ശ്രീകാന്ത് കെ. വിജയൻ്റെ വിസ്മയിപ്പിക്കുന്ന ട്രാൻസ്ജെൻഡർ കഥാപാത്രം.

ആളൊരുക്കത്തിലെ പ്രിയങ്കയെ ഓർമ്മയുണ്ടോ? ശ്രീകാന്ത്‌ കെ. വിജയന്റെ വിസ്മയിപ്പിക്കുന്ന ട്രാൻസ്‌ജെൻഡർ കഥാപാത്രം.!‌

2018-ൽ മികച്ച സാമൂഹിക പ്രസക്തിക്കുള്ള ദേശീയ അവാർഡും ഇന്ദ്രൻസിന് മികച്ച നടനുള്ള സംസ്ഥാന അവർഡുമടക്കം ഒട്ടേറെ ദേശീയ അന്തർദേശീയ പുരസ്‌കാരങ്ങൾ സ്വന്തമാക്കിയിട്ടുള്ള സിനിമയാണ് വി. സി അഭിലാഷ്‌ സംവിധാനം ചെയ്ത 'ആളൊരുക്കം'. പപ്പു പിഷാരടി എന്ന വൃദ്ധനായ മനുഷ്യന്റെ കാത്തിരിപ്പുകളും ഓർമകളും മരണത്തിന്റെ നെടുവീർപ്പുകളും വാർധക്യത്തിലെ അനാഥത്വവുമൊക്കെയാണ് സിനിമയുടെ ഇതിവൃത്തം. ഏറെ സാമൂഹിക പ്രാധാന്യമുള്ള ഒരു വിഷയമാണ് സിനിമ ഉയർത്തിപ്പിടിക്കുന്നത്‌. 

വളരെ ആകാംഷ നിലനിർത്തുന്ന ഒരു ആദ്യ പകുതി ആണ് സിനിമയുടേത്. 16 വർഷങ്ങൾക്ക് മുൻപ് വീടുവിട്ടിറങ്ങിയ തന്റെ മകനെ അന്വേഷിച്ച് ആശുപത്രിയിൽ കാത്തിരിക്കുന്ന ഒരു വൃദ്ധനാണ് പപ്പു പിഷാരടി. മകനെ കണ്ടുപിടിക്കാൻ ഉള്ള അന്വേഷണങ്ങളും പപ്പു പിഷാരടി എന്ന കഥാപാത്രത്തിൻ്റെ ആത്മസംഘർഷങ്ങളുമായാണ് സിനിമയുടെ ആദ്യ വികസിക്കുന്നത്. അന്വേഷണത്തിനൊടുവിൽ തന്റെ മകൻ ഒരു ട്രാൻസ്‌ജെൻഡർ ആണെന്ന് അയാൾ അറിയുന്നു. പിന്നീടത് ഉൾകൊള്ളാൻ കഴിയാതെ ആത്മസംഘർഷം അനുഭവിക്കുന്ന ഒരു മനുഷ്യനെ ആണ് നമ്മൾ കാണുന്നത്.

ഇരുപതാം വയസ്സിൽ വീട് വിട്ടിറങ്ങിയ മകനെ പപ്പുവും അതിലൂടെ പ്രേക്ഷകരും കാണുന്നത് 16 വർഷങ്ങൾക്ക് ശേഷം ഒരു സ്ത്രീയുടെ രൂപത്തിൽ ആണ്. കഥയിൽ പ്രിയങ്കയുടെ ജീവിതത്തിന്റെ ഫ്ലാഷ്ബാക്കുകളോ ഡയലോഗിൽ കൂടിയുള്ള വിശദീകരണങ്ങളോ കാര്യമായി കാണിക്കുന്നില്ല. എന്നാൽ പ്രിയങ്കയുടെ കഥാപാത്രത്തിലും, അത് അഭിനയിച്ചിരിക്കുന്ന രീതിയിലും സമൂഹം പ്രിയങ്കയോടും അവളുടെ വിഭാഗത്തോടും കാണിച്ചിട്ടുള്ള അനീതികളും ദ്രോഹങ്ങളും അതിജീവിച്ചുവന്ന ഒരാളെ നമുക്ക് കാണാൻ കഴിയും. വർഷങ്ങൾക്ക് ശേഷം തന്റെ അച്ഛനെ കാണാനും കൂടെ ജീവിക്കാനും ഉള്ള സന്തോഷം പ്രിയങ്കയുടെ കണ്ണുകളിൽ വിരിയുമ്പോളും പപ്പുവിന്റെ പ്രതികരണം മൂലം അതിന് പിന്നിൽ ഒളിച്ചുവെക്കാൻ ശ്രമിക്കുന്ന വിങ്ങൽ ആണ് പ്രേക്ഷകരുടെ മനസ്സിൽ ആഘാതം സൃഷ്ടിക്കുന്നത്. കഥാപാത്ര നിർമിതിയിലും അഭിനയ മികവിലും പപ്പുവിനെ പോലെ തന്നെ മുന്നിട്ടു നിക്കുന്ന ഒന്നാണ് പ്രിയങ്ക എന്ന കഥാപാത്രവും.

എടുത്തുപറയേണ്ട മറ്റൊരു കാര്യം, ഒരുകൂട്ടം കലാകാരന്മാരുടെ മത്സരിച്ചുള്ള അഭിനയമുഹൂർത്തങ്ങൾ 'ആളൊരുക്ക'ത്തിൽ കാണാം. ചിത്രത്തിൽ ഇന്ദ്രൻസിന്റെ പ്രകടനത്തോടൊപ്പം ചേർത്തുവയ്ക്കാൻ കഴിയുന്ന, ഏറ്റവും എടുത്ത് പറയേണ്ട ഒരു കഥാപാത്രമാണ് പ്രിയങ്ക എന്ന ട്രാൻസ്‌ജെൻഡർ കഥാപാത്രം അഭിനയിച്ച ശ്രീകാന്ത് കെ വിജയന്റേത്. ഏതൊരഭിനേതാവിനെ സംബന്ധിച്ചും ഏറെ വെല്ലുവിളി നിറഞ്ഞ കഥാപാത്രമാണ് ശ്രീകാന്ത് കെ. വിജയൻ തന്റെ ആദ്യ സിനിമയിൽത്തന്നെ മനോഹരമായി കാഴ്ചവച്ചത്. ഒരു സ്ത്രീയുടെ എല്ലാ സൂക്ഷ്മഭാവങ്ങളും തന്റെ അഭിനയത്തിൽ അനായാസം ഉൾക്കൊള്ളിക്കാൻ ശ്രീകാന്തിന് കഴിഞ്ഞിട്ടുണ്ട്. വീട് വിട്ടിറങ്ങിയതിന് ശേഷം ഒരു ട്രാൻസ്‌ജെൻഡർ സ്ത്രീയായി സമൂഹത്തിൽ വർഷങ്ങൾ ജീവിച്ചതിന്റെ കഷ്ടപ്പാടുകളും പീഡനങ്ങളും അതിജീവിച്ചു വന്ന ഒരു ആളിന്റെ എല്ലാ സൂക്ഷ്മതകളും കഥാപാത്ര നിർമിതിയിലും അഭിനയത്തിലും തെളിഞ്ഞു നിൽക്കുന്നുണ്ട്. ഈ ചിത്രത്തിലെ പ്രകടനത്തിന് കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്സിൽ മികച്ച പുതുമുഖ നടനുള്ള പുരസ്കാരം ശ്രീകാന്തിന് ലഭിച്ചിരുന്നു.

ഏതാനും ഹ്രസ്വചിത്രങ്ങളിലും, പരസ്യങ്ങളിലും അഭിനയിച്ചു ശ്രദ്ധ നേടിയത്തിനു ശേഷമാണ് സംവിധായകൻ വി.സി. അഭിലാഷ് ശ്രീകാന്ത് കെ. വിജയന് ആളൊരുക്ക'ത്തിലെ‌ കഥാപാത്രം നൽകുന്നത്. ആഴ്ചകൾക്കു മുൻപ്‌, ആമസോൺ പ്രൈം ഒറിജിനലായി പുറത്തുവന്ന പൃഥ്വിരാജ് ചിത്രം 'കോൾഡ് കേസി'ലും ശ്രീകാന്ത് മികച്ച ഒരു കഥാപാത്രം ചെയ്തിരുന്നു. തന്റെ അരങ്ങേറ്റ ചിത്രത്തിൽ തന്നെ മികച്ച പ്രകടനം കാഴ്ചവച്ച ശ്രീകാന്ത് കെ. വിജയന് ഇപ്പോൾ കൈനിറയെ അവസരങ്ങളാണ്‌. കാത്തിരിക്കാം ഈ നടന്റെ അടുത്ത കഥാപാത്രത്തിനായി.

No comments:

Powered by Blogger.