വിട ! പ്രിയ സഹോദരീ വിട ! ശ്രീകുമാരൻതമ്പി .

ലളിത അന്തരിച്ചു. ഇത്രയും അനായാസമായി അഭിനയിക്കുന്ന നടികൾ ഇന്ത്യൻ സിനിമയിൽ തന്നെ കുറവാണ്. ഞാൻ നിർമ്മിച്ച  മിക്കവാറും സിനിമകളിൽ ലളിത മികച്ച വേഷങ്ങളിൽ അഭിനയിച്ചിരുന്നു. ഞാൻ പ്രശസ്ത ചാനലുകൾക്ക് വേണ്ടി നിർമ്മിച്ച മെഗാ സീരിയലുകളിലും അവർ അഭിനയിച്ചു. എങ്കിലും ചലച്ചിത്രരംഗത്തെ രണ്ടു പ്രതിഭകൾ തമ്മിലുള്ള ബന്ധമല്ല ഞങ്ങൾക്കിടയിൽ ഉണ്ടായിരുന്നത് .ഞങ്ങൾ അടുത്ത ബന്ധുക്കളെപോലെയായിരുന്നു മാതൃഭൂമിയിൽ വന്ന "ജീവിതം ഒരു പെൻഡുലം " എന്ന   എന്റെ ആത്മകഥയുടെ ഓരോ അധ്യായവും വായിച്ചതിനു ശേഷം ലളിത എന്നെ വിളിക്കുമായിരുന്നു. ജീവിതത്തിലെ ഏറ്റവും ദുഖകരമായ അനുഭവങ്ങളെക്കുറിച്ചു പോലും ലളിത എന്നോട് പറഞ്ഞിട്ടുണ്ട്. "ഞാൻ ഒരാങ്ങളേടെ നെലേലാ തമ്പിസാറിനെ കാണുന്നത് " എന്ന് പറയും.
ശരിക്കും അങ്ങനെ തന്നെയാണ്  ഞാൻ ലളിതയേയും കണ്ടിരുന്നത്.
ലളിതയുടെ കരളിന് രോഗമാണ് എന്നറിഞ്ഞപ്പോൾ വളരെ ദുഃഖം തോന്നി. ഫോണിൽ സംസാരിച്ചപ്പോൾ "ഇനി ഞാൻ അധികകാലമില്ല "എന്ന് പറഞ്ഞതും വേദനയോടെ ഓർമ്മിക്കുന്നു. നിർമ്മാതാവ് എന്ന നിലയിൽ  നേരിട്ട സാമ്പത്തികനഷ്ടങ്ങൾക്കിടയിൽ  എനിക്ക് കിട്ടിയ ലാഭമാണ്  ലളിതയെപ്പോലുള്ളവരുടെ സ്നേഹം .വിട ! പ്രിയസഹോദരീ ,വിട !

ശ്രീകുമാരൻ തമ്പി .

No comments:

Powered by Blogger.