" കടവത്തൂർ പോക്കറും ചൊക്ളി പാത്തുമ്മയും " .


കണ്ണൂർ ജില്ലയിലെ കടവത്തൂർ എന്ന പ്രദേശം. ഉമ്മയുടെ നാടായത്
കൊണ്ടായിരിക്കാം കടവത്തൂരിനെ 
കുറിച്ച് ഓർക്കുമ്പോൾ വല്ലാത്തൊരു 
നൊസ്റ്റാൾജിയാണ്.

ചൊക്ളി. ഉപ്പൂമ്മയുടെ
( ഉമ്മാമ)നാടായത് കൊണ്ടാവാം. 
ആ നാടിനോടും നൊസ്റ്റാൾജിയ ആണ്.എന്റെ ഉമ്മയും, ഉമ്മാമയും, 
ഉപ്പപെങ്ങളും ജീവിതത്തിൽ 
ചെലുത്തിയ സ്വാധീനം
കുറച്ചൊന്നുമല്ല.എങ്ങിനെയൊക്കെസ്വാധീനം ചെലുത്തി എന്നത്  പറഞ്ഞാൽ തീരില്ല. അതിനാൽ അങ്ങോട്ടേയ്ക്ക്പോകുന്നുമില്ല.
പലപ്പോഴും തോന്നിയിരുന്നു മണ്ണിന്റെ മണമുള്ള ഒരു കഥ പറയണമെന്ന്...!
അതിനൊരു കാരണവുമുണ്ട്.

ഈ രണ്ട് പ്രദേശങ്ങളും എന്റെ മനസ്സിൽ വളരെ കുറഞ്ഞ ഓർമ്മകൾ 
മാത്രമേ തന്നിട്ടുള്ളൂ. ഉളള
ഓർമ്മകൾക്ക് നല്ല മാധുര്യവും.
ജീവിതത്തിന്റെ സിംഹഭാഗവും, 
വയനാട്ടിൽ ആയിരുന്നു. 30
വർഷങ്ങൾക്ക്  മുമ്പുള്ള 
കുട്ടികാലത്തെ ഓർമ്മകൾ 
മാത്രമേ കടവത്തൂരിനെ പറ്റിയും
ചൊക്ളിയെ പറ്റിയും മനസ്സിലുള്ളൂ.

ഒരിക്കൽ..........കോഴിക്കോടുള്ള 
സുഹൃത്തിനോട് നാട്ടുവർത്തമാനം പറഞ്ഞപ്പോൾ അവൻ എന്നോട് പറഞ്ഞു. എടാ.. ! നീ സീരിയസ്സായി അഭിനയത്തിലേക്ക് പോകുന്നതിന് മുമ്പ്...നിന്റെ നാടിന്റെ മണമുള്ള ഒരു കഥ എഴുതാൻ.........!അതിൽ ചെറുതാണെങ്കിലുംവളരെ ഇണക്കം തോന്നുന്ന കഥാപാത്രവും ചെയ്യണമെന്ന്...!

അവന്റെ സംസാരം കേട്ടപ്പോൾ ആദ്യം "ആക്കി" പറഞ്ഞതാണെന്ന് തോന്നി. 
(ഞാളെ ഭാഷെ പറഞ്ഞാൽ 
"സുയിപ്പാക്കിയത്"ആണെന്ന് തോന്നി.)
ഞാൻ അവനോട് ചോദിച്ചു.
"നീ എന്ത് കണ്ടിട്ടാണ് അങ്ങനെ 
പറഞ്ഞത്..?" എന്റെ ചോദ്യത്തിന് 
അവൻ പറഞ്ഞ മറുപടി. "നിന്നോട് എന്ത് ചോദിച്ചാലും ലാഗ് ചെയ്തേ ഉത്തരം നൽകൂ. പക്ഷെ സ്വന്തം നാടിനെ പറ്റി ചോദിക്കുമ്പോഴുള്ള നിന്റെ മറുപടി ലൈവും Interestingഉം
ആണെന്ന്....!" എന്തോ ആവട്ടെ....
ആ സുഹൃത്തിനെസ്വാധീനിച്ച രണ്ട് കാര്യം ഞാൻ ഇവിടെ പറയാം..

ഒന്നാമത്തെ സംഭവം:-കുട്ടികാലത്ത് 
ചൊക്ളിയിൽ താമസിക്കുമ്പോൾ 
ഉപ്പപെങ്ങൾ ഭക്ഷണം
കഴിപ്പിക്കുമ്പോൾ കുട്ടികൾക്കായ് 
ഒരു നാടൻ പാട്ട് പാടാറുണ്ട്. 
ആ പാട്ടിനൊരു പ്രത്യാകതയുണ്ട്. 
ജീവിതത്തിൽ ദേഷ്യം പിടിക്കാൻ 
അറിയാത്ത ഉപ്പ പെങ്ങൾക്ക് 
ദേഷ്യം പിടിച്ചാലും, സന്തോഷം വന്നാലും പാടുന്ന രണ്ട് വരി പാട്ട് ഇതാണ്. സ്നേഹനിധിയായ ഉപ്പപെങ്ങളെ ഓർക്കുമ്പോൾ ഈ പാട്ടും മനസ്സിലേക്ക് ഓടി എത്താറുണ്ട്. 
ഇതാണ് ഹൈലൈറ്റ്.വരികൾ.....!
" ഇഞ്ഞേടിയാ..പോന്ന് പാത്തുമ്മാ...
പാലിന് പോന്ന് പോക്കറേ....!"
അത്രമാത്രം. 

രണ്ടാമത്തെ സംഭവം:- ജീവിതത്തിൽ ഒരു വർഷമേ കടവത്തൂർ പഠിച്ചിട്ടുള്ളൂ. 
അതും ഹൈസ്ക്കൂളിൽ.ബാക്കി മുഴുവൻ  പoനവും വയനാട്ടിൽ.
കടവത്തൂർ പഠിക്കുമ്പോഴുണ്ടായിരുന്ന 
ബാലൻ മാഷുമായുള്ള സംഭവം
ഇതിന് മുമ്പ് Fbയിൽ പറഞ്ഞിരുന്നു.
സാരമില്ല Fbപേജിലുംകൂടി പറയാം.
മലയാള ഭാഷയെ പരിപൂർണ്ണമായും 
തഴയുന്ന ഒരു കാലമുണ്ടായിരുന്നു. 
80 മുതൽ 90 കാലഘട്ടം.ഇംഗ്ലീഷ് മീഡിയത്തോടും, ഭാഷയോടും, വല്ലാത്തൊരു മുഹബ്ബത്തും.
അടുത്തകാലത്താണ് അതിന് മാറ്റം വന്നത്. മലയാളംപഠിച്ചത് കൊണ്ട് ഒരു കാര്യവുമില്ല എന്ന് പോലും പ്രചരിച്ചിരുന്നു.എന്തോ അന്ന് മുതൽ വായന കുറഞ്ഞ് പോയതിൽ ഖേദിക്കുന്ന ഒരാളാണ് ഞാൻ.മലയാള ഭാഷയെക്കാൾ നല്ലൊരു ഭാഷ ഇല്ലെന്ന് പറഞ്ഞ ഒരു അധ്യാപകൻ
ഉണ്ടായിരുന്നു. അന്ന് കടവത്തൂർ 
ഹൈസ്കൂളിൽ. വലിയ മീശയുള്ള മെലിഞ്ഞ  ബാലൻ മാഷ്. 

കടവത്തൂരിൽ പഠിക്കുന്ന 
സമയം ഈ മാഷുമായി ഞാൻ 
വലിയ ബന്ധമൊന്നുണ്ടായിരുന്നില്ല. 
കാരണം എന്നെ ക്ലാസ്സ് എടുക്കുന്ന
സാറൊന്നുമല്ല. അദ്ദേഹത്തിന്റെ 
മലയാളം ക്ളാസ്സുമായി എനിക്ക്  ബന്ധവുമില്ല.സുൽത്താൻ ബത്തേരിയിൽ നിന്ന് കടവത്തൂരിലേക്കും, കടവത്തൂരിൽ നിന്ന്  തിരിച്ച്  ബത്തേരിയിലേക്കും,  
വന്നപ്പോൾ അവിചാരിതമായി 
ബാലൻ മാഷിനെ ബത്തേരിയിൽ
വെച്ച് കണ്ടു. ഞാൻ അദ്ദേഹത്തെ എന്റെ വീട്ടിലേക്ക് ക്ഷണിച്ചു.
ഒരു പാട് നിർബ്ബന്ധിച്ചപ്പോൾ 
ഊണ് കഴിക്കാൻ വീട്ടിൽ വരാമെന്ന് പറഞ്ഞു. അദ്ദേഹത്തിന്റെ 
മറുപടിയിൽ " കുഞ്ഞുണ്ണി മാഷ് ടച്ച്" എനിക്ക് ഫീൽ ചെയ്തു. പലതും പറഞ്ഞു.ചിലത് മനസ്സിലായി.ചിലത് മനസ്സിലായില്ല.ബാലൻ മാഷ് പറഞ്ഞതിൽ മനസ്സിൽ തങ്ങി നിൽക്കുന്ന ഒന്ന് രണ്ട് കാര്യം ഞാൻ 
ഷെയറ്ചെയ്യുന്നു.മാഷ് തിരക്കിട്ട് ഓട്ടോയിൽ കയറാൻ തുടങ്ങിയപ്പോൾ 
ഞാൻ മാഷോട് ചോദിച്ചു. കഴിക്കാൻ നെയ്ച്ചോറുംകൂട്ടാൻ ചിക്കനോ,മട്ടനോ....? അതോ മീനോ...?
മാഷ് പറഞ്ഞു."സാധാ ചോറ്...!"
വീണ്ടും എന്റെ ചോദ്യം അപ്പോൾ കൂട്ടാനോ..?      മാഷിന്റെ മറുപടി.. 
"കായും, കാമ്പും, കൂമ്പും,  ചേമ്പും, ചേനയും, ചക്കയും,ചിരങ്ങയും, ചീരയും,കൂട്ടാൻ വെച്ചാൽ.....
കായോ,കാമ്പോ, കൂമ്പോ, 
ചേമ്പോ, ചേനയോ, ചക്കയോ, 
ചിരങ്ങയോ, ചീരയോ, നല്ലേ...?
" ഞാൻ ഇപ്പോ പറഞ്ഞതിൽ 
ഇഷ്ടമുള്ള ഏതെങ്കിലും ഒന്ന് 
കൊണ്ട് കൂട്ടാൻ വെച്ചാൽ മതി."
മാഷ് വന്നു. മാഷ് പറഞ്ഞ കൂട്ടാനും കൂട്ടി ഭക്ഷണം കഴിച്ചു. മാഷ് കൈ കഴുകുമ്പോൾ വീടിന് ചുറ്റും നോക്കി
"മാവും, പിലാവും, പുളിയും, 
കരിമ്പും, തെങ്ങും, വേപ്പും, 
പിന്നെ ഇളം കവുങ്ങും നിറഞ്ഞ വീടാണല്ലോ ....?"എനിക്കിഷ്ടായി.

ഊണ് ഇഷ്ടപ്പെട്ടോ...?എന്നായിരുന്നു. 
എനിക്കറിയേണ്ടത്.മാഷ് 
തൈര് ചോദിച്ചപ്പോ ഇല്ലാത്തതിന്റെ ജാള്യതയും ഉണ്ടായിരുന്നു. 
തൈര് ഇല്ലാത്തത് കൊണ്ടാണോ...? 
ഭക്ഷണം കുറച്ച് കഴിച്ചത്. 
മാഷ് പറഞ്ഞു അല്ല.സജീദ് മോൻ.!
 "ഞാൻ ഒരു കമ്മ്യൂണിസ്റ്റ് ആണ്....!"
ഞാൻ അപ്പോ തന്നെ മാഷിന് മറുപടി കൊടുത്തു.അതിനെന്താ മാഷേ...., 
എന്റെ കടവത്തൂരിലുള്ള 
വല്ലുപ്പയും സഖാവാണെന്ന്..!"
എന്റെ മറുപടി കേട്ട് ബാലൻ മാഷ് പൊട്ടി പൊട്ടി ചിരിച്ചു. ആ ചിരി ഇന്നും മനസ്സിൽ കാണുന്നു. അത് കൂടാതെ മാഷ് എനിക്കൊരു ഉപദേശം തന്നു. 
"തൈര് ഒഴിച്ച് ഉണ്ണരുത്.....!
 മൂത്രം ഒഴിച്ച് ഉണ്ണണം...........!"
അവസാനം ഇറങ്ങാൻ നേരത്ത് 
മാഷ് എന്നോട് പറഞ്ഞു. 
ഒന്നാംതരം ഭക്ഷണവും, എന്നെ നന്നായി ചിരിപ്പിക്കുകയും ചെയ്തത് കൊണ്ട് ഞാൻ ഇപ്പോ പറഞ്ഞ 
കാര്യം വിശദീകരിച്ചു തരാം.

ഊണ് കഴിക്കുമ്പോൾ 
''തൈര് ഒഴിവാക്കി ഉണ്ണരുത്".
എന്നാണ് ഞാൻ ആദ്യം പറഞ്ഞ 
വരിയുടെ അർത്ഥം. അതാണ് തൈര് ഒഴിച്ച് ഉണ്ണരുത്.എന്ന് പറഞ്ഞത്.
" മൂത്രം ഒഴിച്ച് ഉണ്ണണം".
എന്നത് കൊണ്ട് ഉദ്ദേശിച്ചത് 
നമ്മൾ ഊണ് കഴിക്കുന്നതിന് 
മുമ്പ് മൂത്രമൊക്കെ ഒഴിച്ച് 
വയറൊക്കെ ക്ളിറാക്കിയതിന് ശേഷം മാത്രം.കമ്മ്യൂണിസ്റ്റിന്റെ അർത്ഥം.
കമ്മി=കുറച്ച്, ഊണിസ്റ്റ്=ഊണ് കഴിക്കുന്നയാൾ. അതായത് കമ്മ്യുണിസ്റ്റ് എന്നാൽ കുറച്ച്
ഊണ് കഴിക്കുന്നയാൾ.പലപ്പോഴും തോന്നാറുണ്ട് ബാലൻ മാഷിന്റെ ശിഷ്യനാവാൻ പറ്റാത്തതിലുള്ള വേദം. 
ആകെ ബാലൻ മാഷും ഞാനുമായുള്ള ബന്ധം കൂടി വന്നാൽ ഒരു മണിക്കൂർ...!
ആ നിസ്സാരസമയം കൊണ്ട് 
കിട്ടിയതോ...? 30 വർഷങ്ങൾ കഴിഞ്ഞിട്ടും ഓർമ്മയിൽസൂക്ഷിക്കുന്ന മറക്കാത്ത അനുഭവം.എന്നെ സ്നേഹിച്ചവരും, എന്റെ ജീവിതത്തെ സ്വാധീനിച്ച 95% ആളുകളും ഇന്നും എന്റെ മനസ്സുകളിൽ ജീവിക്കുന്നു. മരണമില്ലാതെ. 

കോവിഡ് 19 വ്യാപനം
തുടങ്ങുന്നതിന്റെ ഒരു മാസംമുമ്പ് 
കോഴിക്കോടുള്ള സുഹൃത്ത്
സൗദിയിൽ നിന്ന് വിളിച്ചു. നിന്റെ കടവത്തൂരിന്റേയും, ചൊക്ളിയുടെയും മണ്ണിന്റെ കഥ പറയാൻ.
"നീ എഴുതിയേ പറ്റൂ."
കൂടെ ഞാൻ ഉണ്ടാവുമെന്ന്...! 

കഥ എഴുതാൻ എന്തെങ്കിലും 
ഒരു ഒരു 'തീ' മനസ്സിൽ വരണമല്ലോ...? 
പേന എടുത്തപ്പോൾ മനസ്സിൽ 
തെളിഞ്ഞ് വന്നത് (ഉപ്പപെങ്ങൾ) 
പൂത്ത (ഞങ്ങൾ വിളിക്കുന്നത്)
പാടി തരുന്ന മനോഹരമായ 
വരികൾ ആയിരുന്നു. "ഇഞ്ഞേടിയാ പോന്ന് പാത്തുമ്മാ.! പാലിന് പോന്ന് പോക്കറേ.!" ആ കഥാപാത്രത്തെ ഞാൻ എടുക്കുവാ....പാത്തുമ്മ ചൊക്ളിക്കാരിയായും..! പോക്കർ കടവത്തൂർക്കാരനായും..!

രണ്ട് ദിവസം കഴിഞ്ഞ്  മലയാള സിനിമയിലെ മുൻനിര പ്രൊഡക്ഷൻ 
കൺട്രോളർ ഷാജി പട്ടിക്കരഭായിയെ
കാര്യം അവതരിപ്പിച്ചു. പെട്ടെന്നൊരു കാര്യത്തിലും എടുത്ത് ചാടി ഉത്തരം പറയുന്ന ആളല്ല ഷാജി പട്ടിക്കര ഭായ്. 
"കടവത്തൂർ പോക്കറും, 
ചൊക്ളി പാത്തുമ്മയും...!!!" 
എന്ന ടൈറ്റിലിന് അദ്ദേഹവും പച്ചക്കൊടിയാണ് കാണിച്ചത്. 
എഴുത്ത് തുടങ്ങി കുറച്ച് 
കഴിഞ്ഞതോടെ കോവിഡ് 19 മഹാമാരിയും പ്രശ്നങ്ങളും.ആദ്യത്തെ ഒന്ന് രണ്ട് ദിവസം ഭയങ്കര വിഷമം തോന്നി. ഒരു സാധ്യതയായിരുന്നു. 
"ഒരു പ്രതീക്ഷ....!"പ്രതീക്ഷകളാണല്ലോ 
നമ്മളെയൊക്കെ മുന്നോട്ട് നയിക്കുന്നത്. പിന്നെ തോന്നി. 
എന്ത് സംഭവിച്ചാലും കർമ്മം ചെയ്യുക.
ഫലം ദൈവം തരുന്നതല്ലേ....? രണ്ടും കൽപിച്ച രാവും പകലും
കോവിഡിനേയും, ചൂടിനേയും,
പ്രശ്നങ്ങളേയും അവഗണിച്ച് 
എഴുതി അതിന്റെ സമാപനത്തിലാണ്. 

ചൊക്ളിയുടെ ഓർമ്മകൾ മാത്രമേ ഉള്ളൂ. തറവാടും, തറവാട്ടിലേക്ക് ഉണ്ടായിരുന്നഇടവഴികൾ പോലും ഇല്ല. 
എല്ലാം മാറിപോയിരിക്കുന്നു.40 വർഷങ്ങൾ മുമ്പുള്ള ചൊക്ളി കഥയും അവസാനിക്കുന്നത് 2020ൽ.

കടവത്തൂരിന്റെ ഓർമ്മകൾക്ക്
മാധുര്യം കുറച്ച് കൂടുതൽ ഉണ്ടെന്ന് പറയാം. കാരണം,ഈ ഫോട്ടോയിൽ കാണുന്ന മൂന്നു ഭാഗവും പുഴയാൽ 
ചുറ്റപ്പെട്ട് കിടക്കുന്ന മനോഹരമായ 
സ്ഥലം തറവാട് സ്വത്താണ്. 
കൂട്ടുസ്വത്താണ്. അവകാശികൾ കൂടുതൽ ഉണ്ടെങ്കിലും. പറയാം.....!
നാളീകേരത്തിന്റെ നാട്ടിലെനിക്കൊരു
നാഴിയിടങ്ങഴി മണ്ണുണ്ട്.
ഒരു നാഴിയിടങ്ങഴി മണ്ണുണ്ട്. 
എന്ന് പാടുകയും ചെയ്യാം....! 

കഴിഞ്ഞ രണ്ട് പ്രളയം വന്നതോടെ ഞങ്ങൾക്ക് അവകാശപ്പെട്ട സ്ഥലം 
പ്രളയം യാതൊരു ദാക്ഷിണ്യവും
കാണിക്കാതെ പുഴയ്ക്ക് പകുത്തു കൊടുത്തു. അഹങ്കാരമാണെന്ന് 
പറയുകയല്ലാതെ ആരോട് പറയാൻ. 
കൈയ്യൂക്ക് ഉള്ളവൻ കാര്യക്കാരൻ..!

സജീദ് പുത്തലത്ത്.
(കായംകുളം കൊച്ചുണ്ണി ഫെയിം. ഇത്തിക്കര പക്കി)

No comments:

Powered by Blogger.