മാള അരവിന്ദന് ജന്മദിനാശംസകൾ.

മാള അരവിന്ദൻ  എറണാകുളം ജില്ലയിൽ വടവുകോട് എന്ന സ്ഥലത്ത് 1940 ജനുവരി 15 നു എക്‌സൈസ് ഉദ്യോഗസ്ഥനായ താനാട്ട് അയ്യപ്പന്റേയും സ്കൂൾ  അധ്യാപികയായ പൊന്നമ്മയുടെയും മൂത്ത മകനായിട്ടാണ് അരവിന്ദൻ ജനിച്ചത്. ഏഴാം ക്ലാസിൽ പഠിക്കുമ്പോൾ അച്ഛനെ നഷ്ടപ്പെട്ട ശേഷം സംഗീതാധ്യാപികയായ മാതാവിന്റെ ഒപ്പം മാളയിൽ വന്നു  താമസമാക്കിയ അരവിന്ദൻ പിന്നീട് മാള അരവിന്ദൻ എന്ന പേരിൽ പ്രശസ്തനാവുകയായിരുന്നു.

തബല വായനയിൽ കമ്പമുള്ള മകനെ അമ്മ കൊച്ചിൻ മുഹമ്മദ് ഉസ്താദ് എന്നയാളുടെ അടുത്ത് തബല പഠനത്തിനായി ചേർത്തു. അവിടെവച്ചു സുഹൃത്തായ പരമനോടൊന്നിച്ചായിരുന്നു നാടകരംഗത്തെത്തിയത്. പരമന്റെ ഹാർമോണിയവും അരവിന്ദന്റെ തബലയും ഒന്നിച്ചപ്പോൾ പിന്നീട് ഇരുവരും അമച്വർ നാടക വേദികളിലെ സ്ഥിരം സാന്നിധ്യമായി.
കാട്ടൂർ ബാലന്റെ താളവട്ടം എന്ന നാടകത്തിൽ പകരക്കാരാനായിട്ടാണ്  അഭിനയരംഗത്തേക്ക് കടന്ന് വരുന്നത്. 

കേരളത്തിലെ പ്രധാന നാടക കമ്പനികളായ കോട്ടയം നാഷണൽതീയേറ്റേഴ്സ്, പെരുമ്പാവൂർ നാടകശാല, സൂര്യസോമ എന്നിവരുടെ നാടകങ്ങളിൽ ഒട്ടേറെ പ്രത്യക്ഷപ്പെട്ടു. നാടകത്തിന് കേരള സർക്കാർ ആദ്യമായി അവാർഡ് ഏർപ്പെടുത്തിയപ്പോൾ എസ് എൽ പുരം സദാനന്ദൻ നേതൃത്വം നൽകുന്ന സൂര്യസോമയുടെ 'നിധി'യിലെ അഭിനയത്തിന് ഏറ്റവും മികച്ച നടനുള്ള അവാർഡും ലഭിച്ചു.

1967-ൽ അഭിനയിച്ച തളിരുകളാണ് ആദ്യ സിനിമയെങ്ങിലും ആദ്യമായി തിയറ്ററുകളിലെത്തിയത് 1968 ൽ സിന്ദൂരം എന്ന ചിത്രമാണ്. പിന്നീട് നിരവധി ചിത്രങ്ങളിലെ സ്വതസ്സിദ്ധമായ ഹാസ്യ ശൈലിയിലൂടെ അഭിനയരംഗത്ത് മാള അരവിന്ദൻ പ്രസിദ്ധനായി. കുതിരവട്ടം പപ്പുവിനും ജഗതിക്കും സമകാലികനായി സിനിമയിൽ നിറഞ്ഞു നിന്ന അദ്ദേഹം തന്റെ സ്വന്തം ശൈലികൾ കൊണ്ട് എല്ലാവരെയും ചിരിപ്പിച്ചിരുന്നു. പ്രശസ്തിയുടെ കൊടുമുടിയിൽ നിൽക്കുന്ന വേളയിലാണ് പപ്പു, മാള, ജഗതി എന്ന പേരിൽ ഒരു സിനിമ തന്നെ പുറത്തിറങ്ങിയത്. 

ഹാസ്യത്തിനൊപ്പം നിരവധി ക്യാരക്ടർ റോളുകളും അദ്ദേഹം കൈകാര്യം ചെയ്തിട്ടുണ്ട്.
ലോഹിതദാസ് ചിത്രങ്ങളിലൂടെ കോമേഡിയൻ എന്നതിന അപ്പുറത്ത് തന്നിലൊരു നടനുണ്ടെന്ന് ലോകത്തോട് വിളിച്ചുപറയാനും അദ്ദേഹത്തിന് കഴിഞ്ഞു.
തടവറ,ചാകര,ദീപം,സ്ഫോടനം, സന്ദേശം,വെങ്കലം, സല്ലാപം,ഭൂതക്കണ്ണാടി, കരുമാടിക്കുട്ടൻ,കന്മദം,മീശമാധവൻ, ലാൽ ബഹദൂർ ശാസ്ത്രി തുടങ്ങി 350 ഓളം ചിത്രങ്ങളിൽ അഭിനയിച്ചു. 

2015 ജനുവരി 28-ന് രാവിലെ ആറുമണിയോടെ കോയമ്പത്തൂർ C.M.C ആശുപത്രിയിൽ വച്ച് മാള അരവിന്ദൻ (75) അന്തരിച്ചു.

No comments:

Powered by Blogger.