മധു സാറിന് പിറന്നാൾ ആശംസകൾ : ബാലചന്ദ്രമേനോൻ .

മധു സാറിനെ ഞാൻ ജീവിതത്തിൽ ആദ്യമായി കാണുന്നത്  ഒൻപതാം ക്ലാസിൽ പഠിക്കുമ്പോഴാണ്. നളന്ദാ ചിൽഡ്രൻസ് റേഡിയോ ക്ലബ്ബിന്റെ പേരിൽ  തലസ്ഥാനം കാണാൻ വന്നതാണ് ഞങ്ങൾ . റേഡിയോ നിലയം കാണാനെത്തിയപ്പോൾ  അതാ വരുന്നു സുസ്മേരവദനനായി  മധു സാർ ! ഇടതൂർന്നുള്ള  കറുത്ത മുടിയും ഷേവിങ്ങ്  കഴിഞ്ഞുള്ള  കവിളിലെ പച്ച  നിറവും  ഇപ്പഴും ഓർമ്മയിൽ !

പിന്നെ കാണുന്നത്  പത്രക്കാരനായി  മദ്രാസിൽ വെച്ച് ...1975 ൽ , ജെമിനി  സ്റ്റുഡിയോയിൽ.. .
ഒരു അഭിമുഖത്തിനായി ......

അടുത്ത സംഗമം നടന്നത് അദ്ദേഹത്തിന്റെ കണ്ണൻമൂലയിലെ വീട്ടിൽ വെച്ച് .... കന്നിസംവിധായകനായി ...അങ്ങിനെ അദ്ദേഹം 'ഉത്രാടരാത്രി'യിലെ ഒരു അഭിനേതാവായി ....

തന്റെ നിർമ്മാണകമ്പനിയായ ഉമാ സ്റ്റുഡിയോയുടെ  ചിത്രം സംവിധാനം ചെയ്യാൻ അദ്ദേഹം  എന്നെ  ക്ഷണിച്ചതാണ്  അടുത്ത ഓർമ്മ . അങ്ങിനെ  മധു-ശ്രീവിദ്യ  ചിത്രമായ 'വൈകി വന്ന വസന്തം ' പിറന്നു....

അടുത്തത്  എന്റെ ഊഴമായിരുന്നു . എന്റെ  നിർമ്മാണക്കമ്പനിയായ V&V യുടെ  'ഒരു പൈങ്കിളി കഥയിൽ ' എന്റെ അച്ഛനായി അഭിനയിക്കാൻ  ഞാൻ അദ്ദേഹത്തെ ക്ഷണിച്ചു ...
തീർന്നില്ല . എനിക്ക് ദേശീയ പുരസ്ക്കാരം നേടിത്തന്ന 'സമാന്തരങ്ങൾ' എന്ന ചിത്രത്തിൽ   ചെറിയ വേഷത്തിലാണെങ്കിലും , ഒരു മന്ത്രിയായി അദ്ദേഹം സഹകരിച്ചു ...ഇതേ പോലെ  'ഞാൻ സംവിധാനം ചെയ്യും 'എന്ന  ചിത്രത്തിലും  അദ്ദേഹം  മുഖ്യമന്ത്രിയായി ...

എന്റെ  സിനിമയിലെ 25  വർഷങ്ങൾ പൂർത്തിയാക്കിയപ്പോൾ  ടാഗോർ തിയേറ്ററിൽ സംഘടിപ്പിച്ച      ' BALACHANDRA MENON  IS  25! ' എന്ന ചടങ്ങിൽ  അദ്ദേഹം പങ്കെടുത്തു ....

'അമ്മ ' എന്ന താര സംഘടനയുടെ പ്രസിഡന്റ് ആയി മധുസാർ നയിച്ചപ്പോൾ സെക്രട്ടറി എന്ന നിലയിൽ എന്നാലാവുന്ന സേവനം  നിവ്വഹിക്കുവാൻ എനിക്കു കഴിഞ്ഞു ...

വർഷങ്ങൾക്കു ശേഷം  'ഇത്തിരി നേരം ഒത്തിരി കാര്യം 'എന്ന  എന്റെ പുസ്തകം തിരുവന്തപുരത്തു സെനറ്റ് ഹാളിൽ ശ്രീ . ശ്രീകുമാരൻ തമ്പിക്കും പിന്നീട്  ദുബായിൽ  വെച്ച്  ശ്രീ യേശുദാസിനും കൊടുത്തു    പ്രകാശനം നിർവ്വഹിച്ചു ..

അദ്ദേഹത്തിന്റെ 80 മത്  പിറന്നാൾ  ആഘോഷത്തിലും പങ്കെടുക്കാൻ എനിക്കു കഴിഞ്ഞു. 

എന്റെ 'റോസസ് ദി ഫാമിലി ക്ളബ്ബിന്റെ'  പല ചടങ്ങുകളിലും അദ്ദേഹത്തിന്റെ സജീവ സാന്നിധ്യമുണ്ടായിരുന്നു .

എന്റെ  അച്ഛന്റെ  മരണത്തിലും  മക്കളുടെ  വിവാഹച്ചടങ്ങുകളിലും അദ്ദേഹം കൃത്യമായി പങ്കെടുത്തു.....

എന്റെ ഗാനാലാപനത്തെ  പരാമർശിച്ചു  മധുസാർ പറഞ്ഞ ഒരു കാര്യം ഞാൻ  എപ്പോഴും  ഓർക്കും ;
    " മേനോൻ ഒരിക്കലും പാടുന്നതായി എനിക്ക് തോന്നിയിട്ടില്ല ...മേനോൻ പാട്ടു പറയുകയാണ് പതിവ് ...."

ഏറ്റവും ഒടുവിൽ 'ലോകത്തിൽ ഒന്നാമൻ ' എന്ന  ലിംകാ  ബുക്ക്  ഓഫ്  റിക്കാർഡ്‌സ്  വിളംബരത്തിന്റെ ആഘോഷം  തിരുവന്തപുരത്തു നടന്നപ്പോൾ അതിലും  ഒരു മുഖ്യാതിഥി ആയിരുന്നു മധുസാർ ...

ഇപ്പോഴാകട്ടെ ഞങ്ങൾ  WHATSAPP FRIENDS  ആണ് ...എന്റെ  എല്ലാ മെസ്സേജുകൾക്കും  കൃത്യമായി  പ്രതികരിക്കുന്ന  ഒരാൾ !

അല്ലാ , ഇതൊക്കെ എന്തിനാ ഇപ്പോൾ?...... എന്നല്ലേ മനസ്സിൽ തോന്നിയത് ?  പറയാം ....

ഇന്ന് മധുസാറിന്റെ 88 മത്  ജന്മദിനമാണ് ...അപ്പോൾ അറിയാതെ എന്റെ മനസ്സ് ഈ വഴിക്കൊക്കെ സഞ്ചരിച്ചു എന്ന് മാത്രം ,,,,മലയാള സിനിമയിൽ എന്റെ തുടക്കം മുതൽ ഇന്നതു വരെ ഇത്രയും ദീർഘമായ ഒരു ബന്ധം ആരുമായുമില്ല എന്ന് പറഞ്ഞാൽ അത് സത്യമാണ് .....
ഇനിയുമുണ്ട്  ഒരു പിടി മധുവിശേഷങ്ങൾ ! അതൊക്കെ  'filmy FRIDAYS ....Season 3 ൽ  വിശദമായും സരസമായും പ്രതിപാദിക്കാം ....

അപ്പോൾ ഇനി  , നിങ്ങളുടെയൊക്കെ ആശീർവാദത്തോടെ ഞാൻ മധുസാറിന് എന്റെ വക  പിറന്നാൾ ആശംസകൾ  നേരുന്നു ....HAPPY BIRTHDAY  Dear Madhu Sir !

that's  ALL your honour!

ബാലചന്ദ്രമേനോൻ .

1 comment:

Powered by Blogger.