കലാനിലയം കൃഷ്ണൻ നായരുടെ 114 -ാം ജന്മവാർഷികം ഇന്ന് : പ്രശസ്ത മാധ്യമ പ്രവർത്തകൻ ബൈജു ചന്ദ്രൻ്റെ കുറിപ്പ് .




കലാനിലയം കൃഷ്ണൻ നായരുടെ 114 -ാം ജന്മവാർഷികം ഇന്ന് : പ്രശസ്ത മാധ്യമ പ്രവർത്തകൻ ബൈജു ചന്ദ്രൻ്റെ കുറിപ്പ് .



കേരളത്തിൻ്റെ ചരിത്രത്തിൽ  നാടകസംഘങ്ങളും നാടക പ്രവർത്തകരും ധാരാളമുണ്ട്.പത്രപ്രവർത്തനത്തിൻ്റെ ലോകത്താകട്ടെ, എണ്ണപ്പെട്ട എത്രയോ പത്രമാസികകൾ, പത്രാധിപന്മാർ, പത്രലേഖകർ....എന്നാൽ ഈ രണ്ടു മേഖലകളുടെയും കടന്നുപോയ നാൾ വഴികളിലെ അതികായരുടെ കൂട്ടത്തിൽ,എല്ലാ അർത്ഥത്തിലും വേറിട്ടു മാറി നിന്നിരുന്ന ഒരൊറ്റയൊരാൾ മാത്രമേ ഉണ്ടാകൂ.ആ അത്യപൂർവ്വ വ്യക്തിത്വത്തിൻ്റെ പേരാണ് കലാനിലയം കൃഷ്ണൻ നായർ. മലയാള നാടകവേദിയിൽ കലാനിലയം സ്ഥിരം നാടകവേദിയും പത്രപ്രവർത്തനരംഗത്ത് തനിനിറം ദിനപ്പത്രവും ധിക്കാരത്തോടെ ഇരിപ്പുറപ്പിച്ച ഇടത്തേക്ക്  മറ്റേതെങ്കിലുമൊരു  നാടകസംഘത്തിനോ വേറൊരു പത്രത്തിനോ കയറിച്ചെല്ലാൻ ഇന്നേവരെ കഴിഞ്ഞിട്ടില്ല.അതിൻ്റെ കാരണം, കലാനിലയം കൃഷ്ണൻ നായർ അല്ലെങ്കിൽ തനിനിറം കൃഷ്ണൻ നായർ എന്നൊക്കെ കേരളം വിളിച്ചിരുന്ന ഒരു വ്യക്തിയുടെ അസാമാന്യമായ വൈഭവം തന്നെയായിരുന്നു. കടുപ്പം അല്പം കൂടിപ്പോയ സവിശേഷമായ ഒരുതരം ചായക്കൂട്ടിൽ ചാലിച്ചു സൃഷ്ടിച്ച മനുഷ്യൻ എന്നുതന്നെ വിശേഷിപ്പിക്കണം അദ്ദേഹത്തെ.


  മലയാള നാടകവേദി പിച്ചവെച്ചു തുടങ്ങിയ 1920 കളിലാണ് തിരുവനന്തപുരത്തെ പാങ്ങോട്ടു കാരനായ കൃഷ്ണൻ കുട്ടി നായർ ബാലപ്പാർട്ട് കെട്ടിക്കൊണ്ട് അരങ്ങത്തേക്ക് പ്രവേശിക്കുന്നത്. എന്നാൽ ഒരു നടനാകാനല്ല, നാടകാവതരണത്തിൻ്റെയാകെ ചുക്കാൻ പിടിക്കുന്ന മേലാളും നടത്തിപ്പുകാരനാകാനുമെല്ലാമാകാനാണ് കൃഷ്ണൻ നായർ ഇഷ്‌ടപ്പെട്ടത്. നാടക സംഘാടകൻ എന്ന പരിമിതമായ റോളിലൊതുങ്ങിക്കൂടാതെ, നാടകസമിതിയുടെ സർവ്വാധികാരി യായ പ്രോപ്രൈറ്റർ ആയിത്തീരുക എന്ന കൃഷ്ണൻ നായരുടെ പരമമായ ലക്ഷ്യം ഒരു സംഗീതനാടകസഭ രൂപീകരിച്ചുകൊണ്ട് 1933 ൽ തന്നെ കൃഷ്ണൻ നായർ നേടിയെടുത്തു.


സമൂഹത്തിൽ നടമാടുന്ന കള്ളത്തരങ്ങളെയും  കപട മാന്യതയെയും  തുറന്നുകാട്ടാൻ വേണ്ടി 1952 ൽ തനിനിറം എന്ന പത്രം തുടങ്ങിയ കൃഷ്ണൻ നായർ, അടുത്തവർഷം അതേ ലക്ഷ്യത്തോടെ അതേപേരിൽത്തന്നെ ഒരു നാടകവും അവതരിപ്പിച്ചു.രാഷ്ട്രീയ നാടകങ്ങളും സാമൂഹ്യ നാടകങ്ങളും അരങ്ങുതകർക്കുന്ന കാലമായിരുന്നു അത്.ചരിത്ര നാടകങ്ങളോട് പുരോഗമന വാദികൾ മുഖം തിരിച്ചു നിന്നിരുന്ന ആ നാളുകളിൽ കൃഷ്ണൻ നായർ ഒരു സാഹസത്തിനു മുതിർന്നു. ഒരു ഇതിഹാസ പ്രണയകഥയായ ടാജ് മഹൽ അരങ്ങത്ത് കൊണ്ടുവന്നു.നാടകപ്രേമികളെയാകെ വശീകരിച്ച ആ നാടകത്തിനു പിന്നാലെ തിരുവിതാംകൂറിൻ്റെ ചരിത്രത്തിലെ അറിയപ്പെടാതെ പോയ ഒരേട് -- ഇളയിടത്ത് റാണി അവതരിപ്പിച്ചു.ഈ രണ്ടു നാടകങ്ങളും രചിച്ച ജഗതി എൻ കെ ആചാരി കലാനിലയത്തിനുവേണ്ടി തുടർച്ചയായി ചരിത്രകഥകൾ നാടകരൂപത്തിലേക്ക് പകർത്തി -- രാജാ ബിംബിസാരൻ, ഇരവിക്കുട്ടിപ്പിള്ള, നൂർജഹാൻ, ഇന്ദ്രജിത്, വെള്ളിക്കാസ, ബലി, മലബാർ ലഹള, വിശുദ്ധ റീത്ത, പഴശ്ശി രാജാ....ഓരോ നാടകവും അരങ്ങത്ത് വിജയക്കൊടി നാട്ടി.


കൽക്കട്ടയിൽ നാടകം അവതരിപ്പിക്കാൻ വേണ്ടി പോയപ്പോൾ കണ്ട Permanent Stage കേരളത്തിലും സാധ്യമാക്കണമെന്ന ദൃഢ നിശ്ചയത്തോടെ മടങ്ങിയെത്തിയ കൃഷ്ണൻ നായർ 1963 ൽ ആ സ്വപ്നവും സഫലീകരിച്ചു.1963 ജനുവരി മാസത്തിൽ തിരുവനന്തപുരത്ത് ഉദ്ഘാടനം ചെയ്യപ്പെട്ട കലാനിലയം സ്ഥിരം നാടകവേദി ആദ്യം അവതരിപ്പിച്ചത് ഒരു ഓപ്പറയാണ്.മഹാഭാരതത്തിലെ കർണ്ണൻ്റെ കഥയെ ഉപജീവിച്ച് കാവാലം നാരായണപ്പണിക്കർ  എഴുതിയ കുരുക്ഷേത്രം.വൈക്കം മണി, വി റ്റി അരവിന്ദാക്ഷ മേനോൻ, കലാമണ്ഡലം ഗംഗാധരൻ, ഡാൻസർ ചന്ദ്രശേഖരൻ, കണ്ടിയൂർ പരമേശ്വരൻ കുട്ടി,കൊടുങ്ങല്ലൂർ അമ്മിണിയമ്മ തുടങ്ങി ഒട്ടേറെ പ്രഗൽഭർ അഭിനയിച്ച നാടകത്തിൽ

സംഭാഷണങ്ങളുണ്ടായിരുന്നില്ല. അറുപത്തിമൂന്ന് അപൂർവരാഗങ്ങളിൽ ദക്ഷിണാ മൂർത്തി സ്വരപ്പെടുത്തി പി എം ഗംഗാധരനും സംഘവും പാടിയ കാവാലത്തിൻ്റെ ഈരടികളും അവയ്ക്കനുസരിച്ചുള്ള അഭിനേതാക്കളുടെ നൃത്തചലനങ്ങളുമായിരുന്നു കുരുക്ഷേത്രത്തിൻ്റെ പ്രത്യേകത. 


കലാനിലയത്തിലെ പ്രധാന അഭിനേതാക്കളിൽ ഒരാളും എഴുത്തുകാരനുമായ പാപ്പനം കോട് ലക്ഷ്മണൻ രചിച്ച് ദക്ഷിണാമൂർത്തി സംഗീതം പകർന്ന് ഗംഗാധരനും സംഘവും ആലപിച്ച " സൽക്കലാ ദേവി തൻ ചിത്രഗോപുരങ്ങളേ " എന്ന അവതരണ ഗാനം  പ്രേക്ഷകരെ കലാനിലയം ഒരുക്കുന്ന മായികലോകത്തിലേക്ക് കൂട്ടിക്കൊണ്ടുപോകുന്ന മാന്ത്രികസ്വര ധാരയാണ്. ആ ഗാനം ഉയരുന്നതിനോടൊപ്പം അരങ്ങത്തെ ചിത്രപ്പണികളോടുകൂടിയ കവാടം ഇരുവശങ്ങളിലേക്കും മെല്ലെ മെല്ലെ നീങ്ങിമാറുന്നതും കുന്തിരിക്കത്തിൻ്റെ പുകയും ഗന്ധവും കൊട്ടകയിലാകെ  പ്രസരിക്കുന്നതും തുടർന്ന് അതിവിശാലമായ മൈതാനം പോലെ പരന്നു കിടക്കുന്ന സ്റ്റേജിൽ, ഞൊടിയിട കൊണ്ടു മാറുന്ന സെറ്റിംഗുകൾക്കു മുന്നിൽ അത്ഭുതക്കാഴ്ചകൾ ഓരോന്നായി അരങ്ങേറുന്നതുമെല്ലാം ആറുപതിറ്റാണ്ടുകൾക്ക് മുമ്പാണ് മലയാളി പ്രേക്ഷകർക്ക് ആദ്യമായി അനുഭവ വേദ്യമാകുന്നത്.


   ഐതിഹ്യമാലയിൽ നിന്ന് ജഗതി മെനഞ്ഞെടുത്ത കായംകുളം കൊച്ചുണ്ണി എന്ന തസ്‌കരവീരൻ്റെ കഥ, കടമറ്റത്ത് കത്തനാർ എന്ന വൈദിക മാന്ത്രികൻ്റെ കഥ....1960 കളിൽ കലാനിലയം  അവതരിപ്പിച്ച ഈ രണ്ടു നാടകങ്ങളും  പ്രേക്ഷകലക്ഷങ്ങളെയാണ് കാന്താശക്തിയോടെ ആകർഷിച്ചത്.അതിനു പിന്നാലെ ശ്രീഗുരുവായൂരപ്പനും കൈകേയിയും മേരി മഗ്ദലനയുമൊക്കെ സിനിമയെ വെല്ലുന്ന അതിശയക്കാഴ്ചകളുമായി പ്രേക്ഷകർക്ക് മുൻപിലെത്തി.


    1973 ൽ അവതരിപ്പിക്കാൻ തുടങ്ങിയ  കലാനിലയത്തിൻ്റെ എക്കാലത്തെയും സൂപ്പർ ഹിറ്റ് നാടകമായ രക്തരക്ഷസ്സ്  മറ്റു നാടകസംഘങ്ങൾക്കല്ല സിനിമയ്ക്കാണ് യഥാർത്ഥത്തിൽ വെല്ലുവിളി ഉയർത്തിയത്. കൊട്ടാരവും കോട്ട കൊത്തളങ്ങളും  ഘോരവനവും  അലറിപ്പാഞ്ഞടുക്കുന്ന സമുദ്രത്തിരമാലകളുമൊക്കെ നിമിഷാർദ്ധങ്ങളിൽ മാറിമറിഞ്ഞു കൊണ്ട് സ്റ്റേജിൽ അത്ഭുതങ്ങൾ വിരിയിച്ച കലാനിലയത്തിന്റെ ചരിത്രത്തിലെ മറ്റൊരു നാഴികക്കല്ലായി മാറി രക്തരക്ഷസ്സ്.


സുന്ദരിയായ യുവതി രക്ത ദാഹിയായ ഭീകര രൂപീണിയായി മാറുന്ന കാഴ്ച കണ്ട് പ്രേക്ഷകർ അക്ഷരാർത്ഥത്തിൽ തന്നെ ഭയന്നു വിറങ്ങലിച്ചു. ചിലർ വാവിട്ടു നിലവിളിക്കുകയും മറ്റു ചിലർ ബോധരഹിതരാകുകയും ചെയ്ത സംഭവങ്ങളുണ്ടായി."ഗർഭിണികളും കുട്ടികളും ഒരു കാരണവശാലും നാടകം കാണരുത് " എന്ന് നാടകത്തിന്റെ പോസ്റ്ററിലൂടെ മുന്നറിയിപ്പ് കൊടുത്തതും തീയേറ്ററിന്റെ പ്രവേശന കവാടത്തിൽ  "ഗർഭിണികൾക്കും കുട്ടികൾക്കും പ്രവേശനമില്ല" എന്നെഴുതി വെച്ചതും നാടകം കാണികളിൽ സൃഷ്ടിച്ച ഈ പ്രതികരണങ്ങൾ കണക്കിലെടുത്താണ്. എന്നാൽ കൂറ്റൻ ജെറ്റുവിമാനം വന്നിറങ്ങുന്നതും ഇമ്പാലാ കാർ ചീറിപ്പാഞ്ഞു പോകുന്നതും കൊമ്പനാന തറവാട്ടു മുറ്റത്ത് തലയാട്ടി നിൽക്കുന്നതും ഒറ്റ നിമിഷം കൊണ്ട് അതിസുന്ദരിയായ യുവതി ഘോരാപിശാചായി  രൂപം മാറുന്നതുമായ വിസ്മയങ്ങൾ  അരങ്ങത്തു സംഭവിക്കുന്നത് കണ്ട് അത്ഭുതസ്ധബ്തരായ ജനങ്ങൾ കലാനിലയം ഡ്രാമാസ്കോപ്പിന്റെ അതിവിശാലമായ തീയേറ്ററിലേക്ക് ഇടതടവില്ലാതെ പ്രവഹിക്കുകയായിരുന്നു.നീണ്ട ഒരു വർഷത്തിലേറെ ക്കാലം

 ഒരൊറ്റ സ്ഥലത്ത് ഒരേ നാടകം തന്നെ പ്രതിദിനം ഒന്നിലേറെ ഷോകൾ അരങ്ങേറുന്ന അത്യപൂർവമായ സംഭവം ലോകനാടക ചരിത്രത്തിൽ തന്നെ ആദ്യമായിരുന്നു.


നാടകരംഗത്ത് കീർത്തിയും  പ്രശസ്തിയുമാണ് കലാനിലയം കൃഷ്ണൻ നായരെ തേടിയെത്തിയതെങ്കിൽ, പത്രാധിപരെന്ന നിലയിൽ അദ്ദേഹത്തിനുണ്ടായിരുന്നത് മറ്റൊരു ഇമേജായിരുന്നു.തനിനിറം പത്രത്തിൻ്റെ ഓരോ പേജും ആസിഡിൽ മുക്കിയെഴുതിയ വാർത്തകളും റിപ്പോർട്ടുകളും കാർട്ടൂണുകളുമൊക്കെ കൊണ്ടു നിറഞ്ഞുനിന്നു. തനിനിറത്തിൻ്റെ കൂരമ്പുകൾ ഏൽക്കാത്ത ആരുമുണ്ടായിരുന്നില്ല. മറിയക്കുട്ടി കൊലക്കേസും ജഡ്ജിയുടെ വയസ്സു തിരുത്തലുമുൾപ്പെടെ തനിനിറം വെളിച്ചത്തുകൊണ്ടുവന്ന പ്രമാദ സംഭവങ്ങൾ പലതുമുണ്ട്.നിയമസഭാ തലത്തിൽ ഒരുക്കിയ പ്രത്യേക പ്രതിക്കൂട്ടിൽ നിന്നുകൊണ്ട്, സഭയുടെ ശാസന ഏറ്റുവാങ്ങേണ്ടി വന്ന ഏക പത്രാധിപർ കലാനിലയം കൃഷ്ണൻ നായരാണ്.എന്നിട്ടും തനിനിറം രൂക്ഷമായ വിമർശനം അവസാനിപ്പിച്ചില്ല. പത്രാധിപരുടെ ഉറ്റബന്ധത്തിൽപ്പെട്ടവർ പോലും അതിൽ നിന്നൊട്ട് ഒഴിവായതുമില്ല.


പൂർണ്ണമായും അരങ്ങത്ത് ചിത്രീകരിച്ച ഇന്ദുലേഖ എന്ന സിനിമ നിർമ്മിച്ചുകൊണ്ട് 1966 ൽ ചലച്ചിത്ര രംഗത്ത് പ്രവേശിച്ച കൃഷ്ണൻ നായർ പീന്നീട് നീലസാരി തുടങ്ങിയ ചില ചിത്രങ്ങൾ കൂടി നിർമ്മിച്ചു.ഐ വി ശശി എന്ന സംവിധായകൻ്റെ രംഗപ്രവേശമൊരുക്കിയ ഉത്സവം പ്രേക്ഷകരുടെ മുമ്പാകെ എത്തിച്ചതും കൃഷ്ണൻ നായരാണ്.


കലാനിലയം കൃഷ്ണൻ നായർ ഓർമ്മയായിട്ട് നാൽപ്പത്തിയഞ്ച് വർഷങ്ങളാകുന്നു. പാശ്ചാത്യ രാജ്യങ്ങളിലേതുപോലെയുള്ള ഒരു റിവോൾവിംഗ് സ്റ്റേജ് എന്ന ആഗ്രഹം സഫലീകരിക്കാതെയാണ് അദ്ദേഹം വിടപറഞ്ഞുപോയത്. കലാനിലയത്തിൻ്റെ ആദ്യനാളുകൾ തൊട്ട്,നാടക സംഘത്തിലെ അനുഗ്രഹ സാന്നിദ്ധ്യമായിരുന്ന കൊടുങ്ങല്ലൂർ അമ്മിണി യമ്മയായിരുന്നു അദ്ദേഹത്തിൻ്റെ പ്രിയപത്‌നി.


കലാനിലയത്തിൻ്റെ അരങ്ങത്ത് പ്രത്യക്ഷപ്പെട്ട പ്രമുഖർ ഏറെയാണ് -- അക്ബർ ശങ്കരപ്പിള്ള,വൈക്കം മണി, വി റ്റി 

അരവിന്ദാക്ഷ മേനോൻ, കണ്ടിയൂർ പരമേശ്വരൻ കുട്ടി, എസ് ജെ ദേവ്, കോട്ടയം ചെല്ലപ്പൻ, മണവാളൻ ജോസഫ്,വൈക്കം സുകുമാരൻ നായർ, സി ഐ പോൾ, കൊല്ലം ശങ്കർ, സെബാസ്റ്റ്യൻ ജോസഫ്, എൻ കെ ആചാരി,ഹരിപ്പാട് തങ്കപ്പൻ, വാമനപുരം രവി, മാവേലിക്കര എൻ പൊന്നമ്മ, എൽ പൊന്നമ്മ, അമ്പലപ്പുഴ മീനാക്ഷി,മീന, ജോളി, ഖദീജ, മാവേലിക്കര രാജമ്മ,ഓമന.... ഇങ്ങനെ എത്രയെത്ര പ്രഗത്ഭ അഭിനേതാക്കൾ.


