നടൻ സത്താർ ( 67) നിര്യാതനായി.

പ്രശസ്ത നടൻ സത്താർ (67)  നിര്യാതനായി. ഇന്നു വെളുപ്പിന് 3 :50 ന് ആലുവയിലെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു മരണം . കരൾ രോഗത്തെ തുടർന്ന് കുറച്ചു കാലമായി അദ്ദേഹം ചികിത്സയിലായിരുന്നു. മൃതദേഹം കടുങ്ങല്ലൂരിലെ സത്താറിന്റെ വീട്ടിലേക്ക് കൊണ്ടു പോയി.  മരിക്കുന്ന സമയം മകനും മുൻഭാര്യ ജയഭാരതിയും കൂടെയുണ്ടായിരുന്നു.  കബറടക്കം ഇന്ന് വൈകിട്ട് നാലുമണിക്ക് പടിഞ്ഞാറെ കടുങ്ങല്ലൂർ ജുമാമസ്ജിദിൽ നടക്കും.

നായകനായും വില്ലനായും സ്വഭാവ നടനായും നിരവധി ശ്രദ്ധേയ വേഷങ്ങൾ ചെയ്‌ത നടനാണ് സത്താർ,  എഴുപതുകൾ സത്താറിന്റെ അഭിനയ ജീവിതത്തിലെ സുവർണ്ണ കാലഘട്ടമായിരുന്നു.  എം കൃഷ്ണൻ നായർ സംവിധാനം ചെയ്ത് 1975-ൽ പുറത്തിറങ്ങിയ ഭാര്യയെ ആവശ്യമുണ്ട് എന്ന ചിത്രത്തിലൂടെയാണ് സത്താർ മലയാള സിനിമയിലേക്ക് കടന്നു വരുന്നത്. തൊട്ടടുത്ത വർഷം പുറത്തിറങ്ങിയ അനാവരണം എന്ന ചിത്രത്തിൽ അദ്ദേഹം നായകനായും അഭിനയിച്ചു.  ശരപഞ്ജരം അടക്കമുള്ള ചിത്രങ്ങളിലെ വേഷങ്ങളിലൂടെ ശ്രദ്ധേയനായ സത്താർ പിന്നീട് വില്ലൻ വേഷങ്ങളിൽ കൂടുതൽ ശ്രദ്ധ നേടിയത്. 

തമിഴ്, തെലുങ്ക് സിനിമകളിലും സജീവമായിരുന്ന അദ്ദേഹം മൂന്നിറിലേറെ ചിത്രങ്ങളിൽ അഭിനയിച്ചിരുന്നു. ശരപഞ്ജരം, സീമന്തിനി, ബീന, യതീം, ബെൻസ് വാസു, ഈ നാട്, അവളുടെ രാവുകൾ, ലിസ എന്നിവയാണ് പ്രധാന ചിത്രങ്ങള്‍. ബാബു ആന്റണി നായകനായ കമ്പോളം അടക്കം മൂന്ന് ചിത്രങ്ങൾ നിർമ്മിക്കുകയും ചെയ്തു. 2003-ന് ശേഷം അഭിനയരം​ഗത്ത് സജീവമായിരുന്നില്ല. എന്നാൽ 2012-ൽ 22 ഫീമെയിൽ കോട്ടയം, 2013-ൽ നത്തോലി ചെറിയ മീനല്ല, 2014 ൽ മംഗ്ലീഷ് എന്നീ ചിത്രങ്ങളിൽ സത്താർ ചെയ്ത വേഷങ്ങൾ ശ്രദ്ധ നേടി. 2014-ൽ പുറത്തിറങ്ങിയ " പറയാൻ ബാക്കി വച്ചതാണ് "  അവസാനം അഭിനയിച്ച ചിത്രം. 

സിനിമാരം​ഗത്ത് സജീവമായി നിൽക്കുന്നതിനിടെ 1979-ൽ ആണ് നടി ജയഭാരതിയെ സത്താർ വിവാഹം ചെയ്യുന്നത്. സത്താർ - ജയഭാരതി ദമ്പതികളുടെ മകനാണ് ചലച്ചിത്ര നടൻ കൂടിയായ കൃഷ് ജെ സത്താർ. 

എറണാകുളം ജില്ലയിലെ കടുങ്ങല്ലൂരിൽ ജനിച്ച സത്താർ ആലുവയിലെ യൂണിയൻ ക്രിസ്ത്യൻ കോളേജിൽ നിന്നും ചരിത്രത്തിൽ ബിരുദാനന്തര ബിരുദം നേടിയ ശേഷമാണ് സിനിമയിൽ എത്തിയത്. 

സത്താറിന്റെ നിര്യാണത്തിൽ സിനിമ പ്രേക്ഷക കൂട്ടായ്മ സംസ്ഥാന കമ്മറ്റി അനുശോചനം രേഖപ്പെടുത്തി. 

No comments:

Powered by Blogger.