" ഇതൊക്കെയല്ലേ ജീവിതം ....." : ബോബി ഏബ്രഹാം


        " ഇതൊക്കെയല്ലേ ജീവിതം....." 

ഗീവര്‍ഗീസ് സഹദായുടെ പെരുന്നാള്‍ ഞങ്ങള്‍ മൈലപ്രക്കാര്‍ക്ക് ആഘോഷമാണ്. എത്രയോ വര്‍ഷങ്ങളായി പെരുന്നാള്‍ കൂടാത്ത ഒരു വര്‍ഷവുമില്ല. 

എന്നാല്‍ കൊറോണയും ലോക്ഡൗണും ഞങ്ങളുടെ താളം തെറ്റിച്ചു. സഹദാ മലോയരത്തിന്റെ പുണ്യവാളനാണ്. എല്ലാ ആധികളില്‍ നിന്നും വ്യാധികളില്‍ നിന്നും മലയോരത്തെ രക്ഷിക്കുന്ന വിശുദ്ധന്‍. പാമ്പിനെ (അതോ വ്യാളിയേയോ) കൊന്ന് രാജകുമാരിയെ രക്ഷിച്ച സഹദയില്‍ ഞങ്ങളുടെഅമ്മമാര്‍ക്കും വിശ്വാസമാണ്. അതുകൊണ്ടാണല്ലോ മുറ്റത്തെങ്ങാനും ഒരു പാമ്പിനെ കണ്ടാല്‍ പൊയ്‌ക്കോ, നേര്‍ച്ച അങ്ങെത്തിച്ചേക്കാം എന്നു പറഞ്ഞ് അമ്മമാര്‍ ശാന്തരായി അകത്തുകയറി കതകടയ്ക്കുന്നത്. 

സഹദായുടെ നേര്‍ച്ച മുടക്കാറില്ല വിശ്വാസികള്‍. പെരുന്നാളൂട്ടും കഴിഞ്ഞ് ആഘോഷമായി  ചെമ്പെടുത്ത് അകത്തുവച്ച് കൊടിയിറക്കി പോകുന്ന പതിവിന് ഇത്തവണ ലോക്ഡൗണ്‍ തടയിട്ടെങ്കിലും പള്ളിക്ക് നേര്‍ച്ച കൊടുക്കുന്നതിന് അതൊന്നും തടസ്സമായില്ല. അരി
കിട്ടാനുണ്ടായിരുന്നു. ചെമ്പ് പള്ളിയില്‍ തന്നെയുണ്ടായിരുന്നു. നേര്‍ച്ചയുമായി വിശ്വാസികളും. എങ്കിലും ആഘോഷം ഇല്ലാതെ പോയതിന്റെ വിഷമം തീരാന്‍ ഇനി അടുത്ത പെരുന്നാള് കഴിയണം.


ലോക്ഡൗണില്‍ നഷ്ടമായത് പെരുന്നാള്‍ മാത്രമല്ല, ഈസ്റ്റര്‍ ആഘോഷം കൂടിയായിരുന്നു. അത് കുടുംബാംഗങ്ങളുടെയെല്ലാം ഒത്തുചേരല്‍ കൂടിയാണ്. എന്നാല്‍ ദുരെ നിന്നുള്ള സഹോദരങ്ങള്‍ക്ക് എത്താന്‍ കഴിയാത്തതതിനാല്‍ അതു നഷ്ടമായി. കുഞ്ഞുങ്ങളുള്‍പ്പെടെ ഒത്തുചേരുന്ന ആഘോഷം നഷ്ടമാകുന്നത് വേദന തന്നെയാണ്.
എല്ലാ തിരക്കില്‍ നിന്നുമകന്ന് കുറേനാള്‍ കഴിയുക എന്നത് തിരക്കിട്ട ജോലികളിലേര്‍പ്പെട്ടിരിക്കുന്ന എല്ലാവരുടെയും സ്വപ്‌നമാണ്. എങ്കിലും അതിനു
കഴിയാത്തവരാണേറെ. 

