"ആദം ജോണിലൂടെ" ജിനു വി.ഏബ്രഹാം


മാസ്റ്റേഴ്സ്, ലണ്ടന്‍ ബ്രിഡ്ജ് എന്നീ ചിത്രങ്ങളുടെ തിരക്കഥയ്ക്കു ശേഷം  ആദ്യമായി ജിനു വി.ഏബ്രഹാം സംവിധായകനാകുന്നു ആദം ജോണിലൂടെ. സംവിധാനം ചെയ്ത ആദ്യ ചിത്രം വന്‍വിജയമായതിന്‍റെ സന്തോഷത്തിലാണ് ജിനു.

സംവിധാനം ചെയ്ത ആദ്യ ചിത്രം തന്നെ വിജയമായതിന്‍റെ സന്തോഷം എങ്ങനെ പങ്കുവെയ്ക്കുന്നു? 

.. നേരുപറഞ്ഞാല്‍ പലപ്പോഴും സന്തോഷം മറച്ചുവെയ്ക്കാന്‍ പാടുപെടുന്ന സന്ദര്‍ഭങ്ങളിലൂടെയാണ് ഇപ്പോള്‍ കടന്നു പൊയ്ക്കൊണ്ടിരിക്കുന്നത്. ഞാന്‍ പൊതുവെ  വലിയ സന്തോഷ പ്രകടനങ്ങള്‍ പുറത്തുകാണിക്കാത്ത ആളാണ്. എന്നാല്‍ ആദത്തിന്‍റെ വിജയവും പ്രേക്ഷകരുടെ പ്രതികരണവും സഹപ്രവര്‍ത്തകരുടെ ആശംസകളുമൊക്കെ വലിയ ആഹ്ലാദം തരുന്നവയാണ്. 

സിനിമയിലേക്കുള്ള കടന്നുവരവ്? 

കോളേജ് കാലഘട്ടത്തില്‍ത്തന്നെ തിരിക്കഥാകൃത്തും സംവിധായകനും ആകാനുള്ള മോഹം എന്നില്‍ രൂപപ്പെടുകയുണ്ടായി. വലിയ പ്രയാസം നിറഞ്ഞ എന്‍ഡ്രിയൊന്നുമായിരുന്നില്ല എനിക്ക് സിനിമയിലേക്ക്. പി.ജി. കാലയളവില്‍ തന്നെ മധു മുട്ടം എന്ന തിരക്കഥാകൃത്തിനോടൊപ്പം സ്ക്രിപ്റ്റ് അസിസ്റ്റന്‍റായി അവസരം ലഭിച്ചിരുന്നു. അധികം താമസിക്കാതെ തന്നെ എന്‍റെ ആദ്യ ചിത്രത്തിന് തിരക്കഥ എഴുതി. ജോണി ആന്‍റണി സംവിധാനം ചെയ്ത മാസ്റ്റേഴ്സ് ആ ചിത്രത്തില്‍ സഹസംവിധായകനായും പ്രവര്‍ത്തിച്ചും. തുടര്‍ന്ന് അനില്‍ സി.മേനോന്‍ സംവിധാനം ചെയ്ത ലണ്ടണ്‍ ബ്രിഡ്ജിന് തിരക്കഥ എഴുതി. ഇപ്പോള്‍ ആദം ജോണില്‍ എത്തി നില്‍ക്കുന്നു. 

സാത്താന്‍ സേവ പോലുള്ള ഒരു വിഷയം സിനിമയുടെ പശ്ചാത്തലം ആകുവാനുള്ള കാരണം?

ഇതൊരു ത്രില്ലര്‍ കാറ്റഗറിയില്‍ വരുന്ന ഫിക്ഷനാണ്. മനഃപൂര്‍വ്വമായി ഉള്‍പ്പെടുത്തിയതൊന്നുമല്ല. സിനിമയ്ക്ക് ആവശ്യമായതിനാല്‍ തന്നെ സാത്താന്‍ ആരാധനയെപ്പറ്റിയും അതിനു പിന്നില്‍ നടക്കുന്ന കുറ്റകൃത്ത്യങ്ങളെപ്പറ്റിയുമെല്ലാം കാര്യമായിതന്നെ പഠിക്കുകയുണ്ടായി. അവരുടെ ബൈബിള്‍ അതായത് സാത്താന്‍ ബൈബിള്‍ വായിച്ചു. സാത്താന്‍ വര്‍ഷിപ്പുകളെപ്പറ്റി പഠിച്ചു. ഈ കാലഘട്ടത്തില്‍ ഇത്തരം തെറ്റായ പ്രവണതകള്‍ പലരേയും ഇരയാക്കുന്നുണ്ട് എന്നുള്ളത് മറ്റൊരു വാസ്തവം. 

സ്കോട്ട്ലാന്‍റ് പോലുള്ള ഒരു രാജ്യത്ത് 90 ശതമാനവും ചിത്രീകരിച്ചു. വെല്ലുവിളികള്‍ എന്തൊക്കെയായിരുന്നു?

