" പുണ്യം പൂങ്കാവനം " .
പ്രശസ്ത സിനിമാ പ്രവർത്തകരായ  വിനീത് /  ലാൽ ജോസ് /  കൈലാഷ് / വിപിൻ മോഹൻ/ ബാദുഷാ/ ഏങ്ങണ്ടിയൂർ  എന്നിവർ പങ്കെടുത്ത, കൊച്ചിയിൽ നടന്ന  ഒരു സിനിമയുടെ പൂജ വേളയിലാണ്  എഴുത്തുകാരിയും നടിയും  ഫേസ് ബുക്ക്  സുഹൃത്തുമായ അഞ്ജന സൂര്യയെ കണ്ടത് .  


പിറ്റേ ദിവസം തന്നെ അഞ്ജന എഴുതിയ ഒരു കവിത എനിക്ക്  വാട്സാപ്പിൽ അയച്ചുതന്നു . ശബരിമല ശ്രീ അയ്യപ്പ സ്വാമിയേ സ്തുതിക്കുന്ന വരികൾ എനിക്കിഷ്ടമായി .  ശബരിമലയുടെ ആരാധനകളുടെ പ്രത്യേകതകൾ  കൊണ്ടാകാം  സാധാരണ പുരുഷന്മാർ എഴുതിയ സ്തുതിഗീതങ്ങളാണ്  ഞാൻ ഇന്നേ വരെ കേട്ടിട്ടുള്ളൂ . ചിത്ര ചേച്ചിയുൾപ്പടെ  ഒരുപാട് സ്ത്രീകൾ പാടിയിട്ടുണ്ടെന്നറിയാം , പക്ഷെ സ്ത്രീകൾ എഴുതിയിട്ടുണ്ടോ  ? എനിക്കറിയില്ല എന്നതാണ് സത്യം ..!  ഒരു  സ്ത്രീ എഴുതിയ കാരണം കൊണ്ടാണ് ആരും പാട്ടിനെ പരിഗണിക്കാത്തതെന്ന്  ശബരിമല ശാസ്താവിനെ  ആരാധിക്കുന്ന അഞ്ജന പറഞ്ഞപ്പോൾ , അഞ്ചു പ്രാവശ്യം മാലയിട്ട് അയ്യപ്പ സ്വാമിയെ കാണാൻ പോയ എനിക്ക് കൗതുകമായി .. !


ഓസ്‌കാർ ജേതാവായ  കീരവാണി സാറിനോടൊപ്പം പ്രവർത്തിച്ചിട്ടുള്ള , ലോക പ്രശസ്ത  ' നാട്ടു നാട്ടു '  പാട്ടു പാടിയവരിൽ ഒരാളായ, കീരവാണി സാറിന്റെ മകൻ കൂടിയായ  കാല ഭൈരവനെകൊണ്ട്  മലയാളത്തിൽ പാട്ടു പാടിപ്പിച്ചിട്ടുള്ള  സംഗീത സംവിധായകനും  , ഭക്തിസാന്ദ്രമായ പാട്ടുകളുടെ ഉസ്താദും അടുത്ത ചെങ്ങായിയുമായ ഹരിപ്രസാദിനോട് കാര്യം പറഞ്ഞു ...വരികൾ കേട്ടപ്പോൾ  ഹരി തലകുലുക്കി , പിന്നെ ആര് പാടും എന്നതായി ചിന്ത .. !


