പ്രിയേ നിനക്കൊരു ഹൃദയം! പ്രിയയെ കൂട്ടിണയാക്കിയിട്ട് 18 വർഷം; കുറിപ്പുമായി ചാക്കോച്ചൻ
പ്രിയേ നിനക്കൊരു ഹൃദയം! പ്രിയയെ കൂട്ടിണയാക്കിയിട്ട് 18 വർഷം; കുറിപ്പുമായി ചാക്കോച്ചൻ


മലയാളികൾക്ക് പ്രത്യേകിച്ച് കുടുംബപ്രേക്ഷകർക്ക് എക്കാലത്തും പ്രിയപ്പെട്ട നായകനാണ് കുഞ്ചാക്കോ ബോബൻ എന്ന ചാക്കോച്ചൻ. ‘അനിയത്തിപ്രാവി’ലൂടെ എത്തി പ്രേക്ഷക ഹൃദയം കീഴടക്കിയ അദ്ദേഹം  ക്യാമ്പസുകളുടെ ചോക്ലേറ്റ് ഹീറോയായി തുടങ്ങി ആയിരക്കണക്കിന് ആരാധികമാരുടെ ഹൃദയം കവര്‍ന്നയാളാണ്. എന്നാൽ ചാക്കോച്ചന്‍റെ ഹൃദയം കവർന്നത് പ്രിയ ആൻ സാമുവൽ എന്ന പെൺകുട്ടിയായിരുന്നു. 2005 ലായിരുന്നു കുഞ്ചാക്കോ ബോബനും പ്രിയയും വിവാഹിതരായത്. ഇപ്പോഴിതാ തങ്ങളുടെ 18-ാം വിവാഹ വാർഷിക ദിനത്തിൽ കുഞ്ചാക്കോ ബോബൻ സോഷ്യൽമീഡിയയിൽ പങ്കുവെച്ചിരിക്കുന്ന പോസ്റ്റ് ഏറെ ശ്രദ്ധേയമായിരിക്കുകയാണ്. 


'പ്രിയേ നിനക്കൊരു ഹൃദയം' എന്ന തലവാചകവുമായി തങ്ങളുടെ ഇരുവരുടേയും ചിത്രങ്ങളുള്ള ഒരു പത്ര കട്ടിംഗ് ആരോ മുമ്പ് അയച്ചുനൽകിയതാണ് താരം പങ്കുവെച്ചിരിക്കുന്നത് ഒപ്പം ഒരു കുറിപ്പുമുണ്ട്, അതിങ്ങനെയാണ്: ''ഞങ്ങളുടെ ഒരു അഭ്യുദയകാംക്ഷി അയച്ചു തന്ന ഈ മനോഹരമായ സംഗതി നിങ്ങളുമായി പങ്കിടുകയാണ്, ഇത് എല്ലാം പറയും. എന്‍റെ ഹൃദയത്തിന്‍റെ രാജ്ഞിയുമായി ഔദ്യോഗികമായി ഒരുമിച്ചതിന്‍റെ 18-ാം വാർഷികം ഇന്ന് ആഘോഷിക്കുകയാണ്. എന്‍റെ ജീവിതവും എനിക്ക് ഒപ്പമുള്ളവരുടേയും ജീവിതങ്ങളും മനോഹരമാക്കിയ സ്നേഹത്തിന് ഒത്തിരി നന്ദി. എല്ലാ മനോഹരമായ ആശംസകൾക്കും ഞങ്ങളെ നിങ്ങളുടെ ഹൃദയത്തിൽ സൂക്ഷിക്കുന്നതിനും എല്ലാവർക്കും നന്ദി'', എന്നും ചാക്കോച്ചൻ കുറിച്ചിരിക്കുകയാണ്. നിരവധി താരങ്ങളും ആരാധകരും ഇരുവർക്കും വിവാഹ വാർഷിക ആശംസകളുമായി എത്തിയിട്ടുമുണ്ട്. 


സോഷ്യൽ മീഡിയയിൽ വളരെയധികം സജീവമായ ചാക്കോച്ചൻ ഭാര്യ പ്രിയയോടൊപ്പമുള്ള ചിത്രങ്ങളും വീഡിയോയും ഇടയ്ക്ക് പങ്കുവയ്ക്കാറുണ്ട്. അനിയത്തിപ്രാവ്’ എന്ന ചിത്രത്തിലെ ‘ഓ പ്രിയേ’ എന്ന ഗാനത്തോട് ചേർന്നുള്ള ഈ പുതിയ പോസ്റ്റ് ഏവരും ഏറ്റെടുത്തിരിക്കുകയാണ്. ആറ് വർഷം നീണ്ട പ്രണയത്തിന് ഒടുവിലായിരുന്നു ഇരുവരുടെയും വിവാഹം. നീണ്ട പതിനാല് വർഷത്തെ കാത്തിരിപ്പിന് ശേഷം 2019 ഏപ്രിലിലാണ് ഇരുവർക്കും കുഞ്ഞു പിറന്നത്. ഇസഹാക്ക് ബോബൻ കുഞ്ചാക്കോ എന്നാണ് കുഞ്ഞിന് പേരിട്ടിരിക്കുന്നത്. ‘ചാവേർ’ ആണ് ചാക്കോച്ചന്‍റേതായി അടുത്തതായി പുറത്തിറങ്ങാനിരിക്കുന്ന ചിത്രം. മാർട്ടിൻ പ്രക്കാട്ട് ചാക്കോച്ചനേയും ബിജുമേനോനേയും നായകന്മാരാക്കി ഒരുക്കുന്ന പുതിയ സിനിമയും അണിയറയിൽ ഒരുങ്ങുന്നുണ്ട്.


https://www.instagram.com/p/CqhNyrxPogQ/?igshid=YmMyMTA2M2Y=

No comments:

Powered by Blogger.