ഒട്ടും സിനിമാ ഫ്രെണ്ട്ലി ആയ നാടായിരുന്നില്ല സ്കോര്‍ട്ട്ലാന്‍റ്. പക്ഷെ സിനിമയുടെ പശ്ചാത്തലത്തിന് വളരെ അനിവാര്യമായിരുന്നു ആ രാജ്യം. ഫ്രേയിമുകളുടെ ഭംഗിക്കോ ലുക്കിനോ വേണ്ടി മാത്രമായിരുന്നില്ല. സ്വാഭാവികമായും മറ്റൊരു രാജ്യത്തിന്‍റെ നിയമങ്ങളും കാലാവസ്ഥയുമൊക്കെ നമ്മുക്ക് പെട്ടെന്ന് പരിചിതമാവുകയില്ല. അതിന്‍റേതായ ബുദ്ധിമുട്ടുകള്‍ ഉണ്ടായിരുന്നെങ്കിലും സുഹൃത്തുകളുടെ ഇടപെടലുകള്‍ കൊണ്ട് എല്ലാം വളരെ സുഖകരമായി പോയി. 

ചെയ്ത മൂന്നു ചിത്രങ്ങളിലും നായകന്‍ പ്രിഥിരാജ്. പ്രിഥിരാജിന്‍റെ പിന്‍തുണ?

തിരക്കഥയെഴുതിയ ആദ്യചിത്രമായ മാസ്റ്റേഴ്സ് മുതലുള്ള സൗഹൃദമാണ് പ്രിഥിയുമായിട്ട്. ശരിക്കും പ്രഥി നല്‍കിയിട്ടുള്ള പിന്‍തുണ വളരെ വലുതാണ്. ധൈര്യമായി മുന്‍പോട്ടു പൊയ്ക്കോളു എന്നെനിക്ക് ധൈര്യം തന്നത് അദ്ദേഹമാണ്. ഇതിനെല്ലാം ഉപരി ഒരു നടനെന്ന് നിലയില്‍ എന്നെ വളരെയധികം വിസ്മയിപ്പിച്ച വ്യക്തിയാണ്. ഒരു സബ്ജെക്റ്റ് സെലക്റ്റ് ചെയ്യുന്നതുമുതല്‍ സിനിമയിലെ എല്ലാ മേഖലയിലും വളരെ സജീവമായി ഇടപെടുകയും കൈതാങ്ങലുകള്‍ നല്‍കുകയും ചെയ്യും. വളരെ ഫ്രെണ്ട്ലി. 

പഠനകാലവും നാട്ടിലെ ജീവിതവുമൊക്കെ?

 എന്‍റെ പിതാവ് മാതാവ് ഭാര്യ കുട്ടികള്‍ എന്നിവര്‍ അടങ്ങിയ ഒരു കുടുംബമാണ് എന്‍റേത്. പത്തനംതിട്ടയിലെ സ്കൂളും കോളേജുകളുമായി പഠനങ്ങള്‍ പൂര്‍ത്തീകരിച്ചു. ആ സമയത്തും ചെറുകഥകളും മറ്റുമൊക്കെ എഴുതുകയും ധാരാളം വായിക്കുകയും സിനിമകള്‍ കാണുകയും ഒക്കെ ചെയ്യാനായിരുന്നു  കൂടുതല്‍ സമയവും ചെലവഴിച്ചിരുന്നത്. പത്തനംതിട്ടയെ സംബന്ധിച്ച് പറയുമ്പോള്‍ ഒരുപാട് പ്രത്യേകതകള്‍ ഉള്ള നാടാണ്. ശബരിമലയും, മാരാമണ്‍ കണ്‍വന്‍ഷനും, കടമ്മനിട്ട പടയണിയുമൊക്കെയായി നിരവധി സംഭവങ്ങള്‍. എല്ലാത്തിലും ഉപരി നല്ല ശുദ്ധവായി ലഭിക്കുന്ന സ്ഥലം. ഒരുപാട് പത്തനംതിട്ടക്കാര്‍ സിനിമയില്‍ ഉണ്ടെങ്കിലും വലിയ സിനിമാ സംസ്കാരമൊന്നും പത്തനംതിട്ടയ്ക്ക് അവകാശമായി ഇല്ല. സിനിമാ മോഹവുമായി നടക്കുന്നവര്‍ ഇന്നും ഇവിരെ വേറിട്ട മുഖങ്ങളാണ്

മലയാള താരങ്ങളും വിദേശ താരങ്ങളും ഒരുപോലെ തകര്‍ത്ത് അഭിനയിച്ചിരിക്കുന്ന ആദം ജോണില്‍?

