പ്രൊഡക്ഷൻ കൺട്രോളർ എന്ന തസ്തിക സിനിമയിൽ അനിവാര്യം : സിദ്ധു പനയ്ക്കൽ .
പ്രൊഡക്ഷൻ കൺട്രോളർ എന്ന ഒരു തസ്തികയേ സിനിമയിൽ ആവശ്യമില്ല എന്ന് ആഴ്ചകൾക്ക് മുമ്പ് ഒരു അഭിമുഖം കണ്ടിരുന്നു. എന്ത് പേരിട്ട് വിളിച്ചാലും ഈ ജോലി ചെയ്യുന്നവർ സിനിമയ്ക്ക് ഒഴിച്ചുകൂടാനാവാത്തവർ തന്നെയാണ്. സിനിമയ്ക്ക് ആവശ്യമില്ല എന്ന് പറയുന്ന ഇക്കൂട്ടർ ചെയ്യുന്ന ജോലികൾ എന്തൊക്കെയാണെന്ന് അറിയണ്ടേ..?
പ്രൊഡക്ഷൻ കൺട്രോളറുടെ ഡ്യൂട്ടി എന്താണ് ശരിക്കും...
ഒരു സിനിമയുടെ ആലോചന മുതൽ റിലീസ് വരെ ആ സിനിമയുടെ നിർമ്മാതാവിനോടും സംവിധായകനോടുമൊപ്പം യാത്ര ചെയ്യേണ്ട ആളാണ് പ്രൊഡക്ഷൻ കൺട്രോളറും അസിസ്റ്റന്റ്മാരും.
സിനിമയിലെ മറ്റു പ്രവർത്തകരെ പോലെ രാവിലെ അഞ്ചുമണി മുതൽ രാത്രി 12 വരെ ജോലി ചെയ്യേണ്ടവർ. രാവിലെ 5 മണിക്ക് എണീറ്റ് ആറുമണിക്ക് റൂമുകളിൽ നിന്നിറങ്ങി രാത്രി ഒമ്പതര വരെ ഷൂട്ടിംഗ് കഴിഞ്ഞു തിരിച്ചു റൂമിലെത്തി പിറ്റേ ദിവസത്തെ പ്രോഗ്രാം എല്ലാവരോടും പറഞ്ഞു കുളിച്ച് ഭക്ഷണം കഴിച്ചു കിടക്കുമ്പോൾ ഓരോ സിനിമാ പ്രവർത്തകനും രാത്രി 12 മണിയാവും ഉറങ്ങാൻ.
രാത്രി കിടക്കുമ്പോഴും എവിടെ നിന്നെങ്കിലും ഒരു വിളി പ്രതീക്ഷിച്ചാണ് ഞങ്ങളെ പ്പോലുള്ളവർ കിടക്കുക. അർദ്ധരാത്രിക്കും പുലർച്ചയ്ക്കും വിമാനത്തിലോ ട്രെയിനിലോ ബസ്സിലോ വന്നിറങ്ങുന്ന ആർട്ടിസ്റ്റുകളെയോ, എക്യുപ്മെന്റുകളോ, ഡാൻസെർസ്, ഫൈറ്റേഴ്സ് തുടങ്ങിയവരെയോ പിക് ചെയ്യാൻ കറക്റ്റ് സമയത്ത് ഡ്രൈവർമാർ പോകുന്നുണ്ടോ എന്ന് ചെക്ക് ചെയ്യാൻ ആ സമയത്തിന് അരമണിക്കൂർ മുമ്പ് അലാം വെച്ച് എഴുന്നേൽക്കും.
യൂണിറ്റിൽ ജോലിചെയ്യുന്ന ആർക്കെങ്കിലും ഒരു അസുഖമോ അത്യാഹിതമോ വന്നാൽ ഏതു സമയത്തും വിളി പ്രതീക്ഷിക്കാം. ഏതെങ്കിലും ഹോട്ടലിൽ കറന്റ് ഇല്ലെങ്കിലോ, വെള്ളം, ഭക്ഷണം സമയത്തു കിട്ടിയിയി ല്ലെങ്കിലോ വിളി വരും. ഇങ്ങനെയുള്ള ഓരോ കാര്യങ്ങൾക്കും പ്രൊഡക്ഷൻ കൺട്രോള റോടൊപ്പം നിന്ന് ഉറക്കമൊഴിച്ച് ജോലി ചെയ്യുന്നവരാണ് സഹായികളായ പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്സും, പ്രൊഡക്ഷൻ മാനേജർമാരും. ആർട്ടിസ്റ്റുകൾ അടക്കം 150 ഓ 200 ഓ(പടങ്ങൾക്കനുസരിച്ച് ആളുകളുടെ എണ്ണത്തിൽ മാറ്റം വരും ) വരുന്ന ആളുകളെ ഓരോ ദിവസവും കൃത്യമായി ലൊക്കേഷനിൽ എത്തിക്കുകയും തിരിച്ചയക്കുകയും ചെയ്യണം.
തുടങ്ങാൻ പോകുന്ന സിനിമയിലെ ഏറ്റവും രസകരവും എന്നാൽ വിഷമം പിടിച്ചതുമായ ജോലിയാണ് ലൊക്കേഷൻ ഹണ്ടിങ്. കലാസംവിധായകനും അസിസ്റ്റന്റും ഞങ്ങളുടെ ഒരു ടീമും അസോസിയേറ്റ്, അസിസ്റ്റന്റ് ഡയറക്ടേഴ്സും സംവിധായകൻ പറഞ്ഞിരിക്കുന്ന തരത്തിലുള്ള ലൊക്കേഷ നുകൾ കണ്ടുപിടിച്ചതിനു ശേഷം, ഡയറക്ടറും ക്യാമറമാനും ലൊക്കേഷൻ കാണാൻ വരുമ്പോൾ OK ആകുമോ എന്നുള്ള ടെൻഷൻ. അദ്ദേഹം മനസ്സിൽ ഉദ്ദേശിച്ച സ്ഥലങ്ങൾ തന്നെയാണ് നമ്മൾ കണ്ടുപിടിച്ചിരിക്കുന്നത് എന്ന്, ഡയറക്ടറും ക്യാമറമാനും തമ്മിലുള്ള ഡിസ്കഷൻ കഴിഞ്ഞ് കഴിഞ്ഞ് അറിയുമ്പോൾ ഉള്ള സന്തോഷം. അല്ലെങ്കിൽ ഉണ്ടാകുന്ന നിരാശ. വീണ്ടും അദ്ദേഹത്തിന്റെ മനസ്സിനിണങ്ങുന്ന സ്ഥലങ്ങൾ കണ്ടുപിടിക്കാനുള്ള യാത്രകൾ. അദ്ദേഹത്തിന് ഇഷ്ടപ്പെട്ട സ്ഥലങ്ങളുടെ ഉടമസ്ഥന്മാരിൽ നിന്ന് പെർമിഷൻ വാങ്ങിയെടുക്കാനുള്ള ബുദ്ധിമുട്ടുകൾ. സമ്മതം കിട്ടിയാലും നമ്മൾക്ക് ഷൂട്ടിങ്ങിന് ആവശ്യമുള്ള ഡേറ്റുകളിൽ വീട്ടുകാർക്ക് എന്തെങ്കിലും പ്രശ്നമുണ്ടോ എന്നും അന്വേഷിക്കണം. സർക്കാർ, പോലീസ് ഇവരുമായി ബന്ധപ്പെട്ട സ്ഥാപനങ്ങൾ ആണെങ്കിൽ അതിന്റെ പെർമിഷൻ വാങ്ങിയെടുക്കാനുള്ള അലച്ചിൽ. ഷൂട്ടിംഗ് തുടങ്ങാൻ ആകുമ്പോഴേക്കും എല്ലാ പെർമിഷനുകളും വാങ്ങിയെടുക്കുമ്പോൾ ഉണ്ടാകുന്ന ആശ്വാസം.
സെറ്റ് ഇട്ടു ഷൂട്ട് ചെയ്യേണ്ടതാണെങ്കിൽ ആർട്ട് ഡയറക്ടറുടെ ആവശ്യങ്ങൾ സമയമാസമയത്തു ചെയ്തുകൊടുക്കണം. ഒരു പ്രൊഡക്ഷൻ മാനേജരെ സെറ്റ് പണിയുടെ മേൽനോട്ടത്തിന് നിർത്തണം
ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ, ഫിലിം ചേംബർ, ഫെഫ്ക, അവരവരുടെ യുണിയനുകൾ തുടങ്ങിയവരുമായുള്ള പേപ്പർ വർക്കുകൾ, അസോസിയേറ്റ് ഡയറക്ടർ ചാർട്ട് തരുന്നതിനനുസരിച്ചു ആർട്ടിസ്റ്റുകളുടെ അടുത്തുനിന്നു ഡേറ്റുകൾ ഉറപ്പിക്കുക. അവരുടെ ശമ്പളം ഫിക്സ് ചെയ്യുക. ഡയറക്ടറുടെയും സ്ക്രിപ്റ്റ് റൈറ്ററിന്റെയും, അസിസ്റ്റന്റ് ഡയറക്ടർ മാരുടെയും, DOP യുടെയുമൊക്കെ ശമ്പളം ആദ്യമേ ഫിക്സ് ചെയ്തിരിക്കും. അതിനുശേഷം യൂണിറ്റ്, ക്യാമറ, ജിമ്മി ജിബ്,ഗിമ്പൽ, ഡ്രോൺ, ക്രെയിൻ, ഫാന്റം ക്യാമറ, റോപ്പ് കാം, സ്ലിം കാം, പാന്തർ, തുടങ്ങിയവയുടെ ലഭ്യത ഉറപ്പാക്കുക.
മെസ്സ്, പ്രൊഡക്ഷൻ ബോയ്സ്, ഡ്രൈവേഴ്സ് തുടങ്ങിയവരുമായും സംസാരിച്ച് ഡേറ്റുകൾ ഉറപ്പിക്കണം. ഷൂട്ടിംഗ് കാണാൻ വരുന്ന ആളുകളെ നിയന്ത്രിക്കുന്ന ബൗൺസേഴ്സ്, ഇവരുടെ സേവനവും ഉറപ്പാക്കണം. സിനിമയുടെ പരസ്യങ്ങൾ മാധ്യമങ്ങളിൽ വരാൻ PRO മാരെയും ക്ഷണിക്കണം.
കോസ്റ്റ്യൂമർ, മേക്കപ്പ് മാൻ, സ്റ്റിൽ ഫോട്ടോഗ്രാഫർ, സ്പോർട്ട് എഡിറ്റർ, സ്പോട്ട് സൗണ്ട് റെക്കോർഡിങ് തുടങ്ങിയ ടെക്നീഷ്യന്മാരുമായി സംസാരിക്കുകയും ഡേറ്റും ശമ്പളവും ഫിക്സ് ചെയ്യുകയും ചെയ്യണം . അസിസ്റ്റന്റ് ഡയറക്ടേഴ്സ് ഒഴികെ മറ്റെല്ലാ വിഭാഗത്തിലെയും അസിസ്റ്റന്റ് മാർക്ക് ഫെഫ്കയും പ്രൊഡ്യൂസേഴ്സ് അസോസിയേഷനും സംയുക്തമായി തീരുമാനിച്ച ശമ്പളമാണ്.
ഏതു സ്ഥലത്താണ് ഷൂട്ടിംഗ്, പ്രത്യേകിച്ച് നഗരങ്ങളിൽ ഷൂട്ട് ചെയ്യുമ്പോൾ, ആ സ്ഥലത്തെ എസ്പി അല്ലെങ്കിൽ കമ്മീഷണർ അവരുടെ പെർമിഷൻ, ആ പെർമിഷൻ പേപ്പർ വച്ച് ഷൂട്ടിംഗ് ചെയ്യുന്ന സ്ഥലത്തെ പോലീസ് സ്റ്റേഷനിൽ നിന്നുള്ള അനുവാദം. റോഡിലാണ് ഷൂട്ട് ചെയ്യുന്നതെങ്കിൽ റോഡ് ഫണ്ട് ബോർഡിന്റെ അധീനതയിലുള്ള റോഡ് ആണെങ്കിൽ അവരുടെ പെർമിഷൻ, സ്ഥലത്തെ പഞ്ചായത്ത് ഓഫീസ് കോർപ്പ റേഷൻ ഓഫീസ് തുടങ്ങിയ സ്ഥല' ങ്ങളിൽ ഷൂട്ടിംഗ് വിവരം അറിയിക്കുകയും അവരുടെ അനുവാദം വേണ്ട സ്ഥലങ്ങളിൽ ആണ് ഷൂട്ടിംഗ് ഏകിൽ അത് വാങ്ങിക്കുകയും വേണം.
ഗവൺമെന്റിന്റെ സ്ഥലങ്ങൾ ആണെങ്കിൽ പ്രത്യേകം ഫീസ് അടച്ച് പെർമിഷൻ വാങ്ങിക്കുക. ഞങ്ങളുടെ നാട്ടിൽ ഒരു ചിത്രീകരണം നടക്കുമ്പോൾ ഞങ്ങളെ അറിയിച്ചില്ല എന്ന് തോന്നാതിരിക്കാൻ ഓരോ നാട്ടിലെയും രാഷ്ട്രീയ നേതാക്കളെയും പ്രമാണിമാരെയും കണ്ട് ഷൂട്ടിംഗ് വിവരം അറിയിക്കുക അങ്ങനെ കുറെ കാര്യങ്ങൾ അനുവാദവുമായി ബന്ധപ്പെട്ട്.
ഷൂട്ടിങ്ങിന് ആവശ്യമായ വാഹനങ്ങൾ ഏർപ്പാടാക്കുക, എല്ലാവർക്കും താമസിക്കാനുള്ള റൂമുകൾ ബുക്ക് ചെയ്യുക, കാരവാൻ പോലുള്ള സൗകര്യങ്ങൾ ഒരുക്കുക. സിനിമയിലെ കഥാപാത്രങ്ങൾ ഉപയോഗിക്കുന്ന കാറുകൾ, ഡയറക്ടറുടെ നിർദ്ദേശം അനുസരിച്ച് കണ്ടെത്തുകയും ഷൂട്ടിംഗ് സ്ഥലത്ത് എത്തിക്കുകയും വേണം. ഇങ്ങനെയും കുറെ കാര്യങ്ങൾ.
കൂടാതെ ഷൂട്ടിങ്ങിന് കണ്ടുപിടിക്കുന്ന വീടുകളുടെ മുന്നിലോ പരിസരത്തോ നമ്മളുടെ 35 ഓളം വരുന്ന വാഹനങ്ങൾ പാർക്ക് ചെയ്യുവാനുള്ള സ്ഥലമുണ്ടോ എന്നും ഈ കാലത്ത് പ്രത്യേകം നോക്കണം.(സിനിമയുടെ ക്രൂ അനുസരിച്ച് വാഹനങ്ങളുടെ എണ്ണത്തിൽ വ്യത്യാസമുണ്ടാകും)
ഫൈറ്റ് സീൻ എടുക്കുമ്പോൾ -
ഇൻഡസ്ട്രിയൽ ക്രെയിൻ, കംപ്രസ്സർ, ഇനിയും പലതും.. ഔട്ട്ഡോർ ഷൂട്ടിംഗ് നടക്കുമ്പോൾ സിനിമയിലെ സ്ത്രീ പ്രവർത്തകർക്ക് സുരക്ഷിതമായ e ടോയ്ലറ്റ് സൗകര്യങ്ങൾ ഒരുക്കുക. ഷൂട്ടിംഗ് കാണാൻ വരുന്ന പൊതുജനങ്ങളിൽ നിന്ന് അവർക്ക് സൗകര്യമായി ഷൂട്ടിംഗ് കാണാൻ പറ്റുന്നില്ല എന്ന കാരണം കൊണ്ട് എന്തെങ്കിലും പ്രകോപനപരമായ കാര്യങ്ങൾ ഉണ്ടാകുമ്പോൾ അത് തന്മയത്വമായി കൈകാര്യം ചെയ്യുക.. തുടർന്നുകൊണ്ടേ പോകും ദൈനം ദിന കാര്യങ്ങൾ.
ജനക്കൂട്ടങ്ങൾ പങ്കെടുക്കുന്ന ചിത്രീകരണം നടക്കുമ്പോൾ, അതിലേക്ക് ആവശ്യമായ സഹതാരങ്ങളെ പങ്കെടുപ്പിക്കാൻ, ജൂനിയർ ആർട്ടിസ്റ്റ് കൊ- ഓഡിനേറ്റർമാരെ ഏൽപ്പിക്കുകയും, അവർ എല്ലാവരും സമയത്ത് എത്തുന്നുണ്ടോ അവർക്ക് ഭക്ഷണം കിട്ടുന്നുണ്ടോ, പരാതിയില്ലാതെ ഇവരുടെ കാര്യങ്ങൾ നടത്തുന്നുണ്ടോ എന്നുള്ള അന്വേഷണങ്ങളും വേണം.
ഷൂട്ടിങ്ങിനു മുമ്പ് തന്നെ ഡയറക്ടർ നിർദേശിക്കുന്ന മ്യൂസിക് ഡയറക്ടറേയും ഗാന രചയിതാവിനെയും കണ്ട് സംസാരിക്കണം ശമ്പളം ഫിക്സ് ചെയ്യണം. പാട്ടുപാടുന്നവരെ മ്യൂസിക് ഡയറക്ടർ പറയുന്ന ദിവസം സ്റ്റുഡിയോയിൽ എത്തിക്കണം. ഓരോ കാര്യങ്ങളും ഉറപ്പിക്കുന്നതിനു മുൻപ് പ്രൊഡ്യൂസറുമായി ഡിസ്കഷൻ വേണം.തീരുമാനങ്ങൾ എടുക്കും മുൻപ് അദ്ദേഹത്തിന്റെ സമ്മതം കൂടി വാങ്ങണം. നിർമ്മാതാവ് അറിയാതെ ഒരു കാര്യവും സിനിമയിൽ നടക്കാൻ പാടില്ല.
ഷൂട്ടിംഗ് കഴിഞ്ഞാലോ എഡിറ്റിംഗ്, ഡബ്ബിങ്,റീ-റെക്കോർഡിങ്, സൗണ്ട് എഫക്റ്റ്, ഗ്രാഫിക്സ്,DI, CG, YFX ഫൈനൽ മിക്സിങ്, തുടങ്ങിയ കാര്യങ്ങൾ നടത്താൻ കൃത്യമായ മേൽനോട്ടം. പടത്തിൽ മൃഗങ്ങൾ ഉണ്ടെങ്കിൽ അതുമായി ബന്ധപ്പെട്ട് സെൻസറിന് മുമ്പ് അപ്ലിക്കേഷൻ കൊടുത്ത് സർട്ടിഫിക്കറ്റ് വാങ്ങിയിരിക്കണം. കോപ്പി ആയിക്കഴി ഞ്ഞാൽ സെൻസറുമായി ബന്ധപ്പെട്ട കാര്യങ്ങൾക്ക് വീണ്ടും പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെയും ഫിലിം ചേംബറി നെയും സമീപിച്ച് വേണ്ട പേപ്പറുകൾ കരസ്ഥമാക്കി സെൻസർ സ്ക്രിപ്റ്റ് എഴുതുന്നവർക്ക് എത്തിച്ചുകൊടുക്കണം. ഓഡിയോ ഡിസ്ക്രിപ്ഷൻ, ക്ലോസ്ഡ് ക്യാപ്ഷൻ, സബ്ടൈറ്റിൽ, ടീസർ, ട്രെയിലർ, ടൈറ്റിൽ അനിമേഷൻ, ലിറിക്കൽ വീഡിയോ ഈ ജോലികളെല്ലാം യഥാസമയം നടക്കുന്നു ണ്ടോ എന്ന് ശ്രദ്ധിക്കണം. അങ്ങനെ ഏറ്റവും ഉത്തരവാദിത്വമുള്ള ജോലിയാണ് പ്രൊഡക്ഷൻ കൺട്രോളറുടെയും അസിസ്റ്റന്റ് മാരുടെയും. ഒരു മിനിറ്റ് അങ്ങോട്ടോ ഇങ്ങോട്ടോ മാറിയാൽ ലക്ഷങ്ങൾ നഷ്ടം വരുന്ന ഈ ഫീൽഡിൽ അതില്ലാതെ നോക്കേണ്ടത് ഓരോ പ്രൊഡക്ഷൻ കൺട്രോളുടെയും, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്, മാനേജർ മാരുടെയും ഉത്തരവാദിത്വമാണ്.
