4K തീയേറ്ററുകള്‍ ഇല്ലാത്തിടത്ത് എന്തിനാണ് ‘വില്ലന്‍’ 8K യില്‍ ചിത്രീകരിക്കുന്നത്?

സംവിധായകൻ ബി. ഉണ്ണികൃഷ്ണന്റെ മറുപടി.


4K സ്‌ക്രീനുകളുടെ കാര്യം ശരിയാണ്. കേരളത്തില്‍ ആകെ മൂന്നോ നാലോ ഇടങ്ങളിലേ 4K സൗകര്യമുള്ളൂ. വില്ലന്റെ കാര്യത്തിലേക്ക് വരാം. ഇന്ന് ചിത്രീകരണത്തിന് ഉപയോഗിക്കുന്ന ഡിജിറ്റല്‍ ക്യാമറകള്‍ പലതിന്റെയും റെസല്യൂഷന്‍ 2K യ്ക്ക് താഴെയാണ്. 1.8K ഒക്കെയാണ് കൃത്യമായി പറഞ്ഞാല്‍ പലതിന്റെയും റെസല്യൂഷന്‍. അതില്‍നിന്ന് 2K ഔട്ട് കിട്ടാന്‍ ചിത്രീകരിച്ച വിഷ്വല്‍ അപ്‌സ്‌കെയില്‍ (Upscale) ചെയ്യേണ്ടിവരും. അങ്ങനെ 2K യിലേക്ക് ഉയര്‍ത്തുമ്പോള്‍ അതിനൊരു ‘കംപ്രഷനും’ ‘ലോസും’ സംഭവിക്കും. അപ്പോള്‍ ആ ചിത്രീകരിച്ചതില്‍നിന്ന് 4K ഔട്ട് എടുക്കുന്നതിന്റെ കാര്യം ആലോചിച്ച് നോക്കൂ. വില്ലനില്‍ ചെയ്യാന്‍ ഉദ്ദേശിക്കുന്നത് 8K യില്‍ ചിത്രീകരിച്ചതിന് ശേഷം 2Kയിലേക്കും 4Kയിലേക്കും ഡൗണ്‍സ്‌കെയില്‍ (Downscale) ചെയ്യുകയാണ്. അങ്ങനെ ചെയ്യുമ്പോള്‍ ‘ലോസ്’ ഉണ്ടാവുന്നില്ലെന്ന് മാത്രമല്ല ലഭിക്കുന്ന ദൃശ്യങ്ങള്‍ വളരെ ‘ഷാര്‍പ്പും’ ആയിരിക്കും. 

8K യില്‍ ചിത്രീകരിക്കുമ്പോഴുള്ള ഒരു നേട്ടം എന്നുവെച്ചാല്‍ അത് നല്‍കുന്ന ‘ഫീല്‍ഡ് ഓഫ് വിഷന്‍’ മറ്റ് ക്യാമറകളെ അപേക്ഷിച്ച് ഉയര്‍ന്നതാണ്. ഈ ചിത്രത്തിന്റെ മേക്കിംഗുമായി അടുത്തുനില്‍ക്കുന്ന വിഷ്വല്‍ പാറ്റേണിന് സഹായകരമാണ് ഇതെല്ലാം. വില്ലനില്‍ നമ്മള്‍ ഉപയോഗിക്കുന്ന റെഡ് ഹീലിയം വെപ്പണ്‍ തന്നെ രണ്ട് വെര്‍ഷനുകളിലുണ്ട്. ഫ്രെയിം സ്പീഡ് 32 വരെ പോകാന്‍ പറ്റുന്നതും 72 വരെ പോകാന്‍ പറ്റുന്നതുമായ രണ്ട് വെര്‍ഷനുകള്‍. 72 ഫ്രെയ്മുകളില്‍ ഷൂട്ട് ചെയ്യാവുന്ന രണ്ട് ഹൈ എന്‍ഡ് ക്യാമറകളാണ് ഇപ്പോള്‍ ഇന്ത്യയില്‍ ലഭ്യമായിട്ടുള്ളത്. അതിലൊരെണ്ണമാണ് നമ്മള്‍ ഉപയോഗിക്കുന്നത്.

ഇവിടെ ലെന്‍സിന്റെ തെരഞ്ഞെടുപ്പിലും ഒരു കൗതുകമുണ്ട്. ‘ഓറ്റസ്’ എന്ന ലെന്‍സാണ് ഉപയോഗിച്ചിരിക്കുന്നത്. അത് ശരിക്കും സ്റ്റില്‍ ക്യാമറകളില്‍ ഉപയോഗിക്കുന്ന ലെന്‍സാണ്. സിനിമാ ചിത്രീകരണത്തിനായി ആദ്യമായാണ് ഈ ലെന്‍സ് ഉപയോഗിക്കുന്നത്. ഞാനും ഛായാഗ്രാഹകന്‍ മനോജ് പരമഹംസയുംകൂടി 3 ടെസ്റ്റ് ഷൂട്ട് ചെയ്തതിന് ശേഷമാണ് ഈ ലെന്‍സ് ഉപയോഗിക്കാന്‍ തീരുമാനിക്കുന്നത്. വളരെ സെന്‍സിറ്റീവും ഷാര്‍പ്പുമാണ് ഇതിന്റെ ഫോക്കസ്. അതിനാല്‍ത്തന്നെ ചിത്രീകരണസമയത്ത് ഒരു ഫോക്കസ് പുള്ളര്‍ക്ക് നാലിരട്ടി ജോലിയുണ്ടാവും. പക്ഷേ അങ്ങനെയെടുത്താല്‍ ഗംഭീര റിസല്‍ട്ട് ആവും ലഭിക്കുക. ഒരു ഫാമിലി ഡ്രാമ ചിത്രീകരിക്കാന്‍ ഈ ലെന്‍സ് ആവശ്യമില്ല. പക്ഷേ വില്ലന്‍ പോലൊരു സിനിമയുടെ ചിത്രീകരണത്തിന് ഈ ലെന്‍സ് വലിയ പിന്തുണ തരും.

