കരുതലുള്ള പ്രവാസികളെ തിരിച്ചറിയാൻ നമ്മളും ശീലിക്കണം : അനു റാം .


ദം, കല്യാണിസം എന്നി ചിത്രങ്ങൾ സംവിധാനം ചെയ്ത പ്രവാസിയായിരുന്ന  അനുറാമിന്  പറയാനുള്ളത് .
.....................................................................


നമ്മുടെ പ്രിയപ്പെട്ട  പ്രവാസികൾ  നാട്ടിൽ എത്തി തുടങ്ങി.

നമ്മുടെ നാടിന്റെ സമ്പത്ത്ഘടനയുടെ വികസനത്തിന്റെ നട്ടെല്ല് ആണ് പ്രവാസികൾ. ഓരോ പ്രവാസിയും ഒരു കുടുംബത്തിന്റെ എങ്കിലും നെടുംതൂണും.ഞാനും ഒരു പ്രവാസി ആയിരുന്നു. ആഗ്രഹിച്ചു പോയതല്ല. പഠനസമയത്തു സിനിമയിലും സീരിയലിലും അസിസ്റ്റന്റ് ഡയറക്ടർ ആയി പോയി തുടങ്ങിയപ്പോൾ എന്നെ നാട് കടത്തിയതാണ് വീട്ടുകാർ. 

റേഷൻ കാർഡിൽ  എങ്കിലും ഇപ്പോഴും പ്രവാസി ആണ്. പ്രവാസം ഒരു അവസ്ഥയാണ്. ജീവിയ്ക്കാൻ വേണ്ടി മറ്റൊരു നാട് തേടി പോയവർ തന്നെ ആണ് അധികവും. കുടുംബം നോക്കാൻ..കുട്ടികളെ പഠിപ്പിക്കാൻ, പ്രീയപ്പെട്ടവരുടെ പട്ടിണി അകറ്റാൻ. അങ്ങനെ കാരണങ്ങൾ അനവധി ഉണ്ടെങ്കിലും  പ്രശ്നങ്ങളിൽ നിന്ന് ഒന്ന് കരകയറിയാൽ എത്രെയും പെട്ടന്ന് നാട് അണയണം  എന്ന ഒറ്റ ചിന്ത മാത്രമുള്ള സമൂഹം.

അവരുടെ അവസ്ഥ ഒരു പ്രവാസി ആയിരുന്നു എന്നത് കൊണ്ട് നന്നായി മനസ്സിലാകും. സിനിമ ഭ്രാന്ത് മൂത്ത് പ്രവാസം മതിയാക്കി
വന്നില്ലായിരുന്നെങ്കിൽ ഈ കൊറോണാകാലത്ത്‌ ഞാനും അന്യനാട്ടിൽ ഉണ്ടായേനെ.. ഇന്ന്‌ ഇപ്പോൾ ഈ അവസ്ഥയിൽ മടങ്ങി വരുന്നവരിൽ പലരും ജോലി നഷ്ടപ്പെട്ടവരും കച്ചവടം തകർന്നവരും അതുമല്ലെങ്കിൽ ഇനിയും അന്യനാട്ടിൽ രണ്ടാം തരം ആൾക്കാർ ആയി തുടരേണ്ട എന്ന് തീരുമാനിച്ചവരോ ആണ്. 

ഈ പ്രതിസന്ധി ഘട്ടത്തിൽ നാം അവരോടൊപ്പം ഉണ്ടാവണം. പ്രവാസിക്ക് എന്നും ഉള്ളിന്റെ ഉള്ളിൽ ഒരു തോന്നൽ ഉണ്ട് "എല്ലാവർക്കും പ്രവാസിയുടെ  പണവും  കൊണ്ട് വരുന്ന സാധനസാമഗ്രികളും മതി. അതില്ലാതെ ആയാൽ ആർക്കും ഞങ്ങളെ വേണ്ടാ '. ചിലർക്ക് എങ്കിലും വന്നു ചേർന്ന ദുരനുഭവങ്ങളുടെ പേരിൽ പ്രവാസികളുടെ ഉള്ളിൽ പതിഞ്ഞു പോയ ചിന്ത. ആ തോന്നലുകൾക്കു ആക്കം കൂട്ടുന്ന ഒന്നും നമ്മളിൽ നിന്ന് ഉണ്ടാകാതിരിക്കട്ടെ .
 
പിന്നെ ക്വാറിന്റൺ കാലം അവർ നല്ലത് പോലെ വീട്ടിൽ അടച്ചു ഇരുന്നില്ലെങ്കിൽ രാജ്യം ഒന്നടങ്കം പ്രശ്നത്തിൽ ആവും എന്ന പേടി എവിടെ ഒക്കെയോ പറഞ്ഞു കേൾക്കുന്നു. ആ പേടി തെല്ലും വേണ്ട. സ്വന്തം നാട് വിട്ടു , ഉറ്റവരെയും ഉടയവരെയും വിട്ടെറിഞ്ഞു മണലാരണ്യങ്ങളിലെ തീ പടരുന്ന  ഉഷ്ണക്കാറ്റിലും മഞ്ഞു പെയ്യുന്ന രാജ്യങ്ങളിലെ കൊടും തണുപ്പിലും എല്ലു മുറിയെ പണിയെടുത്തു കിട്ടുന്ന പണം ചില്ലി കാശ് പാഴാക്കാതെ, സ്വന്തം സുഖങ്ങൾക്ക് മാറ്റിവെയ്ക്കാതെ നാട്ടിൽ കുടുംബത്തിന് അയച്ചു കൊടുക്കുന്ന കരുതൽ ഉണ്ടല്ലോ. അതിന്റെ അവശേഷിപ്പുകൾ ഏതു പ്രവാസം അവസാനിപ്പിച്ചാലും മാഞ്ഞു പോവില്ല. അവനു നന്നായി അറിയാം രോഗം ഉറ്റവർക്ക് പകരാതെ പടരാതെ സൂക്ഷിയ്ക്കാൻ.."കരുതൽ '  നമ്മൾ ഈ ലോക്ക് ഡൌൺ കാലത്ത് നമ്മുക്ക് വേണ്ടി കാര്യങ്ങൾ ഒരുക്കുന്നതിൽ മികവ് കാണിച്ച ഭരണാധികാരിയെ പ്രശംസിക്കാൻ ഒരുപാട് പ്രാവശ്യം സോഷ്യൽ മീഡിയ യിൽ ഉപയോഗിച്ച വാക്കാണ്. 

നല്ല ഉറച്ച വിശ്വാസത്തോടെ  അത് ഇവിടെ ഉപയോഗിക്കാം. അതെ ഒരുപാട് കരുതൽ ഉള്ളവരാണ് പ്രവാസികൾ.. തിരിച്ചു അവരെ  കരുതാൻ നമ്മൾ കൂടി ശീലിച്ചാൽ മതി.

അനു റാം 
(സംവിധായകൻ) .

1 comment:

  1. താങ്ക്സ് സിനിമ പ്രേക്ഷക കൂട്ടായ്മ.. അനുറാം

    ReplyDelete

Powered by Blogger.