പ്രണയത്തിൻ നൂലിഴകൾ ... ഷാനു സമദ്.

കഥ.
...........

പ്രണയത്തിൻ നൂലിഴകൾ...

#ShanuSamad 

"നീ ഇങ്ങോട്ട് വന്നേ"

വെറ്റിലയിൽ ചുണ്ണാമ്പ് തേക്കുന്നതിനിടയിലാണ് വെല്ലിമ്മ എന്നെ വിളിച്ചത്

"എന്താ വല്യുമ്മാ ... "?

"നീ ഇടയ്ക്കിടെ ഏതോ ഒരു ബുക്കില് വയസ്സന്മാരുടെ മോഹബ്ബത്തിനെ കുറിച്ച് കഥ എഴുതുണെന്ന് കേട്ടല്ലോ? "

"ഉവ്വ് ചെറുതായിട്ട്"

"ഞങ്ങൾടെ കഥയും ഉണ്ടോ അതില്? "

"ഇങ്ങളും വല്ലിയുപ്പയും പ്രേമിച്ചു കെട്ടിയതാണോ?"

ഹഹ "ഒറ്റ ചിരിയായിരുന്നു വല്യുമ്മ,
മുറുക്കാൻ മുറുക്കി ചുവന്ന മോണ മുഴുവൻ പുറത്തു കാട്ടി ചിരിക്കുമ്പോൾ എനിക്ക് അതിശയം തോന്നി

"ശരിക്കും?"

"ഉം.."

"എന്നാലാ കഥ പറ, ഞാൻ കേൾക്കട്ടെ"

"മഴ പെയ്യുന്ന ഒരു രാവിലെയാണ് അന്റെ വല്ല്യപ്പ ഞങ്ങൾ പഠിക്കുന്ന മദ്രസ്സയിൽ എത്തിയത്,"

"ഞങ്ങൾ എന്ന് പറഞ്ഞാൽ?"

"ഞാനും എന്റെ ഏറ്റവും അടുത്ത കൂട്ടുക്കാരിയായ സുബൈദയും"

"അന്നത്തെ മദ്രസ്സ എന്ന് പറഞ്ഞാൽ ഇന്നത്തെ പോലെയല്ല, ഓല കെട്ടിയുണ്ടാക്കിയ പുരയിൽ മണ്ണിൽ ബഞ്ചുകൾ ഒക്കെ ഇട്ടുള്ള ഒന്ന്,
വെള്ളമുണ്ടും വെള്ള ഷർട്ടും തലയിലൊരു വെള്ളതൊപ്പിയും ഇട്ടു അന്റെ വല്ല്യപ്പ വരുമ്പോൾ പതിനാലാംരാവുദിച്ചപോലെയായിരുന്നു മൊഞ്ച്..
ഞാനും സുബൈദയും കണ്ണെടുക്കാതെ നോക്കി ഇരുന്നുപോയി.."

"എന്നിട്ട്?"

"മഴ പെയ്യുമ്പോൾ ഞങ്ങള് കുട്ടികൾ ഓലയിലൂടെ ഒലിച്ചിറങ്ങുന്ന മഴത്തുള്ളികളിൽ കൈ നിവർത്തി വെക്കും അപ്പോളാണ് അന്റെ വല്ല്യപ്പ ആദ്യമായി ഞങ്ങളെ നോക്കിയത്, അത് കണ്ടു എനിക്കും സുബൈദക്കും നാണം വന്നു
പിന്നെ എന്നും രാവിലെ എന്റെയും സുബൈദയുടെയും വീടിന്റ മുൻപിൽ അന്റെ വല്ല്യപ്പയും കൂട്ടുകാരും പുന്നക്കുരു പറക്കാൻ വരും,അന്റെ വല്ല്യപ്പ ഞങ്ങളെ കൂട്ടുകാര് കാണാതെ നോക്കിനിൽക്കും ",

"പുന്നക്കുരുവോ?"

