" ഓർമ്മ ചിത്രങ്ങൾ " : എം.എ. നിഷാദ്രാവിലെ എഴുന്നേറ്റപ്പോൾ,
ഒരു ചിന്ത...ശുദ്ധീകരണം നടത്തിയാലോ എന്ന്...
തെറ്റിധരിക്കണ്ട...
എന്റെ ഫോണിൽ കിടക്കുന്ന അനാവശ്യ വസ്തുക്കളും,
മുഖപുസ്തകത്തിലെ ചില ദോഷൈകദൃക്കുകളേയും,
ഒഴിവാക്കികൊണ്ടൊരു ശുദ്ധികലശം...
അങ്ങനെ,ആ പ്രക്രീയയിൽ വ്യാപൃതനായപ്പോളാണ്,
ഈ ചിത്രങ്ങൾ കണ്ണിലുടക്കിയത്....


അവയെല്ലാം ഏറ്റവും പ്രിയപ്പെട്ടത് തന്നെ...ബാലതാരമായി സിനിമയെന്ന മായിക ലോകത്തെത്തിയെങ്കിലും,ഒരു സിനിമാക്കാരനായ തുടക്കം,
നിർമ്മാതാവായിട്ടാണ്...
സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത മമ്മൂട്ടി,ശ്രീനിവാസൻ,തിലകൻ,ലാലു അലക്സ്,ശങ്കരാടി,ഒടുവിൽ ഉണ്ണികൃഷ്ണൻ,സുധീഷ്,മാമുക്കോയ,കാവ്യാ മാധവൻ തുടങ്ങിയവരൊക്കെ അഭിനയിച്ച "  ഒരാൾ മാത്രം "  എന്ന ചിത്രത്തിന്റെ നിർമ്മാതാവായിട്ട് തുടങ്ങി, തുടർന്ന്ഡ്രീംസ് ,തില്ലാന തില്ലാന തുടങ്ങിയ ചിത്രങ്ങൾ നിർമ്മിച്ച് അന്നിലധികം സിനിമകളുടെ വിതരണക്കാരനായി.

പിന്നീട് 2006-ൽപ്രിഥ്വിരാജ് നായകനായ ''പകൽ'' എന്ന ചിത്രത്തിലൂടെ സംവിധായകനായി.നഗരം,ആയുധം,വൈരം,ബെസ്റ് ഓഫ് ലക്ക്,നമ്പർ 66 മധുരബസ്സ്,കിണർ,കേണി (തമിഴ്),തെളിവ്തുടങ്ങി ഒൻപത്  സിനിമകൾ സംവിധാനം ചെയ്തു.

സുജിത് എസ് .നായരുടെ സംവിധാനത്തിൽ,''ഒരു കൊറിയൻ പടം'','' വാക്ക് " ഡോ .ബിജു സംവിധാനം ചെയ്ത ''വലിയ ചിറകുളള പക്ഷികൾ'',സജി സുരേന്ദ്രന്റെ  ''ഷീ ടാക്സി'',സജിത് ജഗന്റെ " ഒരേ മുഖം'',രമേശ് അമ്മാനത്തിന്റെ  ''ചൂളം'', എൻ. അരുണിന്റെ ''അവകാശികൾ ''(റിലീസ് ആയിട്ടില്ല) എന്നീ ചിത്രങ്ങളിൽ അഭിനയിച്ചു..

സംവിധാനംചെയ്തതും,
നിർമ്മിച്ചതുമായ എന്റെ  ചിത്രങ്ങളിൽ ഏകദേശം 154 -ഓളം താരങ്ങൾ അഭിനയിച്ചിട്ടുണ്ട് .മധു സാർ,ശങ്കരാടി,തിലകൻ ,ഒടുവിൽ ,നെടുമുടി,ജഗതിശ്രീകുമാർ,ശ്രീവിദ്യ,
മമ്മൂട്ടി മുതൽ ഗസ്റ്റ് റോളിൽ വന്ന ഫഹദ് ഫാസിൽ വരെ ആ ലിസ്റ്റിൽ പെടും...

ഒരു കലാകാരനെന്ന നിലയിൽ ഇതൊക്കെ വലിയ ഭാഗ്യങ്ങൾ തന്നെ...
സിനിമ എപ്പോഴും വിജയിക്കുന്നവന്റെ  ഇടമാണ്...അല്ല വിജയിക്കുന്നവന്റെ  മാത്രം ഇടമാണ്...വ്യക്തി ബന്ധങ്ങൾക്കൊന്നും,വലിയ സ്ഥാനമില്ലിവിടെ...സൗഹൃദങ്ങൾ നൈമിഷകങ്ങൾ മാത്രം...സ്ഥായിയായ ശത്രുതയും,സ്ഥിരതയുളള സൗഹൃദങ്ങളുമില്ല..
ആത്മാർത്ഥതയുളളവർ ഇല്ല എന്നല്ല പറയുന്നത്...അങ്ങനെയുളളവർ
വളരെ കുറവ്...ഞാനിത് പറയുമ്പോൾ,ചിലരുടെ നെറ്റി ചുളിയുമായിരിക്കും,പക്ഷെ സത്യം അതാണ്..

നന്ദികേടിന്റെയും 
,കുതികാൽവെട്ടിന്റെയും ,ഒരുപാട് ഉദാഹരണങ്ങൾ നിരത്താമെങ്കിലും..
അത് കൊണ്ടൊന്നും ഒരു പ്രയോജനവുമില്ല എന്നതാണ് സത്യം....
സിനിമ ഒരു മായിക ലോകമാണ്...
ആ ലോകത്ത് എത്താൻ ആഗ്രഹിക്കുന്ന ഒരു വലിയ വിഭാഗമുണ്ട്...
സിനിമ സ്വപ്നം കാണുന്ന യുവത...
അവർക്കെന്നും,ഒരു പ്രതീക്ഷയാണ് ഈ രംഗം...
എത്രയോ കഴിവുളളവർ പുറത്ത് നിൽക്കുന്നു....
വെളളിത്തിരയിൽ മുഖം വരാൻ കാത്ത് നിൽക്കുന്ന ആയിരങ്ങൾ...

കാരണം,ലെനിൻ പറഞ്ഞത് പോലെ,സിനിമ ഈ നൂറ്റാണ്ടിന്റെയും  അടുത്ത നൂറ്റാണ്ടിന്റെയും  കലയാണ്...
സമൂഹവുമായി നേരിട്ട് സംവേദിക്കുന്ന മാധ്യമം എന്ന നിലയിൽ,സിനിമയുടെ സ്വാധീനവും വളരെ വലുതാണ്...
വിജയത്തിന്റെ  മധുരം നുണയുന്നവരേക്കാളും,
പരാജയത്തിന്റെ കൈപ്പ് നീർ ഭക്ഷിക്കുന്നവരാണ്,ഇവിടെ കൂടുതലും...

ഒരു താരം ജനിക്കുന്നത്,തീയറ്ററുകളിലെ,
ആരവങ്ങളിലൂടെയാണ്...
തീയറ്ററുകളാണ്,ലോകത്തെ ഏറ്റവും വലിയ സാംസ്കാരിക ഇടങ്ങൾ...പണ്ഠിതനെന്നോ പാമരെനെന്നോ വ്യത്യാസമില്ലാതെ,ജാതി മത,കക്ഷി രാഷ്ട്രീയ ഭേദമന്യേ,ഒരേ മനസ്സുമായി,ഒരുമിച്ചിരുന്ന്,ഒരു കലാസൃഷ്ടി ആസ്വദിക്കുന്നത്,
തീയറ്ററിനുളളിൽ അല്ലാതെ പിന്നെവിടെയാണ്..?അതാണ്..സിനിമ...

വിജയത്തിന് വേണ്ടി കരുക്കൾ നീക്കുന്നവരാണ് ഈ രംഗത്ത് കൂടുതലും..ഒരുപക്ഷെ അതിന് വേണ്ടി ചിലരെങ്കിലും എത്തിക്സുകൾ തമസ്ക്കരിക്കുന്നവരാണ്...
ആത്മ ബന്ധങ്ങൾക്ക് അവിടെ സ്ഥാനമില്ല...

കൊറോണക്കാലം,സിനിമാ പ്രവർത്തകർക്ക്,ഒരു തിരിച്ചറിവിന്റെയും  കാലം കൂടിയാണ്...അടച്ച് കിടക്കുന്ന തീയറ്ററുകൾ,ജോലിയില്ലാത്ത,
കലാപ്രവർത്തകർ,സാങ്കേതിക വിദഗ്ദരും,തൊഴിലാളികളും..
അവരുടെ വിഷമങ്ങൾ...
പെട്ടെന്നൊരു നാൾ എല്ലാം കൈപിടിയിൽ നിന്നും നഷ്ടമാകുന്ന കാഴ്ച്ച..അത് വേദനാജനകമാണ്...

പുറത്ത് നിന്ന് വീക്ഷിക്കുന്നവർക്ക്,
ഇത് ഗ്ളാമറിന്റെ  ലോകമാണ്...യഥാർത്ഥത്തിൽ,
അങ്ങനെയല്ല..അതൊക്കെ വെറും ഷോ മാത്രം..അടച്ചിരുപ്പ് ഇനിയും നീണ്ടാൽ...ഈ രംഗത്തുളളവർ കടുത്ത അരാജകത്തിലേക്ക് നീങ്ങും എന്നുളള കാര്യത്തിൽ ഒരു സംശയവുമില്ല...

ഞാൻ പറയുന്നത് തൊഴിലാളികളുടെ  കാര്യമാണ്..
സാങ്കേതിക പ്രവർത്തകരുടെ കാര്യമാണ്...ചെറിയ വേഷങ്ങളിൽ അഭിനയിക്കുന്ന സഹോദരീ സഹോദരന്മാരുടെ കാര്യമാണ്...സോഷ്യൽ മീഡിയയിൽ,പലപ്പോഴും പബ്ളിക്ക് ഓഡിറ്റിംഗിന്
വിധേയവരാകുന്നവരാണ് സിനിമാക്കാർ...കല്ലേറ് ഏറ്റവും ഏൽക്കുന്നതുംസിനിമാക്കാർക്കാണ്...
അത് സിനിമയുടെ ശാപവും...

ഈ കോവിഡ് കാലം കഴിയുമ്പോൾ, സ്റ്റാർഡം അല്ലെങ്കിൽ താരാധിപത്യം ഇല്ലാതാകും...നല്ല സിനിമകളുടെ നല്ല നാളുകളിലേക്ക് സിനിമ  എന്ന കലാരൂപം എത്തുമെന്ന പ്രതീക്ഷയാണ്...
സിനിമയെ  സ്നേഹിക്കുന്ന ഓരോ വ്യക്തിക്കുമുളളത്...
അങ്ങനെയാകട്ടെ.....
അങ്ങനെ ആഗ്രഹിക്കാം....

എം.എ .നിഷാദ് .
( നിർമ്മാതാവ് ,തിരക്കഥാകൃത്ത് ,സംവിധായകൻ ,നടൻ ) 

No comments:

Powered by Blogger.