അന്താരാഷ്ട്ര ചലച്ചിത്രമേള ഡിസംബർ ഏട്ടിന് തിരുവനന്തപുരത്ത് ആരംഭിക്കും.


ഇരുപത്തിരണ്ടാമത്  കേരള അന്താരാഷ്ട്ര ചലച്ചിത്രമേളയ്ക്ക് ഡിസംബർ ഏട്ടിന്  തിരുവനന്തപുരത്ത്  തിരി തെളിയും. പ്രതിനിധികളുടെ രജിസ്ട്രേഷൻ നവംബർ പത്തിന് ആരംഭിക്കും. ഡിസംബർ ഏട്ടിന് വൈകിട്ട് അഞ്ചിന് തിരുവനന്തപുരം നിശാഗന്ധിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ മേള ഉദ്ഘാടനം ചെയ്യും. റഷ്യൻ സംവിധായകൻ അലക്സാണ്ടർ സോകുറോവിനാണ്  ഇത്തവണത്തെ സമഗ്ര സംഭാവനയ്ക്ക് ഉള്ള പുരസ്കാരം .
അദ്ദേഹത്തിന്‍റെ ആറ് ചിത്രങ്ങൾ റെട്രോസ്പക്ടീവ് വിഭാഗത്തിൽ പ്രദർശിപ്പിക്കും. പ്രേംശങ്കർ സംവിധാനം ചെയ്ത രണ്ടു പേർ ,സഞ്ജു സുരേന്ദ്രന്‍റെ ഏദൻ എന്നിവയാണ് മൽസര വിഭാഗത്തിലെ മലയാള ചിത്രങ്ങൾ. മലയാള സിനിമ ഇന്ന് വിഭാഗത്തിൽ ടേക്ക് ഓഫ് ,തൊണ്ടിമുതലും ദൃക്സാക്ഷിയും ,കറുത്ത ജൂതൻ, അങ്കമാലി ഡയറീസ് ,മറവി ,അതിശയങ്ങളുടെ വേനൽ ,നായിന്‍റെ ഹൃദയം എന്നീ ചിത്രങ്ങളും പ്രദർശിപ്പിക്കും.ഹിന്ദി ചിത്രമായ ന്യൂട്ടൻ ,ആസാമീസ് ചിത്രമായ വില്ലേജ് റോക്സ്റ്റാർസ് എന്നീ ഇന്ത്യൻ ചിത്രങ്ങളും മൽസര വിഭാഗത്തിൽ ഉണ്ട്. ഈ വർഷം നമ്മെ വിട്ട് പിരിഞ്ഞ ചലച്ചിത്ര പ്രതിഭകളായ കെ.ആർ .മോഹനൻ ,ഐ.വി .ശശി ,കുന്ദൻ ഷാ ,ഓംപുരി എന്നിവരുടെ ശ്രദ്ധേയമായ ചിത്രങ്ങളും മേളയിൽ പ്രദർശിപ്പിക്കും

ഡെലീഗേറ്റ് ഫീ  650 രൂപ ആയിരിക്കും.വിദ്യാർത്ഥികൾക്കുള്ള പാസ് 350 രൂപയുമാണ്. പരമാവധി 10000 പാസുകളാണ് ഇത്തവണ വിതരണം ചെയ്യുന്നത്. നവംബർ 10 മുതൽ 12 വരെ വിദ്യാർത്ഥികൾക്കുള്ള പ്രതിനിധി പാസിന് രജിസ്റ്റർ ചെയ്യാം. 13 മുതൽ 15 വരെ പൊതു വിഭാഗത്തിലും 16 മുതൽ 18 വരെ പ്രൊഫഷനൽസിനും 19 മുതൽ 21 വരെ ഫിലിം സൊസൈറ്റി പ്രവർത്തകർക്കും 22 മുതൽ 24 വരെ മാധ്യമ പ്രവർത്തകർക്കും രജിസ്റ്റർ ചെയ്യാം. ഓൺലൈൻ വഴിയും അക്ഷയ ഇ- കേന്ദ്രങ്ങൾ വഴിയും പണമടക്കാനുള്ള സൗകര്യം ഇത്തവണ ഒരുക്കിയിട്ടുണ്ടെന്ന് ചലച്ചിത്ര അക്കാഡമി ചെയർമാൻ കമൽ ,ആർട്ടിസ്റ്റിക്ക് ഡയറ്കടർ ബീനാ പോൾ, മഹേഷ് പഞ്ചു  എന്നിവർ അറിയിച്ചു. ചലച്ചിത്ര മേളയുടെ ഭാഗമായി വിവിധ കലാപരിപാടികൾ ഒരുക്കിയിട്ടുള്ളത് ടാഗോർ തീയേറ്റർ പരിസരത്താണ്.   

സലിം പി.ചാക്കോ.

No comments:

Powered by Blogger.