ജീവിതം : കഥ - ഷാനു സമദ് .
ജീവിതം : കഥ - ഷാനു സമദ് .
"എടി കുളിക്കാൻ ചൂട് വെള്ളം ചോദിച്ചിട്ട് എത്ര നേരമായടീ..?"
ഇനി നിന്റെ വെള്ളം വേണ്ട.. "
ബാത്‌റൂമിന്റെ വാതിൽ ശക്തിയായി അയാൾ വലിച്ചടച്ചു കുറ്റിയിട്ട് അവളോടുള്ള ദേഷ്യമെന്നോണം തലയിലൂടെ തണുത്ത വെള്ളം കുറെ കോരി ഒഴിച്ചു
"ഇസ്തിരി ഇട്ട് വെക്കാൻ പോലും നിനക്ക് നേരം ഇല്ല, അത്രക്ക് എന്ത് പണിയാ ഇവിടെ നിനക്ക് ഉള്ളത്? "
ചുളിവ് വീണ ഷർട്ടിലൂടെ ഇസ്തിരിപ്പെട്ടി അവളോടുള്ള ദേഷ്യത്തിലാണ് അയാൾ ഓടിച്ചത്
ദേഷ്യം കൊണ്ട് ടേബിളിൽ ഇരുന്ന കാലി ലഞ്ച് ബോക്സ് എടുത്തു തട്ടി തെറിപ്പിച്ചു കളയാനാണ് അയാൾക്ക് ആദ്യം തോന്നിയത്
"ഇതിൽ ഇത്തിരി ചോറും കറിയും, കറി ഉണ്ടാക്കാൻ നേരമില്ലെങ്കിൽ ഇത്തിരി അച്ചാർ എങ്കിലും എടുത്തു വെച്ചൂടെ...?
അല്ലെങ്കിൽ നിനക്ക് എവിടുന്നാ ഇതിനൊക്കെ നേരം?
ടേബിളിരുന്ന ലഞ്ച് ബോക്സിലേക്ക് ചോറും അച്ചാറും കുത്തി നിറച്ചു അയാൾ ബാഗിലാക്കി പുറത്ത് ഇറങ്ങി
ഷൂസ് ഇടാൻ നോക്കുമ്പോഴാണ് ഷൂസ് തുടക്കാത്തത് കണ്ടത്
"ഒന്ന് ഷൂ തുടച്ചു വെക്കാൻ പോലും നിനക്ക്...."
ഇപ്പോൾ അയാളുടെ വാക്കുകളിൽ ദേഷ്യവും വേദനയും കൂടെ ഉണ്ടായിരുന്നു
" ഒന്നിനും മറുപടി പറയാതെ, കേൾക്കാത്ത പോലെ നീ അവിടെ ഇരിക്ക് "
അകത്തേക്ക് നോക്കി അയാളത് പറയുന്നതിന്റെ ഇടക്ക്
അവളുടെ കാരണ കുറ്റിക്കു ഒന്ന് പൊട്ടിക്കുന്നത് പോലെയാണ് ബൈക്കിന്റെ കിക്കർ അടിച്ചു വണ്ടി സ്റ്റാർട്ട് ആക്കിയത്,
ഗേറ്റ് കടന്നു ബൈക്ക് ഓഫ് ചെയ്ത് ബൈക്ക് സ്റ്റാൻഡിൽ വെച്ചു അയാൾ വീടിന് അകത്തു കയറി,
ചുമരിൽ മാലയിട്ട് വെച്ച അവളുടെ ഫോട്ടോയുടെ അടിയിൽ തിരി കത്തിച്ചു വെച്ച്,
വീടിന്റെ ഡോർ അടച്ചു
ബൈക്കിൽ കയറി അയാൾ ഓഫീസിലേക്ക് പോയ്

No comments: