ചലച്ചിത്ര, മാധ്യമ പ്രവര്‍ത്തകനും എഴുത്തുകാരനുമായ ചെലവൂര്‍ വേണു അന്തരിച്ചു.
ആദരാഞ്ജലികൾ🌹🌹🌹🌹
ചലച്ചിത്ര, മാധ്യമപ്രവര്‍ത്തകനും എഴുത്തുകാരനുമായ ചെലവൂര്‍ വേണു (81) അന്തരിച്ചു. വാര്‍ധക്യ സഹജമായ അസുഖത്തെ തുടര്‍ന്നായിരുന്നു അന്ത്യം.
ചലച്ചിത്ര നിരൂപകനായാണ് സിനിമ രംഗത്തേക്കു കടന്നുവരുന്നത്. എട്ടാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ 'ഉമ്മ' എന്ന സിനിമയ്ക്ക് നിരൂപണമെഴുതി. അന്ന് അത് ചന്ദ്രിക വാരികയില്‍ പ്രസിദ്ധീകരിച്ചിരുന്നു. 1971 മുതല്‍ കോഴിക്കോട്ടെ 'അശ്വിനി ഫിലിം സൊസൈറ്റി'യുടെ ജനറല്‍ സെക്രട്ടറിയാണ്. ഒരുപക്ഷേ ഒരു ഫിലിം സൊസൈറ്റിയുടെ ജനറല്‍ സെക്രട്ടറിയായി പ്രവര്‍ത്തിച്ച മറ്റൊരാള്‍ ഇന്ത്യയിലുണ്ടാവില്ല.
കൂടാതെ സൈക്കോ മനശ്ശാസ്ത്ര മാസികയുടെ പത്രാധിപര്‍ ആയിരുന്നു. മനസ്സ് ഒരു സമസ്യ, മനസ്സിന്റെ വഴികള്‍ എന്നിവയാണ് പ്രസിദ്ധീകരിച്ച കൃതികള്‍. അനശ്വരസംവിധായകനായ ജോണ്‍ എബ്രഹാമിന്റെ ജീവിതം ആസ്പദമാക്കി പ്രശസ്ത സിനിമ നിരൂപകന്‍ പ്രേംചന്ദ് സംവിധാനം ചെയ്യ്ത ജോണ്‍ എന്ന ചിത്രത്തില്‍ അഭിനയിച്ചിട്ടുണ്ട്.
ഫെഡറേഷൻ ഓഫ് ഫിലിം സൊസൈറ്റീസ് ഓഫ് ഇന്ത്യ കേരള റീജിയൻ വൈസ് പ്രസിഡന്റ്, ചലച്ചിത്ര അവാർഡ് നിർണയ സമിതി (പുസ്തകം) അംഗം, സംസ്ഥാന ടെലിവിഷൻ അവാർഡ് ജൂറി അംഗം, തിയറ്റർ ക്ലാസിഫിക്കേഷൻ നിർണയ സമിതി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട് .
മലയാളത്തിലെ ആദ്യ സ്പോർട്സ് മാഗസിനായ സ്റ്റേഡിയം, വനിതാ പ്രസിദ്ധീകരണമായ രൂപകല, മനഃശാസ്ത്ര മാസിക സൈക്കോ , ദൃശ്യതാളം, സേർച്ച് ലൈറ്റ്, സിറ്റി മാഗസിൻ, വർത്തമാനം സായാഹ്നപത്രം എന്നിവയുടെ എഡിറ്റർ, ടെലിവിഷൻ പരമ്പരകളുടെ പ്രൊഡ്യൂസർ എന്നീ നിലകളിലും പ്രശസ്തനാണ്.
ജോൺ ഏബ്രഹാമിന്റെ ഉൾപ്പെടെയുള്ള നിരവധി സമാന്തര സിനിമകളുടെ പിന്നണിയിൽ പ്രവർത്തിച്ചു. കോഴിക്കോട് ആകാശവാണിയിലും ജോലി ചെയ്തു. എസ്.കെ.പൊറ്റെക്കാട്ടിന്റെ അമ്മാവന്റെ മകനാണ്. ഭാര്യ: സുകന്യ.
സംസ്കാരം ഇന്ന് 4 മണിക്ക് പുതിയ പാലം ശ്മശാനത്തിൽ നടക്കും .
No comments: