പ്രശസ്ത നടൻ മാമുക്കോയ (77 ) അന്തരിച്ചു.


പ്രശസ്ത നടൻ മാമുക്കോയ (77 ) അന്തരിച്ചു. 


കാളികാവ് പൂങ്ങോടിൽ സെവൻസ് ഫുട്ബോൾ മൽസരം ഉദ്ഘാടന ചടങ്ങിനിടെഹൃദയാഘാതമുണ്ടായതിനെ തുടർന്ന് തിങ്കളാഴ്ചയാണ് കോഴിക്കോട്ടെ അശു പുത്രിയിൽ പ്രവേശിപ്പിച്ചത്.ഹൃദയാഘാതത്തോടൊപ്പം തലച്ചോറിലുണ്ടായ രക്തസ്രാവമാണ് മരണകാരണം. 


1946 ജൂലൈ അഞ്ചിന് അദ്ദേഹം ജനിച്ചു. 1979 ൽ നിലബുർ ബാലൻ സംവിധാനം ചെയ്ത " അന്യരുടെ ഭൂമി " യാണ് ആദ്യ ചിത്രം. കല്ലായിയിലെ കൂപ്പിൽ ജോലി ചെയ്യുബോൾ തന്നെ നാടകങ്ങളിൽ അഭിനയിച്ച് തുടങ്ങി. 


രണ്ട് തവണ സംസ്ഥാന ചലച്ചിത്ര അവാർഡ് നേടി. വടക്കുനോക്കിയന്ത്രം ,സന്ദേശം, നാടോടിക്കാറ്റ്, ഇരുപതാം നൂറ്റാണ്ട് പട്ടണപ്രവേശം , ഹിസ് ഹൈനസ് അബ്ദുള്ള , തലയണ മന്ത്രം ,പെഴുമഴക്കാലം, ഇന്നത്തെ ചിന്താവിഷയം എന്നിവ അദ്ദേഹം അഭിനയിച്ച മികച്ച ചിത്രങ്ങളാണ്. സംസ്ഥാന സർക്കാരിന്റെ പ്രഥമ ഹാസ്യാഭിനയ പുരസ്ക്കാര ജേതാവായിരുന്നു.കെട്ടിയവേഷങ്ങളെല്ലാം തന്റെതാക്കി മാറ്റാനുള്ള പ്രതിഭയാണ് മാമുക്കോയ അഭിനയ മേഖലയിൽ വേറിട്ട വ്യക്തിത്വമാക്കുന്നത്. 


ചാലിക്കണ്ടിയില്‍ മുഹമ്മദിന്റെയും ഇമ്പിച്ചി ആയിശയുടേയും മകനായി 1946-ല്‍ കോഴിക്കോട് ജില്ലയിലെ പള്ളിക്കണ്ടിയിലാണ് മാമുക്കോയ ജനിക്കുന്നത്. ചെറുപ്പത്തിലേ മാതാപിതാക്കള്‍ മരിച്ചതിനാല്‍ ജ്യേഷ്ഠന്റെ സംരക്ഷണത്തിലാണ് വളര്‍ന്നത്. കോഴിക്കോട് എം. എം. ഹൈസ്‌കൂളിലാണ് പത്താംക്ലാസ് വരെയുള്ള പഠിച്ചത് .
പഠനകാലത്തു തന്നെ സ്‌കൂൾ  നാടകങ്ങള്‍ക്ക് നേതൃത്വം നല്‍കുകയും അഭിനയിക്കുകയും ചെയ്യുമായിരുന്നു.

നാടക പ്രവർത്തനങ്ങൾക്കൊപ്പം കല്ലായിയിൽ മരം അളക്കലായിരുന്നു ആദ്യ തൊഴിൽ. മരത്തിനു നമ്പറിടുക, ക്വാളിറ്റി നോക്കുക, അളക്കുക എന്നിവയെല്ലാത്തിലും വിദഗ്ധധനായി. കെ.ടി. മുഹമ്മദ്, വാസു പ്രദീപ്, ബി. മുഹമ്മദ് (കവിമാഷ്), എ. കെ. പുതിയങ്ങാടി, കെ. ടി. കുഞ്ഞു്, ചെമ്മങ്ങാട് റഹ്മാൻ തുടങ്ങിയവരുടെ നാടകങ്ങളിൽ ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തു. 

കോഴിക്കോട് ഭാഗത്തെ നിരവധി നാടകസിനിമാ പ്രവർത്തകമായി  സൗഹൃദത്തിലായിരുന്നു . ആ സംഘത്തിൽ നിന്നും 1979 ൽ പിറവിയെടുത്ത , നിലമ്പൂർ ബാലൻ സംവിധാനം ചെയ്‌ത അന്യരുടെ ഭൂമി എന്ന ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രത്തിലൂടെയാണ് ആദ്യമായി സിനിമയിലെത്തുന്നത്.  1982ൽ എസ്. കൊന്നനാട്ട് സംവിധാനം ചെയ്ത സുറുമയിട്ട കണ്ണുകൾ എന്ന ചിത്രത്തിൽ വൈക്കം മുഹമ്മദ് ബഷീറിന്റെ ശുപാർശയിൽ ഒരു വേഷം ലഭിച്ചു. ദൂരെ ദൂരെ ഒരു കൂടു കൂട്ടാം എന്ന ചിത്രത്തിലെ അറബി മുൻഷിയുടെ വേഷമാണ് ശ്രദ്ധിക്കപ്പെട്ട ആദ്യ വേഷം.

പിന്നീട് സത്യൻ അന്തിക്കാട് സിനിമകളിലൂടെ തിരക്കേറിയ നടനായി മാറി. രാംജിറാവു സ്പീക്കിംഗ് , തലയണ മന്ത്രം, ശുഭയാത്ര, നാടോടിക്കാറ്റ്, ഹിസ് ഹൈനസ് അബ്ദുള്ള, വരവേല്പ് എന്നിങ്ങനെ നിരവധി സിനിമകളിലൂടെ മാമുക്കോയ മലയാളത്തിലെ അതുല്യ നടന്മാരുടെ പട്ടികയിൽ ഇടംപിടിച്ചു .  നാടോടിക്കാറ്റ് എന്ന ചിത്രത്തിലെ ഗഫൂർക്കാ, പെരുമഴക്കാല ത്തിലെ അബ്ദു, ബ്യാരി എന്ന ചിത്രത്തിലെ കഥാപാത്രം, കീലേരി അച്ചു, സന്ദേശം എന്ന ചിത്രത്തിലെ കെ. ജി. പൊതുവാൾ, ചന്ദ്രലേഖയിലെ പലിശക്കാരൻ, കളിക്കളത്തിലെ പോലീസുകാരൻ ,ഹിസ് ഹൈനസ് അബ്ദുള്ളയിൽ ജമാൽ , ഒപ്പത്തിലെ സെക്യൂരിറ്റി ക്കാരൻ എന്നിവ മലയാളികൾ നെഞ്ചേറ്റിയ മാമുക്കോയ കഥാപാത്രങ്ങളാണ് . കോരപ്പൻ ദ ഗ്രേറ്റ് എന്ന സിനിമയിലൂടെ നായകനുമായി . 

കോഴിക്കോടന്‍ ഭാഷയുടെ മനോഹരമായ ശൈലിയെ സിനിമയില്‍ ജനകീയമാക്കിയ നടന്‍കൂടിയാണ് മാമുക്കോയ. കുതിരവട്ടം പപ്പു അതിന് മുന്‍പ് അവതരിപ്പിച്ചതില്‍ നിന്നും വ്യത്യസ്തമായി മുസ്ലിം സംഭാഷണശൈലിയാണ് മാമുക്കോയയുടെ ത് സവിശേഷതയായി തീര്‍ന്നത്.

പെരുമഴക്കാലത്തിലെ പ്രകടനത്തിന് 2004 ലെ കേരളസംസ്ഥാന ചലച്ചിത്ര പുരസ്കാരത്തിൽ  പ്രത്യേക ജൂറി പരാമർശം ലഭിച്ചു . "ഇന്നത്തെ ചിന്താവിഷയം " എന്ന ചിത്രത്തിലൂടെ 2008 ലെ മികച്ച ഹാസ്യനടനുള്ള കേരളസംസ്ഥാനചലച്ചിത്രപുരസ്കാരം ലഭിച്ചു . ജയ് ഹിന്ദ് ടെലിവിഷൻ പുരസ്കാരം ( 2008 - മികച്ച ഹാസ്യനടൻ. ചിത്രം: ഇന്നത്തെ ചിന്താവിഷയം) . 2009 ൽ കല അബുദാബിയുടെ കലാരത്നം പുരസ്കാരം എന്നിവ കൂടി മാമുക്കോയയെ തേടിയെത്തി .


മരിക്കുവോളം തന്റെ നിലപാടുകളിൽ വെള്ളം ചേർക്കാൻ മാമുക്കോയ എന്ന വ്യക്തി തയ്യാറായിരുന്നില്ല. 


ഭാര്യ: സുഹ്റ , മക്കൾ : നിസാർ , ഷാഹിദ , നാദിയ , അബ്ദുൾ റഷീദ് .


മൃതദേഹം ഇന്ന് മൂന്ന് മണി മുതല്‍ കോഴിക്കോട് ടൗൺ ഹാളിൽ പൊതുദർശനത്തിന് വെക്കും. കണ്ണംപറമ്പ് ഖബര്‍സ്ഥാനില്‍ നാളെ രാവിലെ പത്തിന്   സംസ്കാരം.

No comments:

Powered by Blogger.