"അങ്ങനെ ഒരു സാധനം കേട്ടിട്ടില്ലല്ലേ നിങ്ങൾ? അങ്ങനെ ഒരു സാധനം ഉണ്ട്
പുന്ന എന്നൊരു മരം ഉണ്ട്, അതിന്റെ കായ ആണ് പുന്നക്കുരു, അത് അണ്ണാൻ  ചപ്പി നിലത്തിടും, അന്നത്തെ കാലത്ത്  ഈ പുന്നക്കുരു പെറുക്കി വിറ്റ് പിള്ളേര് മിഠായിയും മറ്റും വാങ്ങുന്നത്, അങ്ങനെ അന്റെ വല്ല്യപ്പ പുന്നക്കുരു വിറ്റ് കിട്ടണ കാശ് കൊണ്ട് എനിക്കും സുബൈദക്കും എന്നും കട്ടി മിഠായി വേടിച്ചു തരും"

"കട്ടി മിഠായിയൊ?"

"മ് തൂക്കം നോക്കുന്ന കട്ടിയുടെ ആകൃതിയുള്ളത്,  
അതിന്റ രുചിയും അന്റെ വല്ല്യപ്പാന്റെ നോട്ടവും..."

വല്യുമ്മ കണ്ണടച്ച് അത് പറഞ്ഞപ്പോൾ പ്രണയത്തിന്റ കട്ടി മിഠായിയുടെ രുചി എന്നില്ലേക്കും ഇറങ്ങി

"പിന്നെ പെരുന്നാളിന് എനിക്ക് വാങ്ങിത്തന്ന കരിവള ഇപ്പോഴും എന്റെ പെട്ടിയിൽ ഉണ്ട്, എനിക്ക് മാത്രമല്ലട്ടാ സുബൈദക്കും വാങ്ങി കൊടുത്തു "

"കൊച്ചു പ്രായത്തിലെ രണ്ടും കൂടെ പ്രേമിച്ചു നടന്നതാണെന്ന് കണ്ടാൽ പറയൂല"

"ഞാനത് പറഞ്ഞപ്പോൾ വരാന്തയുടെ അറ്റത്തായി പത്രവും വായിച്ചിരിക്കുന്ന വല്ല്യപ്പയെ ഇടം കണ്ണിട്ട് വല്യുമ്മ നോക്കി, അപ്പോൾ വല്ല്യമ്മയുടെ കണ്ണിൽ  പ്രണയത്തിന്റെ തിരയിളക്കം ഞാൻ കണ്ടു

നിന്റെ വല്ലിപ്പ നേരത്തെ പഠിപ്പു നിർത്തി
പക്ഷെ സ്കൂളു പോകുമ്പോഴും സ്കൂൾ വിട്ടു വരുമ്പോഴും കാസമോന്ക്കാടെ പീടിക തിണ്ണയിരുന്നു ആരും കാണാതെ നോക്കി നിൽക്കും "

"അങ്ങനെ രണ്ടു പേരും പ്രേമിച്ചു കെട്ടി ല്ലേ?"

"അങ്ങനെ എളുപ്പത്തിൽ കെട്ടാൻ ഒന്നും പറ്റിയില്ല

"അതെന്താ?"

"എന്റെ കുട്ട്യേ കോളിളക്കം ഉണ്ടാക്കിയ കല്യാണം അല്ലെ ഞങ്ങളുടേത്.."

"എന്ത് കോളിളക്കം?

അതിനുത്തരം പറയാതെ വല്യുമ്മ ഒരു പൊകാല കഷ്ണം എടുത്തു വായിൽ വെച്ചു ചവച്ചു
ഒന്ന് കാത്തിരിക്കൂ എന്നുള്ള ജാഡയുള്ള സിംഗ്നൽ ആണെന്ന് എനിക്ക് മനസിലായി

അന്നേരം ഞാൻ വല്ല്യപ്പയെ നോക്കിയപ്പോൾ ആള് എന്തോ ഓർത്ത് നെടുവീർപ്പിടുന്നു

പോകല് നീര് ചവച്ചു ഒന്ന് കാറി വല്യുമ്മ വീണ്ടും തള്ളൽ ആരംഭിച്ചു

"സുബൈദാനെ ഒരു ദിവസം  കാണാതെയായി  ഞാൻ അവളെ തിരഞ്ഞു വീട്ടിൽ പോയപ്പോൾ അവള്  അവളുടെ മാമാടെ വീട്ടിൽ ആണെന്ന് പറഞ്ഞു, അവളെ തിരഞ്ഞു എന്നോടങ്ങോട്ട് ഇനി ചെല്ലാണ്ടാന്നും അവളുടെ ഉമ്മ പറഞ്ഞു, പിന്നെ ഒരാഴ്ച കഴിഞ്ഞപ്പോൾ കേൾക്കണത് സുബൈദടെ നിക്കാഹ് മാമാടെ വീട്ടിൽ വെച്ച് കഴിഞ്ഞൂന്നാ, എനിക്കത് കേട്ട് സങ്കടായി, അതിനേക്കാൾ കൂടുതൽ സങ്കടം നിന്റ വല്ല്യപ്പാക്കായിരുന്നു, മൂപ്പര് അന്ന് കുറെ കരഞ്ഞു, അത് കണ്ടപ്പോ ഞാൻ ഒരു തീരുമാനമെടുത്തു"

