അതുല്യം അനുപമം അതീതം : സുനിൽ മാമ്മൻ കൊട്ടുപ്പള്ളിൽ.
ആൽബം :
അതുല്യം അനുപമം അതീതം : സുനിൽ മാമ്മൻ കൊട്ടുപ്പള്ളിൽ.
ആറു പതിറ്റാണ്ടുകളിൽ കൂടി മനുഷ്യ മനസുകളിൽ സ്വർഗ്ഗീയാനുഭൂതി പകർന്നു നൽകിയ മഹാഗായിക എസ് .ജാനകി. ജ്വലിക്കുന്ന ഒരോർമ്മമായാതെ നിലനിൽക്കുന്നു.
2009 -2010 ലെ കമുകറ പുരുഷോത്തമൻ അവാർഡ് നൈറ്റ് പ്രസിദ്ധ സംഗീത സംവിധായകൻ ശ്യാമിന്റെ നേതൃത്വത്തിൽ 2010 ഡിസംബർ നാലിന് തിരുവല്ലയിൽ വച്ചായിരുന്നു . അവാർഡ് ജേതാവ് എസ് . ജാനകി.
ഇരുവരെയും അടുത്തു കാണുവാൻകഴിയുന്ന ഒരപൂർവ സന്ദർഭം :
വിനൈൽ റെക്കോർഡ് ശേഖരത്തിലെ എസ് ജാനകിയുടെ ഗാനങ്ങളുള്ള ഒരു റെക്കോർ ഡും ശ്യാം സംഗീത സംവിധാനം നിർവഹിച്ച ഒരു ചലച്ചിത്രത്തിന്റെ റെക്കോർഡും ഓട്ടോഗ്രാഫ് ചെയ്തു വാങ്ങണം എന്ന് മനസ്സിലുറപ്പിച്ചു . 1981 - ൽ H.M.V ഇറക്കിയ ' നിങ്ങൾ തിരഞ്ഞെടുത്ത ചലച്ചിത്ര ഗാനങ്ങൾ ' എന്ന എൽ . പി റെക്കോർഡും കൊണ്ടുപോയി.
അലക്സാണ്ടർ മാർത്തോമ്മാ വലിയ മെത്രാപ്പോലീത്ത സ്മാരക ഓഡിറ്റോറിയ ത്തിലാണ് പരിപാടി.വൈകിട്ട് 6 മണിക്കു തന്നെ ഇരിപ്പിടങ്ങൾ എല്ലാം നിറഞ്ഞു കവിഞ്ഞു . ജനം ഒഴുകിക്കൊണ്ടേയിരിക്കുന്നു ! ബാക്കിയുള്ള സ്ഥലങ്ങളിൽ വന്നവർ വന്നവർ നിൽപ്പായി. പ്രശസ്ത കീബോർഡ് വാദകൻ റാണയുടെ നേതൃത്വത്തിൽ തിരുവനന്തപുരത്തു നിന്നും എത്തിയ ഓർക്കസ്ട്രയാണ് പശ്ചാത്തലസംഗീതം ഒരുക്കുന്നത് . എസ്.ജാനകിക്കൊപ്പം കല്ലറഗോപനുൾപ്പെടെയുള്ള മറ്റു പ്രശസ്ത ഗായകരുമുണ്ട് .തന്റെ ഊഴമെത്തിയപ്പോൾ വേദിയിലെത്തിയ എസ് .ജാനകി തനിക്കു കടുത്ത ശ്വാസതടസ്സം ഉണ്ടെന്നും പാടാനാവില്ല എന്നും സദസ്യരോട് പറഞ്ഞു . ആ നിമിഷം ഓഡിറ്റോറിയം നിശ്ചലമായി .
മൊട്ടു സൂചി വീണാൽ കേൾക്കാവുന്ന നിശ്ശബ്ദത . കുട്ടികളടങ്ങുന്ന നിരവധി കുടുംബങ്ങളാണ് വന്നെത്തിയിരുന്നത് . ആ മുഖങ്ങളിലെ നൈരാശ്യവും പ്രയാസവും വാചാലമായ മൗനവും എസ് .ജാനകിയിലെ ഗായികയെ ഉണർത്തിയിരിക്കണം.ഏതാനും നിമിഷങ്ങൾക്ക് ശേഷം മൈക്ക് ചുണ്ടോടടുപ്പി ച്ചു റാണയെ ഒന്ന് നോക്കി . ചിരപരിചിതത്വം കൊണ്ടാവണം ആ കീബോർഡ് വാദകന്റെ വിരലുകൾ മിന്നൽ പോലെ ചലിച്ചു.1971 - മുതൽ മലയാളികളെ പുളകംകൊള്ളിച്ച, ഗാനമേളവേദികളിൽ പ്രകമ്പനം ഉണർത്തിയ സലിൽ ചൗധരിയുടെ ഗാനത്തിന്റെ ശ്രുതി സുഭഗമായ ആദ്യ കോർഡ് ശ്രവണങ്ങളിൽ വന്നു നിറഞ്ഞു.
