ആവനാഴി റിലീസ് ആയിട്ട് ഇന്ന്‌ 36 വര്‍ഷം.. റിലീസ് ആയ അന്നത്തെ എന്റെ ഒരു പഴയകാല ഓർമ്മ.. ഷാജി പട്ടിക്കര .


ആവനാഴി റിലീസ് ആയിട്ട് ഇന്ന്‌ 36 വര്‍ഷം.. റിലീസ് ആയ അന്നത്തെ എന്റെ ഒരു പഴയകാല ഓർമ്മ...

#ക്യൂവിൽനിന്നുംസ്ക്രീനിലേക്ക്

1986 സെപ്തംബർ 12
മലയാള സിനിമാ ആസ്വാദകർ കാത്തിരുന്ന
 #ആവനാഴി എന്ന സിനിമ റിലീസാവുകയാണ്.

ആസ്വാദകർകാത്തിരിക്കുവാൻ
പ്രധാനകാരണംഐ.വി.ശശി, ടി.ദാമോദൻ കൂട്ടുകെട്ടിൽ
മമ്മൂട്ടി നായകനാവുന്നു
എന്നതാണ്.

ഉറപ്പായിട്ടും ഹിറ്റായിരിക്കും
എന്നറിയാം.

അങ്ങനെഅക്കാലത്തെ സ്ഥിരംസിനിമാ കുട്ടി ആയിരുന്ന ഞാനുംവച്ചു പിടിച്ചു.
 *കുന്നംകുളം താവൂസ്* തീയ്യറ്ററിലേക്ക്.

നൂൺഷോ പതിനൊന്ന് മണിക്കാണ്.

ഒൻപതര മണിക്ക് തന്നെ
ഞാൻ തിയേറ്ററിലെത്തി.
അപ്പോഴേക്കും അവിടെയാകെ
ജനസമുദ്രം.ഇപ്പോഴത്തെ പരസ്യവാചകങ്ങളിൽ
വെറുതെ ഭംഗിയ്ക്കു പറയുന്നത് പോലെയല്ല.

അക്ഷരാർത്ഥത്തിൽ ജനസമുദ്രം.
ഗേറ്റ് തുറന്നിട്ടില്ല.

കുറച്ച് കാത്ത് നിന്ന്
ഗേറ്റ് തുറന്നപ്പോൾ
ടിക്കറ്റ് കൗണ്ടറിലേക്കുള്ള
തുരങ്കം പോലെയുള്ള
ഭാഗം ലക്ഷ്യമാക്കി
ആൾക്കാർ ചിതറിപ്പാഞ്ഞു.
ചിലരുടെ ചെരുപ്പ് പോയി,
ചിലരുടെ മുണ്ടും
ചിലർ വീണു.

ഞാനും ഒരു വിധത്തിൽ
ആ തുരങ്കത്തിനുള്ളിൽ
കയറിപ്പറ്റി.

നല്ല തിരക്ക്,
ശ്വാസം പോലും കിട്ടുന്നില്ല.

പുറത്തേക്ക്
നീണ്ട ക്യൂ.
തിക്കും തിരക്കും.
ബഹളം.
ആർപ്പുവിളികൾ.

താവൂസ് തിയേറ്റർ,
 റോഡിൽ നിന്നും
കുറച്ച് താഴെയാണ്.
മഴ പെയ്താൽ
വെള്ളം ചാലായി ഒഴുകുന്നത്
ക്യൂ നിൽക്കുന്ന ഭാഗത്ത് കൂടെയാണ്.
അത്രയും താഴ്ച്ചയുണ്ട്.

വരി നിൽക്കാൻ പ്രയാസമാണ്.

എനിക്കാണെങ്കിൽ
ഒന്ന് തിരിയാൻ സ്ഥലമില്ല.
നാലുവശത്തുനിന്നും തള്ള്.

ഏതാണ്ട് പത്തരയായപ്പോഴേക്കും
ഞാൻ കുഴഞ്ഞു.

പൊരിവെയിൽ !

ദാഹം!
കുടിക്കാൻ ഒരു തുള്ളി
വെള്ളമില്ല.

തൊണ്ട വരണ്ട്
ശരീരം കുഴയാൻ തുടങ്ങി.

