പ്രളയകാലം കഴിഞ്ഞ് ...... മധുപാൽ .



അറുന്നൊറ്റൊന്നും സംവൽസരം ഒന്നാം മാസം ഒന്നാം തീയതി ഭൂമിയിൽ മഹാപ്രളയം കഴിഞ്ഞ് വെള്ളം വറ്റിപ്പോയിരുന്നു. നോഹ പെട്ടകത്തിന്റെ മേൽത്തട്ട് നീക്കി. ഭൂതലം ഉണങ്ങിയിരിക്കുന്നു എന്ന് കണ്ടു. രണ്ടാം മാസം ഇരുപത്തിയേഴാം തീയതി ഭൂമി ഉണങ്ങിയിരുന്നു. സകലജീവജാലങ്ങളെയും ഭൂതലത്തിലിറക്കി, യഹോവയ്ക്കായി യാഗമൊരുക്കി .ദൈവം നോഹയെയും, അവന്റെ പുത്രന്മാരെയും അനുഗ്രഹിച്ചു .എന്നിട്ടവനോട് അരുളിചെയ്തു : പച്ചസസ്യം പോലെ ഞാൻ സകലവും നിങ്ങൾക്ക് തന്നിരിക്കുന്നു. പ്രാണനായിരിക്കുന്ന രക്തത്തോടുകൂടെ മാത്രം നിങ്ങൾ മാംസം തിന്നരുത് .ഞാൻ ,ഇതാ നിങ്ങളോടും നിങ്ങളുടെ സന്തതിയോടും ഭൂമിയിൽ നിങ്ങളോട് കൂടെയുള്ള പക്ഷികളും കന്നുകാലികളും കാട്ടുമൃഗങ്ങളുടെ സകല ജീവ ജന്തുക്കളോടും പെട്ടകത്തിൽ നിന്നു പുറപ്പെട്ട സകലവുമായി ഭൂമിയിലെ സകലമൃഗങ്ങളോടും ഒരു നിയമം ചെയ്യുന്നു. ഇനി സകലജഡവും ജലപ്രളയത്താൽ നശിക്കയില്ല ഭൂമിയെ നശിപ്പാൻ ഇനി ജലപ്രളയം ഉണ്ടാക്കുകയില്ല. 

ദൈവം എപ്പോഴും  കരുതലോടെയും സ്നേഹത്തോടെയും മാപ്പ് നൽകും മനുഷ്യർ ചിലപ്പോഴൊക്കെയും. എന്നാൽ പ്രകൃതി ഒരിക്കലും അതിനുമീതെ വീഴ്ത്തുന്ന ഒരു ക്രുരതയെയും പൊറുക്കുകയില്ല. ഈ വാക്കുകൾക്ക് ഇപ്പോൾ കുടുതൽ അർത്ഥം തെളിയുന്നു. 

ഇന്നുള്ളവർ ഭൂമിയുടെ മാറ്റത്തെക്കുറിച്ചും പ്രകൃതിയുടെ സഞ്ചാരത്തെപ്പറ്റിയും വായിച്ചറിവും ആധുനിക ലോകത്തുള്ള ചിത്രക്കാരൻമാരും അവരുടെ നവരൂപങ്ങളും വരച്ചതും നിർമ്മിച്ചതുമായ ചിത്രങ്ങൾ കണ്ടറിഞ്ഞവർ മാത്രമാണ് .പ്രളയവും സ്ഫോടനങ്ങളും ശാസ്ത്ര കഥകളിലും ചലച്ചിത്രങ്ങളിലും തെളിഞ്ഞ് കണ്ടത്. ഷേക്സ്പിയറിന്റെ കാലത്തെ പ്ലേഗ് നാടകങ്ങളിൽ പറയപ്പെട്ടത്. ഗ്രേറ്റ് വാറിനു ശേഷമുണ്ടായ സ്പെയിൻ ഫ്ളൂ ചരിത്രത്തിന്റെ വഴിയിലെ ഏതെങ്കിലും വൈറസ് ആക്രമണം ഉണ്ടാകുബോൾ ശാസ്ത്രഞ്ജന്മാർ റഫർ ചെയ്യപ്പെട്ടത്. 

