" കളിക്കൂട്ടുകാർ - Childhood Friends " റോമാന്റിക് ആക്ഷൻ ത്രില്ലർ മൂവി. ദേവ്ദാസ് തിളങ്ങി.

അതിശയൻ, ആനന്ദഭൈരവി എന്നീ ചിത്രങ്ങളിലൂടെ മികച്ച ബാലതാരമായി തിളങ്ങിയ ദേവ് ദാസ് നായകനാകുന്ന ചിത്രമാണ് " കളിക്കൂട്ടുകാർ " . ദേവ്ദാസിന്റെ പിതാവും പ്രമുഖ നടനുമായ രാമു ( ഭാസി പടിക്കൽ) 
കഥയും, തിരക്കഥയും, സംഭാഷണവും ഒരുക്കുന്ന ഈ ചിത്രം പി.കെ. ബാബുരാജ് സംവിധാനം ചെയ്യതിരിക്കുന്നു. 

പത്തൊമ്പത് വയസ്സുള്ള ആറ് സുഹൃത്തുക്കളുടെ അതിജീവനത്തിന്റെയും, പോരാട്ടത്തിന്റെയും കഥയാണ് ഈ സിനിമ .ഒരുമിച്ച് കളിച്ചു വളർന്ന് എഞ്ചിനിയറിംഗ് വിദ്യാർത്ഥികളായി മുന്നേറുമ്പോൾ അവരുടെ ജീവിതത്തിലേക്ക് അപ്രതീക്ഷതമായി കടന്നു വരുന്ന ചില സംഭവങ്ങളിലൂടെയും , ചില വ്യക്തികളിലൂടെയുമാണ് ഈ സിനിമ മുന്നോട്ട് പോകുന്നത്. 

എല്ലാത്തരം പ്രേക്ഷകരെയും രസിപ്പിക്കുന്ന രീതിയിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. രാമു ഒരുക്കിയ തിരക്കഥ നന്നായിട്ടുണ്ട്. ആക്ഷനും, പ്രണയവും, ഹാസ്യവും എല്ലാം തിരക്കഥയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഏറെ ആകാംക്ഷയും ആവേശവും നൽകുന്ന മൂഹൂർത്തങ്ങളിലൂടെയാണ് ചിത്രം സഞ്ചരിക്കുന്നത്. 

ആനന്ദും ( ദേവ്ദാസ്), അഞ്ജലിയും ( നിധി ) ആണ് ഈ ഗ്രൂപ്പിന്റെ പ്രധാനികൾ . ഇതൊരു ക്യാമ്പസ് മൂവിയല്ല. ആക്ഷനും, സസ്പെൻസുമുള്ള ഒരു കുടുംബചിത്രമാണിത് .

ആൽവിൻ ഷാജി  , ജെൻസൺ ജോസ്, സ്നേഹ സുനോജ് , ഭാമ, സലിംകുമാർ, ജനാർദ്ദനൻ , കുഞ്ചൻ , ഇന്ദ്രൻസ്, രഞ്ജി പണിക്കർ , ബൈജു, ഷമ്മി തിലകൻ, രാമു, ശിവജി ഗുരുവായൂർ, വിവേക് ഗോപൻ, സുനിൽ സുഗദ, സുന്ദരപാണ്ഡ്യൻ , ബിന്ദു അനീഷ്, രജനി മുരളി , ഐറിൻ, ലക്ഷ്മി പ്രമോദ് എന്നിവർ ഈ സിനിമയിൽ അഭിനയിക്കുന്നു. 

ദേവ്ദാസും, നിധിയും മെച്ചപ്പെട്ട അഭിനയം കാഴ്ചവച്ചു. സിരിയൽ താരം വിവേക് ഗോപൻ വില്ലൻ വേഷത്തിൽ തിളങ്ങി. ഷമ്മി തിലകന്റെ ഡി. വൈ. എസ്.പി വേഷം പ്രേക്ഷക ശ്രദ്ധ പിടിച്ച് പറ്റി. 

ഛായാഗ്രഹണം പ്രദീപ് നായരും, എഡിറ്റിംഗ് അയൂബ് ഖാനും , പശ്ചാത്തല സംഗീതം ബിജിപാലും, സംഗീതം വിഷ്ണു മോഹൻ സിത്താരയും, വിനു തോമസും, ഗാനരചന റഫീഖ് അഹമ്മദും ,ബി .കെ . ഹരി നാരായണനും , കലാസംവിധാനം എം. ബാവയും , പ്രൊഡക്ഷൻ കൺട്രോളർ ഷാജി പട്ടിക്കരയും ,മേക്കപ്പ് സജി കൊരട്ടിയും , സംഘട്ടനം മാഫിയ ശശിയും പ്രദീപ് ഷാജിയും നിർവ്വഹിക്കുന്നു .ദേവാമൃതം സിനിമ ഹൗസാണ് സിനിമ നിർമ്മിച്ചിരിക്കുന്നത്. വിനിത് ശ്രീനിവാസൻ , ശ്വേത മോഹൻ, റിമി ടോമി, നജീം ഇർഷാദ് ,മോമി എന്നിവരാണ് ഗാനങ്ങൾ ആലപിച്ചിരിക്കുന്നത് .

പ്രദീപ് നായർ  ഒരുക്കിയ ദൃശ്യഭംഗി എടുത്ത് പറയാം. അതുപോലെ അയൂബ് ഖാന്റെ എഡിറ്റിംഗും നന്നായിട്ടുണ്ട്. മാഫിയ ശശിയുടെ സംഘട്ടന രംഗങ്ങൾ ശ്രദ്ധിക്കപ്പെട്ടു. പി.കെ. ബാബുരാജിന്റെ സംവിധാനം നന്നായി എന്ന് തന്നെ പറയാൻ കഴിയും .

കുടുംബ സാഹചര്യങ്ങൾ മാത്രമല്ല സാമൂഹികപരമായും , ഒരു വ്യക്തിയ്ക്ക് ഒത്തിരി സമ്മർദ്ദങ്ങളും പരിമിതികളും അനുഭവപ്പെടുണ്ടെന്ന് തെളിയിക്കുന്ന പല  സാഹചര്യങ്ങളും നന്നായി സിനിമയിൽ ചിത്രികരിച്ചിട്ടുണ്ട് എല്ലാത്തരം പ്രേക്ഷകർക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന ചിത്രമാണ് " കളിക്കൂട്ടുകാർ " .


Rating : 3.5 / 5.

സലിം പി. ചാക്കോ .

No comments:

Powered by Blogger.