മനീഷ് കുറുപ്പിൻ്റെ " വെള്ളരിക്കാപ്പട്ടണം" സെപ്റ്റംബർ 23ന് തീയേറ്ററുകളിലേക്ക്.

കുറേകാലമായി എന്നോട് ഒരുപാട് ആളുകൾ സിനിമ എന്നാണ് റിലീസിംഗ് എന്ന് ചോദിക്കുന്നുണ്ട്, ഈ അടുത്ത കാലത്തായി റിലീസ് ചെയ്ത സിനിമയുടെ പിന്നണി പ്രവർത്തകർ എന്റെ സ്വന്തം നാട്ടുകാരായതുകൊണ്ട് തന്നെ ചോദ്യങ്ങൾ കുറച്ചുകൂടി കൂടിയതുകൊണ്ട്എല്ലാവരോടുമായി പറയട്ടെ..
  
സിനിമ മേഖലയിൽ നിലനിൽക്കുന്ന മനുഷ്യത്വരഹിതമായ മേൽക്കോയ്‌മയുടെ ഇരയാണ് "വെള്ളരിക്കാപ്പട്ടണം എന്ന എന്റെ ഈ സിനിമ.
സാധാരണക്കാരിൽ സാധാരണക്കാരനായ ഒരു മനുഷ്യൻ പ്രൊഡ്യൂസർ ഇല്ലാതെ സിനിമയുടെ തുടക്കം മുതൽ ഒറ്റയാൾ പട്ടാളമായി നിന്ന് ചെയ്തു തീർത്ത സിനിമയുടെ ടൈറ്റിൽ മലയാളത്തിലെ പ്രമുഖ നടീനടന്മാർ അഭിനയിക്കുന്ന സിനിമയ്ക്ക് ഇട്ടതോടെ വെള്ളരിക്കാപ്പട്ടണമെന്ന ഈ സിനിമ ഉണ്ടാവാതിരിക്കാൻ ഒരുപാട് ശ്രമങ്ങൾ നടന്നു. സെൻസറിൽ തുടങ്ങി എന്റെ ജീവിതത്തെവരെ ബാധിക്കുന്ന തരത്തിൽ ഇപ്പോഴും ചെയ്തുകൊണ്ടിരിക്കുന്നു.  "വെള്ളരി പട്ടണ"മെന്ന് ആളുകളെ തെറ്റിദ്ധരിപ്പിക്കുന്ന തരത്തിൽ ഈ അടുത്ത് പേര് മാറ്റിയ ചിത്രത്തിന്റെ പ്രൊഡ്യൂസറും കൂട്ടാളികളും ചേർന്ന് ഞങ്ങളുടെ  സിനിമയിൽ ഫണ്ട് നൽകിയ ആളുകളെ ഭീഷണിപ്പെടുത്തുകയും തെറ്റിദ്ധരിപ്പിക്കുകയും ചെയ്തതോടെ അവർ നൽകിയ പണം കാലാവധിക്ക് മുൻപ് തിരികെ നല്കേണ്ടിവരികയും സിനിമാതന്നെ നിർത്തി വയ്‌ക്കേണ്ടിവരികയും ചെയ്തു. വിശ്വസിച്ച സുഹൃത്തുക്കൾ പോലും സ്വന്തം ജീവിതത്തിനായി ഒറ്റി കൊടുക്കുന്ന സ്ഥിതിപോലുമുണ്ടായി.. കയ്യിൽ ഉണ്ടായിരുന്നതും പലരിൽനിന്നും വാങ്ങിയതുമായ പണം സ്വരൂപിച്ചു പോസ്റ്റ് പ്രൊഡക്ഷൻ വർക്കുകൾ തീർത്തു. OTT, ചാനൽ മുതലായവയിലൂടെയുള്ള റിലീസിംഗും പിടിപാടുകൾകൊണ്ട് മുടക്കി. തീയറ്റർ റിലീസിംഗ്‌ അല്ലാതെ മറ്റു മാർഗങ്ങളില്ലാതെവന്നപ്പോൾ അതിലേക്ക് കടന്നു. റിലീസിംഗ് ചെയ്തു നല്കാമെന്നേറ്റ നിരവധി ആളുകളെ ഭീഷണിപ്പെടുത്തി അവരെ പിന്തിരിപ്പിച്ചതിനാൽ ഏപ്രിൽ, മെയ് കാലങ്ങളിൽ നടക്കേണ്ടിയിരുന്ന റിലീസിംഗ് നടന്നില്ല. നേരിട്ട് തീയേറ്ററിലേക്ക് ഇറക്കാൻ തീരുമാനിച്ചിരിക്കുന്ന സമയത്തു ബാംഗ്ലൂർകാരനായ കൃഷ്ണപ്രസാദ്‌ എന്ന ആളെ ഇറക്കി, flix എന്റർടൈൻമെന്റ് എന്ന കമ്പനിയുടെ പേരിൽ റിലീസിംഗ് ചെയ്തു നൽകാമെന്ന് വാഗ്ദാനം ചെയ്ത് അയാൾ കൂടെകൂടി. പോസ്റ്ററിനും പ്രമോഷനും മറ്റും വച്ചിരുന്ന പണം പല കാരണങ്ങൾ പറഞ്ഞു തട്ടിയെടുത്തു മുങ്ങി.  ഇനി ആർക്ക് വേണ്ടിയും കാത്തിരിക്കാൻ കഴിയില്ല വെള്ളരിക്കാപ്പട്ടണം ഈ വരുന്ന സെപ്റ്റംബർ 23-ന് കേരളത്തിൽ റിലീസിംഗ് തീരുമാനിച്ചിരിക്കുകയാണ്. 2018ൽ സിനിമ തുടങ്ങിയ കാലത്തു കയ്യിലുണ്ടായിരുന്ന 8000 രൂപയിൽ കൂടുതലായി ഒന്നുംതന്നെ ഇന്നും കയ്യിലില്ല എങ്കിലും സിനിമ റിലീസ് ചെയ്യുകതന്നെ ചെയ്യും. വിക്രം സിനിമയിൽ കമൽ സർ പറയുംപോലെ "പാത്തുക്കലാം".  വെള്ളരിക്കാപ്പട്ടണം എന്ന സിനിമക്ക് പിന്നിലും മുൻപിലും നിന്ന ഒരുപാട് പേരുടെ മുഖങ്ങൾ ഈ അവസരത്തിൽ ഞാൻ ഓർക്കുകയാണ്,  ഞങ്ങൾക്ക് വേണ്ടി മാത്രമല്ല ഇതുപോലെ സിനിമ ജീവിതമാക്കിയ ചെറുതും വലുതുമായ സിനിമകൾ ചെയ്തു പലവിധത്തിൽ കഷ്ട്ടപെട്ടുകൊണ്ടിരിക്കുന്ന  ഒരുപാട് സിനിമാക്കാർ നമുക്ക് ചുറ്റിലുമുണ്ട് അവർക്കുംകൂടി വേണ്ടിയാണ് ഈ ചിത്രം തീയറ്ററിലെത്തിക്കുന്നത്. ഈ സിനിമയിലെ പാട്ടുകൾ യുട്യൂബിൽ കണ്ടു കയ്യടിച്ചു വിജയിപ്പിച്ച നിങ്ങൾ എന്നെ തോൽപ്പിക്കില്ല എന്നറിയാം. "വെള്ളരിക്കാപ്പട്ടണം" സെപ്റ്റംബർ 23-ന് തീയറ്ററുകളിൽ ഉണ്ടാവും പോയി കാണണം, ഓൺലൈൻ വരുമ്പോൾ കാണുന്നതിനായി കാത്തിരിക്കരുത് അങ്ങനെ ഒന്നിനി സാധ്യതയില്ല എന്നാണ് അറിയാൻ കഴിയുന്നത്. ഒരു കാര്യത്തിൽ ഉറപ്പ് നൽകാൻ കഴിയും ഈ സിനിമ കാണുന്നത് ജീവിതത്തിൽ നിങ്ങൾക്ക് പ്രയോജനപടും. 

സെപ്റ്റംബർ 23-ന്  വെള്ളരിക്കാപ്പട്ടണം തീയേറ്ററിലേക്ക്.. ജനങ്ങളാണ് വിധികർത്താക്കൾ എന്ന് തെളിയിക്കാനുള്ള അവസരമായി ഇതിനെ ഉപയോഗപ്പെടുത്തുമെന്ന വിശ്വാസത്തോടെ  
     
മനീഷ് കുറുപ്പ് 
സംവിധായകൻ

No comments:

Powered by Blogger.