നമസ്കാരം ദിനേശാണ്, പി ആർ ഒ.

 





നമസ്കാരം ദിനേശാണ്, പി ആർ ഒ.

87.

എം. കൃഷ്ണൻ നായർ സർ.

🙏


കാലം ബാക്കി വെയ്ക്കുന്ന ഓർമ്മകൾ .ചില നേരങ്ങളിൽ അടയാളങ്ങളുമായി സ്വപ്ന ചിറകേന്തി പറന്നരികിലെത്തുമ്പോൾ ഹൃദയത്തിലുതിരുന്ന  സന്തോഷ നക്ഷത്ര കണ്ണുകളിൽ എന്തൊരു തിളക്കമാണ്.

ആ മിന്നും തിളക്കത്തിൽ ജീവിതം കൂടുതൽ ധന്യമാകുന്നു.


സിനിമയിലൊക്കെ എത്തുന്നതിനു വളരെ മുമ്പ്,വായനയും എഴുത്തും സാഹിത്യവുമൊക്കെ ആവേശവും ഹരവുമായിരുന്ന പഠന കാലം.


ആ കൂട്ടത്തിൽ കൃഷ്ണൻ നായർ സാറിന്റെ സാഹിത്യ വാരഫലം മുടങ്ങാതെ വായിച്ച് എന്തൊക്കെയൊ ആയി എന്ന് തോന്നലിൽ വിലസുന്ന സമയം.


ലോക സാഹിത്യത്തിലെ  മാന്ത്രിക വാതായനങ്ങൾ തുറന്ന് എഴുത്തിന്റെ വൈവിധ്യമാർന്ന ഭാവങ്ങളിലേക്ക്  കൂട്ടി കൊണ്ടു പോകുന്ന ആ പ്രതിഭാശാലിയെ

മഹാരാജാസ് കോളേജിൽ സഹവിദ്യാർത്ഥിയും ആത്മാർത്ഥ സുഹൃത്തുമായ എടവനക്കാട് സരസനുമായി തിരുവനന്തപുരത്ത് വീട്ടിൽ ചെന്ന് കണ്ടു.ഭയ ഭക്തി ബഹുമാനത്തോടെ ഞങ്ങൾ  സ്വയം പരിചയപ്പെടുത്തി.


പ്രസന്ന ഭാവത്തോടെ പുഞ്ചിരിയോടെ ദീർഘകാലം സുഹൃത്തുക്കൾ എന്ന പോലെ വളരെ ശാന്തമായി ഞങ്ങളോട് സംസാരിക്കാൻ തുടങ്ങി.പല പല വിഷയങ്ങളുമായി മണിക്കൂറോളം സംസാരിച്ചിട്ടാണ് മടങ്ങിയത്.ആദ്യ കൂടിക്കാഴ്ചയായിട്ടും എന്തൊരു പരിഗണനയും സ്നേഹവുമാണ് വിനയപൂർവ്വം ഞങ്ങൾക്ക് നല്കിയത്.

ഒരിക്കലും മായാത്ത ജീവിതമൂഹൂത്തങ്ങളിൽ പ്രഥമ സ്ഥാനമുണ്ട് ഈ കൂടിക്കാഴ്ചയ്ക്കും സൗഹൃദ സംഭാഷണങ്ങൾക്കും.


കാക്കനാട് പ്രസ് അക്കാദമിയിൽ വിദ്യാർത്ഥിയായിരുന്ന മറ്റൊരു കാലം. ആനുകാലിക പ്രസിദ്ധീകരണങ്ങളിൽ സ്ഥിരമായി എഴുതുന്ന സമയമായിരുന്നുഅന്ന്.ഇതിനിടയിലാണ് പുതുതായി ഇറങ്ങിയ കെ രാധാകൃഷ്ണന്റെ നഹുഷ പുരാണം എന്ന നോവൽ വായിക്കാനിടയായത്.

എനിക്ക് വളരെ ഇഷ്ടപ്പെട്ട ആ നോവലിനെ കുറിച്ച് ട്രയൽ വാരികയിൽ  ഒരു ആസ്വാദന കുറിപ്പ് എഴുതി. ഒരു ധൈര്യത്തിൽ എന്തേ ഇതൊന്നും സാഹിത്യ വാരഫലക്കാരൻ കാണാത്തതെന്ന് എന്ന് പറഞ്ഞാണ് ആ കുറിപ്പ് അവസാനിപ്പിച്ചത്.

അടുത്ത ആഴ്ച എന്റെ കുറിപ്പ് പ്രസിദ്ധീകരിച്ചു.

എന്നെ അത്ഭുതപ്പെടുത്തി കൊണ്ട് പിന്നത്തെ ആഴ്ചയിൽ സാഹിത്യ വാരഫലത്തിൽ എന്റെ കുറിപ്പിനെ കുറിച്ച് എം കൃഷ്ണൻ നായർ സർ എഴുതി.അക്ഷരാർത്ഥത്തിൽ ഞാൻ ഞെട്ടി,ആ നിമിഷം.

പതിവ് ശൈലിയിലുള്ള മോശം വാക്കുകൾ ഒന്നും എഴുതില്ല.

ദിനേശിന് സഹൃദയത്വം കുറവാണെന്നും മറ്റു നല്ല നോവലുകൾ വായിക്കാത്തതു കൊണ്ടാണ് ഇങ്ങനെ തോന്നുന്നത് എന്നുമാണ് എഴുതിയത്.

തങ്ങളുടെ സൃഷ്ടികളെ കുറിച്ച് സാഹിത്യ വാരഫലത്തിൽ എന്തെങ്കിലും പറയാൻ എഴുത്തുക്കാർ കാത്തിരുന്ന കാലമായിരുന്നു.

സർ പുതിയ പല എഴുത്തുക്കാരെയും നിശിതമായി വിമർശിച്ചിരുന്നെങ്കിലും വായനക്കാർക്ക് ആ എഴുത്ത് ആസ്വാദ്യകരമായിരുന്നു.

നല്ലതല്ല എങ്കിലും എനിക്കുള്ള മറുപടിയിൽ പ്രത്യേകിച്ചൊന്നും തോന്നിയില്ല.എന്നാലും പിന്നീട് അത്തരത്തിലുള്ള എഴുത്ത് തുടർന്നില്ലയെന്നത് മറ്റൊരു സത്യം.

അന്ന് പ്രസ് അക്കാദമി ഡയറക്ടർ തോട്ടം രാജശേഖരൻ പറഞ്ഞു വാക്കുകൾക്ക് ഇന്നും ജീവനുണ്ട്.

 'ദിനേശിന്റെ കുറിപ്പ് വായിച്ച് സർ എഴുതിയില്ലോ? അതൊരു ഭാഗ്യമാണ്'.


അതേ, അതൊരു വഴിക്കാട്ടലായിരുന്നു.

എഴുത്തിനെക്കുറിച്ചുള്ള മറ്റൊരു തിരിച്ചറിവായിരുന്നു.


ആ തിരിച്ചറിവ് ഒരുക്കിയ ജീവിത യാത്രയിൽ ഞാൻ സന്തോഷ പൂർവ്വം ശാന്തനായി തുടരുന്നു.


No comments:

Powered by Blogger.