55-മത് സംസ്ഥാന ചലച്ചിത്ര അവാർഡ് നാളെ പ്രഖ്യാപിക്കും . മമ്മൂട്ടി , വിജയരാഘവൻ, ആസിഫ് അലി - കനി കുസൃതി , ദിവ്യപ്രഭ , ജ്യോതിർമയി ഫൈനൽ റൗണ്ടിൽ .


 

55-ാമത് സംസ്ഥാന ചലച്ചിത്ര അവാർഡ് നാളെ ( നവംബർ 3 ) തൃശൂരിൽ പ്രഖ്യാപിക്കും.


2024ലെ സംസ്ഥാനചലച്ചിത്രപുരസ്കാരങ്ങള്‍ സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ നാളെ ( നവംബർ 3 തിങ്കൾ) മൂന്ന് മണിക്ക് തൃശൂരിൽ പ്രഖ്യാപിക്കും.  നടനും സംവിധായകനുമായ പ്രകാശ് രാജാണ് അന്തിമ വിധി നിർണ്ണയ ജൂറി ചെയർ പേഴ്സണ്‍. പ്രാഥമിക ജൂറി കണ്ട് വിലയിരുത്തിയ ശേഷം തെരഞ്ഞെടുത്ത 38 ചിത്രങ്ങളാണ് അന്തിമ ജൂറിയുടെ പരിഗണനയ്ക്ക് എത്തിയിട്ടുള്ളത് .128 ചിത്രങ്ങളാണ് മൽസരങ്ങൾക്ക് എത്തിയത് .


മികച്ച നടനാകാനുള്ള മത്സരത്തിൽ മമ്മൂട്ടിയും വിജയരാഘവനും ആസിഫ് അലിയും ഉണ്ട്.'ഭ്രമയുഗ'ത്തിലെ കൊടുമൺ പോറ്റി എന്ന കഥാപാത്രമാണ് മമ്മൂട്ടിയെ വീണ്ടും സംസ്ഥാന പുരസ്കാരത്തിനരികെ എത്തിച്ചിരിക്കുന്നത്.'കിഷ്‌കിന്ധാകാണ്ഡ'ത്തിലെ വിമുക്തഭടൻ അപ്പുപിള്ളയെ അവതരിച്ച വിജയരാഘവന്റെ പ്രകടനം ജൂറിയെ ഞെട്ടിച്ചുവെന്നാണ് വിവരം. മറവി രോഗമുള്ള, അതി സങ്കീർണത നിറഞ്ഞ കഥാപാത്രത്തെ അനായാസമായാണ് വിജയരാഘവൻ അവതരിപ്പിച്ചത്. 'ലെവൽ ക്രോസ്', 'കിഷ്‌കിന്ധാകാണ്ഡം' എന്നീ ചിത്രങ്ങളിലെ മികച്ച പ്രകടനമാണ് ആസിഫ് അലിയെ ഫൈനൽ റൗണ്ടിൽ എത്തിച്ചത്. മമ്മൂട്ടി മികച്ച നടനുള്ള പുരസ്കാരത്തിന് അർഹനായാൽ, വിജയരാഘവന് സഹനടൻ അല്ലെങ്കിൽ പ്രത്യേക ജൂറി പുരസ്കാരം എന്ന വിധത്തിലേക്ക് കാര്യങ്ങൾ എത്തിയേക്കും.


ടൊവീനോ തോമസ് (എ.ആർ.എം), ഫഹദ് ഫാസിൽ (ആവേശം) നസ്ലിൻ (പ്രേമലു) എന്നിവരും മികച്ച അഭിനേതാക്കളുടെ ഫൈനൽ പട്ടികയിൽ ഇടം നേടിയിട്ടുണ്ട്.


അഭിനേത്രിക്കു വേണ്ടിയുള്ള മത്സരത്തിൽ കാൻ ചലച്ചിത്രമേളയിൽ മികവുകാട്ടിയ 'ഓൾ വി ഇമാജിൻ ആസ് ലൈറ്റി'ലെ (പ്രഭയായ് നിനച്ചതെല്ലാം) കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ച കനി കുസൃതിയും ദിവ്യപ്രഭയും ഫൈനൽ റൗണ്ടിലെത്തി. അനശ്വര രാജൻ (രേഖാചിത്രം), ജ്യോതിർമയി (ബോഗെയ്ൻ വില്ല),ഫാത്തിമ ഷംല ഹംസ (ഫെമിനിച്ചി ഫാത്തിമ) സുരഭി ലക്ഷ്മി (എ.ആർ.എം) എന്നിവരുമുണ്ട്.


മികച്ച ചിത്രം, ജനപ്രിയ ചിത്രം എന്നീ പുരസ്കാരങ്ങൾക്കായി മഞ്ഞുമ്മൽ ബോയ്സ്, ഓൾ വി ഇമാജിൻ ആസ് ലൈറ്റ്, പ്രേമലു, ഫെമിനിച്ചി ഫാത്തിമ, വിക്ടോറിയ, എ.ആർ.എം എന്നീ ചിത്രങ്ങളുണ്ട്. നവാഗത സംവിധാനത്തിനുള്ള മത്സരത്തിന് മോഹൻ ലാൽ സംവിധാനം ചെയ്ത ബറോസ് ഉൾപ്പെടെ പരിഗണിക്കുന്നുണ്ട്. മികച്ച സംവിധായകനായി ഫൈനൽ റൗണ്ടിൽ ഏഴുപേർ എത്തിയെന്നാണ് വിവരം.


200 കോടി ക്ലബ്ബില്‍ കയറിയ മഞ്ഞുമ്മല്‍ ബോയ്സ്, ഫഹദിന്റെ ആവേശം, ജോജു ജോർജിന്റെ പണി, മലൈക്കോട്ടൈ വാലിബൻ, കാന്‍ ചലച്ചിത്രമേളയില്‍ മികവുകാട്ടിയ ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റ്, പ്രേമലു, മാര്‍ക്കോ, ഐഎഫ്എഫ്കെ യില്‍ രണ്ടുപുരസ്കാരങ്ങള്‍ നേടിയ ഫെമിനിച്ചി ഫാത്തിമ, ശിവരഞ്ജിനിയുടെ വിക്ടോറിയ, ത്രിമാന ചിത്രങ്ങളായ എ.ആര്‍.എം, ബറോസ് തുടങ്ങിയ ചിത്രങ്ങളാണ് ജൂറിക്ക് മുന്നിലുള്ളത്.


നവാഗത സംവിധായകരുടെ കൂട്ടത്തില്‍ പ്രേക്ഷകര്‍ക്ക് വളരെ പരിചയമുള്ള രണ്ടുപേരുടെ ചിത്രവും ഇത്തവണ ജൂറിയുടെ മുന്നില്‍ എത്തുന്നു. ബറോസ് ഗാഡിയന്‍ ഓഫ് ട്രഷേഴ്സ് എന്ന ത്രിഡി ചിത്രം : സംവിധായകന്‍ മോഹന്‍ലാല്‍.  പണി : സംവിധായകൻ  ജോജു ജോര്‍ജ്ജ് .


സലിം പി.ചാക്കോ 


No comments:

Powered by Blogger.