അവയവദാനത്തിൻ്റെ സന്ദേശവുമായി ''വെടിക്കെട്ട്" സിനിമയുടെ അണിയറ പ്രവർത്തകർ...



 

അവയവദാനത്തിൻ്റെ സന്ദേശവുമായി ''വെടിക്കെട്ട്" സിനിമയുടെ അണിയറ പ്രവർത്തകർ...


 അവയവദാനം എന്ന മഹത്തായ സന്ദേശമാണ് വെടിക്കെട്ട് എന്ന സിനിമ നൽകുന്നതെന്ന് സിനിമയുടെ അണിയറ പ്രവർത്തകർ പറഞ്ഞു. കേരള പത്രപ്രവർത്തക യൂണിയൻ തിരുവനന്തപുരം ജില്ലാ കമ്മറ്റി കേസരി ഹാളിൽ സംഘടിപ്പിച്ച മീറ്റ് ദ പ്രസിൽ സംസാരിക്കുകയായിരുന്നു. സമൂഹത്തിന് നന്മ കൊടുക്കുന്ന ഒരു സിനിമയുമായി നിർമ്മാണ രംഗത്തേക്ക് വരാൻ സാധിച്ചതിൽ അഭിമാനമുണ്ടെന്ന് ചിത്രത്തിൻ്റെ നിർമ്മാതാവായ എൻ.എം.ബാദുഷ പറഞ്ഞു.മികച്ച ചിത്രമായ വെടിക്കെട്ടിനെ ചിലർ മോശം റിവ്യൂ ഇട്ട് തകർക്കാൻ ശ്രമിക്കുന്നത് വേദനാജനകമാണെന്ന് ബാദുഷ പറഞ്ഞു. ഇരുന്നൂറോളം പുതുമുഖങ്ങൾ ഈ സിനിമയിൽ അഭിനയിച്ചിട്ടുണ്ട് എന്നും അത് സംവിധായകരായ ബിബിൻ ജോർജും വിഷ്ണു ഉണ്ണികൃഷ്ണനും എനിക്കു നൽകിയ ധൈര്യം കൊണ്ടാണ് എന്നും ബാദുഷ പറഞ്ഞു. 



ജാതിയും മതവും ഒന്നും വേണ്ട എല്ലാം ഒന്നാണെന്ന് തെളിയിക്കാൻ ശ്രമിച്ച ഈ സിനിമയെ ചില ഓൺലൈൻ മാധ്യമങ്ങൾ ജാതിയുടെ പേരിൽ മാറ്റി നിർത്താൻ ശ്രമിക്കുകയാണെന്ന് സിനിമയുടെ സംവിധായകരിൽ ഒരാളായ ബിബിൻ ജോർജ് പറഞ്ഞു. കോളനിപ്പടം എന്നാണവർ ഈ സിനിമയെ വിളിക്കുന്നത്.കോളനിയും കോളനിക്കാരുമെന്താ മോശമാണോ അവരുടെ കഥയും പറയേണ്ടേ എന്നും ബിബിൻ ചോദിച്ചു. ഈ സിനിമയുടെ ക്ലൈമാക്സിലെ അവയവദാനം യഥാർത്ഥത്തിൽ നടന്ന സംഭവമാണെന്ന് ബിബിൻ ജോർജ് പറഞ്ഞു. ജാതീയതയുടെയും നിറത്തിൻ്റെയും പേരിലുള്ള അതിർവരമ്പുകളൊക്കെഒഴിവാക്കുക എന്നുള്ളതാണ് ഈ സിനിമയുടെ ഉദ്ദേശമെന്നും കൂടാതെ അവയവദാനത്തിൻ്റെ മെസേജ് ഈ ചിത്രം നൽകുന്നുണ്ടെന്നും സംവിധായകരിൽ ഒരാളായ വിഷ്ണു ഉണ്ണികൃഷ്ണൻ പറഞ്ഞു. 



സിനിമയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് നിരവധി പേർ അവയവദാനത്തിന് സന്നദ്ധരായി സമ്മതപത്രം നൽകിയിട്ടുണ്ടെന്നും വിഷ്ണുണ്ണികൃഷ്ണൻ പറഞ്ഞു. നായിക ഐശ്വര്യ അനിൽകുമാർ, ഡോ.നോബിൾ, സിനിമയിലെ മറ്റ് അഭിനേതാക്കൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. കേരള പത്രപ്രവർത്തക യൂണിയൻ സംസ്ഥാന ട്രഷറർ സുരേഷ് വെള്ളിമംഗലം, ജില്ലാ പ്രസിഡൻറ് സാനു ജോർജ് തോമസ്, സെക്രട്ടറി അനുപമ ജി നായർ, ട്രഷറർ പ്രമോദ് തുടങ്ങിയവരും സംസാരിച്ചു.

No comments:

Powered by Blogger.