ഒരു കുഞ്ഞുമനസ്സിന്റെ സ്നേഹഗാഥയുമായി ടി.വി. ചന്ദ്രന്റെ മനോഹരമായ സിനിമയാണ് " പെങ്ങളില " .

ടി.വി ചന്ദ്രൻ രചനയും സംവിധാനവും നിർവ്വഹിക്കുന്ന ചിത്രമാണ് "പെങ്ങളില''. 

എട്ട് വയസ്സുള്ള രാധ എന്ന പെൺകുട്ടിയും ,അവളുടെ വീടും പറമ്പും വൃത്തിയാക്കാനെത്തുന്ന അറുപത് വയസ്സ് പ്രായമുള്ള അഴകൻ എന്ന കൂലിപണിക്കാരനും തമ്മിലുണ്ടാവുന്ന സ്നേഹമാണ് ഈ ചിത്രത്തിന്റെ പ്രമേയം.

" പെങ്ങളില" എന്ന് പേരിട്ടിരിക്കുന്ന ഈ സിനിമയുടെ കഥ നടക്കുന്നത് 95 കാലഘട്ടത്തിലാണ്. അറുപത് വയസിന് മുകളിൽ പ്രായമുള്ള ദളിത് വിഭാഗത്തിൽപ്പെട്ട ഒരാളെ കേന്ദ്രീകരിച്ചാണ് കഥ പറയുന്നത്. അറുപത് വയസ്സിനു മുകളിൽ പ്രായമുള്ള അഴകനും, എട്ട് വയസ്സുള്ള രാധ എന്ന പെൺക്കുട്ടിയും തമ്മിലുള്ള ഐക്യവും, അടുപ്പവും ഈ സിനിമയുടെ കഥയുമായി ചേർന്ന് നിൽക്കുന്നു. 

ബോംബെയിൽ നിന്ന് ജോലി മാറ്റവുമായി ബന്ധപ്പെട്ട് നാട്ടിലേക്ക് വരുന്ന കുടുംബമുണ്ട്. അവർ താമസിക്കുന്ന വീടിനടുത്ത് കുടിൽ കെട്ടി താമസിക്കുകയാണ് അഴകൻ. ഈ വീട് വൃത്തിയാക്കാൻ അഴകൻ വരുമ്പോഴാണ് എട്ടു വയസ്സുകാരിയായ രാധ എന്ന കുട്ടിയെ കാണുന്നതും പരിചയപ്പെടുന്നതും.

അഴകന്റെ മനസ് ഒറ്റപ്പെട്ടതാണ്. ജീവിതവും അങ്ങനെ തന്നെയാണ്. ഭാര്യ കുടെയുണ്ട്. ഏക മകൻ നാട് വിട്ട് പോയി. എവിടെയാണെന്ന് അറിയില്ല. അഴകന് സ്വന്തമായി ഒരു തുണ്ട് ഭൂമി പോലുമില്ല. പലയിടങ്ങളിൽ നിന്നും പല കാരണങ്ങളാൽ ഒഴിഞ്ഞു പോകേണ്ടതായും വന്നിട്ടുണ്ട്. 

തന്റെ ജീവിതകഥ അഴകൻ രാധയോട് പറയുന്നുണ്ട്. ചില അവസരങ്ങളിൽ കുട്ടിയുടെ അമ്മ ആ കഥകൾ കേൾക്കുന്നുമുണ്ട്. 1948 കാലഘട്ടം മുതലുള്ള കഥ .ഈ കഥയാണ് " പെങ്ങളില"യിലുടെ ടി.വി ചന്ദ്രൻ പറയുന്നത്. 

അഴകനായി ലാലും, രാധയായി അക്ഷര കിഷോറും ,വീട്ടമ്മ രേഖയായി ഇനിയായും,        ഭർത്തവായി നരേനും അഭിനയിക്കുന്നു. രഞ്ജി പണിക്കർ , ഇന്ദ്രൻസ് , ബേസിൽ പൗലോസ് ,തിരൂ ,നൗഷാദ് , നീതു ചന്ദ്രൻ ,അമ്പിളി സുനിൽ, മാസ്റ്റർ പവൻ റോയ്, ഷീല ശശി, മറീന മൈക്കിൾ , സോണിയ ജോസഫ് എന്നിവരും ,അതിഥിതാരമായി പ്രിയങ്ക നായരും  അഭിനയിക്കുന്നു.

ബെൻസി പ്രൊഡക്ഷൻസിന്റെ ബാനറിൽ ബേനസീറാണ് പെങ്ങളീല നിർമ്മിക്കുന്നത്. സന്തോഷ് തുണ്ടിയിൽ ക്യാമറയും , വിഷ്ണു മോഹൻ സിത്താര സംഗീതവും, അൻവർ അലി, സച്ചിദാനന്ദൻ ഗാനരചനയും, ഷെബീറലി കലാ സംവിധാനവും,  ഷാജി പട്ടിക്കര പ്രൊഡക്ഷൻ കൺട്രോളറും, വി.റ്റി ശ്രീജിത്ത് എഡിറ്റിംഗും, സജി കൊരട്ടി മേക്കപ്പും, രാധാകൃഷ്ണൻ മങ്ങാട് വസ്ത്രാലങ്കാരവും ,നസീർ കുത്തുപറമ്പ് , ബിജു കടവൂർ പ്രൊഡക്ഷൻ      എക്സിക്യൂട്ടിവ്സും, അനിൽ പേരാമ്പ്ര സ്റ്റിൽസും, കെ.ജി ഷൈജു അസോസിയേറ്റ് ഡയറക്ടറുമാണ്.


സന്തോഷ് തുണ്ടിയിലെ ക്യാമറ വർക്ക് ഗംഭീരമായി .ലാലിന്റെയും, അക്ഷര കിഷോറിന്റെയും അഭിനയമികവ് എടുത്ത് പറയാം. തിരക്കഥയും, സംവിധാനവുമാണ് സിനിമയുടെ ഹൈലൈറ്റ്. ലാൽ പാടുന്ന പാട്ട് നന്നായിട്ടുണ്ട്. 

കൃഷ്ണൻകുട്ടി , ഹേമയുടെ ലൗ വേഴ്സ് , അലീസിന്റെ അന്വേഷണം , പൊന്തൻമാട ,ഓർമ്മകൾ ഉണ്ടായിരിക്കണം, മങ്കാമ്മ , സൂസന്ന , ഡാനി ,പാഠം ഒന്ന് ഒരു വിലാപം , കഥാവശേഷൻ, അടുംകൂത്ത് ,ഭൂമി മലയാളം, വിലാപങ്ങൾക്കപ്പുറം, ശങ്കരനും മോഹനനും, ഭൂമിയുടെ അവകാശികൾ എന്നി ചിത്രങ്ങളാണ് ടി.വി. ചന്ദ്രൻ സംവിധാനം ചെയ്തിട്ടുള്ളത്. ഏഴ് വർഷങ്ങൾക്ക് ശേഷമാണ് " പെങ്ങളില " അദ്ദേഹം സംവിധാനം ചെയ്യുന്നത്. 

സിനിമയിൽ രാഷ്ടീയം പറയാനും അദ്ദേഹം ശ്രമിച്ചിട്ടുണ്ട്. നല്ല  ഒരു സിനിമയാണ് " പെങ്ങളില ".

Rating : 4 / 5.

സലിം പി. ചാക്കോ .No comments:

Powered by Blogger.