" ഒറ്റ " ഭയാനകമായ കുടുംബകഥ.സമൂഹത്തിലെ സ്ത്രീകൾക്ക് എതിരെ നടക്കുന്ന അതിക്രമങ്ങളിൽ മനംനൊന്ത് കഴിയുന്ന ചെറുപ്പക്കാരൻ്റെ മാനസിക സംഘർഷങ്ങളുടെ കഥ പറയുകയാണ് ഒറ്റ എന്ന ചിത്രം. 

ബെൻസീന ഫിലിംസ് നിർമ്മിക്കുന്ന ഈ ചിത്രം, നിരവധി ഹ്രസ്വചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ബെന്നി. സി.ഡാനിയൽ രചനയും, സംവിധാനവും നിർവ്വഹിക്കുന്നു ചിത്രത്തിൻ്റെ ചിത്രീകരണം പൂർത്തിയായി. ചിത്രം ഉടൻ ഒ.ടി.ടിയിൽ റിലീസ് ചെയ്യും.

ആയിരത്തിൽ ഒരുവൻ, താപ്പാന, ദ്രോണ, ഹരിഹരൻ പിള്ള ഹാപ്പിയാണ് ,സി .ഐ.ഡി.മൂസ, ലേലം ,ഒരു നാൾ വരും, പിഗ്മാൻ, രാമ രാവണൻ, തിരകൾക്കപ്പുറം, ആയുർരേഖ, ലക്കി ജോകേഴ്സ്, ഒരിടത്തൊരു പോസ്റ്റുമാൻ, തുടങ്ങിയ ചിത്രങ്ങളിലും, നിരവധി സീരിയലുകളിലും പ്രധാന വേഷം അവതരിപ്പിച്ച്, ശ്രദ്ധേയയായ നിമിഷ ഉണ്ണികൃഷ്ണനാണ് ചിത്രത്തിലെ നായിക.കോയമ്പത്തൂർ സിദ്ധാ പുത്തൂർ അയ്യപ്പക്ഷേത്രത്തിലെ തന്ത്രിയായ പ്രസാദ് തൃക്കുറ്റിശ്ശേരിയാണ് നായകൻ.മലയാളത്തിൽ ആദ്യമാണ് ഒരു തന്ത്രി നായകനായി അഭിനയിക്കുന്നത്.

സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങളിൽ മനംനൊന്ത്, സൈക്കോസിസിൻ്റെ സൂക്ഷ്മമായ അവസ്ഥകളിലൂടെ കടന്നുപോകുന്ന യുവാവും, അയാളുടെ കുടുംബത്തിൽ ഉണ്ടാവുന്ന, അതിതീവ്രവും, ഭയാനകവുമായ അന്തരീക്ഷങ്ങളും ഒറ്റ എന്ന ചിത്രത്തെ തികച്ചും വ്യത്യസ്തമാക്കുന്നു.

അറിയപ്പെടുന്ന ശില്പിയാണ് നന്ദകുമാർ (പ്രസാദ് തൃക്കുറ്റിശ്ശേരി) ഭാര്യ സ്റ്റെല്ലയും ( നിമിഷ ഉണ്ണികൃഷ്ണൻ ) രണ്ട് കുട്ടികളും അടങ്ങുന്ന കൊച്ചുകുടുംബത്തിൻ്റെ നാഥൻ .സന്തോഷകരമായ ജീവിതമായിരുന്നു അവരുടേത്. നല്ലൊരു ശില്പി ആയതുകൊണ്ട് തന്നെ, ദൂരെ സ്ഥലങ്ങളിൽ നിന്ന് പോലും, ആളുകൾ നന്ദകുമാറിനെ ജോലിക്ക് വിളിക്കുമായിരുന്നു. ഭാര്യയെയും, കുട്ടികളെയും ഒറ്റയ്ക്കാക്കി ദൂരെ ജോലിക്ക് പോകുമ്പോൾ നന്ദകുമാറിൻ്റെ മനസ്സ് വേദനിച്ചിരുന്നു. ഒരിക്കൽ രണ്ട് പെൺകുട്ടികളെ തട്ടിക്കൊണ്ടു പോകുന്നതും, പീഡിപ്പിച്ചു് കൊല്ലുന്നതും നേരിൽ കാണാനിടയായതോടെ നന്ദകുമാർ ആകെ തകരുന്നു. അയാളുടെ ആന്തരിക സംഘർഷങ്ങൾ കൂടുന്നു. ആർക്കും മനസ്സിലാക്കാൻ പറ്റാത്ത പ്രത്യേക മാനസികാവസ്ഥകളിലൂടെ കടന്നുപോയ നന്ദകുമാറിൻ്റെ ആകസ്മികമായ ദുരന്തങ്ങൾ എല്ലാവരെയും ഞെട്ടിച്ചു.

ഭീതി ഒരു വ്യക്തിയെ എങ്ങനെയൊക്കെ ബാധിക്കുമെന്ന, സൈക്കോസിസിൻ്റെ ആരും പറയാത്ത മേഖലയിലൂടെ ഈ സിനിമ പ്രേക്ഷകരെ കൊണ്ടു പോകുന്നു. സാമൂഹിക തിന്മകളുടെ ബഹിർസ്ഫുരണങ്ങൾ, വ്യക്തികളിൽ ഉണ്ടാക്കാവുന്ന മാനസിക സംഘർഷങ്ങളുടെ, സമകാലിക പ്രശസ്തി വരച്ചുകാട്ടുകയാണ് ഒറ്റ എന്ന ചിത്രത്തിലൂടെ സംവിധായകൻ.

ബെൻസീന ഫിലിംസിൻ്റെ ബാനറിൽ, ബെന്നി സി ഡാനിയൽ, കഥ, തിരക്കഥ, സംഭാഷണം, ഗാനരചന, സംവിധാനം എന്നിവ നിർവ്വഹിക്കുന്ന ഒറ്റ ചിത്രീകരണം പൂർത്തിയായി. റിലീസിന് ഒരുങ്ങുന്നു. ക്യാമറ - അദ്യൈത് ഊരുട്ടമ്പലം, എഡിറ്റിംഗ് - അരുൺ വേണുഗോപാൽ, സംഗീതം - പ്രസാദ് പായിപ്ര ,ആലാപനം - അബിളി ശിവ, ബി.ജി.എം-സാജൻ അനന്തപുരി, പ്രൊഡക്ഷൻ കൺട്രോളർ- തങ്കൻ കീഴില്ലം, അസിസ്റ്റൻ്റ് ഡയറക്ടർ - വിനോദ് കണ്ണൻ,ബെൻസിനോവ്,ഡിസൈൻ - സജീവ് കെ.കെ, സ്റ്റിൽ - ലൈജു ജോസഫ്, പ്രസാദ് തൃക്കുറ്റിശ്ശേരി, നിമിഷ ഉണ്ണികൃഷ്ണൻ, മേബിൾ, അമ്മു, ചാന്ദിനി സുനിൽ, ബെൻസിനോവ്, രാജു അറയ്ക്കൽ, സന്തോഷ്, എൽദോസ്അനിൽകുമാർ, ശശി അല്ലപ്ര, ബിജു വൈദ്യൻ, ആദിത്യൻ അനീഷ്, ആരാധ്യ ഹെൻട്രി എന്നിവർ അഭിനയിക്കുന്നു.

അയ്മനം സാജൻ .
( പി.ആർ.ഓ ) 

                                                                     

No comments:

Powered by Blogger.