ഒരു നിർമ്മാതാവ് ഇല്ലാതെ ഒരു സിനിമയുണ്ടാവില്ല. അതുകൊണ്ടുതന്നെ ഏറ്റവും ബഹുമാനിക്കപ്പെടേണ്ട, ആദരിക്കപ്പെടേണ്ട വ്യക്തിയാണ് പ്രൊഡ്യൂസർ.
അമ്മ അടക്കം 22 വിഭാഗങ്ങൾ ഉള്ള സിനിമയിൽ 21 വിഭാഗങ്ങൾക്കും അവരവരുടെ കാര്യങ്ങൾ, ജോലികൾ മാത്രം നോക്കിയാൽ മതി. 22 വിഭാഗങ്ങളുടെയും സൗകര്യങ്ങൾ, വീഴ്ചയില്ലാതെ ഓരോ സെക്ഷനിലെയും ജോലികൾ പോകുന്നുണ്ടോ എന്ന് നോക്കേണ്ടതും പ്രൊഡക്ഷൻ കൺട്രോളറുടെയും പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്സിന്റെയും മാനേജേഴ്സി ന്‍റെയും ഉത്തരവാദിത്വമാണ്.
റിലീസിന് തൊട്ടുമുൻപും റിലീസിന് ശേഷവും പ്രമോഷൻ പരിപാടികളുടെ കോഡിനേഷനും ഇവരുടെ ചുമതലയിൽ വരും.
ടൈറ്റിലിൽ അലസമായി വായിച്ചുപോകുന്ന ഈ പേരുകാർ എന്താണ് സിനിമയിൽ ചെയ്യുന്നത് എന്ന് പലർക്കും ഇന്നും അറിയില്ല. 150 ഓ 200 ഓ ആളുകളുള്ള ഒരു സെറ്റ് നിയന്ത്രിക്കാൻ, എല്ലാ കാര്യങ്ങളും നടത്തിക്കൊടുക്കാൻ പ്രൊഡക്ഷൻ കൺട്രോളറും അസിസ്റ്റൻസും അടക്കം മൂന്നോ നാലോ പേരാണ് ഉള്ളത് എന്ന് അറിയുമ്പോൾ, അവരുടെ ജോലിഭാരം ഇത് വായിക്കുന്നവർക്ക് മനസ്സിലാകും എന്ന് തോന്നുന്നു.
പ്രേക്ഷകരോ പൊതുജനങ്ങളോ ഈ വിഭാഗത്തിനെ അറിയില്ല എന്ന് പറഞ്ഞാൽ അത് മനസ്സിലാക്കാം.
ഇത്രയും ജോലികൾ ചെയ്യുന്ന ഒരു വിഭാഗത്തെ സിനിമയിൽതന്നെയുള്ള ആരെങ്കിലും ആവശ്യമില്ലെന്ന് പറയുന്നുണ്ടെങ്കിൽ ആ പറച്ചിൽ മറുപടി അർഹിക്കുന്നില്ല.
( സിദ്ധു പനയ്ക്കൽ facebookൽ പോസ്റ്റ് ചെയ്തത് )
No comments: