയതി.

പൊതുവേദികളിൽ പോവുന്നതേ നിർത്തുന്നുള്ളൂ...പാട്ടോ അനുബന്ധ പ്രവർത്തനങ്ങളോ നിർത്തുന്നില്ല.
കഴിഞ്ഞ കുറെ വർഷങ്ങളായി വർഷംതോറും 300ഓളം പരിപാടികള്‍ ആണ് ചെയ്യേണ്ടിവരുന്നത്.
എത്ര ശ്രമിച്ചിട്ടും ഒഴിവാക്കാനാവുന്നില്ല.പലതും എനിക്കു പോലും ആസ്വാദ്യമാകുന്നുമില്ല.

ജീവിതം സങ്കീർണരഹിതമാകുവാൻ വേണ്ടിയാണ് അധ്യാപകജോലി ഉപേക്ഷിച്ച് പാട്ടു മാത്രം ആക്കിയത്.എന്നിട്ടും 20 വർഷത്തോളമായി ഒട്ടും വിശ്രമം ലഭിക്കുന്നില്ല.

ഇതിനിടെ സ്വന്തം കാര്യങ്ങള്‍ മാത്രമല്ലാതെ ഒരു കലാപ്രവർത്തകനെന്ന നിലക്ക്  വേണ്ടത്ര ശ്രദ്ധയും പരിഗണനയും ലഭിക്കാത്ത മറ്റു കലാപ്രവർത്തകർക്കും കലാരൂപങ്ങൾക്കും വേണ്ടി ആവുന്നത്ര പണവും സമയവും ശേഷിയും ഉപയോഗപ്പെടുത്തിക്കഴിഞ്ഞു.

അസൂയ,അസഹിഷ്ണുത,നന്ദികേട്  എന്നിവ കൊണ്ട്  ഒരു ചെറു ശതമാനം എന്നെ ആവുന്നത്ര ദ്രോഹിച്ചിട്ടുണ്ട്.അതെല്ലാം എന്നെ കരുത്തനാക്കി എന്ന ഒരു സഹായമായിട്ടേ ഇപ്പോഴും കാണുന്നുള്ളൂ.

ഒരു കൊട്ടിപ്പാട്ടുകാരനു കിട്ടാവുന്ന പരമാവധി പരിഗണനയും സൌകര്യങ്ങളും സുഖങ്ങളും അംഗീകാരവും ബാക്കിയുള്ള വലിയൊരു സമൂഹം തന്നു കഴിഞ്ഞു.

ഇനി മോഹിച്ചുകൊണ്ടേയിരിക്കാനാണെങ്കിൽ  സ്ഥാനമാനങ്ങൾക്കും പുരസ്കാരങ്ങൾക്കും മറ്റുമായി മരിക്കും വരെ ആർത്തിപിടിച്ച് ഓടിക്കൊണ്ടിരിക്കാം.വിലപിച്ചുകൊണ്ടിരിക്കാം..അങ്ങനെ മോങ്ങിക്കൊണ്ടിരിക്കുന്ന സമകാലികരായ പല സീനീയർ കലാപ്രവർത്തകരുടെയും ദാരിദ്ര്യം കാണുംമ്പോൾ  സ്വന്തം കല അവർക്ക് യാതൊരു ആത്മാഭിമാനവും ആത്മീയ സമാധാനവും നൽകിയില്ലല്ലോ എന്ന സഹതാപവും തോന്നാറുണ്ട്.

മരണം വരെ നമ്മൾ തന്നെയാവണം സ്വന്തം രംഗത്തെ അടക്കി ഭരിക്കേണ്ടത് എന്ന ചെറിയ ബുദ്ധി കലാശൂന്യമാണ്.ഒരു പരിധിയിലെത്തുംമ്പോൾ നാം സ്വയം പലതിൽ നിന്നും പിൻവാങ്ങാൻ തയ്യാറാവണം.ബാക്കി കാലം കഴിവും അർഹതയുമുള്ള ആളുകൾക്കായി പ്രോൽസാഹനപ്രവർത്തനങ്ങളും പ്രചാരണങ്ങളുമായി കഴിയണം.അതൊന്നും 70 ഉം 90 ഉം വയസു കഴിഞ്ഞ് ഒന്നിനും വയ്യാതാവുംമ്പോൾ അല്ല ചെയ്യേണ്ടത്.നല്ല ആരോഗ്യവും ചുറുചുറുക്കും ഉള്ളപ്പോൾ ചെയ്യേണ്ടതാണ്.അതിനാണ് ഞാൻ പ്രാന്തുപിടിച്ച ഈ ഓട്ടം പൂർണമായും 45ാം വയസിൽ നിർത്താം എന്നു തീരുമാനിച്ചത്...
പിന്നീട്  മാസത്തിൽ ഒരിക്കലോ മറ്റോ കേരളത്തിലോ വിദേശത്തോ എവിടെയെങ്കിലും ഒരിടത്ത് specially invited അഥവാ specially ആഗ്രഹിക്കുന്നവർ  ആയിട്ടുള്ള ആളുകൾക്ക് മാത്രമായി പാടുക എന്നതാണ് ലക്ഷ്യം.ആ പരിപാടികൾ നടക്കുന്ന വിവരം പൊതു ജനത്തെ അറിയിക്കും...അതിനായി നിർബന്ധിത പണം വാങ്ങൽ ഉണ്ടാവില്ല.പകരം എൻറെ തുടർന്നുള്ള കലാസേവന പ്രവർത്തനങ്ങൾക്കായി ആളുകൾക്ക് ഇഷ്ടമുള്ള സംഭാവന മാത്രം തരാവുന്നതാണ്...

