ചലച്ചിത്ര മേഖലയ്ക്ക് ആശ്വാസം : വിനോദ നികുതിയിലടക്കം ഇളവുകൾ ..



*ചലച്ചിത്ര മേഖലയ്ക്ക് ആശ്വാസം; വിനോദ നികുതിയിലടക്കം ഇളവുകൾ*

2021 ജനുവരി മുതല്‍ മാര്‍ച്ച് വരെയുള്ള സിനിമാ തിയറ്ററുകളുടെ വിനോദ നികുതി ഒഴിവാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്‍റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം.

തിയറ്ററുകള്‍ അടഞ്ഞുകിടന്ന പത്തുമാസത്തെ വൈദ്യുതി ഫിക്സഡ് ചാര്‍ജ്ജ് 50 ശതമാനമാക്കി കുറയ്ക്കും. ബാക്കി ഗഡുക്കളായി അടയ്ക്കാന്‍ അനുവദിക്കും. 2020 മാര്‍ച്ച് 31നുള്ളില്‍ തിയറ്ററുകള്‍ തദ്ദേശസ്ഥാപനങ്ങളില്‍ ഒടുക്കേണ്ട വസ്തുനികുതി മാസഗഡുക്കളായി അടക്കാം. പ്രൊഷണല്‍ നികുതിയുടെ കാര്യത്തില്‍ തീരുമാനമെടുക്കാൻ സംസ്ഥാന സര്‍ക്കാരിന് സാധിക്കില്ല.  തദ്ദേശസ്വയംഭരണം, ഇലക്ട്രിക്കല്‍ ഇന്‍സ്പെക്ടറേറ്റ്, ഫിലിംസ് ഡിവിഷന്‍, ബില്‍ഡിംഗ് ഫിറ്റ്നസ്, ആരോഗ്യം, ഫയര്‍ഫോഴ്സ് എന്നിവയുമായി ബന്ധപ്പെട്ട വിവിധ ലൈസന്‍സുകളുടെ കാലാവധി മാര്‍ച്ച് 31 വരെ ദീര്‍ഘിപ്പിക്കാനും തീരുമാനിച്ചു.

വിവിധ ആവശ്യങ്ങളുന്നയിച്ച് കേരള ഫിലിം ചേംബര്‍ ഓഫ് കൊമേഴ്സ് ഭാരവാഹികൾ മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.  

തുടര്‍ന്ന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ വൈദ്യുതി വകുപ്പ് മന്ത്രി എം.എം. മണി, തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എ.സി. മൊയ്തീന്‍, കെ.എസ്.ഇ.ബി ചെയര്‍മാന്‍ എന്‍.എസ്. പിള്ള തുടങ്ങിയവര്‍ പങ്കെടുത്ത യോഗത്തിലാണ് തീരുമാനം.

No comments:

Powered by Blogger.