നടൻ സുകുമാരന്റെ വേർപാടിന് ഇന്ന് ( ജൂൺ 16 ) 22 വർഷം.മലയാളചലച്ചിത്രരംഗത്തെ  സജീവ സാന്നിദ്ധമായിരുന്ന സുകുമാരന്റെ  ഓർമ്മകൾക്ക്  ഇന്ന് ( ജൂൺ 16) 22 വയസ്സ് ആകുന്നു.  കഴിഞ്ഞ തലമുറയുടെ മനസ്സില്‍ 'ക്ഷോഭിക്കുന്ന യൗവ്വന'ത്തിന് സുകുമാരന്റെ മുഖമായിരുന്നു.  

'നിര്‍മാല്യ'ത്തിലെ അപ്പുവില്‍ തുടങ്ങി 'വംശ'ത്തിലെ കുരിശിങ്കല്‍ വക്കച്ചന്‍ വരെ ഇരുന്നൂറ്റമ്പതോളം വേഷങ്ങളെ അനശ്വരമാക്കി സുകുമാരന്‍ വിട വാങ്ങുമ്പോള്‍ 49 വയസ്സു മാത്രമായിരുന്നു പ്രായം. തന്റെ അഭിനയജീവിതം കാല്‍നൂറ്റാണ്ട് തികയ്ക്കാനിരിക്കെയായിരുന്നു വിയോഗം. 

ബന്ധനം എന്ന ചിത്രത്തിലെ അഭിനയത്തിനു മികച്ച നടനുള്ള കേരള സംസ്ഥാന ചലച്ചിത്രപുരസ്കാരം ലഭിച്ചു. "കേരളാ സ്റ്റേറ്റ് ഫിലിം ഡെവലപ്മെന്റ് കോർപ്പറേഷ"ന്റെ മുൻ ചെയർമാൻ ആയിരുന്നു.
1948 മാർച്ച് 18-ന് കേരളത്തിൽ മലപ്പുറം ജില്ലയിലെ എടപ്പാൾ എന്ന സ്ഥലത്ത് സുകുമാരൻ ജനിച്ചു. ആത്മവിശ്വാസത്തിന്റെ മാത്രം ബലത്തില്‍ സുകുമാരന്‍ 'നിര്‍മാല്യ'ത്തിലെ അപ്പുവായി. പി.ജെ. ആന്റണി അവതരിപ്പിച്ച വെളിച്ചപ്പാടിന്റെ നിഷേധിയായ മകന്‍. 

സോമന്‍, സുകുമാരന്‍, ജയന്‍ എന്നീ താരങ്ങളുടെ ഉദയം ഒരേകാലത്താണ് സംഭവിക്കുന്നത്.എം.ടി.യുടെ വളര്‍ത്തുമൃഗങ്ങള്‍, വാരിക്കുഴി, വില്‍ക്കാനുണ്ട് സ്വപ്നങ്ങള്‍, ഉത്തരം എന്നീ ചിത്രങ്ങളിലും പിന്നീട് സുകുമാരന്‍ അഭിനയിച്ചു.

ഒരു വര്‍ഷം നാൽപത്                      ചിത്രങ്ങളിൽ  അഭിനയിച്ച സുകുമാരന് അത് നാലു ചിത്രങ്ങളായി ചുരുങ്ങി. അപ്പോഴും അവസരം തേടിപ്പോയില്ല. സുകുമാരന്‍ അഭിനയിച്ച എല്ലാ സിനിമകളുടെയും പ്രത്യേകത സുകുമാരനെ മാറ്റിനിര്‍ത്തി ആ ചിത്രത്തെ ഓര്‍ക്കാനാവില്ല എന്നതായിരുന്നു. സി.ഐ.ഡി ഉണ്ണികൃഷ്ണന്‍ ബി.എ, ബി.എഡ്, പിന്‍ഗാമി, സൈന്യം, ഭരണകൂടം, ഇന്ത്യന്‍ മിലിട്ടറി ഇന്റലിജന്‍സ് തുടങ്ങിയവയാണ് അവസാന കാലത്ത് അഭിനയിച്ചവ. ശിബിരത്തിലാണ് അവസാനം അഭിനയിച്ചത്. അവസാനം പുറത്തിറങ്ങിയ ചിത്രം 'വംശം'. 1997 ജൂണ്‍ 16 ന് സുകുമാരന്‍ അന്തരിച്ചു. 1997 ജൂൺ മാസത്തിൽ മൂന്നാറിലെ വേനൽക്കാല വസതിയിലേയ്ക്ക് ഒരു യാത്ര പോയ സുകുമാരന് അവിടെ വച്ച് പെട്ടെന്ന് ഒരു നെഞ്ചുവേദന വന്നു. ആദ്യം സമീപത്തുള്ള ഒരു ആശുപത്രിയിലും പിന്നീട് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. മൂന്നുദിവസം ആശുപത്രിയിൽ കഴിഞ്ഞ അദ്ദേഹം 1997 ജൂൺ 16-ന് ഈ ലോകത്തോട് വിടപറഞ്ഞു. 

നടന്‍ എന്നതിനപ്പുറം
250ഓളം ചിത്രങ്ങളില്‍ സുകുമാരന്‍ അഭിനയിച്ചു. സിനിമയില്‍ തിരക്കുള്ള കാലത്തുതന്നെ രണ്ടു ചിത്രങ്ങള്‍ നിര്‍മിക്കുകയും ചെയ്തു. കെ.ജി. ജോര്‍ജ് സംവിധാനം ചെയ്ത 'ഇരകള്‍' ആയിരുന്നു ആദ്യത്തേത്. 1985ലെ മികച്ച രണ്ടാമത്തെ ചിത്രത്തിനുള്ള പുരസ്‌കാരം ഈ ചിത്രം നേടി. തന്റെയും ഭാര്യ മല്ലികയുടെയും പേരുകളിലെ ആദ്യാക്ഷരങ്ങള്‍ ചേര്‍ത്ത് എം.എസ്. ഫിലിംസിന്റെ ബാനറിലായിരുന്നു ഇരകള്‍ നിര്‍മിച്ചത്. 'പടയണി'യായിരുന്നു അടുത്ത ചിത്രം. ടി.എസ്. മോഹന്‍ സംവിധാനം ചെയ്ത ഈ ചിത്രത്തില്‍ മമ്മൂട്ടി, മോഹന്‍ലാല്‍, ശോഭന തുടങ്ങിയവരാണ് അഭിനയിച്ചത്. മക്കളായ ഇന്ദ്രജിത്തിന്റെയും പൃഥ്വിരാജിന്റെയും പേരുകള്‍ ചേര്‍ത്തുള്ള ഇന്ദ്രരാജ് ക്രിയേഷന്‍സിന്റെ ബാനറിലായിരുന്നു പടയണി ഒരുക്കിയത്. ചലച്ചിത്ര വികസന കോര്‍പ്പറേഷന്റെ ചെയര്‍മാനായും സുകുമാരന്‍ പ്രവര്‍ത്തിച്ചു.  

പ്രശസ്ത ചലച്ചിത്രനടി മല്ലിക സുകുമാരന്റെ ഭാര്യയാണ് . സിനിമ നടൻമാരായ ഇന്ദ്രജിത്ത്, പൃഥ്വിരാജ് എന്നീവർ മക്കളുമാണ്.

സലിം പി. ചാക്കോ 

No comments:

Powered by Blogger.