പി.ടി .കുഞ്ഞുമുഹമ്മദിൻ്റെ " വാരിയംകുന്നൻ " വരുന്നു : ഷാജി പട്ടിക്കര.


പി.ടി. കുഞ്ഞുമുഹമ്മദ് എന്ന പേര് മലയാളികൾക്ക് പ്രത്യേകിച്ച് പരിചയപ്പെടുത്തേണ്ട കാര്യമില്ല.

കലാകാരനായും
രാഷ്ട്രീയ പ്രവർത്തകനായും
നിയമസഭാ സാമാജികനായും
ടി വി അവതാരകനായും
അതിനെല്ലാം പുറമേ
ഒരുപിടി നല്ല സിനിമകൾ
മലയാളിക്ക് സമ്മാനിച്ച
സംവിധായകൻ എന്ന നിലയിലും
അദ്ദേഹത്തെ നമുക്കറിയാം.

രാഷ്ട്രീയക്കാരനായിരിക്കുമ്പോൾ
നല്ലൊരു പൊതു പ്രവർത്തകനായും,
എം.എൽ.എ എന്ന നിലയിൽ
ആ ഉത്തരവാദിത്തത്തെ
പരാതികൾക്കതീതമായി
പ്രശംസാവഹമായ രീതിയിലും
കൈകാര്യം ചെയ്ത ഒരാൾ.

ടി.വി അവതാരകനായി എത്തിയപ്പോൾ
പ്രവാസലോകം എന്ന പരിപാടിയിലൂടെ
ഒട്ടനവധി പേരുടെ
കണ്ണീരൊപ്പിയ മനുഷ്യൻ.

ഒരു സംവിധായകൻ എന്ന നിലയിൽ മഗ്‌രിബും,ഗർഷോമും, വീരപുത്രനും, പരദേശിയും, വിശ്വാസപൂർവ്വം മൻസൂറും ഒക്കെ പ്രേക്ഷക പ്രശംസ പിടിച്ചുപറ്റിയ ചിത്രങ്ങൾ.

സ്വാതന്ത്ര്യ സമര സേനാനിയായിരുന്ന മുഹമ്മദ് അബ്ദുൾ റഹിമാൻ സാഹിബിൻ്റെ ജീവിതത്തെ ആസ്പദമാക്കി വലിയ കാൻവാസിൽ അദ്ദേഹം സംവിധാനം ചെയ്ത വീരപുത്രൻ ഏറെ ശ്രദ്ധിക്കപ്പെട്ട, പ്രേക്ഷക പ്രശംസ ഏറ്റുവാങ്ങിയ ചിത്രമായിരുന്നു.

സാമൂഹ്യവിഷയങ്ങളിൽ ഗൗരവതരമായി ഇടപെടുന്ന അദ്ദേഹം നല്ലൊരു ചരിത്രാന്വേഷി കൂടിയാണ്.

 മലപ്പുറത്തിൻ്റെ ആരും ശ്രദ്ധിക്കപ്പെടാതെ പോയ ഏടുകൾ തിരഞ്ഞ് അദ്ദേഹം നടത്തിയ യാത്രയായിരുന്നു ' അറിയപ്പെടാത്ത മലപ്പുറം' എന്ന ഡോക്യുമെൻ്ററി ചിത്രം.

ഗർഷോം എന്ന അദ്ദേഹത്തിൻ്റെ ചിത്രത്തിലൂടെയാണ് ഒരു പ്രൊഡക്ഷൻ മാനേജർ എന്ന നിലയിൽ എൻ്റെ സിനിമാ ജീവിതം ആരംഭിച്ചത്.

ഇപ്പോഴിതാ വീണ്ടും ആ ബഹുമുഖ പ്രതിഭയോടൊപ്പം വീണ്ടും ഒന്നിച്ച് പ്രവർത്തിക്കുവാൻ അവസരം കൈവന്നിരിക്കുന്നു.

മലയാളത്തിൽ ഏറെ ചർച്ചയായ ഒരു വിഷയം തന്നെയാണ് ഇത്തവണ അദ്ദേഹത്തിൻ്റെ സിനിമയുടെ ഇതിവൃത്തം.

അതേ - #വാരിയം കുന്നൻ

കുറച്ച് നാളായി പല സിനിമകളും ഇതേ പേരിൽ പ്രഖ്യാപിക്കുകയും,
പലതും വിവാദമാവുകയും,
അതിൽ ചിലർ ഉദ്യമത്തിൽ നിന്ന് പിൻവാങ്ങുകയും ചെയ്തതൊക്കെ വാർത്തകളിൽ ഇപ്പോഴും നിറഞ്ഞു നിൽക്കുകയാണ്.

ഈ വിവാദങ്ങളൊക്കെ തിരികൊളുത്തുംമുൻപേ ചർച്ച ആരംഭിച്ചതായിരുന്നു പി.ടി. കുഞ്ഞുമുഹമ്മദിൻ്റെ ചിത്രം.