കൂടാതെ എൻറെ വ്യക്തിപരമായ യാത്രകൾ,കുടുംബത്തോടൊപ്പം കൂടുതൽ സമയം ചെലവഴിക്കൽ,ചെറിയ കൃഷി ഇതൊക്കെയാണു പദ്ധതി.ഇതിനെല്ലാം നല്ല പ്രായത്തിൽ വേണമല്ലോ സമയം കിട്ടേണ്ടത്.അതായത് സ്വയം പിൻവാങ്ങുക.

ലോകത്തെ ബോധ്യപ്പെടുത്തിക്കൊണ്ടുള്ള ചെറു ജീവിതത്തിനു മാറ്റം വരുത്തി അവനവനു വേണ്ടി ജീവിക്കുക.എൻറെ സമയാനുസാരം എനിക്കാവുന്ന കലാസേവനങ്ങളിൽ ഏർപ്പെടുക ഇത്രയേ ഉള്ളൂ...പണവും അരങ്ങും പ്രശസ്തിയും സുഖങ്ങളും എത്രകിട്ടിയാലും മതിയാവാത്ത ഒരു ''ആർത്തിസ്റ്റ്''ആവാൻ വയ്യ എന്നു സാരം.

മറ്റ് അൽഭുതങ്ങളൊന്നും ഈ വാർത്തയിലോ പ്രഖ്യാപനത്തിലോ ഇല്ല.45 വയസു തികയും വരെ ആയുസുണ്ടെങ്കിൽ ഒരു തീയതി നിശ്ചയിക്കും.അത് അവസാന വേദിയാകും.എൻറെ അവസാന പൊതുവേദി എവിടെ ആവണം എന്നു മലയാളിക്കു തീരുമാനിക്കാം.ആ വേദി ഒരുക്കാൻ താൽപര്യമുള്ളവർക്ക് അതിനു ഒരു വർഷം മുൻപു തന്നെ അതിന്‍റെ ഒരുക്കങ്ങൾ തുടങ്ങാം. അവിടെ വെച്ച് എനിക്കു പുരസ്കാരങ്ങളോ മറ്റോ തരരുത്.ആ ദിവസം കേൾക്കാൻ വരുന്നവരിൽ നിന്നും ലഭിക്കുന്ന തുക അച്ഛൻറെ പേരിലുള്ള ട്രസ്റ്റിന്‍റെ അക്കൌണ്ടിൽ ഇടണം എന്നു മാത്രമേ ഉള്ളൂ.അത് മറ്റു കലാപ്രവർത്തകരുടെ ആവശ്യങ്ങൾക്കായി വിനിയോഗിക്കും....അല്ലാതെ സ്വന്തം വീടിന്‍റെ വലിപ്പം കൂട്ടലോ,സ്വർണച്ചെയിനിന്‍റെ വണ്ണംകൂട്ടലോ,അവാർഡുകളുടെ എണ്ണം വർധിപ്പിക്കലോ ഒന്നും അല്ലല്ലോ ഒരു കലാപ്രവർത്തകൻറെ ധർമം.
തുടർന്ന് എൻറെ സേവനം ആവശ്യമുള്ള സ്വകാര്യ സംരംഭകർക്കോ സർക്കാറിനോ ആർക്കു വേണമെങ്കിലും എന്നെ ഉപയോഗപ്പെടുത്താം.അതും വെറും ഭക്ഷണം,വസ്ത്രം,പാർപ്പിടം,വാഹനം,രോഗ ചികിൽസ എന്നിവ മാത്രം പ്രതിഫലമായി തന്നുകൊണ്ട്.

വെട്ടിപ്പിടിക്കലല്ല വിട്ടുകൊടുക്കലാണ് 
എന്‍റെ എക്കാലത്തേയും രീതിയും വിനോദമെന്നും അദ്ദേഹം പറഞ്ഞു. 

വിഷ്ണു മനോഹരൻ 

No comments:

Powered by Blogger.