ഡോ. കെ.പി ഗിരിജയ്ക്ക് സല്യൂട്ട്ഗേറ്റിനു മുന്നിലൂടെപ്പോലും സ്ത്രീകൾ പോകാൻ മടിച്ച ഒരു സിനിമാ തീയ്യേറ്ററിനെ ഫാമിലി ഫ്രണ്ട്ലി തീയ്യേറ്റർ ആക്കിയ വനിത. കുടുംബത്തിൻറെ മാത്രമല്ല, തൃശ്ശൂരിന്റെ  തന്നെ പേരിനുണ്ടായിരുന്ന കളങ്കം മായിച്ച ദൃഢചിത്തയായ സംരംഭക.

തൃശ്ശൂരിലെ കുപ്രസിദ്ധിയാർജ്ജിച്ച സിനിമാ തീയേറ്ററായിരുന്നു ഗിരിജ. അശ്ളീല സിനിമകൾ മാത്രം പ്രദർശിപ്പിക്കുന്ന തീയ്യേറ്റർ എന്ന വിശേഷണമാണ് ഗിരിജ തിയ്യേറ്ററിന് ചേരുക.1970 മുതലുള്ള തൃശ്ശൂരിലെ ചെറുപ്പക്കാർ ഒരിക്കലെങ്കിലും ഗിരിജയിൽ സിനിമ കാണാൻ പോവാതെ തങ്ങളുടെ കൗമാരകാലം പിന്നിട്ടിട്ടുണ്ടാവില്ല.

1957-ൽ ഗിരിജയുടെ മുത്തച്ഛനായ പി ആർ നമ്പ്യാരാണ് ഗിരിജാ തീയ്യേറ്ററിന് തുടക്കമിട്ടത്. മുത്തച്ഛൻറെ മരണശേഷം മുത്തശ്ശിക്കായിരുന്നു ഉടമസ്ഥാവകാശം. പിന്നീട് ഗിരിജയുടെ അച്ഛനായ പദ്മനാഭനും സഹോദരങ്ങളും പാർട്ണർമാരായി. അന്ന് ഇംഗ്ലീഷ് ക്ലാസിക് സിനിമകളും ബോക്സോഫീസ് വിജയം നേടിയ തമിഴ് ചിത്രങ്ങളും മാത്രമായിരുന്നു ഗിരിജയിൽ പ്രദർശിപ്പിച്ചിരുന്നത്. അത് ഗിരിജാ തീയ്യേറ്ററിന്റെ  സുവർണ്ണകാലമായിരുന്നു.

പിന്നീട് തൃശ്ശൂർ നഗരത്തിൽ നിരവധി ആധുനിക തീയ്യേറ്ററുകൾ വന്നു. നഗരത്തിൽ നിന്നും ഏകദേശം രണ്ട് കിലോമീറ്ററോളം ദൂരെയുള്ള ഗിരിജയിലേക്ക് സിനിമകൾ നൽകാൻ വിതരണക്കാർ മടിച്ചു. കളക്ഷൻ കുറയും എന്നായിരുന്നു അവരുടെ ഭയം. അങ്ങനെയാണ് അഡ്വാൻസ് ഒന്നും വേണ്ടാത്ത ഇക്കിളി സിനിമകൾ ഗിരിജയിൽ പ്രദർശനത്തിനെത്തുന്നത്. പിടിച്ചു നിൽക്കാൻ മറ്റു വഴിയൊന്നുമില്ലാത്തതിനാൽ നീണ്ട 25 വർഷത്തോളം ഇത്തരം സിനിമകളായിരുന്നു ഗിരിജാ തീയ്യേറ്ററിന്റെ  പ്രധാന ആകർഷണം.

ഇതേ സമയം ഗിരിജയും അനുജത്തി കൃഷ്ണപ്രിയയും നാണക്കേടിന്റെ  നെരിപ്പോടിൽ നീറുകയായിരുന്നു. സ്കൂളിലെ സഹപാഠികളും മറ്റും തീയ്യറ്ററിൽ പ്രദർശിപ്പിക്കുന്ന സിനിമകളുടെ പേരു പറഞ്ഞ് അവരെ നിഷ്കരുണം കളിയാക്കിയിരുന്നു. എല്ലാ പരാതികളും വേദനകളും ദിവസവും അമ്മയുടെ മുമ്പിൽ കെട്ടഴിച്ച് പൊട്ടിക്കരഞ്ഞു. അച്ഛനോട് നേരിട്ട് പറയാൻ മടിയായിരുന്നു. അതുകൊണ്ടുതന്നെ പ്രീഡിഗ്രി വിദ്യാഭ്യാസം കഴിഞ്ഞപ്പോൾ പഠനം തമിഴ്നാട്ടിലേക്കാക്കി.

1988 -ൽ പഠനം കഴിഞ്ഞ് ദന്തഡോക്റ്ററായി തിരിച്ചു വന്നപ്പോൾ ഗിരിജയുടെ ലക്ഷ്യം തന്റെ  പേരിലുള്ള തീയ്യേറ്ററിന്റെ  ദുഷ്പേര് മാറ്റിയെടുക്കുക എന്നതായിരുന്നു. അച്ഛനെ നിർബന്ധിപ്പിച്ച് അന്ന് ഹിറ്റായി ഓടിക്കൊണ്ടിരുന്ന മഞ്ജു വാര്യരുടെ 'പ്രണയവർണ്ണങ്ങൾ' പ്രദർശിപ്പിച്ചു. പക്ഷേ, നിരാശയായിരുന്നു ഫലം. ഗിരിജാ തീയ്യേറ്ററിന്റെ  മാറ്റത്തെ കാണികൾ അംഗീകരിക്കാൻ തയ്യാറായിരുന്നില്ല എന്നതായിരുന്നു യാഥാർഥ്യം.

2001-ൽ അച്ഛൻ പദ്മനാഭൻ അന്തരിച്ചു. വലിയൊരു കടബാധ്യത കുടുംബത്തിന്റെ  ചുമലിൽ വെച്ചാണ് അദ്ദേഹം വിടപറഞ്ഞത്. പിന്നീട് തീയ്യേറ്ററിന്റെ  ഉടമസ്ഥാവകാശത്തെപ്പറ്റിയായി തർക്കം. നിയമ പോരാട്ടത്തിനൊടുവിൽ തിയ്യേറ്റർ ഗിരിജയ്ക്കും കുടുംബത്തിനും തിരികെ ലഭിച്ചു. അതിനിടയിൽ ഒരു ദിവസം തിയ്യേറ്റർ പൂർണ്ണമായും കത്തിനശിച്ചു. 

ഇനി എന്തു ചെയ്യണമെന്നറിയാതെ ഗിരിജയും കുടുംബവും കുഴങ്ങി. തിയ്യേറ്റർ ഒരു ഓഡിറ്റോറിയമാക്കി മാറ്റാനായിരുന്നു പരിപാടി. എന്നാൽ ദുഷ്പേര് കേട്ട തിയ്യേറ്റർ നിന്നിരുന്ന സ്ഥലത്തുള്ള ഓഡിറ്റോറിയത്തിലേക്ക് ആരും വരില്ല എന്നായിരുന്നു സുഹൃത്തുക്കളുടെയും മറ്റും ഉപദേശം. ഇതിനിടയിൽ അച്ഛനെ സംസ്കരിച്ച സ്ഥലം ബന്ധുക്കൾ വിൽക്കുകയും സംസ്കരിച്ച സ്ഥലത്തെ മണ്ണ്  ജെ സി ബി ഉപയോഗിച്ച്  നീക്കുകയും ചെയ്തിരുന്നു. ഇതു കണ്ടു മനം നൊന്ത ഗിരിജ അവിടെ നിന്നും ഒരു പിടി മണ്ണെടുത്ത് കത്തിനശിച്ച തീയ്യേറ്ററിന്റെ  സ്ക്രീൻ പരിസരത്ത് ചെന്നു നിന്ന് പ്രാർത്ഥിച്ചു. ആ പ്രാർത്ഥനയിൽ നിന്നാണ് ഒരാവേശമായി വീണ്ടും ഒരു തീയ്യേറ്റർ പടുത്തുയർത്തണമെന്ന വാശി നാമ്പിടുന്നത്.