2003 ൽ കലാനിലയം കൃഷ്ണൻ നായരുടെ പുത്രൻ അനന്തപത്മനാഭൻ്റെ കലാനിലയത്തിന് പുതുജീവനേകി. നവയുഗത്തിൽ സർ സോഹൻ റോയുടെ ഏരീസ് കമ്പനിയുമായി ചേർന്ന് ഏരീസ് കലാനിലയത്തിൻ്റെ നേതൃത്വത്തിൽ കലാനിലയം ഇന്ന് മലയാള നാടകരംഗത്തെ ശക്തമായ സാന്നിദ്ധ്യമാണ്. ഏരീസ് കലാനിലയം അവതരിപ്പിക്കുന്ന രക്തരക്ഷസ് എന്ന നാടകം കാണാൻ ഇന്നെത്തുന്നവരിൽ ഭൂരിഭാഗവും പുതിയ തലമുറയിൽ പ്പെട്ടവരാണ്.ഏറ്റവും പുതിയ സാങ്കേതിക വിദ്യയുടെ സഹായത്തോടെ അരങ്ങത്ത് വിരിയിക്കുന്ന വിസ്മയങ്ങൾ -- ഞൊടിയിടയിൽ മാറി മറയുന്ന സെറ്റിങ്ങുകൾ, വിമാനവും കാറും കൊമ്പനാനയും കൊടുങ്കാടും വെള്ളച്ചാട്ടവും ബഹുനില മന്ദിരവും മനോഹരമായ ഉദ്യാനവും , പിന്നെ കാണികളുടെ ചോര തണുത്തുറഞ്ഞു പോകുന്ന വിധത്തിൽ നിമിഷനേരം കൊണ്ട് പ്രത്യക്ഷപ്പെടുന്ന അതി ഭീകരരൂപിണിയായ രക്ഷസിന്റെ രംഗപ്രവേശവും -- പ്രേക്ഷകരെ കോരിത്തരിപ്പിക്കുന്ന പുതിയ പുതിയ  ദൃശ്യാനുഭവങ്ങളാണ് സമ്മാനിക്കുന്നത്. എന്നാൽ ഇതിനൊക്കെ അപ്പുറത്ത്‌, കാണികളെ പിടിച്ചിരുത്തുന്ന,കണ്ണീരും പൊട്ടിച്ചിരിയും ആകാംക്ഷയും ഭീതിയുമുൾപ്പെടെയുള്ള വൈവിദ്ധ്യമാർന്ന വൈകാരികാനുഭവങ്ങൾ പകരുന്ന നാടകീയ മുഹൂർത്തങ്ങളും ശക്തരായ കഥാപാത്രങ്ങളും,ആ വേഷങ്ങളിൽ പകർന്നാടുന്ന മികവുറ്റ അഭിനേതാക്കളും ഈ നാടകത്തെ ജനപ്രീതിയുടെ ഉയരങ്ങളിൽ കൊണ്ടെത്തിക്കുന്നു.


സാഹസികമായ സംരംഭങ്ങൾ ഏറ്റെടുക്കുന്ന ആർക്കും പ്രചോദനം പകരുന്ന ഒന്നാണ് കലാനിലയത്തിൻ്റെയും അതിൻ്റെ അസാധാരണനായ ശിൽപ്പിയുടെയും കഥ. ലെജൻ്ററി എന്നു തന്നെ വിശേഷിപ്പിക്കേണ്ട ഇതുപോലെയുള്ള വ്യക്തിത്വങ്ങളെ ക്കുറിച്ച് പുതിയ തലമുറയ്ക്ക് പറഞ്ഞുകൊടുക്കാനുള്ള ബാധ്യത നമുക്കുണ്ട് എന്നോർമ്മിപ്പിക്കാൻ കൂടിയാണ് ഈ കുറിപ്പ്.

No comments:

Powered by Blogger.