മമ്മൂട്ടിയുടെ " പേരൻപ് " ഫെബ്രുവരി ഒന്നിന് തീയേറ്ററുകളിലേക്ക്.

ദേശീയ പുരസ്കാരം ലഭിച്ച " തങ്കമീൻകൾ " എന്ന സിനിമയ്ക്ക് ശേഷം മമ്മൂട്ടിയെ നായകനാക്കി റാം തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് " പേരൻപ് " .  വർഷങ്ങൾക്ക് ശേഷം മമ്മൂട്ടി തമിഴിൽ അഭിനയിക്കുന്നുവെന്ന പ്രത്യേകതയുമുണ്ട്. "പേരൻപ് " എന്ന ഒറ്റ സിനിമയിലൂടെ പ്രേക്ഷകരെ കരയിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് ഈ ചിത്രം. 

പ്രകൃതിയിൽ മനുഷ്യരെല്ലാം വ്യതസ്തരായാണ് ജനിക്കുന്നത്. എന്നാൽ പ്രകൃതി അവരെ എല്ലാവരെയും ഒരു പോലെ കാണുന്നു. ഈ ചിന്തയാണ് " പേരൻപ് " പറയുന്നത്. 

സെറിബ്രൽ പാൾസി ബാധിച്ച കൗമാരത്തിലേക്ക് കടക്കുന്ന മകൾ പാപ്പയുടെയും, ടാക്സി ഡ്രൈവറായ അച്ഛൻ അമുദേവന്റെയും സ്നേഹ ബന്ധത്തിന്റെ കഥയാണ് ഈ സിനിമ. മനസ് നീറ്റുന്ന കഥാസന്ദർഭങ്ങളാണ് ഈ സിനിമയിൽ ഉടനീളം. മകളെയും അമുദേവനെയും ഉപേക്ഷിച്ച് ഭാര്യ മറ്റൊരു പുരുഷനോടൊപ്പം പോകുന്നത് അമുദേവന്റെ ജീവിതത്തിൽ തിരിച്ചടിയാകുന്നു. മകളുടെ സംരക്ഷണം പൂർണ്ണമായും അയാളിൽ തന്നെ ഒതുങ്ങുകയാണ്. മകളെ സംരക്ഷിക്കേണ്ടതിനൊപ്പം അവളെ സ്നേഹിക്കുകയും ചെയ്യേണ്ടുന്ന ഒരച്ഛൻ , ആ അച്ഛന്റെ മാനസിക സംഘർഷങ്ങളാണ് " പേരൻപ് " പറയുന്നത്. 

വൈകാരികത ഏറെയുള്ള ഒരു കുടുംബചിത്രമാണിത്. മികച്ചൊരു പ്രമേയം പറയുന്ന ഈ സിനിമ കലാമൂല്യമുള്ള സിനിമകളിൽ ഒന്നായാണ് റാം ഒരുക്കിയിരിക്കുന്നത്. 

മമ്മൂട്ടിയുടെയും, സാധന എന്ന നടിയുടെയും പ്രകടനമാണ് സിനിമയുടെ മുഖ്യ ആകർഷണം. അഞ്ജലി അമീർ , സമുദ്രക്കനി, സുരാജ് വെഞ്ഞാറംമൂട്, സിദ്ദിഖ് ,അഞ്ജലി എന്നിവരാണ് ഈ  ചിത്രത്തിൽ അഭിനയിക്കുന്നത്. 

ശ്രീ രാജലക്ഷ്മി ഫിലിംസിന്റെ ബാനറിൽ പി.എൽ. തെനപ്പനാണ് " പേരൻപ് " നിർമ്മിച്ചിരിക്കുന്നത്. കേരളത്തിൽ ആന്റോ ജോസഫ് ഫിലിം കമ്പനിയാണ് സിനിമ വിതരണം ചെയ്യുന്നത്. മമ്മൂട്ടിയുടെ സിനിമ ആദ്യമായി ചൈനയിലും റിലീസ് ചെയ്യുന്നുണ്ട്. രണ്ട് മണിക്കൂർ ഇരുപത്തിഏഴ് മിനിറ്റാണ് സിനിമയുടെ ദൈർഘ്യം. 

ഡിസംബറിൽ ഗോവയിൽ നടന്ന ഐ. എഫ്. എഫ്. ഐ യിൽ വൻ പ്രേക്ഷക തിരക്കാണ് ഈ സിനിമയ്ക്ക് ലഭിച്ചത്. പ്രേക്ഷകരുടെ ആവശ്യപ്രകാരം രണ്ടാമതും ഈ ചിത്രം പ്രദർശിപ്പിച്ചിരുന്നു. ഇത്രയധികം ജനപ്രീതി ലഭിച്ചതോടെ " പേരൻപിന്" വേണ്ടിയുള്ള കാത്തിരിപ്പ് ഫെബ്രുവരി ഒന്നിന് അവസാനിക്കുകയാണ്. 

" പേരൻപി " ലെ മമ്മൂട്ടിയുടെ വിസ്മയ പ്രകടനം കാണാനുള്ള കാത്തിരിപ്പിലാണ് പ്രേക്ഷക സമൂഹം .ഈ സിനിമയിലൂടെ നാലാമതും ദേശീയ പുരസ്കാരം മമ്മൂട്ടിയ്ക്ക് ലഭിക്കുമെന്ന് കരുതാം .


സലിം പി. ചാക്കോ .

No comments:

Powered by Blogger.