മമ്മൂട്ടിയെന്ന മഹാനടന്റെ മഹാനടനമാണ് " പേരൻപ് " . സാധനയുടെ മികച്ച അഭിനയം. റാമിന്റെ സംവിധാനമികവ്.
ദേശീയ പുരസ്കാരം ലഭിച്ച " തങ്കമീൻകൾ " എന്ന സിനിമയ്ക്ക് ശേഷം മമ്മൂട്ടിയെ നായകനാക്കി റാം തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് " പേരൻപ് " .  വർഷങ്ങൾക്ക് ശേഷം മമ്മൂട്ടി തമിഴിൽ അഭിനയിക്കുന്നുവെന്ന പ്രത്യേകതയുമുണ്ട്. "പേരൻപ് " എന്ന ഒറ്റ സിനിമയിലൂടെ പ്രേക്ഷകരെ കരയിപ്പിക്കുകയാണ് റാം ചെയ്യുന്നത്. 

പ്രകൃതിയിൽ മനുഷ്യരെല്ലാം വ്യതസ്തരായാണ് ജനിക്കുന്നത്. എന്നാൽ പ്രകൃതി അവരെ എല്ലാവരെയും ഒരു പോലെ കാണുന്നു എന്ന ചിന്തയാണ് " പേരൻപ് " പറയുന്നത്. 

സ്പാസ്റ്റിക് പരാലിസിസ്  ബാധിച്ച കൗമാരത്തിലേക്ക് കടക്കുന്ന മകൾ പാപ്പയുടെയും, ടാക്സി ഡ്രൈവറായ അച്ഛൻ അമുദവന്റെയും സ്നേഹ ബന്ധത്തിന്റെ കഥയാണ് ഈ സിനിമ. മനസ് നീറ്റുന്ന കഥാസന്ദർഭങ്ങളാണ് ഈ സിനിമയിൽ ഉടനീളം. 

മകളെയും അമുദവനെയും ഉപേക്ഷിച്ച് ഭാര്യ മറ്റൊരു പുരുഷനോടൊപ്പം പോകുന്നത് അമുദവന്റെ ജീവിതത്തിൽ തിരിച്ചടിയാകുന്നു. മകളുടെ സംരക്ഷണം പൂർണ്ണമായും അയാളിൽ തന്നെ ഒതുങ്ങുകയാണ്. മകളെ സംരക്ഷിക്കേണ്ടതിനൊപ്പം അവളെ സ്നേഹിക്കുകയും ചെയ്യേണ്ടുന്ന ഒരച്ഛൻ , ആ അച്ഛന്റെ മാനസിക സംഘർഷങ്ങളാണ് " പേരൻപ് " പറയുന്നത്. അമുദവൻ പാപ്പായെ നന്നായി കെയർ ചെയ്യുന്നു. എന്നാൽ എല്ലാം അവളെ ഭയപ്പെടുത്തുകയാണ് ചെയ്യുന്നത്. മകളുടെ മനസ്സിൽ ഇടം നേടാനായി തന്നാൽ കഴിയുന്നതെല്ലാം അമുദവൻ ചെയ്യുന്നുണ്ട്. അമുദവൻ അടുത്ത് ഉണ്ടെങ്കിൽ അവൾ ഭക്ഷണം പോലും കഴിക്കാറില്ല. മകളെയും, തന്നെയും ഉപേക്ഷിച്ച് പോയ ഭാര്യയെ ഒരിക്കൽ പോലും അമുദവൻ കുറ്റപ്പെടുത്തുന്നില്ല.

വൈകാരികത ഏറെയുള്ള ഒരു കുടുംബചിത്രമാണിത്. മികച്ചൊരു പ്രമേയം പറയുന്ന ഈ സിനിമ കലാമൂല്യമുള്ള സിനിമകളിൽ ഒന്നായാണ് റാം ഒരുക്കിയിരിക്കുന്നത്. 

മമ്മൂട്ടിയുടെയും (അമുദവൻ) , സാധനയുടെയും ( പാപ്പാ) ,അഞ്ജലി അമീറിന്റെ ( മീര ) , അഞ്ജലിയുടെയും (വിജി) അഭിനയമാണ്  സിനിമയുടെ മുഖ്യ ആകർഷണം. സമുദകനി , ലിവിങ്ങ്സ്റ്റൺ , വടിവുക്കരശി , അരുൾദോസ് എന്നിവരും   ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. 

ശ്രീ രാജലക്ഷ്മി ഫിലിംസിന്റെ ബാനറിൽ പി.എൽ. തെനപ്പനാണ് " പേരൻപ് " നിർമ്മിച്ചിരിക്കുന്നത്. കേരളത്തിൽ ആന്റോ ജോസഫ് ഫിലിം കമ്പനിയാണ് സിനിമ വിതരണം ചെയ്യതിരിക്കുന്നത്.  രണ്ട് മണിക്കൂർ ഇരുപത്തിഏഴ് മിനിറ്റാണ് സിനിമയുടെ ദൈർഘ്യം. 

ഡിസംബറിൽ ഗോവയിൽ നടന്ന ഐ. എഫ്. എഫ്. ഐ യിൽ വൻ പ്രേക്ഷക തിരക്കാണ് ഈ സിനിമയ്ക്ക് ലഭിച്ചത്. പ്രേക്ഷകരുടെ ആവശ്യപ്രകാരം രണ്ടാമതും ഈ ചിത്രം പ്രദർശിപ്പിച്ചിരുന്നു. 

യുവശങ്കർ രാജയുടെ പശ്ചാത്തല സംഗീതവും, തേനി ഈശ്വറിന്റെ ഛായാഗ്രഹണവും ,സൂര്യപ്രഥമന്റെ  എഡിറ്റിംഗും മികച്ചതായി . 

തനിയാവർത്തനത്തിലും, വാൽസല്യത്തിലുമൊക്കെ നമ്മുടെ കണ്ണു നനയിപ്പിച്ച മമ്മൂട്ടിയുടെ ആഭിനയ ജീവിതത്തിലെ ഏറ്റവും മികച്ച കഥാപാത്രമായിരിക്കും അമുദവൻ. മമ്മൂട്ടിയെന്ന നടനെ അതിവിദ്ഗദ്ധമായി ഉപയോഗിച്ചിരിക്കുകയാണ് സംവിധായകൻ റാം. എന്നാൽ ഒരിടത്ത് പോലും മമ്മൂട്ടി അഭിനയിക്കുകയാണെന്ന് പ്രേക്ഷകർക്ക് തോന്നുകയില്ല. 

ഭിന്നശേഷിയുള്ള മക്കളുടെ മാതാപിതാക്കൾ ഈ സിനിമ കണ്ടാൽ അത് സിനിമയല്ല ,തങ്ങളുടെ ജീവിതമാണ് എന്ന് തോന്നും. അമുദവനു പകരം സ്വയം അവർ അവിടെ അവരെ പ്രതിഷ്ഠിക്കും. 

ട്രാൻസ്ജെൻഡർ ആയി എത്തുന്ന മീര  എങ്ങനെ അമുദവന്റെ ജീവിതത്തിൽ പങ്കാളിയാകുന്നത് എന്നത് വ്യക്തമായി റാം വരച്ച് കാട്ടുന്നു. 

" പേരൻപി "ലുടെ  നാലാമതും ദേശീയ പുരസ്കാരം മമ്മൂട്ടിയ്ക്ക് ലഭിക്കുമെന്ന് കരുതാം .

Rating : 5 / 5. 

സലിം പി. ചാക്കോ .

No comments:

Powered by Blogger.