എന്ത് തീരുമാനം എന്ന് ആലോചിച്ചു നിൽക്കുമ്പോൾ വല്യുമ്മ ഒരു അടക്ക കഷ്ണം എടുത്തു വായിലിടാൻ
നോക്കി

"അതെന്താ തീരുമാനം എന്ന് പറഞ്ഞിട്ട് അടക്ക വായിലിട്ടാൽ മതി,"
തടഞ്ഞു കൊണ്ട് ഞാൻ പറഞ്ഞു

"ഒളിച്ചോടാൻ!"

"നിങ്ങൾ ഒളിച്ചോടി കല്യാണം കഴിച്ചവരാണോ?"

"മ്മ്"

"വല്ല്യപ്പ ഇങ്ങളെ വിളിച്ചിറക്കി നിക്കാഹ് കഴിച്ചതാണോ?"

"അല്ല"

"പിന്നെ ഒളിച്ചോടി കെട്ടിയെന്ന് പറഞ്ഞത്?"

"അത് ശരിയാണ്, വല്ല്യപ്പ വിളിച്ചിറക്കിയതല്ല,"

"പിന്നെ?"

"ഞാൻ ഒരു രാത്രി നിന്റെ വല്ല്യപ്പാടെ വീട്ടിൽ പോയി ഒരേ വിളിച്ചിറക്കി കൊണ്ട് വന്നു എന്നെ കെട്ടിച്ചു.."

"ഞാൻ അത്ഭുതത്തോടെ വല്ല്യമ്മാനേയും, അതിലും ദയനീയമായി വല്ല്യപ്പാനെയും നോക്കി,
മൂപ്പര് അപ്പോഴും പേപ്പറിൽ തന്നെ നോക്കി ഇരിക്കായിരുന്നു

ഞാൻ വല്ല്യപ്പയുടെ അടുത്തേക്ക് ചെന്നു

"ഇങ്ങള് രണ്ടാളും പ്രേമിച്ചു കെട്ടിയതാണല്ലേ?"

"അതെ പക്ഷെ പ്രേമിച്ചതു.."

"പ്രേമിച്ചത്?

"പ്രേമിച്ചത് ഇവളെയല്ല..!
വല്യുമ്മ ഇരിക്കുന്നിടത്തേക്ക് എത്തി നോക്കി വല്ല്യപ്പ തുടർന്ന്
"ഞാൻ പ്രേമിച്ചത് ഓൾടെ കൂട്ടുകാരിയായ സുബൈദയെയായിരുന്നു, അത് അന്റെ വല്ല്യമ്മക്ക് മാത്രമല്ല ആർക്കുമറിയില്ലായിരുന്നു പക്ഷെ സുബൈദടെ വീട്ടിൽ അറിഞ്ഞു, അത് വീട്ടിലറിഞ്ഞ അന്ന് തന്നെ ഓളെ നാടുകടത്തി അവിടെ വെച്ച് കെട്ടിച്ചു,  അന്ന് മുതൽ ഉറങ്ങാതെ കരഞ്ഞ എത്രയോ നാളുകൾ,ആത്മഹത്യാ ചെയ്യാൻ ഒരുങ്ങിയ ഒരു രാത്രിയാണ് എന്നെ അന്റെ വല്യുമ്മ പുറത്തേക്ക് വിളിച്ചു, എനിക്കും തോന്നി എന്നെ സുബൈദയെ പോലെ അറിയുന്ന അന്റെ വല്ല്യമ്മയുടെ കൂട്ട് എനിക്ക് ആവശ്യം ആയിരുന്നുവെന്ന് ...."
വല്ല്യപ്പ ഒന്ന് നെടുവീർപ്പിട്ടു, കണ്ണിൽ ഒരു തുള്ളി പുറത്തേക്കിറങ്ങിയത് വല്യുമ്മ കാണാതെ തുടച്ചു