ഭൂമിയിൽ ജീവിക്കുന്ന ആധുനികമനുഷ്യർ ദുരന്തങ്ങളൊന്നും വലിയ തോതിൽ അനുഭവിച്ചിട്ടില്ല. എതെല്ലാമോ രാജ്യങ്ങളുടെ അതിർത്തികളിൽ ആ രാജ്യത്തെ ജീവനുകൾ മാത്രം അനുഭവിക്കുന്ന യുദ്ധഭീകരതയൊക്കെ നമ്മളെ ബാധിക്കുന്നതല്ലെന്ന് മറ്റു രാജ്യങ്ങളിലെ മനുഷ്യർ ആശ്വസിക്കും. നമ്മളെ ഒന്നും ബാധിക്കുകയില്ല. നാം സർവ്വതിനും അതീതർ എന്നൊരു ചിന്ത നമുക്ക് ചുറ്റുമുണ്ടായിരുന്നു. ഒന്നാമത്തെയും രണ്ടാമത്തെയും ലോക മഹായുദ്ധങ്ങളും അതിനിടയിലും ഒപ്പവുമുണ്ടായ പ്രകൃതി ദുരന്തങ്ങളും ഭൂമിയുടെ പടയിടങ്ങളിലായുണ്ടായ മതവും അതിർത്തികളും സാമൂഹ്യവും സാമ്പത്തികവുമായ ഭീകര ആക്രമണങ്ങളുമൊക്കെ ചെറുതോതിൽ മാത്രം നമ്മുടെ പ്രഭാതദിനപത്രങ്ങളിലെയും, സായാഹ്ന ടെലിവിഷൻ വാർത്തകളുമായി പതിവ് ചർച്ചയുടെ വാക്കുകളായി. ഇത്രമാത്രം ഭീതിയോടെ നാമൊരിക്കലും വീടുകളിൽ 
സുരക്ഷതേടിയടച്ചിരുന്നിട്ടുണ്ടാവില്ല. ഇപ്പോൾ മനുഷ്യരെ മുഴുവനായി ഇല്ലായ്മ ചെയ്യുമെന്ന് ഭീഷണിപ്പെടുത്തി കൊണ്ടുവന്ന കോവിഡ് 19 ഭൂമി മുഴുവനും വ്യാപിച്ചപ്പോൾ അല്ലാതെ .വീടുകളിലെ അടച്ചിട്ട മുറിയുടെ ജനാലകതകുകളിലൂടെ പക്ഷികൾ പറക്കുന്നതും അവ മുറ്റത്ത് കൊത്തിപ്പെറുക്കി നടക്കുന്നതും തുമ്പികളും പൂമ്പാറ്റകളും പൂക്കൾക്ക് മീതെ പാറിപ്പറക്കുന്നതും ചെറുജീവികൾ സ്വതന്ത്രമായി ഇഴഞ്ഞും പറന്നും സ്വൈര്യവിഹാരം നടത്തുന്നതുമൊക്കെ നമ്മൾ കണ്ടു. ആളൊഴിഞ്ഞ വഴികളിൽ കാടുകളിൽ നിന്നിറങ്ങിയ വന്യമൃഗങ്ങൾ വരെ അലസമായി സഞ്ചരിച്ചു. ഭയമേതുമില്ലാതെ അവകളിതിന്റെ സ്വാതന്ത്ര്യം ആഘോഷിച്ചു. നഗരങ്ങളിലെ പാതകളിൽ പോലും മാനും മയിലും തുള്ളിപ്പാറി .ഭൂമി സകല ജീവികളുടെയും അവകാശവും അതിന്റെ ഉടമകളും ഇനിയൊരു കാലത്തേക്കായി സൂക്ഷിക്കേണ്ടതാണെന്നും മനുഷ്യനെ മ്യഗങ്ങൾ പഠിപ്പിക്കുന്നത് അറിഞ്ഞു. പലതിന്റെയും തിരിച്ചറിവ് പകരാനായി മനുഷ്യർ ബൗദ്ധികജീവിതം പകർന്നു. സകലരും തത്വചിന്തകരായി. ദൈവത്തിലും മതത്തിലുമൊന്നും വിശ്വാസമില്ലാത്തവരാണെന്ന് പറയാതെ പറഞ്ഞു. എന്നിട്ടും ചിലരൊക്കെ അമ്പലത്തിലും പള്ളികളിലും പോകാനാവാത്തതിൽ സങ്കടപ്പെട്ടു. ചരിത്രത്തിൽ ആദ്യമായിട്ട് അറബ് രാജ്യങ്ങളിലും മക്കയിലും മദീനയിലും സമൂഹ നിസ്കാരങ്ങൾ നിരോധിക്കപ്പെട്ടു. ഈസ്റ്ററിന് പരിശുദ്ധ പിതാവ് വത്തിക്കാനിൽ ഏകനായി പ്രാർത്ഥിച്ച് മനുഷ്യർക്ക് യഹോവയുടെ സ്നേഹം ആശംസിച്ചു. അതൊന്നും വിശ്വസമില്ലാതെയല്ല, ജീവിതം പുതിയ കാഴ്ചകളാണ് നമുക്കിപ്പോൾ നൽകിയത് എന്നുമാത്രം .

മാർച്ച് അവസാനമായപ്പോഴാണ് നാം സാമൂഹികമായി അകലം പാലിക്കുവാൻ നിർബന്ധിതരായത്. സർക്കാർ നമ്മളോട് വീടുകൾ വിട്ട് പുറത്ത് പോകരുതെന്നു പറയുന്നു. അമേരിക്കയിലും യൂറോപ്പിലുമൊക്കെ മനുഷ്യർ ദുരന്തത്തിന്റെ തീവ്രമായ സങ്കടങ്ങൾ അനുഭവിക്കുന്നത് നമ്മൾ കണ്ടു. ജീവിതത്തെക്കുറിച്ച് ആശങ്കപ്പെടുന്ന കരുതൽ പോലെ സർക്കാർ നമ്മളോട് അടച്ചിരിക്കേണ്ടുന്നതിന്റെ സത്യം വിളിച്ചു പറഞ്ഞു. ചൈനയിൽ അവരങ്ങിനെയാണ് ആളുകളെ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവന്നത് .ഒരു പ്രദേശം മുഴുവനായി വേലിക്കെട്ടി സമൂഹത്തിൽ നിന്നും മറച്ച് വെച്ചു. രോഗികളായവരെയും അവരോടൊപ്പം ഉണ്ടായവരെയും രോഗമില്ലാത്തവരെയും പകരുവാൻ സാദ്ധ്യതയുണ്ടോ എന്ന് തോന്നിയവരെയെല്ലാം ഏകാന്തവാസത്തിലേക്ക് പറഞ്ഞയച്ചു. പതിനാലു ദിവസത്തെ ഏകാന്തവാസത്തിനുശേഷം ജീവിതത്തിലേക്ക് തിരിച്ചുവന്നു .
പകർച്ചവ്യാധി ഇതിനിടയിൽ ചിലരെ ഭൂമിയിൽ നിന്ന് അപ്രത്യക്ഷരാക്കി. " പാരതന്ത്ര്യം മൃതിയേക്കാൾ  ഭയാനകം " എന്നതും സത്യം . എന്നാൽ ആ അടച്ചിടലാണ് പലർക്കും രക്ഷയേകിയത് എന്ന പാഠമായിരുന്നു നമ്മളും സ്വീകരിച്ചത്. 