'കാണാക്കുയിലേ, പാടു പാടൂ നീ ,കാടുകൾ പൂത്തു ' _______ . ഓഡിറ്റോറിയത്തിൽ നിന്നും കടലിരമ്പത്തിനു തുല്യമായ ഒരാരവം ഉയർന്നു . ആ വിരുത്തം കഴിഞ്ഞപ്പോൾ 'മഴവിൽക്കൊടിക്കാവടി അഴകു വിടർത്തിയ മാനത്തെ പൂങ്കാവെ ' എന്ന് തുടങ്ങുന്ന പല്ലവി പാടി. അത്യുച്ചത്തിലുള്ള കരഘോഷം ഉയർന്നെകിലും ഓർക്കസ്ട്ര ഗംഭീരമായി ഇടസംഗീതം വായിച്ചെങ്കിലും എസ് .ജാനകി പാട്ടവസാനിപ്പിച്ചു .
കേരളീയസമൂഹത്തെ ആ മറുനാടൻഗായിക എത്രമാത്രം സ്വാധീനിച്ചിരുന്നു എന്നതിന്റെ വലിയ ഉദാഹരണമായി മാറി ആ സംഗീതസന്ധ്യ .
അടുത്ത രംഗം കോട്ടയത്താണ് .
തിരുനക്കര മൈതാനത്തിനടുത്തു ഓട് പാകിയ ഉയരമുള്ള വിശാലമായ ഒരു കടയുണ്ട് . വളരെ പഴയ തടി ഫർണിച്ചർ ആണ് പ്രധാന വിൽപ്പന. ഹൈറേ.ഞ്ചിൽ നിന്നും കുട്ടനാട്ടിൽ നിന്നും വരുന്നവ. ആ കട നടത്തുന്നത് കർക്കശ മുഖഭാവങ്ങളുള്ള മോളി എന്ന സമ്പന്നയായ സ്ത്രീയാണ് .ഞാനവരെ ആന്റി എന്ന് വിളിച്ചു.
2017 ഓഗസ്റ്റിലെ ഒരു ദിവസം അവിടെയെത്തി കടക്കുള്ളിലേക്കു കയറിയപ്പോൾ അതിനു മുൻപൊരിക്കലും കാണാത്ത ഒരു കാഴ്ച .നീളമുള്ള ഒരു വീട്ടി കബോർഡിനു മുകളി ലായി ഏകദേശം മുപ്പതോളം വിനൈൽ റെക്കോർഡുകൾ അടുക്കി വെച്ചിരിക്കുന്നു .' എല്ലാം തമിഴൊക്കെയാണ് '. എന്റെ നോട്ടം ശ്രദ്ധിച്ച ആന്റിയുടെ സഹായി സണ്ണി പറഞ്ഞു. ആ ശേഖരത്തിൽ പരതിയപ്പോൾ സത്യമാണ്
തമിഴ് ഭക്തിഗാനങ്ങളാണ് .ഒരുഭാഗം നോക്കിക്കഴിഞ്ഞപ്പോൾ ഞാനൊന്നു ഞെട്ടി .അതാ ഇരിക്കുന്നു ' ഹിറ്റ്‌സ് ഓഫ് ജയച്ചന്ദ്രൻ ' എന്ന L. P റെക്കോർഡ് . ഉത്സാഹം കയറിയ ഞാൻ ക്രമമായി നോക്കി തുടങ്ങി .അവസാന ഭാഗമെത്തിയപ്പോൾ കണ്ട കാഴ്ച - ഒരുക്കി വച്ചിരുന്നത് പോലെ മറ്റൊരു മലയാളം റെക്കോർഡ് --'എസ് .ജാനകിയുടെ ശ്രവണ മധുര ഗാനങ്ങൾ '. രണ്ടും തുറന്നു പരി ശോധിച്ചു . മികച്ച നിലവാരമുണ്ട് .സൗന്ദര രാജന്റെ ഒരു തമിഴ് ഭക്തിഗാന റെക്കോർഡ് കൂടി എടുത്തു. ആന്റിയുമായി ഒരു ധാരണയിലെത്തി സ്വർഗം പിടിച്ചെടുത്ത സന്തോഷത്തിൽ അവിടെ നിന്നുമിറങ്ങി . മലയാളിയെ മോഹിപ്പിച്ച അതിമനോഹരമായ പത്തു ഗാനങ്ങൾ ആ റെക്കോർഡിലുണ്ട് .
1957 --ൽ 'വിധിയിൻ വിളയാട്ട് ' എന്ന തമിഴ് ചിത്രത്തിലെ 'എൻ ആസൈ ' എന്നാരംഭിക്കുന്ന ടി.ചലപതി റാവുവിന്റെ ഗാനം പാടിയാണ് എസ് .ജാനകി ചലച്ചിത്ര പിന്നണി ഗാനരംഗത്തെത്തുന്നത് . എസ്. ജാനകിക്ക് ഗുരുക്കന്മാരില്ല എന്ന പൊതുധാരണ ക്കു വിരുദ്ധമായി ഭൈരസ്വാമി എന്ന സംഗീതജ്ഞൻ ജാനകിയുടെ ബാല്യത്തിൽ ഗുരുനാഥൻ ആയിരുന്നു .അദ്ദേഹം ജാനകിക്കു പത്തു വയസ്സു ള്ളപ്പോൾ അന്തരിച്ചു .അതോടെ സംഗീത പഠനവും നിലച്ചു .പിന്നീട് എസ്.
ജാനകിയെക്കൊണ്ട് പാടിച്ച എല്ലാ സംഗീത സംവിധായകരും അവരുടെ ഗുരുക്കന്മാരായി എന്നതാണ് സത്യം. എങ്കിലും നമ്മുടെ ബാബുരാജാണ് ജാനകിയിലെ ഗായികയെ യഥാവിധി രൂപപ്പെടുത്തിയതും ജ്ഞാന സ്ഥയാക്കിയതും.അസാധ്യമായ മനോധർമ സിദ്ധിയും ജന്മനാ ലഭിച്ച ശബ്ദാനുകരണ പാടവവും എസ് .ജാനകിയെ വളരെ വേഗം ഉയരങ്ങളിലെത്തിച്ചു . പക്ഷേ അറുപതാണ്ടുകൾ നീണ്ട ആ സംഗീതയാത്ര തീർത്തും സുഗമവും സുഖകരവും തടസ്സങ്ങളില്ലാത്തതും ആയിരുന്നില്ല. ഓരോ ദശകത്തിലും പുതിയ പുതിയ ഗായികമാർ
അവർക്കു വെല്ലുവിളികൾ ഉയർത്തി. അറുപതുകളിൽ അതു പി.സുശീലയായിരു ന്നെങ്കിൽ
എഴുപതുകളിൽ അതു വാണി ജയറാമായി. എൺപതുകളിൽ കല്യാണി മേനോനും ലതികയും സുജാതയും ആയിരുന്നെങ്കിൽ തൊണ്ണൂറുകളിൽ ആ സ്ഥാനത്തു കെ. എസ് . ചിത്ര വന്നു.
ഒരു ഭാഷയിലവസരങ്ങൾ കുറയുകയോ മത്സരം കടുക്കുകയോ ചെയ്യുമ്പോൾ മറ്റൊരു ഭാഷയിലേക്കു ലാഘവത്തോടെ കൂട് വിട്ട് കൂട് മാറുന്നത് പോലെ എസ് .ജാനകി മാറി.
തദ്ഫലമായി തെന്നിന്ത്യ മുഴുവൻ ജാനകിക്കു ആരാധകരായി . എണ്ണമറ്റ സംഗീത സംവിധായകർ ജാനകിക്കു ഗാനങ്ങൾ നൽകിയെങ്കിലും അവരിൽ അഞ്ചുപേരുകൾ വേറിട്ട് നിൽക്കും. എം .എസ് . ബാബുരാജ്, സലിൽ ചൗധരി, ഇളയരാജ, ജോൺസൺ, വിദ്യാസാഗർ എന്നിവർ . ഈ ഭാഗം വിശദീകരിക്കേണ്ടതുണ്ട് .പക്ഷേ അതിന് ഈ ഇടം പോരാ .
മൈസൂരു കനിയനഹുണ്ഡിയിലെ കൃഷിയിടത്തിൽ ജാനകി അമ്മ ഉറങ്ങുന്നു. പക്ഷേ എസ് . ജാനകിയുടെ പാട്ടുകൾ ഉണർന്നിരിക്കുന്നു . അവ നമ്മെ തഴുകുന്നു തലോടുന്നു സാന്ത്വനിപ്പിക്കുന്നു സന്തോഷിപ്പിക്കുന്നു മോഹിപ്പിക്കുന്നു. പേരറിയാത്തൊരു അജ്ഞാതമായ നിർവൃതിയിൽ നാമലിഞ്ഞു പോകുന്നു.
അപാരസുന്ദര സംഗീതസാഗരതീരത്തു കാല്പ്പാദമെങ്കിലും നനയേണമെ എന്ന് പ്രാർത്ഥിച്ചു നിൽക്കുന്ന ഒരെളിയ സംഗീതോപാസകന്റെ സ്നേഹാഞ്ജലി .

No comments: