ദേശീയ അവാർഡ് പ്രഖ്യാപനത്തിൽ നവാഗത സംവിധായിക കാവ്യപ്രകാശിന് പ്രത്യേക ജൂറി പുരസ്‌കാരം .



" വാങ്ക് "  എന്ന സിനിമയുടെ സംവിധാന മികവിന് കാവ്യ പ്രകാശാണ് അവാർഡിന് അർഹയായത് . ഫെഫ്ക ഡയറക്‌ടേഴ്‌സ് യൂണിയന്റെ  താത്ക്കാലിക അംഗമായ കാവ്യ പ്രകാശ് വാങ്ക് എന്ന പേരിലുള്ള ഉണ്ണി ആറിന്റെ ചെറുകഥയെ ആസ്പദമാക്കിയാണ് ചിത്രമൊരുക്കിയത് . നാലു പെൺകുട്ടികളുടെ നാല് ആഗ്രഹങ്ങളുടെ കഥയാണ് വാങ്ക് പറയുന്നത്. അനശ്വര രാജനാണ് ചിത്രത്തിൽ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ചത് . 

ഉണ്ണി ആർ കോട്ടയത്തെ പശ്ചാത്തലമാക്കിയാണ് ലിംഗ അസമത്വം ചർച്ച ചെയ്യുന്ന വാങ്ക് എഴുതിയത്.  പ്രധാന ആശയത്തിൽ മാറ്റം വരുത്താതെ തിരക്കഥയിൽ സിനിമയ്ക്കായി കഥാപശ്ചാത്തലം മലബാറാക്കി മാറ്റിയിരുന്നു . തിരക്കഥയിൽ പലമാറ്റങ്ങൾ വരുത്തി ഒമ്പതോളം ഡ്രാഫ്റ്റ് തയ്യാറാക്കി. പത്താമതും മാറ്റി എഴുതിയ ശേഷമാണ് കാവ്യ വാങ്കിന്റെ ചലച്ചിത്ര രൂപം സാക്ഷാത്ക്കരിച്ചത് . ചിത്രത്തിന് തിരക്കഥ ഒരുക്കിയത് ശബ്ന മുഹമ്മദ് ആണ് .

മലയാള സിനിമയിൽ ആദ്യമായാണ് ഒരു വനിതയുടെ രചനയിൽ മറ്റൊരു വനിത സിനിമ സംവിധാനം ചെയ്യുന്നത്.  ഒരു സ്ത്രീ തന്നെ തിരക്കഥ എഴുതിയതിനാൽ കുറച്ച് കൂടി സ്ത്രീപക്ഷത്ത് നിന്ന് കഥ പറയാൻ ആയിട്ടുണ്ടെന്ന് സംവിധായിക കാവ്യ പ്രകാശ് പറയുന്നു.

പ്രശസ്ത പരസ്യ , ചലച്ചിത്ര സംവിധായകനായ വി കെ പ്രകാശിന്റെ മകളായ കാവ്യ മണിപ്പാൽയൂണിവേഴ്സിറ്റിയിൽ നിന്നും വിഷ്വൽ കമ്മ്യൂണിക്കേഷനിൽ പഠനം  പൂർത്തിയാക്കിയ ശേഷം മൃദുൽ നായരുടെ ബി ടെക്ക് എന്ന സിനിമയിൽ സഹസംവിധായികയായി പ്രവർത്തിച്ചിരുന്നു .

No comments:

Powered by Blogger.