ഈ അടച്ചിടൽ കാലത്തായിരുന്നു നമ്മൾ വിഷുവും ,ഈസ്റ്ററും ആഘോഷിച്ചത്. നാടെങ്ങും സ്വർണ്ണവർണ്ണമാർന്ന് കണിക്കൊന്ന പൂത്തു. പൂക്കളൊന്നും ആരും പറിച്ചതേയില്ല. അവയൊക്കെ തൊഴിഞ്ഞ് പാതകൾ മഞ്ഞപട്ടുടുത്തു .പക്ഷികൾ മുമ്പെങ്ങുമില്ലാത്ത പോലെ നിലവിളിച്ചു പറന്നു. കണിക്കൊന്ന പൂക്കളും ,കണിവെള്ളരിയും മാമ്പഴവും ചക്കയുമൊക്കെ വിൽക്കുന്ന വഴിവാണിഭക്കാരില്ലാതെ വിഷുവും കടന്നുപോയി .ഈസ്റ്ററിന് പള്ളികളിൽ കുടുംബക്കാരുടെ പേരുകളെഴുതിവച്ച ബോർഡിന് മുന്നിൽ വിശുദ്ധ കുർബ്ബാനകളർപ്പിച്ചു.ആൾത്താരയ്ക്ക് മുന്നിൽ പാട്ടുപാടുന്ന റെക്കോർഡറുകളുണ്ടായി .അവയിൽ നിന്നും പ്രാർത്ഥനഗീതങ്ങൾ മുഴങ്ങി.

പ്രായമായവരോട് പുറത്തിറങ്ങരുതെന്ന് കർശനമായി പറഞ്ഞു. അത്കേട്ട എന്റെ ഒരു സുഹൃത്തിന്റെ അപ്പനുമമ്മയും സങ്കടപ്പെട്ടു. ഈ വയസ്സ് കാലത്ത് ആകെ ഞങ്ങൾ പുറത്തിറങ്ങുന്നത് പള്ളിയിലേക്ക് മാത്രമാണല്ലോ. അതു കുടി ഇല്ലാതായാൽ പിന്നെ ഞങ്ങളുടെ ജീവിതത്തിനെന്തർത്ഥം.  ചില വ്യാകുലതകളങ്ങനെയാണ്. നിഷേധങ്ങളും നിരോധനങ്ങളും അവരവരുടെ ജീവിതത്തിൽ അനുഭവിച്ചിട്ടുണ്ടാവില്ല. 

എന്റെ ഭാര്യ ജോലി ചെയ്യുന്ന സ്ഥാപനം അവശ്യ സർവ്വീസായി പ്രഖ്യാപിച്ചു. അത് കൊണ്ട് തന്നെ അവൾ ആപ്പീസിലേക്ക് പോയി വന്നു. നഗരമപ്പോഴും സർവ്വവിലക്കിന്റെയും ഏറ്റത്തിലായിരുന്നു. വിലക്ക് ലംഘിക്കുന്നവർക്ക് എതിരെ സർക്കാർ കേസുകൾ എടുത്തു. ജില്ലകളിൽ പലയിടത്തും രോഗികളുടെ എണ്ണം തെരഞ്ഞെടുപ്പ്കാലത്തെ വിജയപരാജയങ്ങളുടെ കണെക്കെടുപ്പ് പോലെ ടെലിവിഷനുകളിൽ പറഞ്ഞു. ആളുകളൊക്കെ വാർത്താ ചാനലുകൾക്ക് മുന്നിൽ ഇടം പിടിച്ചു. എണ്ണത്തിന്റെ വർദ്ധനവുകളിൽ മനുഷ്യർ ഭയത്തോടെ അകലത്തിരിക്കുന്നവരെ വിളിച്ചു. മുമ്പ് വിളിക്കുബോൾ സമയമില്ലെന്നും പിന്നീട് വിളിക്കാമെന്നും പറഞ്ഞ് ഫോൺ കാളുകൾ വിലക്കിയവർ ഇപ്പോൾ വിളിച്ചിട്ടും മതിയാകാതെ സംസാരം തുടർന്നു. വിളിക്കാത്തവരെ വിളിക്കുവാൻ സമയമുണ്ടായി. ആരും എന്താണിത്രയും കാലം വിളിക്കാതിരുന്നത് എന്ന് ചോദിച്ചില്ല. മുമ്പ് വിളിക്കാതിരുന്നവരിന്നെന്നെ വിളിച്ചുവെന്ന് അവർ സന്തോഷപ്പെട്ടു. 

ജീവിതം ഇങ്ങനെയൊരു കാലം നമുക്കായി തീർക്കുകയായിരുന്നു. ഇത്രയും കാലം അടച്ചിരുന്നപ്പോൾ വാഹനങ്ങൾ നിരത്ത് വിട്ടപ്പോൾ ഫാക്ടറികളിലെ വിഷപ്പുക ആകാശത്തേക്ക് ഉയരാതിരുന്നപ്പോൾ അന്തരീക്ഷം കത്തുന്ന സുര്യനെപ്പോലെ തെളിഞ്ഞപ്പോൾ പുതിയ ഒരു ലോകമുണ്ടായി. ആ തെളിച്ചത്തിൽ ദൂരെ കിഴക്കൻ അതിർത്തിയിൽ പർവതത്തിന്റെ അതിരു  കണ്ടൂ. സൂര്യൻ മേഘങ്ങൾക്കിടയിൽ നിന്നും താഴേക്ക് ഇറങ്ങി വന്നു.

വാങ്ങിക്കൂട്ടിയ പുസ്തകങ്ങൾ എനിക്ക് മുന്നിൽ വെളിപ്പെട്ടു. വായിച്ച് തീർക്കാത്ത വാക്കുകൾ .അപൂർണ്ണമായ കഥകൾ തിരിച്ചെടുക്കുകയായിരുന്നു. എഴുതാനായി എഴുതി വച്ച ചെറു കുറിപ്പുകളിലുടെ എന്നും സഞ്ചരിച്ചു. പലതും കഥകളായി എഴുതപ്പെട്ടു. അക്ഷരങ്ങൾ അവസാനിക്കാത്ത ഖനിയായി .കഴിഞ്ഞ കുറച്ച് നാളുകളായി കഥകളൊന്നും എഴുതുകയോ അച്ചടിക്കപ്പെടുകയോ ചെയ്തില്ല. എന്നാൽ ഈ കോവിഡ് കാലത്ത് രണ്ട് കഥകൾ അച്ചടിക്കപ്പെട്ടു. ഈ കോവിഡ്കാലം ഉൽസവങ്ങളുടെയും ആഘോഷങ്ങളുടെയും സ്കൂൾ അവധിയുടെയും നാളുകളെ പരിപൂർണ്ണമായി  അപഹരിച്ചു. അവധിക്കാലത്ത് ലൈബ്രറികളിലും സാംസ്കാരിക സ്ഥാപനങ്ങളിലും വേനലവധി ക്ലാസുകളും സംഘം ചേരലും ഉണ്ടാകാറുള്ളതാണ്. എന്നാൽ അതൊക്കെയും അടച്ചിട്ടാലും നേടിയെടുക്കുവാൻ പുതുതലമുറ ശ്രമിച്ചു. എഴുതിയച്ചടിച്ച ചെറുകഥകളെക്കുറിച്ച് ചർച്ചകളുണ്ടായി. ഉദ്ഘാടനം പോലും നവ മാദ്ധ്യമങ്ങളിലൂടെ നടത്തിയെടുത്തു. മനുഷ്യൻ വഴികൾ ദുർഘടങ്ങളാകുബോൾ അതിനെ മറികടക്കുന്നത് പുതിയ വഴികൾ കണ്ടെത്തുന്നതിലൂടെയാണ്. 