താരനിർണ്ണയം പൂർത്തിയാകാഞ്ഞതിനാലും,
തിരക്കഥാ ജോലികൾ പൂർത്തിയാകാത്തതിനാലും  പ്രഖ്യാപിച്ചില്ല എന്ന് മാത്രം.

ഇപ്പോൾ പ്രാരംഭ ഘട്ടം പൂർത്തിയായി കഴിഞ്ഞു.

ഇന്ത്യൻ സിനിമയിലെ അറിയപ്പെടുന്ന ഒരു നായക താരം വാരിയംകുന്നനായി എത്തും.
ഒപ്പം പ്രധാന കഥാപാത്രങ്ങളായി മലയാളത്തിലെ പ്രശസ്തരും പ്രഗത്ഭരുമായ വലിയൊരു താരനിര അണിനിരക്കുന്നു.

രമേഷ് നാരായണൻ സംഗീതമൊരുക്കുന്ന ചിത്രത്തിന് റഫീക്ക് അഹമ്മദ് വരികൾ എഴുതും.

പ്രൊഡക്ഷൻ കൺട്രോളറായി ഞാനും.

വലിയ താരനിരയും, ആയിരക്കണക്കിന് ജൂനിയർ ആർട്ടിസ്റ്റുകളും ഉള്ളതുകൊണ്ടുതന്നെ നിയന്ത്രണങ്ങൾ നിലനിൽക്കുമ്പോൾ ചിത്രീകരണത്തിന് സാങ്കേതിക തടസ്സങ്ങളുണ്ട്.

അത് മാത്രമാണ് കാലതാമസം.

അടുത്ത മാസം കഴിഞ്ഞാൽ ചിത്രത്തിലെ ഗാനങ്ങളുടെ റെക്കോർഡിംഗ് നടക്കും.

2022 ഫെബ്രുവരി മാസത്തിൽ ചിത്രീകരണം തുടങ്ങാം എന്ന പ്രതീക്ഷയിലാണ് ഞങ്ങൾ.

വിട്ടുവീഴ്ച്ചയിച്ചയില്ലാത്ത രാഷ്ട്രീയ പ്രവർത്തനത്തിലൂടെ ജനഹൃദയങ്ങളിൽ ഇടം നേടിയ പി.ടി. സിനിമയോടും അത്തരം സമീപനം തന്നെയാവും പുലർത്തുക.

വാരിയം കുന്നൻ്റെ യഥാർത്ഥ ജീവിത കഥ പി.ടി യുടെ ചലച്ചിത്രാഖ്യാനത്തിലൂടെ പുറം ലോകം അറിയും.
വരും തലമുറയ്ക്ക് ഒരു ചരിത്രരേഖയായി ഈ ചലച്ചിത്രകാവ്യം മാറും.

സംവിധായകൻ്റെ വാക്കുകൾ ഇങ്ങനെ -

" സിനിമയ്ക്കെതിരെ വരുന്ന എതിർപ്പിനെ കാര്യമായെടുക്കുന്നില്ല. എതിര്‍ക്കുന്നവര്‍ എതിര്‍ക്കട്ടെ, അതിലൊരു ഭയവുമില്ല. നമ്മള്‍ ചെയ്യാനുള്ളത് ചെയ്യും, അത്രതന്നെ. അബ്ദുറഹ്മാന്‍ സാഹിബിനെക്കുറിച്ചുള്ള സിനിമ വന്നപ്പോഴും  എതിര്‍പ്പുണ്ടായിരുന്നു. അതില്‍ പാട്ടുണ്ടെന്നും അബ്ദുറഹ്മാന്‍ സാഹിബ് പ്രേമിക്കില്ല എന്നുമൊക്കെയയാിരുന്നു പറഞ്ഞത്. " 
എന്തായാലും
ചരിത്രത്തോട് നൂറ് ശതമാനം നീതി പുലർത്തുന്ന,
മലയാള സിനിമാ ചരിത്രത്തിൽ ഇടം നേടുന്ന ഒരു സിനിമയാകും വലിയ ബഡ്ജറ്റിലൊരുങ്ങുന്ന ഈ ചിത്രം.

നമുക്ക് കാത്തിരിക്കാം ..
ഒട്ടനവധി ചരിത്ര കഥകൾ മിന്നിമറഞ്ഞ വെള്ളിത്തിരയിൽ ..
ഒട്ടനവധി ചരിത്ര പുരുഷൻമാർ പുനർജ്ജനിച്ച തിരശ്ശീലയിൽ ഇനി വാരിയം കുന്നൻ്റെ പടയോട്ടത്തിനായി.

സ്നേഹത്തോടെ,
#ഷാജി_പട്ടിക്കര
 

No comments:

Powered by Blogger.