രണ്ടുമാസം മുൻപ്  ഞാനും കൈലാഷും  ഞങ്ങളുടെ ചെങ്ങാതിയായ അഭിലാഷും  ബാംഗ്ലൂർ ചെന്നൈ റോഡ് ട്രിപ്പ്  ആലോചിച്ചപ്പോൾ നാലാമത്തെ സീറ്റുകാരനായി നറുക്കു വീണത്  ഹരി പ്രസാദ് ആയിരുന്നു!  പഴയതും പുതിയതും ഞൊടിയിടയിൽ ഉണ്ടാക്കിയെടുത്തതുമായ  പാട്ടുകൾ പലതും പാടിയത്ത്  'അമ്മയിൽ ' അംഗത്വമുള്ള ആസ്ഥാന ഡ്രൈവറായ കൈലാഷ് ആയിരുന്നു ...!  സംഗതി കൃത്യമായി ഓർമയിൽവന്ന ഞങ്ങൾ  അഞ്ജനയുടെ വരികൾ  നല്ല സ്വരമുള്ള കൈലാഷിനെക്കൊണ്ട് പാടിപ്പിക്കാം എന്ന തീരുമാനം അവന്റെ അഭാവത്തിൽ തന്നെ എടുത്തു .. സത്യസന്ധമായ  സ്നേഹത്തിന് മുൻപിൽ എന്നും എന്തും നൽകുന്ന കൈലാഷിനെക്കൊണ്ട്  പാട്ട്  പഠിപ്പിച്ച് പാടിപ്പിച്ച്  നന്നാക്കി നൽകാമെന്ന് സംഗീത സംവിധായകൻ ഏറ്റപ്പോൾ , നിർമാണം ഞാൻ ഏറ്റെടുത്തു , കൂടെ യാതൊന്നുമറിയാത്ത മനോഹർ എന്ന ചങ്ങായിയും  !  എന്തിനും ഏതിനും കൂട്ടായ, മലയാള സിനിമയിലെ സൂപ്പർ ഹിറ്റായ 'മാളികപ്പുറം ' സിനിമ എഴുതിയ അഭിലാഷ് നൽകിയ പ്രോത്സാഹനത്തിനും സഹായത്തിനും , ഒരൊറ്റ വിളിയിൽ ക്യാമറയുമായി എന്റെ കൂടെ വന്ന സുധികുട്ടനും (  Sudhi Anna ) - ഒരുപാട് നന്ദിയുണ്ട് എന്റെ ചക്കരകളെ !


ഞങ്ങളുടെ പ്രിയങ്കരനായ  പി. വിജയൻ ഐ പി എസ്  സാറും , രമേഷ് കുമാർ സാറും  നേതൃത്വം  നൽകുന്ന 'നന്മ' എന്ന സംഘടനയിലെ ഒരു എളിയ പ്രവർത്തകനായ ഞാൻ,   'പുണ്യം പൂങ്കാവനം  ' എന്ന പേരിൽ  ശബരിമലയിലും സമീപ പ്രദേശങ്ങളിലും നടത്തുന്ന  വിലമതിക്കാനാവാത്ത ശുചീകരണ - ബോധവത്കരണ - പുണ്യ പ്രവർത്തികൾ ചെയ്യുന്ന സന്നദ്ധ സേവകർക്ക്   ' പുണ്യം പൂങ്കാവനം  ' എന്ന തലകെട്ടിൽ തന്നെ ഞങ്ങളുടെ പാട്ട്  സമർപ്പിക്കുകയാണ് .!


നമ്മുടെ സ്വന്തം മനോരമ മ്യൂസിക്  ഞങ്ങളുടെ പാട്ട് ഏറ്റെടുത്ത് റീലീസ്  ചെയ്യാമെന്നേറ്റപ്പോൾ  എല്ലാം ഗംഭീരമായി, മനഃസമാധാനമായി  .


ശബരിമല ശ്രീ ശാസ്താവിന്റെ  കൊടിയേറ്റ ദിനമായ മാർച്ച് മാസം 27 ആം തിയതി രാവിലെ  9 30 ന്   'പുണ്യം പൂങ്കാവനം  ' എല്ലാവരിലേക്കും എത്തുകയായി ... ! 🥰


ജോളി ജോസഫ് 


Kaillash

Hari Prasad

Abhilash Pillai

Anjana Surya

Thanuja Bhattathiri

No comments:

Powered by Blogger.