എങ്കിലും മനുഷ്യർക്ക് ഭയമുണ്ടായിരുന്നു. മരണത്തെ അവൻ ഭയപ്പെടുന്നത് കണ്ടു. വിദ്യാഭ്യാസമുള്ള ആളുകൾക്കിടയിൽ ഭയത്തിന്റെ തോത് കൂടുതലായിരുന്നു. എനിക്ക് പരിചയമുണ്ടായിരുന്ന ഒരു സുഹൃത്തിന്റെ മക്കൾ ലണ്ടനിൽ സ്കോളർഷിപ്പ് കിട്ടി ഉന്നതവിദ്യാഭ്യാസത്തിനു പോയതായിരുന്നു. ലോക് ഡൗൺ തുടങ്ങിയപ്പോൾ അവൾ നാട്ടിലേക്ക് തിരിച്ചു വന്നു. നഗരത്തിലെ ആരോഗ്യ പ്രവർത്തകരോടും സർക്കാരിനോടുമൊക്കെ പറഞ്ഞ് അവൾ രോഗത്തിന്റെ യാതൊരു ലക്ഷണവും കാണിക്കാതിരുന്നതുകൊണ്ട് അവളുടെ ഫ്ളാറ്റിൽ 
സാമൂഹികാകലം പാലിച്ച് പതിനാലു ദിവസം കഴിഞ്ഞു. എന്നിട്ടും കൂടെ താമസിക്കുന്ന ആ ഫ്ളാറ്റ് നിവാസികൾ അവളെ 
തെല്ലകലത്തിൽ നിറുത്തിയകാര്യം  അവൾ പറഞ്ഞു. ലിഫ്റ്റിൽ കയറുന്നതിനും അയല് പ്പക്കത്തെ  ആളുകളെ കാണുന്നതിനുമൊക്കെ അവർ പറയാതെ വിലക്കേർപ്പെടുത്തി. മനുഷ്യൻ മരണത്തെ ഭയപ്പെടുന്നത് അവൾ നേരിട്ടുകണ്ടു. എന്നാൽ തികച്ചും സാധാരണക്കാരായ മനുഷ്യർ ജീവിക്കുവാൻ വേണ്ടി എന്ത് ചെയ്യണമെറിയാതെ ഉഴലുന്നതും അറിയുന്നുണ്ടായിരുന്നു. 

ലോക്ഡൗണിന്റെ കാലാവധി നീളുന്തോറും മനുഷ്യൻ തിരിച്ചറിവുള്ളവരാകും എന്നാണ് ഞാൻ വിശ്വസിച്ചിരുന്നത്. മതമോ ജാതിയോ വർണ്ണമോയില്ലാതെ സർവരും മനുഷ്യരെന്ന ജാതി മാത്രമായി ജീവിക്കും എന്നാണ് കരുതിയിരുന്നത്. എന്നാൽ ഇപ്പോഴും അവന്റെയുള്ളിൽ വർണ്ണ വ്യത്യാസങ്ങളുണ്ടെന്ന് തെളിയുന്ന വാക്കുകൾ സോഷ്യൽ മീഡിയാകളിൽ കാണുന്നു.

വിവരവും വിദ്യാഭ്യാസവും മാത്രമല്ല മനുഷ്യരെ ജ്ഞാനികളാക്കുന്നത്. ജീവിത പരിചയവും ഓരോ ദുരന്തവും വരുമ്പോൾ അതിനെ മറികടക്കുന്നതുമാണ് എന്ന് ഈ കാലവും തെളിയിക്കുന്നുണ്ട്. എങ്കിലും നമ്മൾ ശുഭപ്രതീക്ഷകളുള്ളവരാണ്. ഓരോ ദുരന്തവും തീരുബോൾ കുറെ പേരെങ്കിലും തെളിമയുള്ളവരാവും ." അവർ മറ്റുള്ളവർക്ക് വെളിച്ചമാകും " .ഈ അവസ്ഥകളൊക്കെ തീർന്ന് ശാന്തമാകുബോൾ  നമുക്ക് പറയാനും കാണാനുമായി സത്യമുണ്ടാകണം. 

പ്രകൃതിയിൽ സർവ്വതിനോടും ഒരേ സമയം പൊരുതി സ്വയമൊരു നിലപാട് തറയൊരുക്കുവാനും അത് സംരക്ഷിക്കുവാനും പണിപ്പെടുമ്പോൾ അവൻ തിരിച്ചറിയേണ്ടത്, ഒരു സൂക്ഷ്മാണു മതി ജീവിതത്തെ മനുഷ്യൻ ചിന്തിക്കുന്നതിനപ്പുറത്തേക്ക് നീക്കുവാൻ എന്നാണ്. " നമുക്ക് പിന്നിൽ പതുങ്ങിയിരിക്കുന്നത് മനുഷ്യരല്ല എന്നും തിരിച്ചറിയുക " .


മധുപാൽ 
9447181881

No comments:

Powered by Blogger.