ഇലക്ട്രിക് വുഡ് കട്ടറുമായി ചുണ്ടിലെരിയുന്ന സിഗരറ്റുമായി ഡബിൾ മോഹൻ! പൃഥ്വിരാജിന് ജന്മദിനാശംസയുമായി 'വിലായത്ത് ബുദ്ധ' ടീം.ഇലക്ട്രിക് വുഡ് കട്ടറുമായി ചുണ്ടിലെരിയുന്ന സിഗരറ്റുമായി ഡബിൾ മോഹൻ! പൃഥ്വിരാജിന് ജന്മദിനാശംസയുമായി 'വിലായത്ത് ബുദ്ധ' ടീം.


ഇലക്ട്രിക് വുഡ് കട്ടറും കൈകളിലേന്തി നിൽക്കുന്ന ചന്ദന മോഷ്ടാവായ ഡബിൾ മോഹന്‍റെ പോസ്റ്റര്‍ പങ്കുവെച്ച് നടൻ പൃഥ്വിരാജ് സുകുമാരന് ജന്മദിനാശംസ നേർന്ന് 'വിലായത്ത് ബുദ്ധ' ടീം. പൃഥ്വിയുടെ 41-ാം ജന്മദിനം പ്രമാണിച്ചാണ് അദ്ദേഹം നായകനായെത്തുന്ന 'വിലായത്ത് ബുദ്ധ'യുടെ ജന്മദിന സ്പെഷൽ പോസ്റ്റർ അണിയറ പ്രവർത്തകർ പുറത്തുവിട്ടിരിക്കുന്നത്. ഉർവ്വശി തിയെറ്റേഴ്സിൻ്റെ ബാനറിൽ സന്ദീപ്‌ സേനൻ നിര്‍മ്മിക്കുന്ന, ജയൻ നമ്പ്യാർ സംവിധാനം ചെയ്യുന്ന ‘വിലായത്ത് ബുദ്ധ’യുടെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ നടന്നുകൊണ്ടിരിക്കുകയാണ്. 


പൃഥ്വിരാജ് സംവിധാനം ചെയ്ത 'ലൂസിഫറി'ന്‍റെ  സഹസംവിധായകൻ ആയിരുന്നു ജയൻ നമ്പ്യാർ.  ജി. ആർ ഇന്ദുഗോപന്‍റെ പ്രശസ്ത നോവലായ 'വിലായത്ത് ബുദ്ധ' അതേ പേരിൽ തന്നെയാണ് സിനിമയായെത്തുന്നത്. പ്രിയംവദ കൃഷ്ണയാണ് ചിത്രത്തിലെ നായിക. ചന്ദന മോഷ്ടാവായ ഡബിൾ മോഹൻ എന്ന വേറിട്ട വേഷത്തിലാണ്  പൃഥ്വിരാജ് ചിത്രത്തിൽ എത്തുന്നത്. 'തൊണ്ടിമുതലും ദൃക്‌സാക്ഷിയും', 'സത്യം പറഞ്ഞാൽ വിശ്വസിക്കുവോ', 'സൗദി വെള്ളക്ക' തുടങ്ങിയ ഹിറ്റ് ചിത്രങ്ങൾക്ക് ശേഷം ഉർവ്വശി തിയെറ്റേഴ്സിൻ്റെ ബാനറിൽ ഒരുങ്ങുന്ന ബ്രഹ്മാണ്ഡ സിനിമയുമാണ് 'വിലായത്ത് ബുദ്ധ'. 


ജി.ആർ. ഇന്ദുഗോപനും രാജേഷ് പിന്നാടനും ചേർന്നാണ് 'വിലായത്ത് ബുദ്ധ'യുടെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. 'അയ്യപ്പനും കോശിയും' എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം സച്ചി സംവിധാനം ചെയ്യാനിരുന്ന ഈ സിനിമ അദ്ദേഹത്തിന്‍റെ അകാല വിയോഗത്തെ തുടർന്ന് സച്ചിയുടെ ശിഷ്യനും 'ലൂസിഫറി'ല്‍ സഹസംവിധായകനുമായിരുന്ന ജയന്‍ നമ്പ്യാർ സംവിധാനം ചെയ്യാൻ തീരുമാനിക്കുകയായിരുന്നു. 


പകയും പ്രതികാരവും പ്രണയവും പശ്ചാത്തലമാകുന്ന ഒരു ത്രില്ലർ ചിത്രമാണ് ‘വിലായത്ത് ബുദ്ധ’. പൊന്നുകായ്ക്കുന്ന മരമെന്നു വിശേഷിപ്പിക്കാവുന്ന ചന്ദന മരങ്ങളുടെ കേന്ദ്രമായ മറയൂരിലെ ചന്ദനക്കാടുകളുടെ പശ്ചാത്തലത്തിലൂടെയാണ് ചിത്രം കഥ പറയുന്നത്.


ഇക്കഴിഞ്ഞ ജൂണിൽ മറയൂരിൽ സിനിമയുടെ ഷൂട്ടിങ്ങിനിടെ പൃഥ്വിരാജിന്‍റെ കാലിന് പരിക്കേറ്റിരുന്നു. ശേഷം കാലിലെ പരുക്കിനുള്ള ശസ്ത്രക്രിയ പൂര്‍ത്തിയായ പൃഥ്വിരാജിന് ഡോക്ടര്‍മാര്‍ രണ്ട് മാസത്തോളം വിശ്രമം നിര്‍ദേശിച്ചിരുന്നു. പരിക്ക് ഭേദമായതോടെ പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന എമ്പുരാന്‍റെ ഉള്‍പ്പെടെ ചിത്രീകരണം ആരംഭിച്ചിരിക്കുകയാണ്. ‘വിലായത്ത് ബുദ്ധ’, ‘ഗുരുവായൂരമ്പല നടയിൽ’, 'ആടുജീവിതം' തുടങ്ങി നിരവധി സിനിമകളാണ് പൃഥ്വിയുടേതായി ഇനി ഇറങ്ങാനിരിക്കുന്നത്. 'കെജിഎഫ്' സംവിധായകൻ പ്രശാന്ത് നീലും സൂപ്പർതാരം പ്രഭാസും ഒന്നിക്കുന്ന 'സലാർ' എന്ന ബ്രഹ്മാണ്ഡ സിനിമയിൽ വരദരാജ് മന്നാർ എന്ന കഥാപാത്രമായും പൃഥ്വി എത്തുന്നുണ്ട്. 


'വിലായത്ത് ബുദ്ധ'യിൽ പൃഥ്വിയെ കൂടാതെ ഷമ്മി തിലകൻ, അനു മോഹൻ, രാജശ്രീ നായർ, ടി.ജെ. അരുണാചലം തുടങ്ങി നിരവധി താരങ്ങൾ സിനിമയിലുണ്ട്. ജേക്സ് ബിജോയ്‌ ആണ്‌ സംഗീത സംവിധാനം. '777 ചാര്‍ലി'യുടെ ഛായാഗ്രാഹകനായ അരവിന്ദ് കശ്യപാണ് ക്യാമറ. കന്നഡയിലെ ഹിറ്റ് സിനിമകളിലൊന്നായ ബെല്‍ബോട്ടം ക്യാമറ കൈകാര്യം ചെയ്തതും അരവിന്ദ് കശ്യപാണ്. എക്സിക്യുട്ടീവ് പ്രൊഡ്യൂസർ സംഗീത് സേനൻ, ലൈൻ പ്രൊഡ്യൂസർ രഘു സുഭാഷ് ചന്ദ്രൻ, പ്രൊഡക്‌ഷന്‍ കണ്‍ട്രോളര്‍ അലക്‌സ് ഇ. കുര്യന്‍, മാർക്കറ്റിങ്: സ്‌നേക്ക്പ്ലാന്‍റ്, വാർത്താപ്രചരണം ഹെയിൻസ്.

No comments:

Powered by Blogger.