പാവമൊക്കെയാണ്.. ഒരു പാട് ആഗ്രഹങ്ങളുമുണ്ട് - പക്ഷെ അതിനുള്ള ശേഷി വേണ്ടേ ! കാർബൺ ഫിലിം റിവ്യൂ .



പാവമൊക്കെയാണ്.. ഒരു പാട്  ആഗ്രഹങ്ങളുമുണ്ട് - പക്ഷെ അതിനുള്ള ശേഷി വേണ്ടേ ! സിബി സെബാസ്റ്റ്യൻ ( ഫഹദ് ഫാസിൽ )  എന്ന നായകനെക്കുറിച്ച് വാച്ച് മാൻ ബാലൻപിള്ള ( കൊച്ചുപ്രേമൻ ) നായിക സമീറയോട് ( മമ്ത മോഹൻദാസ് ) പറയുന്ന ഡയലോഗ് ആണിത്. സിനിമ കണ്ടിറങ്ങുമ്പോൾ പ്രേക്ഷകർ പറയുന്ന ഡയലോഗും ഇതായി മാറുന്നു.  എന്തെങ്കിലുമൊക്കെ തരികിടകളിലൂടെ  അതിസമ്പന്നനാകാൻ കച്ചകെട്ടി നടക്കുന്ന സിബിയുടെ പരാക്രമങ്ങളാണ് ഒന്നാം പകുതി പറയുന്നത്.  ചീങ്കണ്ണിപാറയിലെ കാട്ടിനുള്ളിലെ ഒരു ജീർണ്ണിച്ച കൊട്ടാരത്തിലേക്ക് മനേജരായി സിബി വരുന്നതും അവിടെത്തെ ചില കെട്ടുകഥകൾക്ക് പിന്നാലെ അയാൾ പുതിയ തലങ്ങളിലേക്ക് പോകുന്നതുമാണ് രണ്ടാം പകുതി.  രചനാ മികവ് അവസാനഭാഗങ്ങളിൽ നിലനിർത്താൻ സംവിധായകൻ വേണുവിന് കഴിയുന്നില്ല.  ഫഹദ് ഫാസിൽ നായകനാകുന്ന ഈ വർഷത്തെ ആദ്യ സിനിമയാണ് കാർബൺ . മായ എന്ന പെൺകുട്ടി ,മുന്നറിയിപ്പ് എന്നീ ചിത്രങ്ങൾക്ക് ശേഷം ഛായഗ്രഹകനായ വേണു സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്. സിബി തോട്ടുപ്പുറവും ,നവീസ് സേവ്യറും ചേർന്നാണ് ഈ സിനിമ നിർമ്മിച്ചിരിക്കുന്നത്.

സിബി സെബാസ്റ്റ്യൻ എന്ന അത്യാഗൃഹിയായ യുവാവിനെ മനോഹരമായി ഫഹദ് ഫാസിൽ   അവതരിപ്പിച്ചിട്ടുണ്ട്.മണികണ്ഠൻ ആർ. ആചാരി, വിജയരാഘവൻ ,നെടുമുടി വേണു, ദിലീഷ് പോത്തൻ ,സൗബിൻ  ഷാഹിർ ,അശോകൻ ,സ്ഫടികം ജോർജ്ജ് ,പ്രവീണ ,ഷറഫുദീൻ ,കണ്ണൻ എന്ന ചേതൻലാൽ തുടങ്ങിയവർ ഈ സിനിമയിൽ അഭിനയിക്കുന്നു. കഥ ,തിരക്കഥ ,സംഭാഷണം വേണുവും സംഗീതം വിശാൽ ഭരദ്വരാജും എഡിറ്റിംഗ് ബിനാ പോളും നിർവ്വഹിക്കുന്നു. കെ.യു .മോഹനന്റെ ക്യാമറ വർക്ക് മനോഹരമാണ്. കാടിന്റെ പശ്ചാത്തലം നല്ലതു പോലെ ചിത്രികരിക്കാൻ മോഹനന് കഴിഞ്ഞിട്ടുണ്ട്. രേഖ ഭരദ്വരാജ് ഒരു ഗാനം ആലപിച്ചിട്ടുണ്ട്. വയനാട് ,ഇടുക്കി എന്നിവടങ്ങളിലായിരുന്നു കാർബണിന്റെ ഷൂട്ടിംഗ് .   പ്രേക്ഷകർ ഈ സിനിമ എങ്ങനെ വിലയിരുത്തുമെന്ന് കാത്തിരുന്ന് കാണാം. 

റേറ്റിംഗ് - 3/5 .                     
സലിം പി.ചാക്കോ

No comments:

Powered by Blogger.