ദുൽഖർ സൽമാൻ - ടിനു പാപ്പച്ചൻ ചിത്രത്തിന് മാറ്റമില്ല. ആസിഫ് അലി നായകനാകുന്നുവെന്ന രീതിയിൽ പ്രചരിക്കുന്നത് വ്യാജ വാർത്തയെന്ന് അണിയറ പ്രവർത്തകർ.


 

ദുൽഖർ സൽമാൻ - ടിനു പാപ്പച്ചൻ ചിത്രത്തിന് മാറ്റമില്ല. ആസിഫ് അലി നായകനാകുന്നുവെന്ന രീതിയിൽ പ്രചരിക്കുന്നത് വ്യാജ വാർത്തയെന്ന് അണിയറ പ്രവർത്തകർ.


സൂപ്പർ സ്റ്റാർ ദുൽഖർ സൽമാനും ശ്രദ്ധേയ ആക്ഷൻചിത്രങ്ങളുടെ സംവിധായകൻ ടിനു പാപ്പച്ചനും ഒരുമിക്കുന്ന ബിഗ് ബജറ്റ് ചിത്രം അണിയറയിൽ ഒരുങ്ങുന്നതായി അടുത്തിടെ വാർത്തകള്‍ പുറത്തുവന്നിരുന്നു. ദുൽഖർ സൽമാന്‍റെ ഉടമസ്ഥതയിലുള്ള വേഫേറെർ ഫിലിംസാണ് ആക്ഷൻ മാസ് എന്‍റര്‍ടെയ്നറായി ഒരുക്കുന്ന ഈ ചിത്രം പ്രഖ്യാപിച്ചിരുന്നത്. സിനിമയുടെ ഷൂട്ടിംഗ് അടുത്തവർഷം ആരംഭിക്കാനിരിക്കുകയുമാണ്. എന്നാൽ ചിത്രത്തിൽ ദുൽഖറിന് പകരം ആസിഫ് അലി നായകനാകും എന്ന രീതിയിൽ ഇപ്പോൾ സോഷ്യൽമീഡിയയിൽ വാർത്തകള്‍ പ്രചരിക്കുന്നുണ്ട്. ഇത് തീർത്തും വ്യാജവാർത്തയാണെന്നും ദുൽഖർ സൽമാൻ തന്നെയായിരിക്കും സിനിമയിലെ നായകൻ എന്നും സിനിമയുടെ അണിയറപ്രവർത്തകര്‍ ഇപ്പോള്‍ അറിയിച്ചിരിക്കുകയാണ്. 


ടിനു പാപ്പച്ചനുംദുൽഖറിനോടൊപ്പമുള്ള ചിത്രം സഹിതം പങ്കുവെച്ചുകൊണ്ട് തന്‍റെ പുതിയ ചിത്രത്തെക്കുറിച്ച്  സോഷ്യൽമീഡിയയിൽ ഒരു കുറിപ്പ് സിനിമയുടെ പ്രഖ്യാപന വേളയിൽ പങ്കുവെച്ചിട്ടുമുണ്ടായിരുന്നു. 'ദുൽഖർ സൽമാനുമൊത്തുള്ള എന്‍റെ സിനിമയെ കുറിച്ച് ഏറെ ആവേശത്തോടെപങ്കുവയ്ക്കുകയാണ്. 


വേഫെയറർ ഫിലിംസാണ് നിർമ്മാണം. അവിസ്മരണീയമായ ഒരു യാത്രയ്ക്കായി ഒരുങ്ങിക്കോളൂ', എന്നാണ് ടിനു സിനിമയുടെ പ്രഖ്യാപനത്തെ കുറിച്ച് അറിയിച്ചിരുന്നത്. സിനിമയുടെ സംഗീതം, ഛായാഗ്രഹണം വിഭാഗങ്ങൾ യഥാക്രമം ജസ്റ്റിൻ വര്‍ഗ്ഗീസും ജിന്‍റോ ജോര്‍ജ്ജുമാണ് നിർവ്വഹിക്കുന്നത്. സിനിമയിലെ മറ്റ് താരങ്ങളെ കുറിച്ചോ മറ്റൊരു വിവരങ്ങളോ ഇതുവരെ പുറത്തുവിട്ടിട്ടുമില്ല. 


ദുൽഖർ സൽമാൻ നായകനാകുന്ന 'കിംഗ് ഓഫ് കൊത്ത' ഓണം റിലീസിനായി ഒരുങ്ങുകയാണ്. സംവിധായകൻ ജോഷിയുടെ മകൻ അഭിലാഷ് ജോഷി ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് 'കിങ് ഓഫ് കൊത്ത'. ടിനു പാപ്പച്ചൻ ഒരുക്കിയ 'ചാവേർ' എന്ന കുഞ്ചാക്കോ ബോബൻ ചിത്രവും ഉടൻ റിലീസിന് ഒരുങ്ങുകയുമാണ്. 


മേക്കിംഗിലും പ്രമേയത്തിലും ഒട്ടേറെ പുതുമകളുമായെത്തി പ്രേക്ഷകർ ഏറ്റെടുത്ത 'സ്വാതന്ത്ര്യം അര്‍ദ്ധരാത്രിയിൽ', തിയേറ്റർ മുഴുവനും പ്രേക്ഷകമനസ്സും പൂരപ്പറമ്പാക്കിയ 'അജഗജാന്തരം' എന്നീ സൂപ്പർഹിറ്റുകള്‍ക്ക് ശേഷം ടിനു പാപ്പച്ചൻ സംവിധാനം ചെയ്യുന്ന സിനിമയായതിനാൽ തന്നെ 'ചാവേറി'നായി പ്രേക്ഷകർ കാത്തിരിപ്പിലാണ്. ചാവേറിന് ശേഷമായിരിക്കും ടിനു പാപ്പച്ചൻ, ദുൽഖറിനെ നായകനാക്കി ഒരുക്കുന്ന സിനിമയുടെ ജോലികളിലേക്ക് പ്രവേശിക്കാനിരിക്കുന്നത്.

No comments:

Powered by Blogger.