എനിക്ക് താങ്കൾ പ്രിയപ്പെട്ടവനാണ് രമേശൻ നായർ .... ബാലചന്ദ്രമേനോൻ.

പ്രിയപ്പെട്ട രമേശൻ നായർ, 
ഞാൻ എന്താണ് കേൾക്കുന്നത് ?
ഞാൻ എവിടെ...എങ്ങിനെ തുടങ്ങാൻ ?

വർഷങ്ങൾക്ക്  മുൻപ്  എന്റെ ചെവിയിൽ വന്നു വീണ ഒരു പതിഞ്ഞ ശബ്ദം ...
"മേന്നേ ....ഞാൻ രമേശൻ നായർ .....തൃശൂർ ആകാശവാണിയിൽ നിന്നും വിളിക്കുന്നു" .

 അത് പിന്നെ എങ്ങനൊക്കെയോ ....ഇങ്ങനെയൊക്കെയായി ....സിനിമയിലെ  എന്റെ  പല  'വിശേഷ സംരംഭങ്ങൾക്കും'  താങ്കൾ  എന്റെ  ഒരു  നല്ല കൂട്ടാളിയായി ....

'ആദ്യത്തതെന്തും പ്രിയപ്പെട്ടതാണ് 'എന്ന  എന്റെ "ഞങ്ങളുടെ കൊച്ചു ഡോക്ടർ " എന്ന സിനിമയിലെ ഡയലോഗ് പ്രകാരം എനിക്ക്  താങ്കൾ പ്രിയപ്പെട്ടവനാണ് രമേശൻ നായർ...
ഞാൻ  ആദ്യമായി  സംഗീത  സംവിധാനം  ചെയ്ത  'കുറുപ്പിന്റെ കണക്കു പുസ്തകം' എന്ന ചിത്രത്തിന്റെ ഗാന രചയിതാവ് എന്ന നിലയിൽ .....

എന്റെ 25 - മതു  ചിത്രമായ "അച്ചുവേട്ടന്റെ വീട് " എന്ന ചിത്രത്തിൽ ആകെ ഒരു പാട്ടേ ഉണ്ടായിരുന്നുള്ളു ...
"ചന്ദനം മണക്കുന്ന പൂന്തോട്ടം ..
ചന്ദ്രിക മെഴുകിയ മണിമുറ്റം .....
ഉമ്മറത്തമ്പിളി നിലവിളക്ക് ..
ഉച്ചത്തിൽ സന്ധ്യക്ക്‌ നാമജപം ....
ഹരി നാമ ജപം ...."
കുടുംബ സിനിമയുടെ വക്താവ്  എന്നെ നിലയിൽ ഞാനും  കുടുംബസ്നേഹികൾ എന്ന നിലയിൽ നിങ്ങളുമൊക്കെ ഒരേ പോലെ നെഞ്ചിലേറ്റിയ  ഈരടികൾ ....

'റോസസ് ദി ഫാമിലി ക്ലബ്ബ്'  എന്ന എന്റെ കുടുംബ കൂട്ടായ്മയിൽ ഏറ്റവും ഒടുവിൽ രമേശൻ നായർ പങ്കെടുത്തപ്പോൾ ഞാൻ പറഞ്ഞു .... "നിങ്ങൾ എഴുതിയ പോലെ , അതായത്‌ ..
 മക്കളീ  വീട്ടിൽ മയിൽ‌പ്പീലി മെത്തയിൽ .....     
മൈഥിലിമാരായ്  വളരേണം.... "' 
എന്ന ആശയം തന്നെയാണ് ഞങ്ങൾ ഈ ക്ലബ്ബിലൂടെ യാഥാർഥ്യമാക്കാൻ ശ്രമിക്കുന്നത് .
ഞങ്ങളുടെ ക്ലബ്ബിന്റെ  ' ദേശീയ ഗാനവും ' ഇത് തന്നെ ....
നിറഞ്ഞ  പുഞ്ചിരിയോടെ  താങ്കൾ  എന്റെ  കൈത്തലം  സ്നേഹപൂർവ്വം അമർത്തിപ്പിടിച്ചതും  എന്റെ  ഓർമ്മ ....

ഞങ്ങളുടെ കൊച്ചു ഡോക്ടർ , സുഖം സുഖകരം, ഏപ്രിൽ 19 എന്നീ ചിത്രങ്ങളിലും  താങ്കളുടെ പങ്കാളിത്തമുണ്ടായിരുന്നു ..

അതു കൊണ്ടും തീർന്നില്ല...

എനിക്ക് ആദ്യമായി ദേശീയ പുരസ്ക്കാരം നേടിത്തന്ന "സമാന്തരങ്ങൾക്കായും "  നാം ഒടുവിൽ ഒത്തു കൂടി ...
"ഒന്നാം കടൽ നീന്തിയോരമ്പിളി ...
എന്നോടൊരു കാരിയം ചൊല്ലു നീ ...." 
അങ്ങിനെ സംഗീത സംവിധായകനായി രണ്ടാമതൊരിക്കൽ കൂടി താങ്കൾക്കൊപ്പം കൈ കോർക്കാൻ കഴിഞ്ഞത് ഒരു നല്ല അനുഭവമായിരുന്നു ...

പിന്നെയും പലതും നാം മനസ്സിൽ കണക്കു കൂട്ടിയിരുന്നു ....പക്ഷെ...

ഇനി എന്തെഴുതാൻ ? എന്തിനെഴുതാൻ ?
"ചന്ദനം മണക്കുന്ന പൂന്തോട്ടത്തിന്റെ കാവൽക്കാരാ ...."  
ആ 'മണമാണ് 'നിങ്ങൾ ഞങ്ങൾക്ക് നൽകിയ ഏറ്റവും അമൂല്യമായ നിധി ...

പ്രണാമം  !!!  🙏

that's ALL your honour....!


ബാലചന്ദ്രമേനോൻ .

No comments:

Powered by Blogger.