ചിരിയും ആക്ഷനുമായി ത്രസിപ്പിക്കാൻ "ധീരൻ" സിനിമയുടെ ട്രെയ്‌ലർ പുറത്തിറങ്ങി.
ചിരിയും ആക്ഷനുമായി ത്രസിപ്പിക്കാൻ "ധീരൻ" സിനിമയുടെ ട്രെയ്‌ലർ പുറത്തിറങ്ങി.
https://youtu.be/NQRQZFk4wUc?si=z4d4ZMC9ulrRH9-a
'ജാൻ.എ.മൻ', 'ജയ ജയ ജയ ജയ ഹേ', 'ഫാലിമി' എന്നീ ബ്ലോക്ക് ബസ്റ്റർ ചിത്രങ്ങൾക്ക് ശേഷം ചീയേഴ്സ് എന്റർടൈൻമെന്റ്സിന്റെ ബാനറിൽ ലക്ഷ്മി വാര്യരും ഗണേഷ് മേനോനും ചേർന്ന് നിർമിക്കുന്ന "ധീരൻ" സിനിമയുടെ ട്രെയ്‌ലർ പുറത്ത്. ആദ്യാവസാനം പ്രേക്ഷകരെ രസിപ്പിക്കുന്ന ഈ ഫൺ ആക്ഷൻ എൻ്റർടൈനർ ചിത്രം രചിച്ചു സംവിധാനം ചെയ്തിരിക്കുന്നത് ഭീഷ്മപർവം എന്ന മെഗാഹിറ്റ് ചിത്രത്തിലൂടെ മലയാളികൾക്ക് സുപരിചിതനായ ദേവദത്ത് ഷാജിയാണ്. അദ്ദേഹം ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണിത്. ജൂലൈയിൽ ചിത്രം പ്രദർശനത്തിനെത്തും. കോമഡി, ആക്ഷൻ, ഡ്രാമ എന്നിവ കൃത്യമായി കോർത്തിണക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നതെന്നാണ് ട്രെയ്‌ലർ കാണിച്ചു തരുന്നത്.
രാജേഷ് മാധവൻ നായകനായ ചിത്രത്തിൽ ജഗദീഷ്, സുധീഷ്, മനോജ് കെ ജയൻ, അശോകൻ, ശബരീഷ് വർമ്മ എന്നിവരും നിർണ്ണായക വേഷങ്ങൾ ചെയ്തിരിക്കുന്നു. ഇവരെ കൂടാതെ വിനീത്, അഭിരാം രാധാകൃഷ്ണൻ, സിദ്ധാർഥ് ഭരതൻ, അരുൺ ചെറുകാവിൽ, ശ്രീകൃഷ്ണ ദയാൽ (ഇൻസ്പെക്ടർ ഋഷി, ജമ, ദ ഫാമിലി മാൻ ഫെയിം), ഇന്ദുമതി മണികണ്ഠൻ (മെയ്യഴകൻ, ഡ്രാഗൺ ഫെയിം), വിജയ സദൻ, ഗീതി സംഗീത, അമ്പിളി (പൈങ്കിളി ഫെയിം) എന്നിവരും ചിത്രത്തിൻ്റെ താരനിരയിലുണ്ട്. അശ്വതി മനോഹരനാണ് ചിത്രത്തിലെ നായിക.
ഒരു പക്കാ ഫൺ എന്റെർറ്റൈനെർ തന്നെയാകും 'ധീരൻ' എന്നാണ് ട്രെയ്‌ലർ നൽകുന്ന സൂചന. കുടുംബ പ്രേക്ഷകർക്കും യുവ പ്രേക്ഷകർക്കും ഒരുപോലെ ആസ്വദിക്കാവുന്ന ചിത്രമായിരിക്കും ഇതെന്നും ട്രെയ്‌ലർ സൂചന നൽകുന്നു. ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററുകൾ ഉൾപ്പെടെയുള്ള ഓരോ പോസ്റ്ററുകളും സമൂഹ മാധ്യമങ്ങളിൽ മികച്ച പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു.
അർബൻ മോഷൻ പിക്ചർസും, UVR മൂവീസ്, JAAS പ്രൊഡക്ഷൻസ് എന്നിവരാണ് ചിത്രത്തിൻ്റെ സഹനിർമ്മാതാക്കൾ. സംവിധായകനും തിരക്കഥാകൃത്തുമായിരുന്ന ലോഹിതദാസിന്റെ മകൻ ഹരികൃഷ്ണൻ ലോഹിതദാസ് ആണ് ധീരന്‍റെ ഛായാഗ്രഹണം നിർവഹിക്കുന്നത്. സംഗീതം: മുജീബ് മജീദ്, എഡിറ്റിംഗ്: ഫിൻ ജോർജ്ജ് വർഗീസ് തുടങ്ങിയവരാണ് അണിയറ ശിൽപ്പികൾ .
No comments: