" മുഖചിത്രങ്ങളുടെ രാജാവ് " പട്ടണം ഷാ : ഷാജി പട്ടിക്കര ." മുഖചിത്രം "  എന്ന ഹിറ്റ് സിനിമ ആരും മറക്കാനിടയില്ല. മുപ്പത് വർഷങ്ങൾക്ക് മുൻപ് പുറത്തിറങ്ങിയ ആ ചിത്രത്തിലൂടെയാണ് മലയാള സിനിമയിൽ ചമയത്തിന്റെ പുതുഭാഷ്യം കൊണ്ടുവന്ന് ,
ചമയ കലയുടെ മുഖചിത്രം മാറ്റിയെഴുതിയ പട്ടണം ഷാ എന്ന കലാകാരന്റെ തുടക്കം.

നാടക മേഖലയിൽ തൊഴിൽ നൈപുണ്യത്തിലൂടെ പേരെടുത്ത് നിൽക്കുന്ന സമയത്തായിരുന്നു അഭ്രപാളിയിൽ ആ നാമം ആലേഖനം ചെയ്യപ്പെട്ടത്.
അവിടെ നിന്നങ്ങോട്ട് മലയാള സിനിമയുടെ ഒരു ഭാഗം തന്നെയായിരുന്നു പട്ടണം ഷാ.
വ്യക്തിത്വം കൊണ്ടും, കർമരംഗത്തെ നിപുണത കൊണ്ടും മുടിചൂടാമന്നനായി വിലസിയ,
ഇപ്പോഴും അനുസ്യൂതം തുടർന്നുകൊണ്ടിരിക്കുന്ന വലിയ കലാകാരൻ .

മേക്കപ്പ് എന്ന സങ്കൽപ്പത്തിന്റെ മുഖഛായ തന്നെ മാറ്റിയെഴുതി.
അർഹിച്ച അംഗീകാരങ്ങൾ ശരിക്കും ഈ കലാകാരനെ തേടിയെത്തിയിട്ടില്ല എന്നുതന്നെ പറയാം .
ഞാൻ പ്രൊഡക്ഷൻ കൺട്രോളറായ ശേഷവും, അതിനു മുൻപും നിരവധി ചിത്രങ്ങളിൽ ഞങ്ങൾ ഒന്നിച്ചു പ്രവർത്തിച്ചു.
അങ്ങനെ ഞങ്ങൾ ഒന്നിച്ച ചിത്രമായിരുന്നു പ്രിയനന്ദനൻ സംവിധാനം ചെയ്ത് 2007ൽ പുറത്തിറങ്ങിയ " പുലിജന്മം" .
ആ ചിത്രത്തിലൂടെയാണ് മികച്ച ചമയക്കാരനുള്ള സംസ്ഥാന അവാർഡ് ആദ്യമായി പട്ടണം ഷാ യെ തേടിയെത്തിയത്.

ഇന്നിപ്പോൾ പട്ടണം ഷാ, തന്റെ ഇരുനൂറ്റി അൻപത്തി ഒന്നാമത്തെ ചിത്രത്തിന്റെ പണിപ്പുരയിലാണ് .
ചിത്രീകരണം നടന്നുകൊണ്ടിരിക്കുന്ന " ക്ഷണം " എന്ന ചിത്രത്തിൽ പുതുതലമുറ നടൻമാരുടെ കൂടെ യുവാവിന്റെ പ്രസരിപ്പോടെ ഓടി നടക്കുകയാണ് ഷാ ഇക്ക.
പ്രത്യേകത എന്താണെന്നു വച്ചാൽ തന്റെ ആദ്യ സിനിമയുടെ സംവിധായകനായ സുരേഷ് ഉണ്ണിത്താനാണ് ഇതിന്റെ സംവിധായകൻ.

പ്രൊഡക്ഷൻ കൺട്രോളർ ഞാനും.
ഈ സെറ്റിലേക്ക് കഴിഞ്ഞ ദിവസം ഒരു സന്തോഷ വാർത്ത എത്തി ,
കേരള സംഗീത നാടക അക്കാദമിയുടെ ഗുരുപൂജ പുരസ്ക്കാരം പട്ടണം ഷായെ തേടിയെത്തി.
മേക്കപ്പ് വിഭാഗത്തിൽ ഈ പുരസ്ക്കാരം നേടിയ ആദ്യ സിനിമക്കാരനാണ് ഷാ ഇക്ക.
ക്ഷണം ടീമിന്റെ നേതൃത്വത്തിൽ അദ്ദേഹത്തെ പൂച്ചെണ്ട് നൽകിയും, മധുരം വിതരണം ചെയ്തും അഭിനന്ദിച്ചു.
ഒരുപാട് സന്തോഷിക്കുന്നു ഇക്കാ ഈ നിമിഷത്തിൽ ....
സംസ്ഥാന അവാർഡും, ഇപ്പോഴത്തെ ഗുരുപൂജ പുരസ്ക്കാരവും രണ്ടും നമ്മൾ ഒന്നിച്ച ചിത്രങ്ങളിൽ ..
ഇനിയും ഇനിയും പുരസ്ക്കാരങ്ങൾ തേടിയെത്തട്ടെ.

ആശംസകളോടെ,

                   സ്നേഹപൂർവ്വം,
                   ഷാജി പട്ടിക്കര.
     ( പ്രൊഡക്ഷൻ കൺട്രോളർ) 

No comments:

Powered by Blogger.