സഹായിക്കാൻ ആരുമുണ്ടായിരുന്നില്ല. അമ്മയും അനുജത്തിയും മാത്രം. മൂന്നുപെണ്ണുങ്ങളുടെ തകർച്ച പ്രതീക്ഷിച്ചു നിൽക്കുകയായിരുന്നു പലരും. ബാങ്കുകാർ പോലും ലോൺ നൽകാൻ വിമുഖത കാണിച്ചു. എന്നാൽ ഗിരിജ നിരാശയാകുകയോ, പിൻതിരിയുകയോ ചെയ്തില്ല. ഡെൻറിസ്റ്റിന്റെ  വരുമാനം കൊണ്ട് കുടുംബം പുലർത്തി. ഒപ്പം  തീയേറ്റർ പണിതുടങ്ങി. നിരവധി വൈതരണികൾ സുധീരം നേരിട്ടുകൊണ്ട് തീയ്യേറ്ററിന്റെ  പണി പൂർത്തിയാക്കി. അങ്ങനെ തൃശ്ശൂരിലെ ആദ്യത്തെ സ്റ്റേഡിയം സീറ്റിംഗ്, ക്യൂബ് ഡിജിറ്റൽ പ്രോജെക്ഷൻ, റിക്ലൈനർ സീറ്റുകൾ എന്നിവയുള്ള ഗിരിജാ തീയ്യേറ്റർ ഉദ്ഘാടനത്തിന് തയ്യാറായി.
  

കടമ്പകൾ പിന്നേയും തരണം ചെയ്യേണ്ടിവന്നു. അക്കാലത്താണ് സൂപ്പർ ഹിറ്റ് സിനിമയായി മാറിയ 'ട്വൻറി-ട്വൻറി' റിലീസ് ചെയ്യുന്നത്. എന്നാൽ കേരള ഫിലിം എക്സിബിറ്റേഴ്സ് ഫെഡറേഷൻ ഗിരിജയ്ക്ക് വിലങ്ങുതടിയായി. പുതിയ തിയ്യേറ്റർ ആയതിനാലും പഴയ ദുഷ്പേര് നിലനിൽക്കുന്നതിനാലും ഫിലിം കൊടുക്കാൻ സാധ്യമല്ല എന്ന നിലപാടിലായിരുന്നു ഫെഡറേഷൻ.

ഗിരിജ നടൻ ദിലീപിനെ ചെന്നു കണ്ട് കാര്യങ്ങൾ വിശദീകരിച്ചു. കാര്യങ്ങൾ മനസ്സിലാക്കിയ ദിലീപിന്റെ  സഹായത്താൽ ആ ചിത്രം ഗിരിജാ തിയ്യേറ്ററിൽ ഉദ്ഘാടന ചിത്രമായി റിലീസ് ചെയ്തു. എന്നാൽ ചങ്കിടിപ്പോടെ കാണികളെ പ്രതീക്ഷിച്ച ഗിരിജയ്ക്ക് നിരാശയായിരുന്നു ഫലം. ആദ്യപ്രദർശനത്തിന് ഒരു സ്ത്രീ മാത്രം. രണ്ടാമത്തെ പ്രദർശനത്തിന് അഞ്ചാറുപേർ. എന്നാൽ രാത്രിയിലെ രണ്ടു പ്രദർശനങ്ങളും ഹൌസ് ഫുൾ ആയി ഓടി. അതോടെ സ്ത്രീകൾ വെറുത്തിരുന്ന ഗിരിജാ തിയ്യേറ്റർ കുടുംബ തീയ്യേറ്ററായി മാറുകയായിരുന്നു.
  
ഗിരിജയുടെ കഠിനാധ്വാനവും ദീർഘവീക്ഷണവും ആരെയും അമ്പരപ്പിക്കുന്നതാണ്. ഒരിക്കൽ രാത്രിയിലെ രണ്ടാമത്തെ പ്രദർശനത്തിന്റെ  ടിക്കറ്റ് മുഴുവൻ വിറ്റുകഴിഞ്ഞിട്ടും സിനിമ തുടങ്ങിയില്ല. പ്രൊജക്റ്റർ മുറിയിൽ ചെന്നു നോക്കിയപ്പോൾ മദ്യലഹരിയിൽ മെഷീൻ പ്രവർത്തിപ്പിക്കാനാവാതെ നിൽക്കുന്ന ഓപ്പറേറ്ററെയാണ് കണ്ടത്. ഗിരിജ പിന്നീടൊന്നും ആലോചിച്ചില്ല. അടുത്ത ലക്ഷ്യം ഓപ്പറേറ്റർ ലൈസെൻസ് എടുക്കുക എന്നതായിരുന്നു. പിറ്റേന്നു തന്നെ സിറ്റിയിലെ കൈരളി തിയ്യേറ്ററിൽ ചെന്ന് ജീവനക്കാരെ കണ്ട് മെഷീൻ ഓപ്പറേറ്റ് ചെയ്യേണ്ട വിധം പഠിച്ചു. വരടിയത്തെ ലക്ഷ്മി തീയേറ്ററിലുള്ളവർ വൈവയ്ക്ക് ചോദിക്കുന്ന ചോദ്യങ്ങളെക്കുറിച്ച് പറഞ്ഞുകൊടുത്തു. 