"നീ ഇതൊന്നും കഥയായി എഴുതണ്ട, ഓളിപ്പോളും വിശ്വസിക്കുന്നത് ഞാൻ സ്നേഹിച്ചിരുന്നത് ഓളെയാണെന്നാണ്,"

ഞാൻ ഒന്ന് മൂളി വല്ല്യമ്മയെ നോക്കി
വല്യുമ്മ ഇപ്പോഴും പഴയ പ്രണയത്തിന്റെ കട്ടി മിഠായി  ചവക്കുന്ന രുചിയോടെ കണ്ണടച്ച് മുറുക്കാൻ ചവക്കുകയാണ്

തന്നെയാണ് ഇപ്പോഴും വല്ല്യപ്പ സ്നേഹിരുന്നെന്ന് വിശ്വസിച്ചിരിക്കുന്ന ഒന്നുമറിയാത്ത പാവം
വല്ല്യമ്മയുടെ അടുത്ത് ചെന്നു  ഞാൻ തലയിൽ തലോടി
 
"ഞാൻ ഒരു കാര്യം പറഞ്ഞാൽ നീ ആരോടെങ്കിലും പറയോ? "

എന്റെ കൈകളിൽ മുറുക്കാൻ മുറുക്കിയ ചുണ്ട് കൊണ്ട് ഉമ്മ വെച്ചു ചോദിച്ചു

"എന്താ വല്യുമ്മ?"

"അന്റെ വല്ല്യപ്പ കട്ടി മിഠായി തന്നതും, കരിവള വാങ്ങിത്തന്നതും, എനിക്കല്ലായിരുന്നു,"
ഒന്ന് നിർത്തി തെല്ലു സങ്കടത്തോടെ പറഞ്ഞു

"സുബൈദക്കായിരുന്നു
മദ്രസയിൽ വെച്ചു നോക്കിയതും, സ്കൂളു വിട്ടു വരുമ്പോ കാത്തു നിന്നതും ഓളെ കാണാനായിരുന്നു, സുബൈദാനെ..
കൂടെ ഉള്ള കൂട്ടുക്കാരി എന്ന നിലക്കായിരുന്നു എനിക്ക് വാങ്ങിച്ചു തന്നിരുന്നത്, പക്ഷെ ഓൾടെ കല്യാണം കഴിഞ്ഞെന്ന് കേട്ട അന്ന് നിന്റെ വല്ല്യപ്പ അടക്കി പിടിച്ചു കറയണത് കണ്ടപ്പോൾ, അന്നാണ് എനിക്ക് മനസിലായത് ഓളോടായിരുന്നു അന്റെ വല്ലടുപ്പാക്കിഷ്ടം എന്ന്..."
വല്ല്യമ്മാടെ കണ്ണ് നിറഞ്ഞു

"എന്നിട്ടും വല്യുമ്മ ഇറക്കി കൊണ്ട് വന്നു കേട്ടീന്ന് പറഞ്ഞത്..?"

"അന്റെ വല്ല്യപ്പ സുബൈദാനെ നഷ്ടപ്പെട്ടപ്പോൾ എന്തേലും  കുരുത്തക്കേട് കാണിക്കൊന്ന് പേടിച്ചു, അറിയണ്ടാണെങ്കിലും ഞാൻ കുറെ ഇഷ്ടപ്പെട്ടതായിരുന്നില്ലെടാ,അന്റെ വല്ല്യപ്പാനെ മരണത്തിനു വിട്ടു കൊടുക്കാൻ എനിക്ക് പറ്റൂലായിരുന്നു.. "

കരയാൻ പോയ വല്ല്യമ്മയെ  ഞാൻ നെഞ്ചിൽ ചേർത്തു പിടിച്ചു വല്ല്യപ്പ കാണാതിരിക്കാൻ

"നിന്റ വല്ല്യപ്പക്ക് ഇപ്പോളും അറിയില്ല ഓര് സ്നേഹിച്ചതിനു സുബൈദാനെയാണ് എന്ന് എനിക്കറിയും എന്ന കാര്യം
മരണം വരെ അതങ്ങിനെ തന്നെ ഇരിക്കട്ടെ... "

തേങ്ങി കരയുന്ന വല്ല്യമ്മയുടെ നെറുകിൽ ഉമ്മ വെച്ചു

നിങ്ങളെ പോലെ നിങ്ങൾ മാത്രമേ കാണു വല്യുമ്മാ...


..............................................

No comments:

Powered by Blogger.