ബിസിനസുകാരെ സംബന്ധിച്ചിടത്തോളം ഒരു ദിവസം പോലും ഒഴിവെടുക്കാന്‍ വയ്യാത്ത സ്ഥിതിയാണ്. എതിര്‍പ്പൊക്കെ പറയുമെങ്കിലും ഹര്‍ത്താലുകളെ സ്‌നേഹിക്കുന്ന ഒരു വിഭാഗം വ്യാപാരികളാണെന്ന് തോന്നാറുണ്ട്. ഹര്‍ത്താല്‍ ഉണ്ടെന്ന് നേരത്തേ അറിഞ്ഞാല്‍ തലേന്ന് നേരത്തേ കട അടച്ച് അതിര്‍ത്തി കടന്ന് ഹര്‍ത്താല്‍ ഇല്ലാത്തിടത്ത് എത്തി ഒരു ദിവസം ചെലവാക്കി മടങ്ങിപ്പോരുന്ന ബിസിനസ് സുഹൃത്തുക്കളേറെയുണ്ട്. മറ്റാരും കച്ചവടം ചെയ്യില്ലെന്ന ഉറപ്പിലാണ് ഈ യാത്ര. 

ഒരു പക്ഷേ ഹര്‍ത്താലുകളെ സ്‌നേഹിക്കുന്ന മറ്റൊരു വിഭാഗം ഡസ്‌കില്‍ ജോലി ചെയ്യുന്ന പത്രപ്രവര്‍ത്തകരാകും. എല്ലാ സന്ധ്യകളും നഷ്ടപ്പെടുന്ന, കുടുംബത്തോടൊപ്പം ഇരിക്കാന്‍ അവസരം കിട്ടാത്ത അവര്‍ക്ക് പണ്ടൊക്കെ ഹര്‍ത്താലിന്റെ തലേ ദിവസം പണി നേരത്തേ കഴിയും. പത്രം നേരത്തേ അടിക്കുമെന്നതിനാല്‍ മിക്കവരും രാവിലെ ജോലി ചെയ്ത് നാലു മണിയോടെ വീടുകളിലെത്തും. അതൊരു സന്തോഷം. ഇപ്പോള്‍ ഹര്‍ത്താല്‍ പന്ത്രണ്ട് മണിക്കൂറായി  ചുരുങ്ങിയതോടെ തലേന്നത്തെ ജോലി നാലു മണിക്കൊന്നും തീരില്ല. എങ്കിലും അല്‍പം നേരത്തേ വീട്ടില്‍ എത്താമെന്നു മാത്രം.

എന്നാല്‍ അപ്രതീക്ഷിതമായി എത്തിയ കൊറോണ വൈറസ് എല്ലാവരെയും ഹര്‍ത്താലിലാക്കി. അതും മാസങ്ങള്‍ നീളുന്ന ഹര്‍ത്താല്‍. നിശ്ചിത സമയം മാത്രം പുറത്തിറങ്ങാവുന്ന കര്‍ഫ്യൂ ഒന്നും കേരളീയര്‍ക്ക് പരിചിതമല്ല. എന്നാല്‍ അതിനു സമാനമായ അവസ്ഥയാണ് വന്നുഭവിച്ചത്. പുറത്തിറങ്ങാന്‍ അനുമതി വളരെക്കുറച്ചുമാത്രം. ആ അനുമതിയുള്ളവരില്‍ മാധ്യമപ്രവര്‍ത്തകരും ഉണ്ടെന്നത് അനുഗ്രഹവും അതേ സമയം ആശങ്കയുമാണ്. 

ലോക്ഡൗണിലും പത്രപ്രവര്‍ത്തകന് വിശ്രമമില്ല. എന്നാല്‍ ജീവിതം റീ ഷെഡ്യൂള്‍ ചെയ്യപ്പെട്ടെന്നു മാത്രം. പത്രം ഓഫിസുകളില്‍ സ്ഥിതി ആകെ മാറിമറിഞ്ഞു. മിക്കയിടത്തും പകുതിപ്പേര്‍ മാത്രം ഓഫിസില്‍ വരുന്ന സ്ഥിതിയായി. ഒരു സംഘം തുടര്‍ച്ചയായി കുറച്ചുദിവസം ജോലി ചെയ്യുമ്പോള്‍ മറ്റുള്ളവര്‍ വീട്ടിലിരുന്ന് ജോലി ചെയ്യും. വീട്ടിലിരുന്നവര്‍ ഓഫിസിലെത്തുമ്പോള്‍ മറു വിഭാഗം വീട്ടിലേക്കു മടങ്ങും. മാത്രമല്ല, മിക്കയിടത്തും ജോലി സമയം നേരത്തേയായി. വീട്ടിലിരുന്ന് ജോലി ചെയ്യാന്‍ പറ്റുമോയെന്ന് എത്രയോ തവണ ആലോചിച്ചിട്ടുണ്ട്. പക്ഷേ അതു സംഭവിക്കുമെന്ന് സ്വപ്‌നത്തില്‍ പോലും കരുതിയിരുന്നില്ല.

വീട്ടില്‍ എല്ലാവരും ഉണ്ട്. ദൂരെയായിരുന്ന മകള്‍
ലോക്ഡൗണിനു തൊട്ടുമുമ്പ് വീടണഞ്ഞത് വലിയ ആശ്വാസമായി. ഈ സമയത്തും മക്കള്‍ ദൂരസ്ഥലങ്ങളിലായിരിക്കുന്നതിന്റെ ആധി മനസ്സിലിട്ട് പെരുക്കുന്ന കൂട്ടുകാരും അമ്മമാരും ഏറെയുണ്ട്. എന്തെങ്കിലും മാര്‍ഗമുണ്ടോ എന്ന് അന്വേഷിച്ചുള്ള വിളികള്‍ ഇപ്പോഴും എത്തുന്നു. 

വെള്ളപ്പൊക്ക കാലത്ത് വീടുനുള്ളില്‍ കുടുങ്ങിപ്പോയവരെ രക്ഷപ്പെടുത്താന്‍ വേണ്ടി വിദേശത്തുനിന്നും മറ്റും നിരന്തരം വിളി വരുന്നുണ്ടായിരുന്നു. പലരും അപരിചിതര്‍. നമ്പര്‍ തപ്പിയെടുത്ത് വിളിക്കുന്നവര്‍. കഴിയുന്നവരെയൊക്കെ സഹായിച്ചു. അന്നത് കഴിയുമായിരുന്നു. എന്നാല്‍ കോവിഡ് കാലത്ത് ഞാനും നിസ്സഹായനാണ്. എത്ര അടുപ്പമുള്ളവര്‍ വിളിച്ച് സഹായം ആവശ്യപ്പെട്ടിട്ടും സഹായിക്കാന്‍ പറ്റാത്ത അവസ്ഥ. കാര്യങ്ങള്‍ നിശ്ചയിക്കുന്നതാരെന്നുപോലും അറിയാത്ത സ്ഥിതി.
ലോക്ഡൗണിലും തിരക്ക് ഒഴിയുന്നില്ല എന്നത് മറ്റൊരു സത്യം. 

ലോക്ഡൗണ്‍ കാലത്ത് വാര്‍ത്തകള്‍ വരുന്നത് സ്ഥിരം പാറ്റേണിലല്ല. ഇപ്പോള്‍ സഹായപ്രവാഹത്തിന്റെ കാലമാണ്. അത്തരം വാര്‍ത്തകള്‍ ഉറപ്പാക്കാനായി ധാരാളം പേര്‍ വിളിക്കും. കര്‍ഷകരെ സംബന്ധിച്ചിടത്തോളം കോവിഡ് കാലത്തും പന്നിയും കാട്ടുമൃഗങ്ങളും ശല്യം തന്നെയാണ്. കാട്ടുമൃഗങ്ങള്‍ വിളവെടുക്കുമ്പോള്‍ വാര്‍ത്തയ്ക്കായി വിളിക്കുന്നവരുമേറെയാണ്. ജനകീയ പ്രശ്‌നമാണ്.  ചിലയിടത്തെങ്കിലും പൊലിസിന്റെ നടപടികൾ അതിരുകടക്കുമ്പോഴും വിളിവരും.

പിന്നെ ഏറ്റവും പ്രധാനം ഫീല്‍ഡില്‍ ആരോഗ്യം മറന്ന് ജോലിക്കിറങ്ങുന്ന മാധ്യമപ്രവര്‍ത്തകരുടെ ക്ഷേമം ഉറപ്പാക്കലാണ്. സാനിറ്റൈസറും മാസ്‌കും നല്‍കിയാല്‍ മാത്രം പോരല്ലോ. അവരുടെ കോവിഡ് പരിശോധനയും ഉറപ്പാക്കി. സഹായം ആവശ്യമുള്ളവര്‍ക്ക് അതെത്തിച്ചു.
വീട്ടില്‍ കൂടുതല്‍ ദിവസം ഉണ്ടായിരുന്നു എന്നത് ആശ്വാസം തന്നെയാണ്. മക്കളുള്‍പ്പെടെ പാചകപരീക്ഷണം ചെയ്തും പറമ്പില്‍ നിന്നും മറ്റും ശേഖരിച്ച പച്ചക്കറികള്‍ കൊണ്ട് കൂട്ടാന്‍ വച്ചും ലോക്ഡൗണ്‍ സജീവമാക്കി. അത്യാവശ്യം കൃഷിപ്പണിക്കും സമയം കിട്ടി. വീട്ടിലെ പൂന്തോട്ടം കുറച്ചുകൂടി ഭംഗിയാക്കി. ഉള്ളിക്കൃഷി ചെയ്യാന്‍ ഒരു പാത്രവും കുറച്ചു മണ്ണും മതിയെന്നു മനസിലാക്കി. ഓര്‍ക്കിഡ് വളര്‍ത്താന്‍ പുതു മാര്‍ഗങ്ങള്‍ തേടി. കൊന്നക്കമ്പ് മുറിച്ചുനട്ട് അതിനൊപ്പം കുരുമുളക് വള്ളിയും പിടിപ്പിച്ചപ്പോള്‍ മനസ്സില്‍ സന്തോഷം. ഹോംലൈബ്രറിയിലെ പുസ്തകങ്ങളൊക്കെ അടുക്കിവച്ചപ്പോള്‍ സ്ഥലം കൂടിവന്നു. ഇനിയും പുസ്തകം വാങ്ങിവയ്ക്കാം. 

പഴയ ആല്‍ബങ്ങളിലെ ചിത്രങ്ങള്‍ നോക്കി നോക്കി സ്‌കാന്‍ ചെയ്ത് ലാപ്‌ടോപ്പിലാക്കിയത് മറ്റൊരു സന്തോഷം. സന്തോഷങ്ങളേറുമ്പോഴും ചില നഷ്ടങ്ങളുമുണ്ട്. കുടുംബത്തിനുള്ളിലേക്ക് മാത്രം ഒതുങ്ങുമ്പോള്‍ കൈമോശം വന്ന സുഹൃദ് ബന്ധങ്ങളാണ് ഒന്ന്. സുഹൃത്തുക്കളെ കാണുന്നത് അപൂര്‍വമായി. സാമൂഹിക ജീവിയാണല്ലോ മനുഷ്യന്‍. എത്ര ഉള്‍വലിഞ്ഞാലും സമൂഹം ഇല്ലാതെ നിലനില്‍പില്ല എന്ന പാഠവും പകര്‍ന്നുതരുന്നുണ്ട് ഈ കോവിഡ് കാലം...

ബോബി ഏബ്രഹാം .

( പ്രസിഡന്റ് , പ്രസ്സ്ക്ലബ്ബ് , പത്തനംതിട്ട) . 

No comments:

Powered by Blogger.