മൂവ്‌മെന്റിനായി ട്രാക്കും ട്രോളിയുമൊന്നും ഉപയോഗിച്ചിട്ടില്ല. ഏത് ചെറിയ സ്‌പേസിലും മൂവ്‌മെന്റ് സാധ്യമാക്കുന്ന ‘സ്ലൈഡര്‍’ ആണ് ഉപയോഗിച്ചിരിക്കുന്നത്. സ്റ്റാറ്റിക് ഷോട്ട് ഒരെണ്ണംപോലുമുണ്ടാവില്ല വില്ലനില്‍. അതിന്റെ ഒരു താളമുണ്ടാവും സിനിമയ്ക്ക്. 

ലോ-ലൈറ്റാണ് സിനിമയില്‍ ഉടനീളം ഉപയോഗിച്ചിരിക്കുന്നത്. അത്തരം ലൈറ്റിങ്ങിന്റെ എക്‌സ്‌പോഷറും ഈ ലെന്‍സിന്റെ ഗുണനിലവാരവും ഹീലിയം ക്യാമറയുമൊക്കെ ചേര്‍ന്നുവരുമ്പോഴാണ് ഉദ്ദേശിച്ച ഒരു റിസല്‍ട്ട് കിട്ടുന്നത്. അല്ലാതെ ഇവിടെ എത്ര 4K തീയേറ്റര്‍ ഉണ്ട് എന്ന ചോദ്യത്തിലല്ല കാര്യം. ഈ പറഞ്ഞതൊന്നും അവകാശവാദങ്ങളല്ല. മൊത്തത്തില്‍ ഒരു ഇന്റര്‍നാഷണല്‍ ലുക്ക് കൊണ്ടുവരാന്‍ നമ്മുടെ ഭാഗത്തുനിന്നുള്ള ശ്രമം മാത്രം. 'വില്ലനി’ ല്‍ വിഎഫ്എക്‌സ് ഇല്ലാത്ത ഒരു സീന്‍ പോലും ഉണ്ടാവില്ല. പക്ഷേ വിഷയവുമായി ചേര്‍ന്നുനില്‍ക്കുന്നതിനാല്‍ അത് വിഎഫ്എക്‌സ് ആയി തോന്നില്ല. ഒരു പക്ഷേ ഒരു സെറ്റിന്റെ എക്സ്റ്റന്‍ഷന്‍ ആയിരിക്കും അത്. ഒരു മുറിയുടെ സെറ്റിടുകയാണെങ്കില്‍ ആ മുറിയോട് ചേര്‍ത്ത് വേറൊരു മുറി വിഎഫ്എക്‌സില്‍ ചെയ്യാം. 

മിസ്റ്റര്‍ ഫ്രോഡിലെ ഒരു ഉദാഹരണം പറയാം. അതില്‍ സിദ്ദിഖിന്റെ കഥാപാത്രം ഒരു സ്‌കൂള്‍ പണികഴിപ്പിക്കുന്നുണ്ട്. നിര്‍മ്മാണം നടക്കുന്നതായി കാണിക്കുന്ന രംഗങ്ങളില്‍ത്തന്നെ അത് ശരിക്കും പണി പൂര്‍ത്തിയായ ഒരു കെട്ടിടമാണ്. നിലവില്‍ അവിടെയുണ്ടായിരുന്ന ഒരു കെട്ടിടത്തിന്റെ മുകള്‍ഭാഗം വിഎഫ്എക്‌സ് ഉപയോഗിച്ച് മുറിച്ചുകളഞ്ഞ്, നിര്‍മ്മാണം നടക്കുന്ന മറ്റൊരു കെട്ടിടത്തിന്റെ സ്ട്രക്ചര്‍ നമ്മളവിടെ പേസ്റ്റ് ചെയ്യുകയായിരുന്നു. ആ രംഗങ്ങളെല്ലാം വിഎഫ്എക്‌സില്‍ നിര്‍മ്മിച്ചെടുത്തതാണ്. പക്ഷേ ആരും അത് അത്തരത്തില്‍ ശ്രദ്ധിച്ചില്ല. സ്വാഭാവികമായി ട്രീറ്റ്‌മെന്റിന്റെ ഭാഗമായി വരുന്നതിനാല്‍ അതൊന്നും സാങ്കേതിക മികവായി വിലയിരുത്തപ്പെടില്ല.
ഇതേരീതിയിലാണ് ‘വില്ലനി’ലും വിഎഫ്എക്‌സ് ഉപയോഗിക്കുന്നത്. മോഹന്‍ലാല്‍ അഭിനയിച്ചിരിക്കുന്ന ഒരു പാട്ട് മുഴുവന്‍ ‘മാറ്റ്-പെയിന്റിംഗ്’ (Matte painting) ഉപയോഗപ്പെടുത്തിയാണ് ചെയ്തിരിക്കുന്നത്. സ്റ്റുഡിയോ ഫ്‌ളോര്‍ മുഴുവന്‍ പച്ച നിറം അടിച്ചതിന് ശേഷം നമുക്ക് ആവശ്യമുള്ള ഭൂപ്രകൃതി വിഷ്വലിലേക്ക് കൊണ്ടുവരികയാണ്.

No comments:

Powered by Blogger.