ടിക്കറ്റ് കൊടുക്കാൻ
ഇനിയും സമയമുണ്ട്.

എനിക്ക്
തല കറങ്ങുന്നത് പോലെ തോന്നി.

കുറച്ച് പേർ
പറയുന്നത് പകുതിബോധത്തിൽ കേട്ടു,

" _അയാളെ മാറ്റി നിർത്ത്_ "

" _കുറച്ച് വെള്ളം കൊടുക്ക്_ "

'' _ആശുപത്രീൽ കൊണ്ടുപോ_ "

എന്നൊക്കെ.

ആരൊക്കെയോ എന്നെ താങ്ങി
ക്യൂവിന് പുറത്തെത്തിച്ചു.

അപ്പോഴേക്കും ഞാൻ നിലത്ത് വീണു.

തിയേറ്ററിലെ സ്റ്റാഫുകൾ ഓടിപ്പാഞ്ഞെത്തി.

അവർ
എന്നെ പൊക്കിയെടുത്ത്
ഓഫീസ് റൂമിൽ കൊണ്ടുപോയി.

അവിടെ കൂജയിലിരുന്ന വെള്ളം
മുഖത്ത് തളിച്ചു.
കുറച്ച് കുടിക്കാൻ തന്നു.

എന്നെ അവിടെ ഇരുത്തി.

അപ്പോഴുണ്ട്
ദേ ബെല്ല് മുഴങ്ങുന്നു.

എനിക്ക് ആകെ ടെൻഷൻ.

സ്റ്റാഫുകളല്ലാം
ടിക്കറ്റ് കൊടുക്കാനും മറ്റുമായി
താഴേക്ക് പോയി.

താവൂസിന്റെ മുതലാളി
ശ്രീ. സി.റ്റി.രാജൻ മാത്രം അവിടെയുണ്ട്.

അദ്ദേഹം എന്നോട് ചോദിച്ചു,

 _" എന്നാപ്പിന്നെ വീട്ടിൽ പോകുവല്ലേ ?_ 
 _അതോ ആശുപത്രീൽ പോണോ ?_ "

'' _വേണ്ട_ " ഞാൻ പറഞ്ഞു.

" _ഡ്രസ്സ് മൊത്തം ചളിയായല്ലോ ? എങ്കിൽ വീട്ടിൽ പൊയ്ക്കോ "_ 
എന്ന് അദ്ദേഹം പറഞ്ഞ് തീരുംമുമ്പ്
ഞാൻ പറഞ്ഞു,

" _ചളി കുഴപ്പമില്ല, വീട്ടിൽ പോയാൽ കഴുകാം, സിനിമ ..... കണ്ടാൽ കൊള്ളാമെന്നുണ്ട് "_ 

എന്നെയൊന്ന് നോക്കിയിട്ട്
അദ്ദേഹം ചോദിച്ചു,

 _" തന്റെ... അസ്വസ്ഥതയൊക്കെ മാറിയോ? "_ 

" _മാറി_ " ഞാൻ പറഞ്ഞു.

 _'' പൈസയുണ്ടോ കയ്യിൽ ? "_ 

ഞാൻ പോക്കറ്റിൽ നിന്ന് രണ്ട് രൂപ
എടുത്ത് നീട്ടി.

അന്ന് ലോ ക്ലാസ്സ് ടിക്കറ്റ്
ഒന്നര രൂപയാണ്.

അദ്ദേഹം ആ പൈസ വാങ്ങി
കൗണ്ടറിൽ പോയി
ടിക്കറ്റും, ബാക്കിയും
കൊണ്ട് തന്നു.

അന്ന് താവൂസിൽ പടം കണ്ട്,
ഇന്റർവെല്ലിന്
ഒരു പരിപ്പുവടയും ചായയും
പതിവാണ്.
എല്ലാത്തിനും കൂടി അഞ്ച് രൂപ മതി.
അവിടത്തെ ക്യാന്റീനിലെ
പരിപ്പുവട പ്രശസ്തമാണ്.
ഇന്നത്തെപ്പോലെ
റെഡിമെയ്ഡ് സിസ്റ്റം അല്ല.

ഞാൻ സന്തോഷത്തോടെ പോയി
തീ പാറുന്ന ഡയലോഗുകൾക്കിടയിൽ
നിറഞ്ഞ ഹർഷാരവത്തിൽ
സിനിമ കണ്ടു.

മനസ്സു നിറഞ്ഞു.

 ഐ.വി.ശശി അന്നേ എന്റെ പ്രിയ
സംവിധായകനാണ്.
അദ്ദേഹത്തിന്റെ ഒരു പടവും
മുടങ്ങാറില്ല.

അങ്ങനെ
സിനിമ കഴിഞ്ഞ് പുറത്തിറങ്ങി.

മാറ്റിനിക്കുള്ള ജനം
പുറത്ത്.
രാവിലത്തേതിന്റെ ഇരട്ടി.

ഞാൻ നേരെ
മുതലാളിയെപ്പോയി കണ്ടു.
നന്ദി പറഞ്ഞു.

അദ്ദേഹത്തിന് സന്തോഷമായി.
 _" ഇടയ്ക്ക് വാ "_ എന്നു പറഞ്ഞു.

പിന്നെ ആ പരിചയം ഗുണമായി.

താവൂസിൽ ക്യൂ വേണ്ട.

നേരേ ചെല്ലുക,
ഓഫീസിൽ കയറി
മുതലാളിയെ കാണുക
ടിക്കറ്റെടുക്കുക.

അതായി പതിവ്.

കാലം കടന്ന് പോയി.

ലോ ക്ലാസ്സിലെ പതിവുകാരനായ ഞാൻ
പതിയെ ബാൽക്കണി കാഴ്ച്ചക്കാരനായി.

സി.റ്റി.രാജൻ അപ്പോഴേക്കും
നിർമ്മാതാവായി.

 ജോഷി സാർ സംവിധാനം ചെയ്ത മഹായാനം എന്ന ചിത്രം
നിർമ്മിച്ചു.

മഹായാനം താവൂസിൽ
റിലീസ് ചെയ്തപ്പോൾ
പതിവുപോലെ
ഓഫീസിൽ നിന്നാണ്
എനിക്ക് ടിക്കറ്റ് തന്നത്.

ഞാൻ പിന്നീട്
സിനിമയിൽ
പ്രൊഡക്ഷൻ മാനേജരായി,
പിന്നെ
പ്രൊഡക്ഷൻ കൺട്രോളറായി.

ആവനാഴിയുടെ സംവിധായകൻ
ഐ.വി.ശശിയ്ക്കൊപ്പം
മൂന്ന് സിനിമകൾ ചെയ്യാൻ
എനിക്ക് ഭാഗ്യമുണ്ടായി.

 #ഈനാട്ഇന്നലെവരെ
 #സിംഫണി
 #അനുവാദമില്ലാതെ
എന്നീ സിനിമകൾ.
ഇതിൽ
അനുവാദമില്ലാതെ എന്ന സിനിമ
റിലീസായിട്ടില്ല.

ഞാൻ വർക്ക് ചെയ്ത സിനിമകൾ പലതും
താവൂസിൽ റിലീസ് ചെയ്തു.

അതിൽ പലതും
താവൂസിൽ തന്നെ കാണുവാനും കഴിഞ്ഞു.

അങ്ങനെ
ലോ ക്ലാസ്സിൽ ഒന്നര രൂപയ്ക്ക്
തിക്കിത്തിരക്കി സിനിമകണ്ട
എന്റെ പേരും
അതേ തിയേറ്ററിൽ
ആ സ്ക്രീനിൽ കാണുവാൻ
എനിക്ക് ഭാഗ്യമുണ്ടായി.

മൂന്ന് ദിവസം മാസങ്ങൾക്ക് മുൻപ്
ശ്രീ.സി.റ്റി.രാജനെ
ഫോണിൽ ബന്ധപ്പെട്ടിരുന്നു.
അദ്ദേഹം ഇപ്പോൾ
എറണാകുളത്തുണ്ട്.

ഇന്നും 
മിക്കവാറും സിനിമകൾ
റിലീസ് ദിവസം കാണാറുണ്ടെങ്കിലും.

ആവനാഴി കാണാൻ
താവൂസിൽ പോയ
ആ ദിവസം
മങ്ങാത്ത ഓർമ്മയായി
മനസ്സിൽ നിൽക്കുന്നു.

ഷാജി പട്ടിക്കര.
 

No comments:

Powered by Blogger.