മലയാള താരങ്ങളെയെല്ലാം നേരത്തെ തന്നെ നിശ്ചയിച്ച് ഉറപ്പിച്ചിരുന്നു. പ്രിഥിയുടെ മകളായി അഭിനയിച്ച അബിദാ ഹുസൈന്‍ എന്ന പെണ്‍കുട്ടി അക്ഷയ്കുമാറിനൊപ്പം എയര്‍ ലിഫ്റ്റ് എന്ന ബോളിവുഡ് ചിത്രത്തില്‍ അഭിനയിച്ച കുട്ടിയാണ്. കാസ്റ്റിംഗ് ഏജന്‍സിയുടെ സഹായത്തോടെയാണ് സ്കോട്ട്ലാന്‍റില്‍ നിന്നും നിരവധി നടീ നടന്മാരെ തിരഞ്ഞെടുത്തത്. ഏറ്റവും പ്രധാനമായി ചിത്രത്തിന്‍റെ ക്ലൈമാക്സ് രംഗങ്ങളില്‍ പ്രത്യക്ഷപ്പെട്ട പ്രധാന കഥാപാത്രം മാര്‍ക് വില്യം എന്ന ഹോളിവുഡ് നടനാണ്. പിന്നെ ഇതില്‍ പ്രിഥിയുടെ ജോഡിയായി അഭിനയിച്ച മിഷ്ടി ചക്രവര്‍ത്തി യും നിരവധി ബോളിവുഡ് ചിത്രങ്ങളില്‍ അഭിനയിച്ച നടിയാണ്. 

കൊച്ചിയില്‍ ആക്രമിക്കപ്പെട്ട നടി സംഭവത്തിനുശേഷം ആദ്യമായി അഭിനയിച്ചത് ആദം ജോണിലായിരുന്നു. ഈ ചിത്രത്തിന്‍റെ സെറ്റ് അവര്‍ക്ക് എത്രത്തോളം ആശ്വാസകരമായിരുന്നു?

പതിനഞ്ചോളം വര്‍ഷം എക്സ്പീര്യന്‍സുള്ള ടാലന്‍റഡ് ആയ ഒരു നടിയാണ്. ഈ ചിത്രത്തിന്‍റെ ആലോചനയില്‍ തന്നെ എന്‍റെ മനസ്സില്‍ ആദ്യം ഓടിയെത്തിയ കഥാപാത്രങ്ങളില്‍ ഒന്ന് അവരുടേതായിരുന്നു. അവര്‍ തന്നെ അത് ചെയ്യണമെന്ന് എനിക്ക് നിര്‍ബന്ധമുണ്ടായിരുന്നു. സംഭവശേഷം 10 ദിവസങ്ങളോളം കഴിഞ്ഞാണ് അവര്‍ സെറ്റില്‍ എത്തിയതും അഭിനയിച്ചു തുടങ്ങിയതും. ഞാന്‍ അടങ്ങിയ എല്ലാ ക്രു മെമ്പേഴ്സും സാധാര ഉള്ളതുപോലെ തന്നെയാണ് അവരോട് പെരുമാറിയത്. കാരണം അവര്‍ വളരെ ദൃഢനിശ്ചയമുള്ള ഉറച്ച മനസ്സുള്ള വളരെ എലൈവ് ആയ ഒരു സ്ത്രീ ആണ്. സംഭവത്തെതുടന്നുണ്ടായ അവരുടെ മാനസിക സംഘര്‍ഷങ്ങളൊന്നും ഒരു വേളയില്‍ പോലും ഷൂട്ടിംഗിനെ ദോഷകരമായി ബാധിച്ചിട്ടില്ല. അവര്‍ അതിന് പ്രത്യേകം ശ്രദ്ധിച്ചിരുന്നു എന്നാണ് സത്യം. 

ഇത്രയും  മികച്ചൊരു ചിത്രം എടുക്കാന്‍ സാധിച്ചതില്‍ ആരോടൊക്കെ കടപ്പെട്ടിരിക്കുന്നു.

ഈ ചിത്രം ഒരു വിജയമാക്കുവാന്‍ സപ്പോര്‍ട്ട് ചെയ്ത ഒരുപാട് വ്യക്തികളുണ്ട്. ഇതിലെ എല്ലാ ക്രു മേമ്പേഴ്സും പ്രത്യേകിച്ച ക്യാമറാമന്‍ ജിത്തു ദാമോദര്‍, നിര്‍മ്മാതാക്കള്‍, ലൈന്‍ പ്രൊഡ്യൂസര്‍ ഷൈന്‍ എന്നിവര്‍. പിന്നെ ചെറുപ്പം മുതലെ എന്നെ സിനിമാ സ്വപ്നങ്ങളെ പരിപോഷിപ്പിച്ച എന്‍റെ മാതാപിതാക്കള്‍, എനിക്ക് ഗുരുതുല്യരായ മധു മുട്ടം, ജോണി ആന്‍റണി എന്നിവര്‍. അങ്ങനെ ഒരുപാട് പേര്‍.

ജിതിൻ ജോർജ് മാത്യു 

No comments:

Powered by Blogger.