തിരുവനന്തപുരത്തെ കൈരളി ശ്രീ തിയ്യേറ്ററിൽ വെച്ചായിരുന്നു പരീക്ഷ. പൃഥ്വിരാജിന്റെ  'എന്ന് നിൻറെ മൊയ്തീൻ' എന്ന ചിത്രം പ്രദർശിപ്പിച്ചു കാണിച്ച് ലൈസൻസ് നേടി. പ്രൊജക്ടർ ഓപ്പറേറ്റർ ലൈസെൻസ് നേടുന്ന കേരളത്തിലെ രണ്ടാമത്തെ വനിതയായിരുന്നു ഗിരിജ. താമസിയാതെ അനുജത്തി കൃഷ്ണപ്രിയയും ലൈസൻസ് നേടി.

മുതലാളിയോ മാനേജരോ ആകാതെ ഓപ്പറേഷൻ റൂമിലും ടിക്കറ്റ് കൗണ്ടറിലും ഓടി നടക്കുന്ന ഗിരിജയെ ഇപ്പോഴും അവിടെ കാണാനാകും-ഒരു ജീവനക്കാരിയെപ്പോലെ,

പണത്തിന്റെ  കൃത്യതയാർന്ന വിനിയോഗവും ഗിരിജയുടെ സവിശേഷ ഗുണങ്ങളിലൊന്നാണ്. 'ആൻ മരിയ കലിപ്പിലാണ്' എന്ന സിനിമയുടെ ലാഭവിഹിതം കൊണ്ടാണ് തീയ്യേറ്ററിനുള്ളിലെ കുട്ടികൾക്കു കളിക്കാനുള്ള സ്ഥലം പണിതത്. 'ഹരിഹർ നഗറി'ന്റെ  ലാഭവിഹിതം കൊണ്ട് ACP ഷീറ്റ് ഇട്ടു. വലിയ ഗേറ്റ് പണിതതാകട്ടെ 'ജോമോന്റെ  സുവിശേഷങ്ങൾ ' എന്ന സിനിമയുടെ ലാഭവിഹിതം കൊണ്ടാണ്. 'പോക്കിരി രാജ'യുടെ ലാഭവിഹിതം കൊണ്ട് പുറത്ത് ടൈലുകളും 'പ്രേമ'ത്തിന്റെ  വിജയം കൊണ്ട് കാൻറീനും 'ലൂസിഫറി'ന്റെ  വിജയം കൊണ്ട് പുതിയ സീറ്റുകളും പണിതു. ബാങ്ക് ലോൺ എന്ന നീരാളിയുടെ പിടിയിൽ വീഴാതിരിക്കാൻ ഗിരിജ പ്രത്യേകം ശ്രദ്ധിച്ചിരുന്നു.

നവസംരംഭം തുടങ്ങുന്ന വനിതകൾക്ക് പരസഹായമില്ലാതെ എങ്ങനെ വിജയിക്കാം എന്നതിന് ഉത്തമ ദൃഷ്ട്ടാന്തമാണ് ഗിരിജ. അതുപോലെത്തന്നെ അവരുടെ ആത്മവിശ്വാസം, ആസൂത്രണം, ഊർജ്ജസ്വലത എന്നീ ഗുണവിശേഷങ്ങളും. അതുകൊണ്ടുതന്നെ വനിത തുടങ്ങിയ വാരികകളും ഇന്ത്യൻ എക്സ്പ്രസ്സ് തുടങ്ങിയ പത്രങ്ങളും ഗിരിജയുടെ വിജയം വലിയ പ്രാധാന്യം നൽകിയാണ് പ്രസിദ്ധീകരിച്ചത്.

ഇന്ന് കുടുംബസമേതം ആളുകൾ സിനിമ കാണാൻ വരുന്നതു കാണുമ്പോൾ എനിക്ക് ഏറെ സന്തോഷം തോന്നുന്നു  - തൊടുപുഴയിലെ അൽ അസർ ഡെൻറൽ കോളേജിലെ അധ്യാപികയായ  ഗിരിജ തുടരുന്നു. 

ഇരുപത്തഞ്ചു വർഷത്തെ നാണക്കേടിന്റെ  കറ കഴുകിക്കളയാൻ കഴിഞ്ഞല്ലോ എന്ന ആശ്വാസവും......

No comments:

Powered by Blogger.